UPDATES

സിനിമ

ഫാന്‍സിനെക്കൊണ്ട് ഇങ്ങനെ തള്ളിക്കരുത്, കഷ്ടമാണ്; രണ്ടര മണിക്കൂറിന്റെ ബോംബ്‌ കഥ

എന്തൊരു പ്രതിഭയുള്ള നടനാണ് ബലം പിടിച്ച് സ്ലോ മോഷനിൽ നടന്ന് വല്ലാതെ കഷ്ടപ്പെട്ട് ദയനീയമായി പത്തിരുപതു പേരെ തല്ലി മറിച്ചു നടക്കുന്നത്.

അപര്‍ണ്ണ

അപര്‍ണ്ണ

രാജാധിരാജയുടെ സംവിധായകൻ അജയ് വാസുദേവിന്റെ അടുത്ത മമ്മൂട്ടിപ്പടമാണ് മാസ്റ്റർപീസ്. ഉദയകൃഷ്ണയുടെ തിരക്കഥ, ഉത്സവകാല റിലീസ്, സന്തോഷ് പണ്ഡിറ്റ് അണിയറയില്‍ ഇല്ലാതെ അഭിനയിക്കുക മാത്രം ചെയ്യുന്ന ആദ്യ സിനിമ തുടങ്ങി കുറെ പ്രത്യേകതകളാണ് മാസ്റ്റർപീസിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നത്. ട്രെയിലറാകട്ടെ വെളിപാടിന്റെ പുസ്തകത്തോട് സാമ്യമുള്ള ഒരു ക്യാമ്പസ് സ്റ്റോറിയാണ് മാസ്റ്റർപീസ് എന്ന തോന്നലുമുണ്ടാക്കി. എന്തായാലും ക്രിസ്മസ് റിലീസുകളിൽ ആദ്യത്തേതായി മാസ്റ്റർപീസ് തീയറ്ററിൽ എത്തി. ഇനീഷ്യൽ കളക്ഷൻ ഗീര്‍വാങ്ങൾ ഇത്തരം സിനിമകളുടെ നിലനിൽപ്പിന്റെ പ്രശ്നമായത് കൊണ്ട് തന്നെ ഫാൻസ്‌ നല്ലവണ്ണം പൊലിപ്പിച്ച കണക്കുകളുമായി തീയറ്ററുകൾ കയറിയിറങ്ങുന്നുണ്ട്. സമീപകാല കസബ വിവാദത്തിനു ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ‘മാസ്സ്’ സിനിമ ആയത് കൊണ്ട് തന്നെ ചിലരെങ്കിലും മാസ്റ്റർപീസിനെ അത്തരത്തിൽ കൂടി ശ്രദ്ധിക്കാൻ ഇടയുണ്ട്. എന്തായാലും പുള്ളിക്കാരൻ സ്റ്റാറായുടെ അത്ര സുഖകരമല്ലാത്ത റിപ്പോർട്ടുകളെ അടുത്ത ഉത്സവകാല റിലീസ് ആയ മാസ്റ്റർപീസ് എങ്ങനെ തിരുത്തും എന്ന് തന്നെയാണ് വാണിജ്യ സിനിമയെ പിന്തുടരന്നുവർ ശ്രദ്ധിക്കുന്നത്.

സിനിമയുടെ കഥയെപ്പറ്റി ചുരുക്കിയെഴുതാൻ ഒരർത്ഥത്തിൽ വളരെ വളരെ എളുപ്പമാണ്. ഒറ്റ വാചകത്തിൽ പഴയ ബോംബ് കഥ തന്നെ എന്ന് പറയാം. കുറച്ചു കാലങ്ങളായി മമ്മൂട്ടി സിനിമകൾക്കൊക്കെ ഏതാണ്ട് ഒരേ തിരക്കഥകളാണ്. അയാൾ എവിടെ പോയാലും ആരാധനയോടെ നോക്കി നിൽക്കുന്ന സഹതാരങ്ങൾ, അങ്ങോട്ട് പ്രേമിച്ചു മയങ്ങി പോകുന്ന നായിക/നായികമാർ, കൂളിംഗ് ഗ്ളാസിനെ കുറിച്ചും ലുക്കിനെ കുറിച്ചും ഉള്ള വർണ്ണനകൾ,  ഹായ് മമ്മൂട്ടിയെ പോലുണ്ടല്ലോ എന്ന മട്ടിലുള്ള അത്ഭുതപ്പെടലുകൾ അങ്ങനെ സ്ഥിരം കാഴ്ചകൾ. കഥ നടക്കുന്ന സമയവും സാഹചര്യങ്ങളും മാത്രം മാറിക്കൊണ്ടിരിക്കും. വെളിപാടിന്റെ പുസ്തകത്തിലേതിന് സമാനമായ ഒരു കോളേജ് അന്തരീക്ഷം തന്നെയാണ് ഈ സിനിമയിലും. രണ്ടു ഗ്യാങ്ങുകൾ… അവർ തമ്മിലുള്ള വഴക്കുകൾ… അങ്ങനെ പോകുന്നതിനിടക്ക് ഒരു കൊലപാതകം നടക്കുന്നു. പിന്നെ ഒരു ആത്മഹത്യയും… തുടർന്നുണ്ടായ കലാപകലുഷിതമായ അന്തരീക്ഷത്തിലേക്കാണ്  എഡ്വേര്‍ഡ്‌ ലിവിങ്സ്റ്റൺ (മമ്മൂട്ടി) എന്ന ഇംഗ്ലീഷ് അധ്യാപകൻ വരുന്നത്. വളരെ പെട്ടന്ന് നമ്മൾക്കെല്ലാം അറിയാവുന്ന പോലെ അയാൾ മാസ്സ് ഹീറോ ആവുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മാസ്റ്റർപീസ്.

പൃഥ്വിരാജിന്റെ ‘വലിപ്പം’ നിങ്ങള്‍ക്കില്ലാതെ പോയി മിസ്റ്റര്‍ മമ്മൂട്ടി

ഉത്സവകാല പടമാണ്. ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് സമീപകാല മമ്മൂട്ടി സിനിമകളെല്ലാം നിർമിക്കപ്പെട്ടിട്ടുള്ളത്. സിനിമ കച്ചവടമാണ്. ആസ്വദിക്കാനും കയ്യടിക്കാനും ഉള്ളതാണ്. ഇതൊക്കെ സമ്മതിച്ചു; എന്നാല്‍ രണ്ടര മണിക്കൂറിലധികം ഒരു തീയറ്ററിൽ ഇരിക്കുമ്പോൾ ഒരു മിനിമം യുക്തി പ്രതീക്ഷിച്ചു പോകുന്നത് വലിയ തെറ്റാണോ? ആണെന്നാണ് ഈ സിനിമ അടക്കം സമീപകാല മാസ്റ്റർപീസുകൾ എല്ലാം തെളിയിക്കുന്നത്. എന്തൊരു പ്രതിഭയുള്ള നടനാണ് ബലം പിടിച്ച് സ്ലോ മോഷനിൽ നടന്ന് വല്ലാതെ കഷ്ടപ്പെട്ട് ദയനീയമായി പത്തിരുപതു പേരെ തല്ലി മറിച്ചു നടക്കുന്നത്. ആവർത്തന വിരസതയിലും മടുക്കാതെ മാസ്സ് ആവാൻ കഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുകയാണ് അയാൾ. ഒരു താരമായി ഇങ്ങനെ നടന്ന് തന്നിലെ നടനിലേക്ക് അയാൾ തിരിഞ്ഞു നോക്കിയിട്ടു കാലമെത്രയായിട്ടുണ്ടാവും. താരമല്ലേ, ആൾക്കാർ കയ്യടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഔദ്യോഗിക ഫാൻസിന്റെ ഗതികേടുകൾക്കപ്പുറം നാട്ടിലെ തീയറ്ററുകളിൽ അതും ഇല്ല എന്ന് ഓർമിപ്പിക്കേണ്ടി വരും. നിങ്ങളീ പറയുന്ന മാസ്സ് സിനിമകളെ ഏറ്റവും മടുപ്പിക്കുന്ന ഘടകം ആവർത്തന വിരസതയാണ്. അവസാന രംഗങ്ങളിലെ ഗ്രാഫിക്സിനെയൊക്കെ കൂവലോടെയാണ് കാണികൾ ഏറ്റെടുക്കുന്നത്.

പോപ്പുലർ മലയാള സിനിമയുടെ ഏറ്റവും വലിയ നെടുംതൂണുകൾ ആയാണ് മെഗാ, സൂപ്പർ താരങ്ങൾ അറിയപ്പെടുന്നത്. വലിയൊരു സപ്പോർട്ടിങ് സിസ്റ്റം അവർക്കു ചുറ്റും എപ്പോഴും ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സ്വന്തം ഐഡിയിൽ ഓരോരുത്തർക്കും അഭിപ്രായം എഴുതിയാടാം എന്ന നില വന്നപ്പോഴാണ് ഫാൻസ്‌ സംഘങ്ങൾ ഇത്രയും ശക്തിയാർജിച്ചത്. പത്ര, ദൃശ്യ മാധ്യമങ്ങളിൽ വിലയ്ക്ക് വാങ്ങിയ പുകഴ്ത്തലുകൾ ഇടുന്ന കാലം പോലെ അത്ര സുഗമമായ ഒരു കാലത്തിലൂടെ അല്ല ഇപ്പോൾ സിനിമാക്കാർ കടന്നു പോകുന്നത്. ഫാൻസ്‌ സംഘടനകൾ നടത്തുന്ന തെറിവിളിക്കലുകളും സ്ലട്ട് ഷെമിങ്ങുകളും എല്ലാ പരിധികളും വിടുന്ന കാലത്തു കൂടിയാണ്  മലയാള സിനിമ കടന്നു പോകുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചയുടെ പരിണിതഫലമാണെന്ന് തോന്നുന്നു എല്ലാ സിനിമകളിലെയും പോലെ ‘അഹങ്കാരി’യായ പെണ്ണുങ്ങളെ തല്ലിയും തെറിപറഞ്ഞും പാഠം പഠിപ്പിക്കുന്നില്ല. ഐ ഡു റെസ്പെക്ട് വുമൺ എന്ന് ശാന്തനാകുന്നു. അത്തരം നേരിട്ടുള്ള തള്ളുകളും മറ്റും ഇല്ലാതിരിക്കാൻ ഉള്ള ശ്രമങ്ങൾ സിനിമയിൽ ഉടനീളം ഉണ്ട്. പക്ഷെ ഇക്ക പറയാത്ത പാഠങ്ങൾ ഫാൻസ്‌, വരലക്ഷ്മിയോടും പൂനം ബജ്‌വയോടും പറയുന്നുണ്ട്. അത്തരം ‘വെറും പെണ്ണ്’ പാഠങ്ങൾ കൂടി സിനിമയില്‍ ഇല്ലാത്തത്തിന്റെ അസ്വസ്ഥതകൾ ഫാൻസിനുണ്ട്.

പശ്ചാത്തല സംഗീതവും ആക്ഷൻ രംഗങ്ങളും രണ്ടാം പകുതിയിലെ കണ്ണൂർ ഡീലക്സ് മുതൽ മലയാളികൾ കാണുന്ന ട്വിസ്റ്റുകളും ഒക്കെ കൂടി സിനിമയെ മറ്റൊരു മെഗാപടം ആക്കിയിട്ടുണ്ട്. യാതൊരു സംഘടനാ സംവിധാനവും ഇല്ലാത്ത കേരളത്തിലെ ഒരു സർക്കാർ കോളേജ് എന്നവകാശപ്പെടുന്ന സ്ഥലത്തെ കാഴ്ചകൾ വിചിത്രമാണ്. ബാംഗ്ളൂരിലെയും മറ്റും വൻകിട സ്വാശ്രയ കോളേജുകളുടെ അതേ രീതിയിൽ ഗ്യാങ്ങുകൾ ഒക്കെയായാണ് ഇവിടത്തെയും പൊതുമേഖലാ കോളേജുകളില്‍ പ്രവർത്തിക്കുന്നത് എന്നാണ് ഇവിടെയുള്ള എല്ലാ ജനപ്രിയ സിനിമാക്കാരും വിശ്വസിക്കുന്നത്. രാഷ്ട്രീയ ശരിപരിശോധന, യുക്തിയുടെ ഭാരം ഇതൊക്കെ ഇറക്കി വെച്ച് ഇത്തരം സിനിമയ്ക്ക് പോകണം എന്നാണ് വിദഗ്ദ്ധോപദേശം. എന്നാലും ഇവിടിപ്പോ എന്താ നടന്നേ എന്നൊരു ആശയക്കുഴപ്പം മാസ്റ്റര്‍പീസ്‌ കണ്ടുകഴിഞ്ഞിറങ്ങുന്നവർക്ക് ഉണ്ടായാൽ തെറ്റ് പറയരുത്. എത്ര കാലം അവർ വില കൂടിയ കാറുകളും ഷർട്ടുകളും കൂളിംഗ് ഗ്ളാസ്സുകളും കണ്ടിരിക്കും. പുതിയ പുതിയ ലേബലുകളിൽ ഒരേ സാധനം തന്നെ വിറ്റു പോകുന്നത് കാണികൾക്ക് ദഹിക്കുന്നതിനും ഒരു കാലപരിധി ഇല്ലേ?

താരശരീരങ്ങളുടെ സംരക്ഷകരോട്; ദുല്‍ഖറിന്റെ പ്രായമല്ല മമ്മൂട്ടിക്ക്

സമീപകാല മമ്മൂട്ടി സിനിമകൾ, ഉദയകൃഷ്ണയുടെ അടുത്ത കാലത്തെ തിരക്കഥകൾ, ബോംബ് കഥയുടെ പല തരം വേർഷനുകൾ ഒക്കെ കണ്ട് ഇനിയും കോൾമയിർ കൊള്ളാൻ ഉള്ള ത്രാണി നിങ്ങൾക്കുണ്ടെങ്കിൽ മാസ്റ്റർപീസ് ചിലപ്പോ കിടുവോ സൂപ്പറോ മാസോ ആകാം. കളക്ഷൻ തള്ളുകൾ തുടരാം. അല്ലാത്തവരോട്, ഇത് മറ്റൊരു ബോംബ് കഥ മാത്രമാണ്.

സൈബര്‍ ചാവേറുകളെ മുന്നില്‍ നിര്‍ത്തി സിംഹാസനം ഉറപ്പിക്കാമെന്ന് കരുതരുത്; കണ്ടംവഴി ഓടേണ്ടി വരും

സമത്വസുന്ദര സിനിമാലോകത്തേക്കുറിച്ച് കുട്ടികളെ ഉപദേശിക്കുന്ന തന്തമാര്‍; ചിരിക്കാന്‍ വകയുണ്ട്‌

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍