UPDATES

സിനിമ

സലിം കുമാര്‍ ഹാസ്യത്തിന്റെ ദൈവമേ കൈതൊഴാം കെ കുമാർ ആകണം

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ മാധ്യമ ശ്രദ്ധ ഒരു സിനിമാ ബെൽട്ടിനെ നന്നായി അസ്വസ്ഥരാക്കി എന്ന് തോന്നുന്നുണ്ട്. അതിന്റെ തുടർച്ച ആക്ഷേപ ഹാസ്യം എന്ന രീതിയിൽ ഈ സിനിമയിലും കാണാം

അപര്‍ണ്ണ

അപര്‍ണ്ണ

വിമർശക ശ്രദ്ധ നേടിയ കറുത്ത ജൂതന് ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം കെ കുമാർ ആകണം. ജയറാമും സലിം കുമാറും അനുശ്രീയും അടങ്ങിയ വലിയ താര നിരയുള്ള ഈ സിനിമയുടെ വലിയ പ്രതീക്ഷ ഹാസ്യമായിരുന്നു. സിനിമാ രീതികൾ മാറിയാലും 80-കൾ മുതൽ 2000-ത്തിന്റെ തുടക്കം വരെ മലയാള പോപ്പുലർ സിനിമ സ്വീകരിച്ച ഹാസ്യത്തിന്റെ പാത ഭൂരിഭാഗം പ്രേക്ഷകരുടെയും ഗൃഹാതുരതയാണ്. ആ ഹാസ്യത്തിന്റെ ഭാഗമാണ് സംവിധായകൻ സലിം കുമാറും നായകൻ ജയറാമും ഒക്കെ. രണ്ടു പേരും കരിയറിന്റെ നല്ല കാലത്തു കൂടെയാണോ കടന്നു പോകുന്നത് എന്നത് സംശയമാണെങ്കിലും അവരുടെ കൂട്ടുകെട്ട് കുറെ കാണികളിലെങ്കിലും പ്രതീക്ഷ ഉണ്ടാക്കി. സലിം കുമാറിന്റെ പശു വിവാദമാണ് ഈ സിനിമയെ ശ്രദ്ധേയമാക്കിയ മറ്റൊരു കാര്യം. പശുവിനെ കാണിക്കുന്ന ഒരു സ്വാഭാവികമായ രംഗം എടുത്തു കളയാൻ പറഞ്ഞ സെൻസർ ബോർഡിന്റെ നിർദേശത്തെ പറ്റി സലിം കുമാർ പറഞ്ഞത് കുറെ പേരെ ചിരിപ്പിച്ചു. ബോബി ചെമ്മണൂർ മട്ടിലുള്ള അദ്ദേഹത്തിൻറെ ട്രെയിലറിലും മറ്റു പരസ്യങ്ങളിലും കണ്ട വേഷപ്പകർച്ച സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു.

ഒരു ഫാന്റസി ഹ്യൂമർ എന്ന നിലയിലാണ് സിനിമ തുടങ്ങുന്നത്. കൃഷ്ണ കുമാർ (ജയറാം) നിർമല (അനുശ്രീ) ദമ്പതികളുടെ വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന രണ്ടു അതിഥികളിലൂടെ കഥ തുടങ്ങുന്നു. വില്ലേജ് ഉദ്യോഗസ്ഥനായ കൃഷ്ണകുമാർ അലസനും പാരമ്പര്യവാദിയുമാണ്. ബ്രഷിൽ പേസ്റ്റ് തേക്കൽ വരെ ഭാര്യയുടെ കർത്തവ്യമാണ് എന്നയാൾ വിശ്വസിക്കുന്നു. നിർമല പണിയെടുത്തു തളർന്ന ഒരു വീട്ടമ്മയാണ്. പണിയെടുത്തു തളർന്ന നിർമലയും പരാതി കേട്ട് തളർന്ന കൃഷ്ണ കുമാറും ഈ വിശിഷ്ടാതിഥിയുടെ മുന്നിൽ വച്ച് സ്വന്തം പദവിയും റോളുകളും പരസ്പരം വെച്ച് മാറാൻ തീരുമാനിക്കുന്നു. കൃഷ്ണകുമാർ അടുക്കളയിലേക്കും നിർമല അരങ്ങത്തേക്കും മാറുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ദൈവമേ കൈതൊഴാം കെ കുമാർ ആകണം. നെടുമുടി വേണു, സലിം കുമാർ, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി, കുളപ്പുള്ളി ലീല, രമേശ് പിഷാരടി  തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ സിനിമയിലുണ്ട്.

നാരദൻ കേരളത്തിൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയ ചില സിനിമകളെ ഓർമിപ്പിച്ചാണ് സിനിമ തുടങ്ങുന്നത്. പഴയ കലാഭവൻ കാസറ്റുകളിൽ ചിലതിൽ ഓണക്കാലത്ത് മാവേലി കേരളത്തിൽ കണ്ട കാഴ്ചകളെ വർണിക്കുന്ന പതിവുണ്ട്. അതിന്റെയൊക്കെ തുടർച്ച പോലെ വന്ന തുടക്കത്തിലേ കുറച്ചു ഭാഗം കാണാൻ കൗതുകമുണ്ട്. ജയറാമും അനുശ്രീയും നെടുമുടി വേണുവും പ്രദീപ് കോട്ടയവും ഒക്കെ വളരെ ഒഴുക്കോടെ ആ ഭാഗത്തെ മുന്നോട്ട് കൊണ്ട് പോകുന്നു. സമാന്തരമായി സലിം കുമാറിന്റെ ഗോപിയുടെ കഥയും സിനിമയിലുണ്ട്. ഇടയ്ക്കു വല്ലാതെ പാളിപ്പോയ ജയറാം ഹാസ്യം പരിക്കുകൾ ഇല്ലാതെ നിറഞ്ഞു നിൽക്കുന്ന കാഴ്ച തുടക്കത്തിൽ ഉണ്ട്. ചില രംഗങ്ങൾ ‘വെറുതെ ഒരു ഭാര്യ’യെ വല്ലാതെ ഓർമിപ്പിച്ചു. എന്നാലും സിനിമയുടെ ഫ്രഷ്‌നെസ്സ് കാണികളിൽ പല രംഗങ്ങളിലും കാണികളെ മുഷിപ്പിക്കാതെ കൊണ്ട് പോകുന്നു

പോകെ പോകെ സിനിമയുടെ ആ താളം കൈവിട്ട് എങ്ങോട്ടു പോകണം എന്നറിയാതെ പകച്ചു നിൽക്കുന്നതായി കാണാം. ജൻഡർ റോളുകൾ മാറുന്നതൊന്നും മലയാള ജനപ്രിയ സിനിമാ ശ്രേണിക്ക് എളുപ്പം കൈകാര്യം ചെയ്യാവുന്ന വിഷയമല്ല. അതിന്റെ പതർച്ച ദൈവമേ കൈതൊഴാം കെ കുമാർ ആകണം എന്ന സിനിമയ്ക്കും ഉണ്ട്; സലിം കുമാർ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പക്ഷെ ആൺ പെൺ മത്സരം വേണോ എന്നൊക്കെയുള്ള ചില ട്രോൾ ഉപദേശം പോലെ ആയി മാറി പലയിടങ്ങളിലും സിനിമ. കഞ്ഞിയാണ് പുരുഷൻ, ഉപ്പാണ് സ്ത്രീ, കഞ്ഞിയോളം വേണം ഉപ്പെന്ന തോന്നൽ മണ്ടത്തരമാണ് എന്നൊക്കെയുള്ള സാരോപദേശ ക്‌ളാസ് വരെ പോയി സിനിമ. അങ്ങനെയേ ചില സിനിമകൾക്ക് പോകാനാവൂ എന്നതിൽ അതിശയം ഒന്നുമില്ല. അതിലെ രാഷ്ട്രീയ ശരികളെ കുറിച്ച് അതുകൊണ്ട് തന്നെ സംസാരിക്കുന്നേ ഇല്ല. ഹാസ്യത്തിന്റെ പോക്കിൽ കണ്ട താളക്കുറവിനെ കുറിച്ചാണ് സംസാരിക്കുന്നത്. നല്ല ഒഴുക്കോടെ തുടങ്ങിയ ഒരു കഥ പാതി വഴിയിൽ ഇനി എങ്ങോട്ടു പോകണം എന്നറിയാതെ പകച്ചു നിന്ന പ്രതീതിയാണ് ആ സിനിമയിൽ ഉണ്ടായത്.

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ മാധ്യമ ശ്രദ്ധ ഒരു സിനിമാ ബെൽട്ടിനെ നന്നായി അസ്വസ്ഥരാക്കി എന്ന് തോന്നുന്നുണ്ട്. അതിന്റെ തുടർച്ച ആക്ഷേപ ഹാസ്യം എന്ന രീതിയിൽ ഈ സിനിമയിലും കാണാം. പ്രത്യേകിച്ച് യാതൊരു യുക്തിയും ഇല്ലാതെ കടന്നു വരുന്ന രംഗങ്ങൾ ആണ് ഇവയൊക്കെ. സ്വപ്നങ്ങൾക്ക് യുക്തികൾ ആവശ്യമില്ലെങ്കിലും സിനിമ കാണുന്നവർ തുടർച്ച ആഗ്രഹിക്കും. പിന്നെ സലിം കുമാറിനെ പോലൊരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാത്തത്രയും ഉപരിപ്ലവമായി സിനിമയിലെ സാമൂഹ്യ വിമർശനം. അതുകൊണ്ട് തന്നെ അവയിൽ പലതും ഏൽക്കാതെ പോയി. ചിലതു പാതി എത്തിയപ്പോൾ വഴി തെറ്റി പോയി. മെസ്സി ഫുട്ബോൾ രംഗവും സ്വച്ച് ഭാരത് രംഗവും പോലെ ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ഓർക്കാൻ ഒന്നും തരുന്നില്ല ദൈവമേ കൈതൊഴാം കെ കുമാറാകണം.

പ്രേക്ഷകർ ഹാസ്യം കൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ട നടനാണ് സലിം കുമാർ. സംവിധാന സംരഭങ്ങളായ കമ്പാർട്മെന്റും കറുത്ത ജൂതനും സമാന്തര സിനിമാ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഒരു വാണിജ്യ സിനിമ സംവിധാനം ചെയ്യാൻ ഉള്ള അദ്ദേഹത്തിൻറെ ആദ്യ ശ്രമം ആണ് ദൈവമേ കൈ തൊഴാം കെ കുമാർ ആകണം. രസച്ചരട് പാതി വഴിക്ക് ഇല്ലാതായിപ്പോയ സിനിമയാണ് എന്ന അഭിപ്രായത്തിനപ്പുറം, സലിം കുമാർ ഹാസ്യത്തില്‍ ഇഷ്ടവും വിശ്വാസവുമുള്ളവര്‍ ഈ സിനിമയ്ക്ക് കയറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍