UPDATES

സിനിമ

മഹേഷിന്റെ പ്രതികാരം, മായാനദി, മറഡോണ… ചില്ലറക്കാരനല്ല സൈജു ശ്രീധരന്‍/അഭിമുഖം

കുമ്പളങ്ങി നൈറ്റ്സ് ആണ് പുതിയ സിനിമ. ശ്യാം പുഷകരൻ എഴുതി, മധു നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

ചിത്രീകരിച്ച രംഗങ്ങളെ തിരക്കഥയുടെ അടിസ്ഥാനത്തിൽ ചേർത്ത് വെച്ച് അവക്ക് വേണ്ട എരിവും പുളിയും ചേർത്ത് രസം ചോരാതെ ചേരുംപടി ചേർത്ത് ഒരു തികഞ്ഞ ദൃശ്യാനുഭവമാക്കി നൽകി വർത്തമാന കാലത്തെ മലയാള സിനിമയിൽ മികച്ചു നിൽക്കുന്ന എഡിറ്റർമാരിൽ ഒരാളാണ് സൈജു ശ്രീധരന്‍. മഹേഷിന്റെ പ്രതികാരം, മായാനദി, മറഡോണ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകിയ സൈജു ശ്രീധരനുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

ഒരു എഡിറ്റർ എന്ന നിലയിൽ ആഷിക്ക് അബു ടീമിൽ താങ്കൾ സ്ഥിരം സാന്നിധ്യമാണല്ലോ?

ആഷിക്കേട്ടൻ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ ബിഗ്ബി സിനിമയുടെ പോസ്റ്റർ തുടങ്ങാനായി പപ്പായ മീഡിയ എന്നൊരു സംരംഭം ഞങ്ങൾ തുടങ്ങിയിരുന്നു. വാസ്തവത്തിൽ അത് ഞങ്ങൾ കുറച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഉണ്ടായ ഒന്നാണ്. അതിലൂടെ ബിഗ് ബി പടത്തിന്റെ ഡിസൈൻ ഒക്കെ ചെയ്ത് അത് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറി. അതോടെ ഞങ്ങൾ അത് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തു. പിന്നീട് ആഷിക്ക് ഏട്ടന്റെ സിനിമകളുടെ പോസ്റ്ററുകളെല്ലാം നമ്മൾ ചെയ്ത് തുടങ്ങി. അതിനുശേഷം ഗ്യാങ്സ്റ്റർ എന്ന സിനിമ ചെയ്യുന്ന സമയത്താണ് ആഷിക് ഏട്ടൻ എന്നോട് എഡിറ്റിങ് ചെയ്യാമോ എന്നു ചോദിക്കുന്നത്. സത്യത്തിൽ ആ സമയത്ത് എനിക്ക് എഡിറ്റിംഗ് കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. ഒരു പോസ്റ്റർ ചെയ്തു എന്നല്ലാതെ എഡിറ്റിങ്ങിൽ ആരുടെയും കൂടെ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഒന്നുമില്ലായിരുന്നു. മുൻപരിചയം കുറഞ്ഞ മേഖലയായതിനാൽ യൂ ട്യൂബ് ഒക്കെ എടുത്തു പഠിച്ചിട്ടാണ് ഗ്യാങ്സ്റ്ററിൽ എഡിറ്റിംഗ് എന്നുള്ള ശ്രമം നടത്തുന്നത്. അങ്ങനെ തുടർന്ന് ആഷിക്ക് ഏട്ടന്റെ കൂടെ, അവരുടെ പ്രൊഡക്ഷനിൽ ഉള്ള ഓരോരോ പടങ്ങളായി ചെയ്തു വന്നു. അവസാനമായി ചെയ്തത് മായാനദി, മഹേഷിന്റെ പ്രതികാരം, മറഡോണ തുടങ്ങിയവയാണ്.

പോസ്റ്റർ ഡിസൈൻ ചെയ്യുന്ന സമയത്ത് അതിന് സ്വാധീനിച്ചിരുന്ന ഘടകങ്ങൾ എന്തൊക്കെയായിരുന്നു?

ഒരുപാട് സിനിമകൾ കാണുന്ന ഒരാളാണ് ഞാൻ. പണ്ടുമുതലേ സിനിമകൾ ഒക്കെ കാണുമായിരുന്നു. അക്കാലങ്ങളിൽ ഒക്കെ നമ്മൾ ഇംഗ്ലീഷ് സിനിമകളുടെ പോസ്റ്ററുകൾ ശ്രദ്ധിക്കും. അതെല്ലാം കാണുമ്പോൾ നമുക്ക് സ്വാഭാവികമായിട്ടും ഒരു ആകാംക്ഷയുണ്ടാകും എങ്ങനെയാണ് ഇതെല്ലാം ഉണ്ടാക്കുന്നതെന്ന്. ആ ആകാംഷയിൽ നിന്നാണ് നെറ്റിൽ അതിനെക്കുറിച്ച് സെർച്ച് ചെയ്യുന്നതും ശേഷം നമ്മുടേതായ ശ്രമങ്ങൾ നമ്മളിവിടെ നടത്തുന്നതും. വാസ്തവത്തിൽ പ്രചോദനം എന്നു പറയുന്നത് തീർച്ചയായും ഇംഗ്ലീഷ് സിനിമകളാണ്. എഡിറ്റിങ്ങിന്റെ കാര്യത്തിലാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.

വളരെ വ്യത്യസ്തമായ കളർ ടോണുകൾ സിനിമയിൽ ഉപയോഗിക്കുന്ന എഡിറ്ററാണ് താങ്കൾ. അത് സക്‌സസ് ആകാറുമുണ്ട്. ആ ശ്രമത്തിന് പുറകിലെ കാരണം?

പ്രത്യേകിച്ചൊന്നുമില്ല. മുൻപ് പറഞ്ഞതുപോലെ നമ്മൾ പുറംരാജ്യങ്ങളിലെ സിനിമകൾ കാണാറുണ്ട്. അവ കാണുമ്പോൾ എങ്ങനെയാണ് ആ സിനിമയിൽ പോസ്റ്ററുകൾ ഡിസൈൻ ചെയ്തത്, അല്ലെങ്കിൽ എഡിറ്റിംഗ് നടത്തിയത്, കളർ ടോണുകൾ ഉപയോഗിച്ചത് എന്നിങ്ങനെ നിരവധി സംശയങ്ങൾ തോന്നാറുണ്ട്. ആ സംശയങ്ങൾ തന്നെയാണ് നമുക്കുള്ള പ്രചോദനവും. അവയ്ക്കുള്ള ഉത്തരങ്ങൾ നെറ്റ് വഴിയെല്ലാം നമ്മൾ കണ്ടെത്തും. പിന്നീട് അവ നമ്മുടേതായ തലത്തിൽ ഇവിടെ അപ്ലൈ ചെയ്യും.

റാണി പത്മിനിയിൽ ഉപയോഗിച്ചിരിക്കുന്ന കളർടോണ്‍ മലയാളസിനിമ പ്രേക്ഷകർക്ക് കണ്ടുപരിചയമില്ലാത്ത ഒന്നാണ്. അതിനെ കുറിച്ച് വിശദീകരിക്കാമോ?

final cut software-ൽ ആണ് സാധാരണ ഇവിടെ എല്ലാവരും എഡിറ്റ് ചെയാറ്. final cut 7 ആണ് എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്നത്. final cut 10 റിലീസ് ചെയ്ത സമയത്ത് ഇവിടെയുള്ളവർക്ക് അതിനെ ഉൾക്കൊള്ളാൻ അത്ര താത്പര്യമില്ലായിരുന്നു. എഡിറ്റിങ്ങിൽ വളരെ മോശമാണ് fcp 10 എന്ന ഒരു തെറ്റായ ധാരണയായിരുന്നു. വാസ്തവത്തിൽ fcp 10 വളരെ അപ്ഗ്രേഡഡ് വേർഷൻ ആയിരുന്നു. ഒരുപാട് സാധ്യതകൾ അതിലുണ്ടായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനിൽ റാണി പത്മിനിയുടെ കളറിങ് എല്ലാം ഞാൻ fcp 10-ൽ ആയിരുന്നു ചെയ്തത്. മഹേഷിന്റെ പ്രതികാരം ആയാലും റാണി പദ്മിനി ആയാലും അതിന്റെയെല്ലാം എഡിറ്റിങ്ങും കളറിങും എല്ലാം fcp 10-ൽ തന്നെയാണ് ചെയ്തത്. എല്ലാവരും fcp 10 software-നെക്കുറിച്ച് പല ധാരണകളും വെച്ചുപുലർത്തിയപ്പോൾ ആ മിഥ്യാധാരണകളെയെല്ലാം പൊളിക്കണം എന്നൊരു മനോഭാവം എനിക്കുണ്ടായിരുന്നു. അങ്ങനെ നടത്തിയ ശ്രമം ആയിരുന്നു fcp 10. ടെക്നിക്കൽ സൈഡിൽ പ്രവർത്തിക്കുന്ന ആളുകൾക്കൊക്കെ ആ വർക്കുകൾ ഒരു അമ്പരപ്പ് ഉണ്ടാക്കി എന്ന് എനിക്ക് പിന്നീട് തോന്നുകയും ചെയ്തു. സത്യത്തിൽ fcp 10-ൽ വർക്ക് ചെയുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

വാസ്തവത്തിൽ സിനിമയിൽ എഡിറ്റർ എത്രമാത്രം സ്വാധീനിക്കപ്പെടുന്നുണ്ട്?

സിനിമയുടെ കാഴ്ചക്കാരനെ മടുപ്പിക്കുവാനും അയാൾക്ക് സന്തോഷം നൽകാനുമെല്ലാം ഒരു എഡിറ്ററെ കൊണ്ട് സാധ്യമാകും. സിനിമ പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നാൽ അതിനകത്ത് ഒരു ശതമാനമെങ്കിലും എഡിറ്ററുടെ പിഴവുണ്ടെന്നാണ് സത്യം. മൊത്തത്തിൽ പറയുന്നില്ല, പക്ഷേ ഒരു ശതമാനമെങ്കിലും ഉണ്ടായിരിക്കും. എന്നാൽ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് എഡിറ്റിങ്ങിനെ വിലയിരുത്താനോ എഡിറ്റിങ്ങിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനോ അറിയില്ല. അവർ സിനിമയെയെ അല്ലെങ്കിൽ സംവിധായകനെ ഒക്കെയേ കുറ്റം പറയുകയുള്ളൂ.

ഒരു എഡിറ്റർ വിചാരിച്ചാൽ ഒരു കഥയെ അപ്പാടെ മാറ്റാം എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. അതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ?

ആത്യന്തികമായി സിനിമ സംവിധായകൻറെ കലയാണ്. അവരാണ് നിശ്ചയിക്കുന്നത് സിനിമ എങ്ങനെയാകണമെന്ന്. പക്ഷേ ഒരു എഡിറ്ററെ സംബന്ധിച്ചിടത്തോളം അയാൾക്ക് ചില നിർദ്ദേശങ്ങൾ കൊടുക്കാം സംവിധായകന്. ഇങ്ങനെ ചെയ്താൽ നന്നാകും, ഇങ്ങനെ മുമ്പോട്ടു പോയാൽ നന്നാകും എന്നൊക്കെ. അവരും കൂടി സമ്മതിച്ചാൽ നമുക്ക് ആ റൂട്ട് ഫോളോ ചെയാം. പക്ഷേ എന്തൊക്കെ പറഞ്ഞാലും സിനിമ, അത് സംവിധായകന്റേതാണ്. സംവിധായകനുമായി ഒരു പരസ്പരധാരണയുണ്ടെങ്കിൽ നമുക്ക് നമ്മുടേതായ നിർദ്ദേശങ്ങളും സിനിമയിൽ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.

ഏറ്റവും പുതിയ സിനിമയായ മറഡോണയിൽ ഒരു എഡിറ്റർ എന്ന നിലയിൽ താങ്കളുടെ സംഭാവനകൾ?

കൃത്യമായി സ്ക്രിപ്റ്റിൽ എഴുതി വെച്ച കാര്യങ്ങൾ തന്നെ ഷൂട്ട് ചെയ്തതു കൊണ്ട് മറഡോണയിൽ എഡിറ്റിംഗ് എന്നത് വലിയ കോംപ്ലിക്കേറ്റഡ് അല്ലായിരുന്നു. ചില സിനിമകൾ അങ്ങനെയല്ല.

വരും സിനിമകൾ?

കുമ്പളങ്ങി നൈറ്റ്സ് ആണ് പുതിയ സിനിമ. ശ്യാം പുഷകരൻ എഴുതി, മധു നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്.

ഹൃദയം കീഴടക്കും, ഈ ‘തല്ലിപ്പൊളി’ മറഡോണ

ആ സിനിമ ഞങ്ങളുടെ അവസാന ബോട്ടായിരുന്നു; ബിഗ് ബി ഇറങ്ങി 10 വര്‍ഷം തികയുമ്പോള്‍ അമല്‍ നീരദ് പറയുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍