UPDATES

സിനിമ

നായര്‍ ആകാശത്തേക്ക് പറന്നു പൊങ്ങിയ മലയാള സിനിമയെ നിലത്ത് പിടിച്ചു നിര്‍ത്തുമ്പോള്‍

പറവകളുടെ ചിറകടികളും കഴുകന്‍ പറക്കലുകളും നിറഞ്ഞ ആകാശമാണ്‌ സൗബിന്‍ വരച്ചു കാണിക്കുന്നത്.

Appropriated Representations of Muslim Characters in Select Malayalam Movies, ഇതായിരുന്നു എംഎ Dissertation ടോപ്പിക്. ചില ഉറച്ചുപോയ വാര്‍പ്പ് മാതൃകകളെ കൊണ്ട് മുസ്ലീമിനെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന മലയാളം സിനിമയെ ആയിരുന്നു ആ Dissertation കാലത്ത് കണ്ടത്. മുസ്ലീമിനെ അവരാക്കുകയും, അവര്‍ നമ്മളല്ലെന്ന് പറയുകയും ചരിത്രത്തില്‍ നിന്നും അവരുടെ അനുഭവങ്ങള്‍ പറിച്ചു കളയുകയും ചെയ്യുന്ന കൊളോണിയല്‍ കാലത്ത് ഷൂ തുടപ്പുകാരായിരുന്നവരുടെ കാലമാണെന്നറിഞ്ഞു കൊണ്ട് തന്നെ, ആ കാലത്തിന്‍റെ ഇരുട്ടിലിരുന്നു തന്നെ ചെയ്യേണ്ടതാണ് ഈ വര്‍ക്കെന്നു ഇതെടുത്ത കാലത്ത് തോന്നിയിരുന്നു.

“Yes I am a bloody Muslim, An Indian Muslim”

പണ്ടെന്നോ മനസ്സും മതവും മാറിയൊരു ഇന്ത്യന്‍ മുസ്ലീമെന്നു സാക്ഷ്യം പറഞ്ഞാല്‍ മാത്രമേ മുഹമ്മദ്‌ സര്‍ക്കാര്‍മാര്‍ക്ക് നായകരായി തലയുയര്‍ത്തി നില്‍ക്കാനാകുമായിരുന്നുള്ളൂ മലയാളസിനിമയുടെ ഉമ്മറത്ത്‌. ഉമ്മറപ്പടികളില്‍ തറവാടിത്തഘോഷണങ്ങളുമായി മുണ്ട് മടക്കിയുടുത്തു നില്‍ക്കുന്നവരുണ്ടായിരുന്നു, “നിന്‍റെ വാപ്പ ധൈര്യപ്പെടില്ല, ഈ മുറ്റത്തിങ്ങനെ വന്നു ചോദിയ്ക്കാന്‍” എന്നവര്‍ ഉളിപ്പില്ലാതെ ആട്ടും. തോന്ന്യവാസങ്ങള്‍ കാണിച്ചു ധൂര്‍ത്തടിച്ച് അച്ഛനപ്പൂപ്പന്മാര്‍ കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്തെല്ലാം തീര്‍ന്നുപോവുമ്പോഴും വെളിനാടുകളിലെ ചൂടില്‍ വിയര്‍ത്തുരുകി പണിയെടുത്തുണ്ടാക്കിയ മുസ്ലീമിന്‍റെ പണത്തെയും സമ്പത്തിനെയും പുത്തന്‍പണക്കാരന്‍റെ കുടപിടുത്തമായി മാത്രമേ തമ്പുരാന്മാര്‍ കണ്ടിരിന്നുള്ളൂ. ഞാന്‍ മുസ്ലീമല്ലെന്നും പേരെടുത്ത സെക്കുലര്‍ ഇന്ത്യനാണെന്നും പറഞ്ഞാല്‍ വാര്യേരേ, ആ ഇന്ത്യന്‍ മുസ്ലീമിനൊരു പായവിരുച്ചു കൊടുക്കൂ എന്ന് പറയുന്ന സവര്‍ണ്ണഹിന്ദുത്വ നായകരുടെ തറവാടായിരുന്നു മലയാള സിനിമ. അടച്ചുപൂട്ടിവച്ചൊരു മുസ്ലീം കൂടിനുള്ളില്‍ നിന്നും നായര്‍ ആകാശത്തേയ്ക്ക് പറന്നുയരുന്നവരായിരുന്നു നമ്മുടെ നായികമാര്‍. നായര്‍വീടുകളില്‍ പുകയൂതിക്ഷീണിച്ച ജീവിതങ്ങളെ നേരിട്ട് കണ്ടവര്‍ക്ക് നായര്‍ ആകാശങ്ങള്‍ കോമഡിയാണ്.

രാജീവ് രവി മുതല്‍ സൗബിന്‍ വരെ; അവരിങ്ങനെ മലയാള സിനിമയെ മുകളിലേക്ക് പറത്തി വിടുകയാണ്

സുന്നത്തായി താടിവയ്ക്കാന്‍, അസ്ലാം അലൈക്കും എന്ന് പറഞ്ഞു തുടങ്ങാന്‍, അഞ്ചു നേരം പള്ളിയില്‍ പോകാന്‍ പോലും പേടിയുള്ളവരായിരുന്നു മലയാളസിനിമയിലെ കഥാപാത്രങ്ങള്‍. മുടങ്ങാതെ നിസ്കരിയ്ക്കുന്ന, മലപ്പുറം ഭാഷയുടെ വൃത്തിക്കെട്ട വകഭേദം പറയുന്ന, നിസ്കാര തഴമ്പുള്ള ഒരു വില്ലന്‍ ഷെയിഡിനെ അപ്പുറം നിര്‍ത്തിയൊരു ബാലന്‍സായെന്നു ഉറപ്പായാല്‍ മാത്രമേ അതിനു കോണ്‍ട്രാസ്റ്റ് ആയൊരു മുസ്ലീം നായകനെ ഉണ്ടാക്കാന്‍ മുതിര്‍ന്നിട്ടുള്ളൂ നമ്മുടെ സിനിമ. ഉസ്താദ് അധോലോകനായകനാവുമ്പോള്‍ പരമേശ്വരന്‍ പെങ്ങളെ അളവുറ്റു സ്നേഹിക്കുന്ന നന്മമരമാണ്. അല്ലെങ്കിലും നീ നായരെല്ലേ, നീ അങ്ങനെ ചെയ്യില്ലെന്നറിയാമായിരുന്നെന്ന് ജാതിപറയാന്‍ പോലും കഴിയുന്ന പരിസരത്ത് വിശ്വാസിയായ മുസ്ലീമായിരിക്കുക എന്നത് വല്ലാത്ത പാടായിരുന്നു. കാവിമുണ്ടും ചുറ്റി ഉത്സവം നടത്തുന്നവര്‍ നായകരായാലും, കയ്യടി വാങ്ങിയാലും നബിദിനറാലിയ്ക്ക് പോകുന്നവര്‍ക്ക് പോലും നായകനാവാന്‍ കഴിയാത്തൊരു ഇടം.

അങ്ങനെയൊരു പരിസരത്താണ് പറവ പറന്നിറങ്ങുന്നത്. അന്നയും റസൂലും, കെ എല്‍ 10 പത്തും മറുഭാഷ്യമെഴുതാന്‍ തുടങ്ങിയ ഭൂമിയിലേക്കാണ് സൗബിന്‍ പറവകളെ പറക്കാന്‍ വിടുന്നത്.

കളികഴിഞ്ഞു വിയര്‍ത്ത് ഞങ്ങള്‍ കുറച്ചുപേര് കുളിക്കാന്‍ പോയി വരുന്ന നേരത്ത് പള്ളിയിലേക്ക് നിസ്കരിയ്ക്കാന്‍ പോവുന്നവരാണ് കൂടെയുള്ളവര്‍, ഫോണ്‍ വിളികളില്‍ അസ്ലാം അലൈക്കും എന്നും പറഞ്ഞു തുടങ്ങുന്നവര്‍, സുന്നത്തായും അല്ലാതെയും താടിവളര്‍ത്തുന്നവര്‍, എന്നെ ഞാനാക്കുന്ന മനുഷ്യരിലധികവും വിശ്വാസമുള്ള മുസ്ലീങ്ങളാണ്. അത്തരത്തില്‍ പള്ളിയില്‍ പോവുന്ന, പോത്തിറച്ചി വീട്ടിലുള്ളവര്‍ക്ക് വിളമ്പിവയ്ക്കുന്ന, താടിവളര്‍ത്തുന്ന ആഷിം അംലമാരെ നോക്കി ആശ്വസിക്കുന്നവരാണ് സൗബിന്‍റെ പറവ നിറയെ. മലയാള സിനിമയെ ചെറു ചിറകടികള്‍ കൊണ്ട് തിരുത്താന്‍ കഴിയട്ടെ.

പറവകളുടെ ചിറകടികളും കഴുകന്‍ പറക്കലുകളും നിറഞ്ഞ ആകാശമാണ്‌ സൗബിന്‍ വരച്ചു കാണിക്കുന്നത്. ആ രണ്ടു ബ്ലാക്ക് & വൈറ്റ് കളങ്ങളില്‍ നിന്നുള്ള കരുനീക്കമാണ് ഈ സിനിമ. അത് കൊണ്ട് തന്നെ പലയാവര്‍ത്തി കണ്ട കഥകളുടെ ബൈനറി പരിസരം അത് പോലെ തന്നെ സൗബിനും തുടരുന്നുണ്ട്. പക്ഷെ സിനിമയൊരു കഥയല്ല തന്നെ. വിഷ്വലുകളാല്‍ റിച്ചാണ്, ഫ്രെഷായൊരു അനുഭവമാണ്, പണിയെടുത്തുണ്ടാക്കിയ ഭംഗിയാണ്, കാലങ്ങള്‍ കാത്തിരുന്നു കിട്ടിയ ഇമേജുകളാണ്, അതുകൊണ്ട് തന്നെ തീയേറ്ററില്‍ പോയി കണ്ടറിയേണ്ട അനുഭവം തന്നെയാണ് പറവ.

നിസാരമായ പറവ ജീവിതങ്ങളുടെ ചെറുത്തുനില്‍പ്പാണിത്, ആകാശമുയരെ ചിറകടിച്ചുയരാനായി അവര്‍ കണ്ട ചെറിയ സ്വപ്‌നങ്ങള്‍. പല കാലങ്ങളുടെ കൈചേരലിലൂടെയൊരു പ്രതിരോധം സാധ്യമാണെന്നാണ് സൗബിന്‍റെ പറവ പറയുന്നത്.

പറവ; താരഭാരമില്ലാതെ സ്വതന്ത്രമായി പറക്കുന്ന സിനിമ

ഇച്ചാപ്പിയും അസീബും ചിലനേരത്തെങ്കിലും അഫ്ഖാന്‍ നിരത്തുകളില്‍ പട്ടം പറത്തിയ ആമിറും ഹസ്സനുമാണ്. ഷൂ തേടിയോടുന്ന അലിയും കുഞ്ഞിപ്പെങ്ങളുമാണ്. അസീബിന്‍റെ സാന്നിധ്യത്തിന്‍റെ കരുത്തിലാണ് ഇച്ഹാപ്പി ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണുന്നത്. കാറ്റ് വീശുന്ന പോലെ, ചിറകടിയ്ക്കുന്ന പോലെ ചില അനുഭവങ്ങളിലൂടെ, ചിരികളിലൂടെ നമ്മളെ തീരജീവിതത്തിന്‍റെ ഇടവഴികളിലൂടെ കൊണ്ട് പോകുമ്പോള്‍ തുറന്നുകിടക്കുന്ന ചില പഴയ കൊച്ചിവാതിലുകളിലൂടെ അകത്തേയ്ക്ക് നോക്കാന്‍ പറയുന്നുണ്ട് സൗബിന്‍. അവടിവിടെ ചോരപൊടിഞ്ഞിരുന്നു , ചില മുറിവുകള്‍ ഉണങ്ങാതിരിക്കുന്നു.

(അമല്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍