UPDATES

സിനിമ

ഈട അഥവാ സംഘര്‍ഷ കാലത്തെ പ്രണയം

‘ഈട’ നമ്മള്‍ കാലാകാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഒരു പോയന്റിലാണ് ചെന്നുതൊടുന്നത്

(സ്‌പോയിലര്‍ അലര്‍ട്ട്: സിനിമ കാണാത്തവരില്‍ കഥയാണ് സിനിമയെന്ന് കരുതുന്നവരുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കാതിരിക്കുക)

ദൈനംദിന രാഷ്ട്രീയം പലപ്പോഴും പോപുലര്‍ സിനിമ ഴോണറിന് വഴങ്ങുന്ന കാര്യമല്ല. അതിഭാവുകത്വങ്ങളും മുദ്രവാക്യം വിളികളുമായി അത്തരം സിനിമകള്‍ രാഷ്ട്രീയമൊഴികെ മറ്റെന്തും പറയുമെന്നതാണ് പതിവ് കാഴ്ച. ആ വെല്ലുവിളിയാണ് ബി. അജിത്കുമാര്‍ ‘ഈട’ എന്ന സിനിമയിലൂടെ ഏറ്റെടുക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ പ്രദേശത്ത്, അതിന്റെ ഭാഗഭാക്കായ മനുഷ്യരുടെ ജീവിതത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്; സംഘര്‍ഷകാലത്തെ പ്രേമം.

വിന്‍സെന്റും ബാലു മഹേന്ദ്രയും മുതല്‍ വേണുവും അമല്‍ നീരദും രാജീവ്‌ രവിയും വരെ നീണ്ട സിനിമാറ്റോഗ്രാഫര്‍ ടേണ്‍ഡ് ഡയറ്‌ടേഴ്‌സിന്റെ ചിത്രങ്ങളുടെ അണമുറിയാത്ത ഒരു ധാരയുണ്ട് മലയാള സിനിമ ചരിത്രത്തില്‍. സാങ്കേതികമായി സംവിധായകരുടെ കണ്ണും മനസുമായി പ്രവര്‍ത്തിച്ചു വരുന്നവര്‍ സ്വതന്ത്രമായി സൃഷ്ടിക്കുന്ന സിനിമകള്‍. ഈ സിനിമകളിലെല്ലാം കാഴ്ചകളുടെ വ്യക്തതകള്‍ സുനിശ്ചിതമായും കാണാനാകും. വിഷ്വലുകളുടെ രചനകള്‍. ഫീല്‍ഡില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളെ വാര്‍ത്തകളാക്കി മാറ്റുന്ന ന്യൂസ് എഡിറ്റര്‍മാരെ പോലെയാണ് ചലച്ചിത്രമേഖയിലെ എഡിറ്റര്‍മാര്‍ എന്ന് എപ്പോഴും വിചാരിക്കാറുണ്ട്. ഫീല്‍ഡും ഡസ്‌കും എന്ന ന്യൂസ്‌റൂം ലോജിക് വച്ചാണ് പലപ്പോഴും സിനിമാറ്റോഗ്രാഫറേയും സിനിമ എഡിറ്ററേയും മനസിലാക്കാറ്. ഫീല്‍ഡ് കാണാതെ തന്നെ അതിന്റെ ലോജിക് മനസിലാക്കിയാലേ എഡിറ്റ് ടേബിളില്‍ നിന്ന് സിനിമ പിറക്കുകയുള്ളൂ. ഏതാണ്ട് ഒന്നര-രണ്ട് പതിറ്റാണ്ട് നീളുന്ന എഡിറ്റ് ടേബ്ള്‍ അനുഭവസമ്പത്തുണ്ട് ബി. അജിത് കുമാറിന്. മലയാള സിനിമ കണ്ടതില്‍ വച്ചേറ്റവും മികച്ച എഡിറ്റര്‍മാരിലൊരാള്‍ എന്ന ബഹുമതിയുമായാണ് അജിത് സിനിമ സംവിധാനം ചെയ്യുന്നത്.

അജിത് തന്നെ എഡിറ്റ് ചെയ്തിട്ടുള്ള അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിന് പ്രചോദനമായിട്ടുള്ള റോമിയോ-ജൂലിയറ്റ് പ്രേമം തന്നെയാണ് ‘ഈട’യുടെയും അടിസ്ഥാനം. ജാതി, മതം, സോഷ്യല്‍ സ്റ്റാറ്റസ്, ബിനിസസ് ശത്രുത, വര്‍ഗ്ഗ വ്യത്യാസം, വര്‍ണ്ണവെറി എന്നിങ്ങനെ ലോകത്ത് മനുഷ്യര്‍ തമ്മിലുള്ള നിതാന്ത ശത്രുതകള്‍ക്കും പരസ്പരവെറുപ്പുകള്‍ക്കും കാരണമാകുന്ന സാമൂഹ്യസാഹചര്യങ്ങളിലെല്ലാം റോമിയോ-ജൂലിയറ്റ് പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഇൗട’യിലത് രാഷ്ട്രീയ വൈര്യമാണ്. ചെറിയ രാഷ്ട്രീയവൈര്യമല്ല, അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പരസ്പരവെറുപ്പില്‍ വേറുറച്ച വൈര്യം. വെറുപ്പിന്റെ കയ്പുകയത്തിനിരുപുറവും പാര്‍ക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ അരുതാത്ത ഒരു പ്രേമം.

‘ഈട’യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പലകാലങ്ങളിലായി പല തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സര്‍വ്വകലാശാലകളില്‍ ഗവേഷണ പ്രബന്ധങ്ങളായി മാറി. കേരളത്തിലെ മുഖ്യധാര പാര്‍ട്ടിയെന്ന നിലയിലും പലവട്ടം സംസ്ഥാന ഭരണം കൈയ്യേന്തിയ പാര്‍ട്ടിയെന്ന നിലയിലും സിപിഎമ്മാണ് കണ്ണൂര്‍ സംഘര്‍ഷങ്ങളുടെ പാപഭാരം ഏറെയും ചുമന്നിട്ടുള്ളത്; സാങ്കേതികമായി നഷ്ടങ്ങള്‍ ഏറെയും അവര്‍ക്കാണുണ്ടായിട്ടുള്ളതെങ്കിലും. ഗുജറാത്ത് വംശഹത്യടയക്കം എണ്ണിയാലൊടുങ്ങാത്ത, ഏതാണ്ടൊരു നൂറ്റാണ്ടിന്റെ, ക്രിമിനല്‍ ചരിത്രം സ്വന്തമായുള്ള ആര്‍എസ്എസ് കണ്ണൂരിന്റെ ഉത്തരവാദിത്തം സിപിഎമ്മിന് മാത്രമാണെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കേരളത്തിന് പുറത്ത് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആ പ്രചരണം മുഖ്യധാരയില്‍ ഏതാണ്ട് ഫലപ്രദവുമാണ്. ഹൈന്ദവ ജനതയെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കുകയാണ് എന്ന പ്രചരണം വിജയകരമായി അവര്‍ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

ഇതെല്ലാമാണ് പശ്ചാത്തലമെങ്കിലും കണ്ണൂരിലെ ചില പ്രദേശങ്ങളെ സംബന്ധിച്ച് ഇത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഹര്‍ത്താലുകള്‍, രക്തസാക്ഷിത്വങ്ങള്‍, ബലിദാനങ്ങള്‍, വാളുകള്‍, കൊലവിളികള്‍, ഇടവഴികളിലൂടെയുള്ള പ്രാണഭയത്തോടെയുള്ള ഓട്ടങ്ങള്‍, വീടുകളിലെ നെഞ്ചുരുകിയുള്ള കാത്തിരിപ്പുകള്‍, നെടുവീര്‍പ്പുകള്‍ കലര്‍ന്ന മുദ്രവാക്യങ്ങള്‍. കൊല്ലപ്പെടുമെന്ന ഉറപ്പോടെയുള്ള സ്‌നേഹങ്ങള്‍, ബന്ധങ്ങള്‍, ചിരികള്‍, സൗഹൃദങ്ങള്‍, വിശ്വാസദാര്‍ഢ്യങ്ങള്‍, വാഗ്ദാനങ്ങള്‍.

മൈസൂരില്‍ വിദ്യാര്‍ത്ഥിയായ ഐശ്വര്യ എന്ന അമ്മു, ആ നഗരത്തില്‍ തന്നെ ജോലി ചെയ്യുന്ന ആനന്ദ് എന്ന നന്ദു എന്നിവരാണ് ‘ഈട’ത്തെ ജൂലിയറ്റും റോമിയോയും. ഒരേ ദേശത്താണെങ്കിലും ശത്രുതയാല്‍ ഇരു കരയിലായ രണ്ടുപേര്‍. കണ്ടുമുട്ടുന്നത് സ്വന്തം ദേശത്താണെങ്കിലും അവര്‍ പ്രേമിക്കുന്നത് അന്യദേശമായ മൈസൂരാണ്. മൈസൂര്‍ നമ്മുടെ സമകാലികമായ അറിവില്‍ കണ്ണൂരിന്റെ സ്വാതന്ത്ര്യങ്ങള്‍ ഇല്ലാത്ത, സ്ത്രീകളെ ആക്രമിക്കുന്ന, ഭക്ഷണം കഴിക്കാനുള്ള ചോയ്‌സില്‍ കേറി ആക്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ നാടാണ്. പക്ഷേ അരക്ഷിതമെന്ന് അവര്‍ കരുതുന്ന ഭൂമികയില്‍ നില്‍ക്കുന്നവര്‍ക്ക് നഗരങ്ങള്‍ നല്‍കുന്ന അനോണിമിറ്റിയുണ്ട്, അത് വലിയൊരു സുരക്ഷയാണ്. പരിചയക്കാരില്ലാത്തതിനാല്‍, പരസ്പരം ചിരിക്കാത്തവരും അഭിവാദ്യങ്ങള്‍ ചെയ്യാത്തവരുമില്ലാത്തതിനാല്‍ നഗരങ്ങള്‍ നാട്യപ്രധാനമെന്നും ദരിദ്രമാണെന്നും നന്മകളുടെ നാട്ടിന്‍ പുറം സമൃദ്ധമാണെന്നും ദൂരെനിന്ന് നോക്കുന്നവര്‍ക്ക് പറയാം. പക്ഷേ പരസ്പരം അറിയുന്നവര്‍ ഉള്ളിടത്തോളം കാലം സുരക്ഷിതമല്ല സംഘര്‍ഷങ്ങളുടെ നാട്, പ്രത്യേകിച്ചും പ്രേമിക്കുന്നവര്‍ക്ക്.

‘ഈട’യെ സംഘിയാക്കുന്ന വിപ്ലവ വിശാരദരോട്; നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് ആവശ്യമില്ല

ഒരു ബൈക്കിന്റെ സഞ്ചാരത്തിലും അടുപ്പത്തിലുമാണ് സിനിമ ആരംഭിക്കുന്നത്. കഥയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും നമുക്ക് മനസിലാകുന്നത് പോലെ ആര്‍എസ്എസുകാര്‍ ഒരു സിപിഎമ്മുകാരനെ കൊന്നതില്‍ പ്രതിഷേധിച്ചു നടക്കുന്ന പൊടുന്നനെയുള്ള ഹര്‍ത്താല്‍ ദിവസം മൈസൂരില്‍ നിന്ന് തീവണ്ടിക്ക് വന്നിറങ്ങുന്ന ഐശ്വര്യ. കമ്മ്യൂണിസ്റ്റ് കുടംബാംഗവും പാര്‍ട്ടി അനുഭാവിയും പ്രമുഖ പ്രദേശിക നേതാവുമായ കാരിപ്പിള്ളി ദിനേശന്റെ മരുമകളുമാണ് ഐശ്വര്യ. ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട ഒരാളാകണം, ഐശ്വര്യയെ കുറിച്ച് ഒന്നും അറിയാത്ത ആളാകണം- പരിചയുമുള്ള ആളാണെങ്കില്‍ ഒരിക്കലും ചെയ്യില്ല- ആര്‍എസ്എസ് കുടുംബത്തില്‍ പെട്ട ആനന്ദിനോട്, അവളെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സാധാരണ മലയാളികളെ പോലെ ഹര്‍ത്താലിനെ ശപിച്ചിട്ടാണ് ഐശ്വര്യ, ആനന്ദിന്റെ ബൈക്കില്‍ കേറുന്നത്. ആ ബൈക്ക് യാത്രയുടെ സീക്വന്‍സില്‍ നിന്ന് കൃത്യമായും വ്യക്തമായും സിനിമയുടെ പ്ലോട്ട് സംവിധായന്‍ പറഞ്ഞു വയ്ക്കുന്നു. ആനന്ദ്, ഐശ്വര്യ എന്നിവരുടെ ക്യാരക്ടര്‍, സംഘര്‍ഷ നാടിന്റെ ഭൂമിശാസ്ത്ര ശരീരം, അതിലെ വടുക്കളും ഉറങ്ങാത്ത മുറിവുകളും.

ആനന്ദ് ആര്‍എസ്എസിന്റെ ഓപ്പറേഷന്‍ വിഭാഗം പ്രമുഖനായ ഗോവിന്ദേട്ടന്റെ മരുമകനാണ്. അമ്മയില്ലാത്ത, അച്ഛനോട് അടുപ്പമില്ലാത്ത, രാഷ്ട്രീയത്തിലോ സമൂഹത്തിന്റെ മറ്റ് വ്യവഹാരങ്ങളിലോ താത്പര്യമില്ലാത്ത, ലേശം വിഷാദഛവി കലര്‍ന്ന സുന്ദരനായ ഒരു ചെറുപ്പക്കാരന്‍. മനുഷ്യരോടുള്ള കരുതലും സ്‌നേഹവുമുണ്ട്. ഐശ്വര്യ തന്റേടവും കരുത്തുമുള്ള പെണ്ണാണ്. പാര്‍ട്ടി അനുഭാവിയാണെങ്കിലും ആ നാടുവിടണമെന്ന ആഗ്രഹമേ അവള്‍ക്കുള്ളൂ. അവള്‍ക്ക് ഒരു താത്പര്യവുമില്ലാത്ത, പാര്‍ട്ടി യുവ നേതാവായ ചെന്ന്യം സുധാകരന്റെ ഭാവിവധുവായി പാര്‍ട്ടിക്കാരും വീട്ടുകാരും അവളെ കണക്കാക്കുന്നുവെന്നതാകാം ഒരുപക്ഷേ, കമ്മ്യൂണിസ്റ്റ് കുടംബത്തില്‍ നിന്നുള്ള അവളുടെ അമേരിക്കന്‍ സ്വാതന്ത്ര്യ ഇച്ഛയ്ക്ക്‌ കാരണം. നേരത്തേ പറഞ്ഞത് പോലെ അറിയാത്ത ഏതെങ്കിലും ദേശത്ത് പോയി രക്ഷപെടണം എന്നതാകും അവളുടെ മോഹം. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് വ്യക്തിപരമായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ലാതെ സന്തുഷ്ടരായ ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ അവള്‍ വ്യത്യസ്തയാണെന്ന് ഒരു പക്ഷേ മനസിലാക്കുന്നത് അവളുടെ അച്ഛന്‍ മാത്രമാകണം. അദ്ദേഹത്തിനാകട്ടെ പൊതുനാടകത്തില്‍ വലിയ റോളുകളുമില്ല.

രാജീവേട്ടന്‍ വിളിച്ചു പറഞ്ഞു, ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങ് പോരെന്ന്: നിമിഷ സജയന്‍/ അഭിമുഖം

വര്‍ത്തുളമായ ഒരു സഞ്ചാരമാണ് കണ്ണൂരിന്റെ സംഘര്‍ഷ ചരിത്രമെന്ന് സിനിമ പറയുന്നു. നമുക്ക് പേരറിയില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കൊലപാകതത്തില്‍ നിന്ന് ആരംഭിക്കുന്നു. ആര്‍എസ്എസ് ശാഖയില്‍ കബഡികളിച്ചുകൊണ്ടിരിക്കുന്ന, കറുത്തവനായ, ഒരു പക്ഷേ ദളിതനായ, ഉപേന്ദ്രനോട് ആര്‍എസ്എസ് നേതാവ് ഗോവിന്ദേട്ടന്‍ കുറ്റം ഏറ്റെടുത്ത് ജയിലില്‍ പോകാന്‍ പറയുന്നു. എന്താണ് കുറ്റമെന്ന് പോലും ചോദിക്കാതെ ആഘോഷമായി ഉപേന്ദ്രന്‍ ജയിലില്‍ പോകുന്നു. ഇതിടയില്‍ ആനന്ദും ഐശ്വര്യയും പരസ്പരം നന്ദുവും അമ്മുവുമായി മാറുകയും സുന്ദരമായ പ്രേമത്തില്‍ ലോകത്തെ മനോഹരമായി മാറ്റുകയും ചെയ്യുന്നു. ജയിലില്‍ നിന്നിറങ്ങുന്ന ഉപേന്ദ്രന്‍ കൊല്ലപ്പെടുന്നു. ഉപേന്ദ്രന്റെ കൊലപാതകത്തിന് പകരം മറ്റൊരു ഇടത് പ്രവര്‍ത്തകനെ കൊന്നാല്‍ പോരാ, പ്രദേശിക നേതാവായ കാരിപ്പിള്ളി ദിനേശനെ കൊല്ലണമെന്ന് ആര്‍എസ്എസ് പക്ഷം തീരുമാനിക്കുന്നു. ആ തീരുമാനം അറിയുന്ന ആനന്ദ്, ഐശ്വര്യയുടെ ബന്ധുവായ കാരിപ്പിള്ളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചില്ല. കാരിപ്പിള്ളി ദിനേശന്‍ രക്തസാക്ഷിയാകുന്നു. ആനന്ദിനിടയിളക്കം വന്നിട്ടുണ്ടെന്ന് മനസിലാക്കുന്ന ആര്‍എസ്എസ് സംഘം കാരിപ്പിള്ളിയുടെ കൊലയാളികളുടെ പട്ടികയില്‍ ആനന്ദിന്റെ പേരും ഉള്‍പ്പെടുത്തുന്നു. അഥവാ ഇനി കൊല്ലപ്പെടേണ്ടത് ആനന്ദാണ്. നിരയൊത്ത പ്രകടനം പോലെ ഒന്നിന് പുറകെ ഒന്നായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ കൊലപാതക ശൃംഖലയാണ് സംവിധായകന്‍ ഈടയിലൂടെ കാണിച്ചു തരുന്നത്.

ഇത്ര നിഷ്‌കളങ്കവും ഓര്‍ഗാനിക്കുമായാണോ കണ്ണൂരില്‍ സംഘര്‍ഷങ്ങള്‍, കൊലകള്‍ ഉണ്ടാകുന്നത് എന്ന ചോദ്യമാകാം. അങ്ങനെ മറ്റനേകം ചോദ്യങ്ങള്‍ ഉയരാം. കാരണം കൃത്യമായി ഉത്തരങ്ങള്‍ കണ്ടുപിടിക്കപ്പെട്ട സംഭവവികാസങ്ങളല്ല കണ്ണൂരിലും പരിസരങ്ങളിലും കഴിഞ്ഞ അരനൂറ്റാണ്ടോളമായി അരങ്ങേറുന്നത്. അതിന് ഒരു ചരിത്രമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കമില്ലാത്ത, ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അവരെങ്ങനെ ഇത്രയധികം കൊല്ലപ്പെടുന്നുവെന്ന ചോദ്യം ഉയരാറുണ്ട്. കണ്ണൂരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ പക്ഷം പിടിക്കപ്പെട്ടല്ലേ സമൂഹമധ്യത്തില്‍ അവതരിപ്പിക്കാറുള്ളത് എന്നത് ചോദ്യമാണ്. എങ്ങനെയാണ് കുത്തകമാധ്യമങ്ങള്‍ ആര്‍എസ്എസിനെ ഈ സംഘര്‍ഷഭൂമിയിലെ ഇരകളാക്കി മാറ്റി അവതരിപ്പിച്ചതെന്നതും ചോദ്യമാണ്. വിവിധ കാലങ്ങളില്‍ ഭരണത്തിലും അധികാരത്തിലുമെത്തിയിട്ടും, പോലീസ് ഭരണം കയ്യാളിയിട്ടും കണ്ണൂരിനെ സംഘര്‍ഷഭൂമിയായി തന്നെ നിലനിര്‍ത്തുന്നതില്‍ സിപിഎമ്മിനില്ലേ പങ്ക് എന്ന ചോദ്യവും പലഭാഗത്തുനിന്നും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. സിനിമയില്‍ ഒരു ഫ്രെയ്മില്‍ പോലും കടന്നുവരാത്ത കോണ്‍ഗ്രസിന്, കേരളം കൂടുതല്‍ കാലം ഭരിച്ച, പതിറ്റാണ്ടുകളോളം കേന്ദ്രഭരണം കൈയ്യാളിയിട്ടുള്ള പാര്‍ട്ടിക്ക്, കണ്ണൂര്‍ സംഘര്‍ഷത്തിലുള്ള പങ്ക് എന്താണെന്നും ചോദ്യമുണ്ട്.

‘ഈട’; കണ്ണൂരിന്റെ മണ്ണില്‍ എല്ലുരുക്കുന്ന പ്രണയം, പിന്നെ രാഷ്ട്രീയവും

പക്ഷേ സിനിമ ശ്രദ്ധിക്കുന്നത് ഇൗ സംഘര്‍ഷത്തിനിടയില്‍ കുടുങ്ങിയപ്പോയ മനുഷ്യരെയാണ്. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് കുടംബങ്ങളിലെ സ്ത്രീകളെ. മറുഭാഗത്ത് നാം കാണുന്ന സ്ത്രീ ബലിയാടായും ബലിദാനിയായും മാറുന്ന ഉപേന്ദ്രന്റെ കൂട്ടുകാരി മാത്രമാണ്. ഉറ്റവരാലും ശത്രുക്കളാലും ഒരുപോലെ ചതിക്കപ്പെട്ടവള്‍. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളാകട്ടെ തീരുമാനങ്ങളിലും കമ്മിറ്റികളിലും ജീവിതാവസ്ഥകളിലും ഭാഗഭാക്കാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ കൂട്ടുകാരിയടക്കം അവരെല്ലാവരും പ്രത്യക്ഷരാണ്. പക്ഷേ വിധിക്കപ്പെട്ടവരാണ്. പ്രണയം നാടകീയതകളില്ലാതെ തുറന്ന് പറയാനും ‘കല്യാണം കഴിക്കാന്നേ പറഞ്ഞിട്ടുള്ളൂ, കൂടെക്കിടക്കാന്ന് പറഞ്ഞിട്ടില്ല’ എന്ന് പറയാനും കരുത്തുള്ള ഐശ്വര്യക്ക് പക്ഷേ ഈ സംഘര്‍ഷഭൂമിയിലെ അനിവാര്യമെന്നോണം സംഭവിക്കുന്ന കൊലപാതങ്ങളെ നിയന്ത്രിക്കാന്‍ കരുത്തില്ല. ശരിക്കും ഇവിടത്തെ ആണുങ്ങള്‍ക്കുമില്ല. തെയ്യത്തിന്റെ അനുഗ്രഹവും വിവാഹനിശ്ചയത്തിന് നല്ല നാളും വേണ്ടവര്‍ കൂടിയാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍. ആ കമ്മ്യൂണിസ്റ്റുകാരുടെ പാര്‍ട്ടി ജീവിതം സിനിമയില്‍ വന്നിട്ടില്ല. രക്തസാക്ഷി കുടംബത്തിന് അരിയും പച്ചക്കറിയും എത്തിക്കലിനപ്പുറത്തേയ്ക്കുള്ള ജീവിതമാണത്. പക്ഷേ അതല്ല, സിനിമയുടെ ഫോക്കസ്. അവരുടെ വ്യക്തിജിവിതത്തെ എങ്ങനെ ഈ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നുവെന്ന് തന്നെയാണ്.

‘ഈട’ നമ്മള്‍ കാലാകാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഒരു പോയന്റിലാണ് ചെന്നുതൊടുന്നത്. സംഘര്‍ഷഭൂമിയിലെ മനുഷ്യരുടെ ജീവിതമെന്ന പോയന്റില്‍. നമ്മള്‍ ശരിതെറ്റുകളെ കുറിച്ചുമാത്രമേ ചര്‍ച്ച ചെയ്യാറുള്ളൂ, അതിന്റെ മൂപ്പിളമ പറഞ്ഞ് നമ്മള്‍ തര്‍ക്കിക്കുന്നതിനിടയില്‍ വീണുപോയ മനുഷ്യരുടെ ഉറ്റവരെ കുറിച്ചു കൂടി ഓര്‍ക്കണമെന്നാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ വളരെ പ്രധാനപ്പെട്ട സിനിമകളിലൊന്നായി ഈട വായിക്കപ്പെടണം. നിങ്ങള്‍ക്ക് സിനിമയുടെ പൊസിഷനുകളെ കുറിച്ച് തര്‍ക്കിക്കാം. കണ്ണൂരിലെ രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ച ചെയ്യാം. എനിക്ക് വ്യക്തമായ ഒരു പക്ഷമുണ്ടതില്‍. അത് പറയുമ്പോഴും കൊല്ലുക – ചാവുക എന്നിങ്ങനെയുള്ള അതിജീവന ജാഗ്രതയോടെ ഒരോ നിമിഷവും ജീവിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ച് ആശങ്കകളുമുണ്ട്. ആ ആശങ്കകളുടെ പങ്കുവയ്ക്കലാണ് ഈ സിനിമ.

സീരിയല്‍ താരങ്ങള്‍ മൂന്നാംകിടക്കാരാണെന്ന മനോഭാവം മാറണം; ഷെല്ലി കിഷോര്‍/അഭിമുഖം

കാരിപ്പിള്ളി ദിനേശനായി വരുന്ന പ്രിയപ്പെട്ട സുജിത്ത് ശങ്കര്‍, ഗോവിന്ദേട്ടനായെത്തുന്ന അലന്‍സിയര്‍, തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രത്തിലും അതിജാഗ്രതയോടെ, നിഷ്ഠയോടെ കഥാപാത്രമായി മാറുന്ന നിമിഷ സജയന്‍, കണ്ടുകണ്ടിഷ്ടം കൂടി വരുന്ന ഷെയ്ന്‍ നിഗം, സുനിത, സുരഭി, ശര്‍മ്മ, മണികണ്ഠന്‍… സിനിമാറ്റോഗ്രാഫര്‍ പപ്പു, കവി അന്‍വര്‍അലി… അജിത്തിനും സംഘത്തിനും നന്ദി. നമ്മള്‍ കൂടുതല്‍ ഉണര്‍വ്വോടെ, ജാഗ്രതയോടെ കണ്ണൂരിനെ കുറിച്ച് ചര്‍ച്ച ചെയ്യണം. അതിനുള്ള പ്രേരണ കൂടിയാണ്, ഈട.

* ഇതില്‍ ആര്‍എസ്എസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സിപിഎം എന്നൊക്കെ എഴുതിയിട്ടുള്ളത് സിനിമയില്‍ അത് പറഞ്ഞിട്ടല്ല. സൂചനകളില്‍ നിന്നുള്ള പൊതുവായനയാണ്. സിനിമയ്ക്ക് അതുമായി ഒരുത്തരവാദിത്തവമില്ല.

മുറിവുകളിലൂടെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഈട

ഈടയിലെ പ്രണയവും പെണ്ണിടവും ചരിത്രവിരുദ്ധ രാഷ്ട്രീയവും

ഈടയും ആടയും അല്ലാത്ത കാല്‍പനിക നിലാവെളിച്ചത്തിന്റെ ‘ഈട’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍