UPDATES

സിനിമ

പെണ്‍കുട്ടികള്‍ ഉറക്കെ കൂവിയാലെന്താ? കൈയ്യടിക്കാവുന്ന സിനിമയാണ് ക്വീന്‍

ഏറെ കാലത്തിനു ശേഷമാണ് സലിം കുമാറിന്റെ ഇത്രയും അനായാസമായ പെർഫോമൻസ് സ്‌ക്രീനിൽ കാണുന്നത്. ഏതാണ്ട് വിന്റേജ് സലിം കുമാർ ആയി അദ്ദേഹം ഈ സിനിമയിലൂടെ മാറുന്നു.

അപര്‍ണ്ണ

അപര്‍ണ്ണ

ഡിജോ ജോസ് ആന്റണിയുടെ ക്വീൻ ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മ എന്ന  നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു കാമ്പസ് സിനിമ എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു സിനിമയുടെ എല്ലാ പരസ്യങ്ങളും. അരങ്ങിലും അണിയറയിലും ഒരു പറ്റം പുതുമുഖങ്ങളെ നിറച്ചുള്ള പരീക്ഷണം എന്ന നിലയിൽ സിനിമ നല്ല പ്രമോഷണൽ ജോലി തന്നെ ചെയ്താണ് തീയറ്ററുകളിൽ എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഉള്ള പരസ്യങ്ങൾ ആദ്യ ദിനങ്ങളിൽ സിനിമയ്ക്ക് ആളെ കയറ്റാൻ നല്ല രീതിയിൽ തന്നെ സഹായിച്ചു. കോളേജ് വിദ്യാർത്ഥികളും യുവാക്കളും കൂട്ടമായി ഒരു ആഘോഷ ചിത്രം കാണാൻ ഉള്ള മൂഡിൽ സിനിമക്ക് കയറുന്നുണ്ട്. പരസ്യങ്ങൾ ഉണ്ടാക്കിയ ആ കൗതുകം ഗുണം ചെയ്തു എന്ന് കരുതാവുന്ന തരത്തിൽ തീയറ്ററുകൾ സജീവമാണ്.

ട്രെയിലറുകളിലും മറ്റു പരസ്യങ്ങളിലും കാണിച്ച ക്യാമ്പസ് സിനിമാ മൂഡിൽ ഉള്ള തുടക്കമാണ് ക്യൂനിന്റേത്. ഒരു എൻജിനിയറിങ് കോളേജും അവിടത്തെ ആഘോഷങ്ങളും ഒക്കെയാണ് സിനിമയുടെ ആദ്യ ഭാഗം. പുതുതായി ക്യാമ്പസിൽ ആരംഭിച്ച മെക്കാനിക്കൽ എഞ്ചിനീയറിങ് ബാച്ച് വളരെ പെട്ടന്ന് ക്യാമ്പസ് കീഴടക്കുന്നു. ഒരു വർഷം ക്യാമ്പസിനെ സജീവമായി നിർത്തിയ ആ കൂട്ടത്തിലേക്ക് രണ്ടാം വർഷത്തിൽ ചിന്നു (സാനിയ) എന്നൊരു പെൺകുട്ടി വന്നു. ആദ്യ ഘട്ടത്തിൽ മറ്റെല്ലാ ആൺകുട്ടികൾക്കും അറിയാതെ ഇവളോട് പ്രതിരോധമുണ്ടാവുന്നു. പതിയെ അവൾ അവരുടെയെല്ലാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്താവുന്നു. അങ്ങനെ അതിസുന്ദരമായ ഒഴുകിയ അവരുടെ ജീവിതങ്ങളിൽ തികച്ചും അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങളും തുടർന്നുള്ള കാര്യങ്ങളുമാണ് ക്വീൻ. എൽദോ മാത്യു, ധ്രുവൻ, അരുൺ, അരുൺ നന്ദകുമാർ, അശ്വിൻ, ജെൻസൺ എന്നിങ്ങനെ ഒരു വലിയ കൂട്ടം പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന റോളുകൾ എല്ലാം ചെയ്യുന്നത്. സലിം കുമാർ, നന്ദു, വിജയയരാഘവൻ, സേതുലക്ഷ്മി എന്നീ താരങ്ങളും സ്ക്രീനിൽ ഉണ്ട്.

സിനിമ ഒരു ഉത്സവ മൂഡിൽ ഉള്ളതാണെന്ന മുൻവിധി പ്രേക്ഷകർക്ക് തരുന്ന മട്ടിലാണ് റിലീസിന് മുന്നേ ക്യൂനിന്റെ പരസ്യങ്ങൾ വന്നിരുന്നത്. രണ്ടു വർഷം മുന്നേ കേരളത്തിൽ ഒരു ക്യാമ്പസിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്മെന്റിൽ കുറെ ആൺകുട്ടികൾക്കിടയിൽ ഒറ്റ പെൺകുട്ടി പഠിക്കുന്നതും അവരുടെ ഓണാഘോഷവുമെല്ലാം വാർത്തയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അവരുടെ ആഘോഷ ചിത്രങ്ങൾ വൈറൽ ആയി പടർന്നിരുന്നു. അതിന്റെ സ്വാധീനമുണ്ടായിരുന്നു സിനിമയുടെ പരസ്യങ്ങൾക്ക്. എവിടെയൊക്കെയോ ചില രംഗങ്ങൾ ആ സന്ദർഭത്തെ ഓർമിപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞോ അറിയാതെയോ എന്ന് വ്യക്തമല്ല. ഈ ഭാഗത്ത് കാമ്പസ് ആഘോഷങ്ങളും മെക്കാനിക്കൽ എഞ്ചിനയറിങ് സംബന്ധിച്ച കുറെ സങ്കല്പങ്ങളെ ഊട്ടിയുറപ്പിക്കുന്ന കാഴ്ചകളും ആണുള്ളത്.

ആദ്യപകുതിയില്‍ പുതുമയും പുതുമ ഇല്ലായ്മയും ഇല്ലാതെ നീങ്ങുന്ന കഥയെ മറ്റൊരു രീതിയിലേക്ക് പൂർണമായും പറിച്ചു നേടുകയാണ് രണ്ടാം പകുതിയിൽ. ക്യാമ്പസിൽ നിന്ന് സിനിമ പൂർണമായും പുറത്തു കടന്ന് കഥാഗതി ആകെ മാറുന്നു. ഒരു ക്യാമ്പസ് ആഘോഷ ചിത്രം പ്രതീക്ഷിച്ചു പോയ ചിലരെയെങ്കിലും ഇത് അത്ഭുതപ്പെടുത്തിയേക്കാം. അലസമായ ഒരു സിനിമാ കാഴ്ചക്ക് താങ്ങാൻ ആകാത്ത രീതിയിലാണ് പിന്നീട സിനിമ മുന്നോട്ടു പോകുന്നത്. ഈ ഭാരം ചില കാണികളെ അസ്വസ്ഥമാക്കിയേക്കാം. പിങ്കിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തോട് സാമ്യമുള്ള കഥാപാത്രമാണ് സലിം കുമാർ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദൻ. അദ്ദേഹത്തിൻറെ തന്നെ മീശ മാധവൻ കഥാപാത്രം അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ തുടർച്ചയുമാണ് ഈ കഥാപാത്രം ഏതൊക്കെയോ നിലയിൽ. ആ ഒരൊറ്റ കഥാപാത്രത്തിന്റെ സ്ക്രീൻ പ്രെസെൻസ് ആണ് ക്യൂനിലെ രണ്ടാം പകുതി. ഹാസ്യത്തിലൂടെ, ഒരു കോർട്ട് ഡ്രാമ പോലെ മുന്നോട്ടു പോകുന്ന ഈ പകുതിയെ അദ്ദേഹമാണ് മുന്നോട്ടു കൊണ്ട് പോകുന്നത്. ഏറെ കാലത്തിനു ശേഷമാണ് സലിം കുമാറിന്റെ ഇത്രയും അനായാസമായ പെർഫോമൻസ് സ്‌ക്രീനിൽ കാണുന്നത്. ഏതാണ്ട് വിന്റേജ് സലിം കുമാർ ആയി അദ്ദേഹം ഈ സിനിമയിലൂടെ മാറുന്നു.

രാത്രി നടുറോട്ടിൽ ഉറക്കെ കൂവാൻ ആഗ്രഹിക്കുന്ന പെൺകുട്ടി, എന്താണ് അസമയം, ഏതാണ് അസ്വാഭാവികം തുടങ്ങി കുറെ ചോദ്യങ്ങളിലൂടെയാണ് ക്യൂൻ ഇപ്പോൾ ചർച്ചയാവുന്നത്. പിങ്കിൽ കണ്ട ആ ചോദ്യങ്ങൾ മലയാള സിനിമ ചോദിച്ചു തുടങ്ങുന്നേ ഉള്ളു എന്നത് കൊണ്ട് തന്നെ കാണാൻ പുതുമയുണ്ട്. സ്ത്രീക്ക് മാത്രമായി അസമയമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളിൽ കൂടി സിനിമ  മറ്റൊരു രീതിയിലേക്ക് എത്തുന്നുണ്ട്. ഇവിടത്തെ മധ്യവർത്തി സമൂഹം എപ്പോഴും അസ്വസ്ഥമാക്കുന്ന നിയമ വ്യവസ്ഥ, സാധാരണ പെൺകുട്ടിയുടെ സുരക്ഷ, ആളൂർ വക്കീൽ ഇങ്ങനെ പല അവസ്ഥകളെയും സ്പർശിച്ചു സിനിമ മുന്നോട്ടു പോകുന്നു.ചിലതിനെയൊക്കെ ആഴത്തിലും മറ്റു ചിലതിനെ ഉപരിപ്ലവമായും തൊട്ടു പോകുന്നുണ്ട്. അമിതാവേശം കൊണ്ടുള്ള പ്രകടന പരതകളും സിനിമയിൽ കുറവാണ്. സദാചാര പോലീസിങിനെതിരെ വിട്ടുവീഴ്ചകളും കപട ബാലൻസിങ്ങും ഇല്ലാതെ പക്ഷം പിടിക്കാൻ മലയാള പോപ്പുലർ സിനിമാ മേഖലയിൽ ഒരു പുതിയ സംവിധായകന് ഉണ്ടായ ധൈര്യവും കയ്യടി അർഹിക്കുന്നു.

ശരാശരി കാണികളെ ബോറടിപ്പിക്കാതിരിക്കാനുള്ള കുറെ ഘടകങ്ങൾ ക്യൂനിലുണ്ട്. സിനിമ രാഷ്ട്രീയപരമായി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സത്യസന്ധമായ പരീക്ഷണവുമായാണ്. സിനിമയുടെ ആദ്യ പകുതിയിൽ ഉള്ള ഷോർട്ട് ഫിലിം രീതിയിൽ ഉള്ള മേക്കിങ്ങും യാതൊരു പുതുമയും ഇല്ലാത്ത ക്യാമ്പസ്, ഹോസ്റ്റൽ രംഗങ്ങളും പാട്ടുകളുമാണ് ക്‌ളീഷേ ആവുന്നത്. നായിക സ്വയം ചിന്നു എന്ന് വിളിക്കുന്നത് ചിലപ്പോഴെങ്കിലും അരോചകമായി. സർക്കാർ കോളജിലെ മാനേജ്‌മന്റ് സെറ്റ് ഒക്കെ യുക്തിപരമായ പിഴവായി നിൽക്കുന്നുണ്ട്.

പുതുമുഖങ്ങളെ വച്ച് നടത്തുന്ന പരീക്ഷണത്തിന്റെ കുറവുകൾ, പാളിച്ചകൾ ഒക്കെ ഇടക്കെവിടെയൊക്കെയോ ബാധിച്ച സിനിമയാണെങ്കിലും പ്രമേയത്തിലെയും അവതരണത്തിലെയും സലിം കുമാറിന്റെ പ്രകടനത്തിലെയും സത്യസന്ധത കൊണ്ട് കണ്ടിരിക്കാവുന്ന, ഇടക്കൊക്കെ കയ്യടിക്കാവുന്ന, ആസ്വദിക്കാവുന്ന സിനിമയാണ് ക്യൂൻ.

മുഖക്കുരു നിറഞ്ഞ മുഖവും മുറിപ്പാടുകൾ നിറഞ്ഞ ശരീരവും പേറി അരുവി നടക്കുന്ന ദൂരങ്ങള്‍

ലൈംഗിക ദാരിദ്ര്യം പിടിച്ച ചങ്ക്‌സ്

പിങ്ക്: നിങ്ങളുടെ ‘ഇന്ത്യന്‍ സംസ്കാരം’ എന്താണെന്നറിയാന്‍ ഓരോരുത്തരും കാണേണ്ട സിനിമ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍