UPDATES

സിനിമ

കുട്ടനാടന്‍ മാര്‍പ്പാപ്പ: ഒരു തേപ്പുകഥ പറയാന്‍ ഇത്രയും കോമഡിക്കാര്‍ വേണോ?

നായകന്മാർക്ക് ‘തേച്ചില്ലേ പെണ്ണെ’ എന്ന് അലറാൻ ഉള്ള സിനിമകളുടെ ഗണത്തിൽ പുതിയതാണ് കുട്ടനാടന്‍ മാർപ്പാപ്പ.

അപര്‍ണ്ണ

അപര്‍ണ്ണ

അവധിക്കാലവും തുടരെയുള്ള ഓഫീസ് അവധി ദിവസങ്ങളും തീയറ്ററുകളെ സജീവമാക്കാൻ തുടങ്ങി. ഈ കാലത്ത് സ്ഥിരം കുട്ടികളെയും കുടുംബങ്ങളെയും ഉദ്ദേശിച്ചുള്ള കോമഡി പടങ്ങൾ വരാറുണ്ട്. കുട്ടനാടൻ മാർപ്പാപ്പ അങ്ങനെ ഒരു സിനിമയാണ്. കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന സിനിമയുടെ സംവിധായകന്‍ ശ്രീജിത്ത് വിജയൻ. കറുത്ത ജൂതൻ പോലുള്ള സിനിമകളുടെ ക്യാമറ ചെയ്തത് ശ്രീജിത്ത് ആണ്. തമാശകൾ നിറഞ്ഞ ട്രെയിലറും കുഞ്ചാക്കോ ബോബന്റെ ഫാസ്റ്റ് ഡാൻസ് സ്റ്റെപ്പുകൾ ഉള്ള പാട്ടും ഒക്കെ ഒരു അവധിക്കാല മൂഡ് ഉള്ള സിനിമ ആണെന്ന തോന്നൽ ഉണ്ടാക്കി. പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരുപിടി ഹാസ്യ താരങ്ങളുടെ സാന്നിധ്യവും സിനിമയിലുണ്ട്. സലിം കുമാർ, അജു വർഗീസ്, ധർമജൻ, സൗബിൻ, ടിനി ടോം, രമേശ് പിഷാരടി തുടങ്ങി വൻ താര നിര തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ഇന്നസെന്റും ഒരു ഇടവേളയ്ക്കു ശേഷം മുഴുനീള വേഷം ചെയ്യുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണ സജീവ സാന്നിധ്യമാകുന്ന സിനിമ കൂടിയാണിത്. അദിതി രവി മറ്റൊരു പ്രാധാന്യമുള്ള റോളിൽ എത്തുന്നു. ഇത്രയും താരങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് പ്രേക്ഷകർ തീയറ്ററിൽ എത്തുന്നത്

ജോൺ പോൾ (കുഞ്ചാക്കോ ബോബൻ) കുട്ടനാടൻ കായൽക്കരയിൽ അതിജീവനത്തിനായി കഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫറാണ്. നാട്ടുകാർ സ്നേഹത്തോടെ അയാളെ വിളിക്കുന്ന പേരാണ് കുട്ടനാടൻ മാർപ്പാപ്പ. മൊട്ട എന്ന് വിളിപ്പേരുള്ള കൂട്ടുകാരനാണ് അയാളുടെ സഹായി (ധർമജൻ) ഫിലിപ്പോസ് എന്ന ഫോട്ടോഗ്രഫിയിലെ ഗുരു (സലിം കുമാർ) കടം കേറി നാട് വിടുമ്പോൾ ഏല്പിച്ച കളേഴ്സ് സ്റ്റുഡിയോ മാത്രമാണ് ഇവരുടെ ഏക സമ്പാദ്യം. അപ്പൻ മരിച്ച ജോണിന്റെ ഏക ആശ്രയവും അടുത്ത സുഹൃത്തും അവന്റെ അമ്മച്ചി മേരി (ശാന്തി കൃഷ്ണ) ആണ്. നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചന്റെ (ഇന്നസെന്റ്) മകൾ ജെസ്സിയോട് (അദിതി രവി) ജോണിന് പ്രണയം തോന്നുന്നു. അവന്റെ പ്രണയത്തിന് അമ്മച്ചിയുടെയും കൂട്ടുകാരുടെയും പൂർണ പിന്തുണയുണ്ട്. ആ പ്രണയവും തുടർന്ന് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് കുട്ടനാടൻ മാർപാപ്പ. നാട്ടിലെ തന്നെ വലിയ പണക്കാരനും ബാംഗ്ലൂരിലെ ഫാഷൻ ഫോട്ടോഗ്രാഫറുമായ പീറ്റർ ആയി രമേശ് പിഷാരടി എത്തുന്നു. കാമിയോ എന്ന് പറയാവുന്ന റോളുകളിൽ സൗബിൻ ഷാഹിറും ഹരീഷ് കണാരനും കുട്ടനാടൻ മാർപ്പാപ്പയിൽ ഉണ്ട്. പള്ളിയിലെ വികാരിയച്ചനായി അജു വർഗീസും.

കുട്ടനാടൻ ജീവിതം മലയാള സിനിമ വളരെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. മിക്കവാറും അവക്കൊക്കെ ഒരേ താളവും ആഖ്യാന രീതിയും ആയിരിക്കും. കുഞ്ചാക്കോ ബോബൻ തന്നെ അഭിനയിച്ച പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ജലോത്സവം ഒക്കെ കുട്ടനാടൻ കായൽത്തീരം പശ്ചാത്തലമായി ഉപയോഗിച്ച സിനിമകളാണ്. കുറെ ചിരിയും, ബോട്ടും, ടൂറിസ്റ്റ് തമാശകളും അൽപ സ്വല്പം സെന്റിമെൻറ്സും ഒക്കെ ചേർത്ത പതിവ് ചേരുവയിൽ ഒരുക്കിയ മറ്റൊരു സിനിമയാണ് കുട്ടനാടൻ മാർപാപ്പ. യുക്തിയും ചിന്തകളും ഒക്കെ പുറത്തു വെച്ച് തീയറ്ററിനുള്ളിൽ കയറണം എന്നതാണ് ഇത്തരം സിനിമകൾ കാണാൻ പോകുന്നവർക്കുള്ള പ്രാഥമിക പാഠം. എന്നാലും ഹാസ്യത്തിന് ഒരു തരിമ്പു പുതുമ വേണം എന്ന് ആഗ്രഹിക്കുന്നവരെ ഈ സിനിമ നിരാശപ്പെടുത്തിയേക്കാം, സിനിമയുടെ ആദ്യ ഭാഗത്തിൽ ഏറിയ പങ്കും കഥാപാത്രങ്ങളുടെ ഇൻട്രോ മാത്രമാണ്. പശ്ചാത്തല സംഗീതവും കയ്യടി കിട്ടുമെന്ന് ഉറപ്പുള്ള ഒരുപറ്റം ഹാസ്യ താരങ്ങളുടെ കടന്നു വരവും ഒക്കെയാണ് സിനിമയുടെ തുടക്കത്തിലേ കുറെ ഭാഗം. വന്നു വന്ന് സ്ക്രീൻ സ്പേസ് തികയാതെ താരങ്ങൾ കഷ്ടപ്പെടും പോലെ തോന്നി. കുറച്ചു ദ്വയാർത്ഥങ്ങളും സ്കിറ്റുകളിൽ കണ്ടു മടുത്ത ഹാസ്യ നമ്പറുകളുമാണ് സിനിമയിൽ ഉള്ളത്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന പ്രാഥമിക ദൗത്യം സിനിമ എത്രത്തോളം ചെയ്യുന്നുണ്ട് എന്ന് സംശയമാണ്.

‘തേപ്പുപെട്ടി കഥ’ എന്ന ഒരു ഉപവിഭാഗം മലയാള സിനിമാ, ഷോർട്ട് ഫിലിം മേഖലകളിൽ ഉണ്ടാക്കാം എന്ന് തോന്നുന്നു. പെണ്ണ് തേക്കുക, അവൾക്ക് പണി കൊടുക്കുക എന്ന സമകാലീന ജനപ്രിയ മലയാള സിനിമാ ക്ളീഷേ, കുട്ടനാടൻ മാർപാപ്പയും പിന്തുടരുന്നു. കഥയിലോ സന്ദർഭങ്ങളിലോ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. പെൺകുട്ടി അച്ഛനെയും അമ്മയെയും അനുസരിക്കണോ അവരെ ധിക്കരിച്ചു കാമുകനൊപ്പം പോകണോ എന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത ഒരു വിഭാഗം ഇത്തരം രംഗങ്ങൾക്ക് കയ്യടിക്കുന്നുണ്ട്. അനുസരിക്കാത്ത പെങ്ങളോ മകളോ തേക്കുന്ന കാമുകിയോ ഒരു പോലെ പ്രശ്നമാണെന്ന് തോന്നുന്നു മലയാള സിനിമയ്ക്കും. തേപ്പിനോ പ്രതികാരത്തിനോ യാതൊരു വ്യത്യാസവും ഇല്ല. ‘തേപ്പും’ അതിനനുബന്ധിയായ ഡയലോഗുകളും ആക്ഷൻ പഞ്ചിനു ശേഷമുള്ള കയ്യടി വാങ്ങൽ രീതി ആണെന്ന് തോന്നുന്നു.’തേപ്പ്’ എന്ന പദപ്രയോഗത്തെ പ്രശ്നവത്കരിക്കാൻ മുതിരുന്നില്ല. അങ്ങനെയൊന്നും ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും അറിയാം. പക്ഷെ അപ്പോഴും എല്ലാ ‘തേപ്പും’ ഒരുപോലെ ആകുമോ എന്ന സംശയം ബാക്കിയുണ്ട്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കു ശേഷം ശാന്തി കൃഷ്ണ ഒരു മുഴുനീള റോളിൽ എത്തുന്നുണ്ട്. കാര്യമായി അവർക്കു മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു കൗണ്ടർ അടിക്കുന്ന അമ്മമാരെങ്കിലും മലയാള സിനിമയിൽ ഉണ്ടാകുന്നുണ്ട് എന്നത് വിശാലാർത്ഥത്തിൽ നല്ലതാണ് എന്നൊക്കെ പറയാം. ഇത്തിരി വില്ലൻ ഛായ ഉള്ള വേഷത്തിൽ രമേശ് പിഷാരടി എത്തുന്നത് കണ്ടു മടുത്ത വില്ലൻ രീതികളിൽ നിന്നുള്ള മാറി ചിന്തിക്കാൻ ആകാനും വഴി വെക്കട്ടെ എന്ന് ആഗ്രഹിക്കാം. അദിതി രവി അടക്കം ഉള്ള നായികമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. വെട്ടിത്തെളിച്ച പാതയിൽ വെറുതെ നിന്നാൽ മതി. ചുരിദാറുകളൊക്കെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. താര ബാഹുല്യം കൊണ്ട് ബാക്കി ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരേ പാറ്റേൺ തന്നെ പിന്തുടർന്ന് കുഞ്ചാക്കോ ബോബൻ സ്വന്തം കരിയറിന്റെ ആണിക്കല്ലെടുക്കുമോ എന്ന് ഭയപ്പെടുത്തുന്നുണ്ട് അദ്ദേഹത്തിൻറെ സമീപകാല സിനിമകൾ. പാട്ടുകൾ ഒന്നും കാതിൽ നിൽക്കുന്നില്ല. തമാശകൾ ഒന്നും ചിരിപ്പിക്കുന്നും ഇല്ല. കായലിന്റെയും പ്രകൃതി ഭംഗിയുടെയും ദൃശ്യങ്ങൾ കാണുന്നത് നല്ലതാണെങ്കിൽ നല്ല പശ്ചാത്തലം ആണെന്ന് പറയാം.

അതിഥി രവി/ അഭിമുഖം; എന്നെ തേപ്പുകാരിയെന്ന് വിളിച്ചാലും കുഴപ്പമില്ല, ഞാന്‍ ഹാപ്പിയാണ്

നായകന്മാർക്ക് ‘തേച്ചില്ലേ പെണ്ണെ’ എന്ന് അലറാൻ ഉള്ള സിനിമകളുടെ ഗണത്തിൽ പുതിയതാണ് കുട്ടനാടന്‍ മാർപ്പാപ്പ. തേപ്പിനോ അതിനു മുന്നെയോ ശേഷമോ നടക്കുന്ന സംഭവങ്ങൾക്കോ ഒന്നും ഒരു പുതുമയുമില്ല എന്ന് മാത്രമല്ല, മലയാള സിനിമകളിലും ഷോർട്ട് ഫിലിമുകളിലും നിരന്തരം കാണുന്ന സന്ദർഭങ്ങളുടെ അനുകരണം മാത്രമാണ്. ഹാസ്യ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സ്കിറ്റുകളിലൂടെയും മറ്റും ദശാബ്ദങ്ങളായി കാണുന്നതാണ്. പഴയ ബോംബ് കഥ എന്നത് മാറ്റി ആ പഴയ തേപ്പു കഥ തന്നെ എന്ന് ചുരുക്കം. ഇത്തരം തേപ്പും അനുബന്ധ തമാശകളും ഒരു ഫീൽ ഗുഡ് അനുഭവമാണെന്ന് തോന്നുന്നെങ്കിൽ ഈ സിനിമ രസിച്ചേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹിച്ച്ക്കി; ശാരീരിക വെല്ലുവിളികളെ കരച്ചിലും കോമഡിയുമല്ലാതെ പറയാന്‍ ഇന്ത്യന്‍ സിനിമ പഠിച്ചു തുടങ്ങിയിരിക്കുന്നു

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍