UPDATES

സിനിമ

ദൃക്‌സാക്ഷികള്‍ വീണ്ടെടുക്കുന്ന തൊണ്ടിമുതലുകളും രാഷ്ട്രീയസിനിമയും; സല്യൂട്ട് പോത്തന്‍ & ടീം

തിരക്കഥ എന്ന അടിത്തറയ്ക്ക് മീതെ പണിത കൊട്ടാരമാണ് മഹേഷെങ്കില്‍ വളയമില്ലാത്ത ചാട്ടമാണ് തൊണ്ടിമുതല്‍

ആനന്ദമെന്നത് എത്ര മുഖമുള്ള എക്‌സ്പ്രഷനാണെന്ന് ഓര്‍ക്കുകയായിരുന്നു. ‘മഹേഷിന്റെ പ്രതികാരം’ കണ്ടിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു ആനന്ദമുണ്ട്. ആവര്‍ത്തിച്ച് കാണുമ്പോള്‍ പുതിയ പുതിയ ആനന്ദങ്ങള്‍ നിറയും. ഡീറ്റെയ്‌ലുകള്‍ കൊണ്ട് കൊതിപ്പിച്ചു കളയും. ക്രിസ്പി-ജിപ്‌സി എന്ന് പരിചയപ്പെടുത്തി ക്രിസ്പിന്‍, ബേബി ആര്‍ട്‌സില്‍ ജോലിക്ക് കറയുന്നത് മുതല്‍ മഹേഷ് അടികൊണ്ട് വീണിടത്ത് നിന്നെഴുന്നേറ്റ് പ്രതിജ്ഞ ചെയ്യുന്നത് വരെയുള്ള ഒരൊറ്റ സീക്വന്‍സ് ഉണ്ട്. സീനുകള്‍ കോര്‍ത്ത് കോര്‍ത്ത് പോകുന്ന പോക്ക്. ഓ! കോരിത്തരിച്ച നാള്‍ എന്ന് പറഞ്ഞ് സിനിമ പ്രേമി അടിയറ പറയും.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞ കാലങ്ങളില്‍ കണ്ട സിനിമകളില്‍ വച്ചേറ്റവും മികച്ചതാണ്. തിരക്കഥ എന്ന അടിത്തറയ്ക്ക് മീതെ പണിത കൊട്ടാരമാണ് മഹേഷെങ്കില്‍ വളയമില്ലാത്ത ചാട്ടമാണ് തൊണ്ടിമുതല്‍; അബ്‌സല്യൂട്ട് ഡയറക്‌റ്റോറിയല്‍ ബ്രില്യന്‍സ്. അതിന് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ക്യാമറയും തിരക്കഥയും സംഭാഷണവും മറ്റ് സങ്കേതിക വിഭാഗങ്ങളും. ജാതി കേരളം മുതല്‍ പൊറോട്ടയും ബിരിയാണിയും സര്‍ക്കാര്‍ ജോലിയും ഭാഷയും തിരിച്ചറിയല്‍ രേഖകളും പ്രദേശിക ഉത്സവങ്ങളും ആചാരങ്ങളും താലിയും സ്വര്‍ണ്ണവും മൊബൈല്‍ ടവറും മംഗലാപുരവും മനുഷ്യരുടെ കൊച്ചുകൊച്ച് ജീവിതങ്ങളും വാശികളും സ്വപ്‌നങ്ങളും പ്രതീക്ഷാഭംഗങ്ങളും ഒരിടത്ത്; ഭയപ്പെടുത്തുന്ന വിധത്തില്‍ മുഖമില്ലാത്ത ഒരു മനുഷ്യന്‍ മറുവശത്ത്. ആരാണ് നിങ്ങളുടെ നായകന്‍? സിനിമയിലെ നായകന്‍ ആരാണ്?

പ്രസാദ് ആണ് മുഖ്യകഥാപാത്രം. ഏതു പ്രസാദ്? അതാണ് ചോദ്യം. കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ആരായിരുന്നു ആ തൊഴിലാളി? ആ തൊഴിലാളിയുടെ ഉജ്ജ്വല സമരകഥയ്ക്ക് ശേഷം അവരുടെ ജീവിതമെന്താണ്? അടച്ചുറപ്പുള്ള വീടും നല്ല വസ്ത്രങ്ങളും മെച്ചപ്പെട്ട ജീവിതവും അവര്‍ക്ക് സാമൂഹ്യപദവി നല്‍കുന്നുണ്ടോ? ജാതി അവരുടെ/നമ്മളുടെ സമരകഥകളില്‍ പെട്ടിട്ടുണ്ടോ? കയറ് പിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചേട്ടനുണ്ട്, ഒരു പ്രസാദിന്റെ ചേട്ടന്‍. ഓട്ടോയോ മറ്റോ ഓടിച്ച് ജീവിതമെത്തിക്കാന്‍ നോക്കുന്ന മറ്റൊരു മനുഷ്യനുണ്ട്, സ്വന്തം മക്കളോടുള്ള സ്‌നേഹത്തിനും അതിനപ്പുറമുള്ള നഷ്ടപ്രതാപ മോഹഭംഗത്തിനും ഇടയില്‍ കുടുങ്ങുന്നവര്‍. ഒരു ക്ലോക്കിലിരുന്ന് ശ്രീനാരായണ ഗുരു കാലത്തെ നോക്കി ചിരിക്കുന്നുണ്ട്. മഞ്ഞക്കൊടികൊണ്ടുള്ള ഒരു ഉത്സവമുണ്ട് ഒരിടത്ത്. കാവിക്കൊടികള്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന മറ്റൊരു ഉത്സവമുണ്ട് മറ്റൊരിടത്ത്. ഇതിനിടയിലെല്ലാം ഒരുപിടി സ്ത്രീകളുണ്ട്. എന്തൊരു സ്ത്രീകളാണ്! മാക്‌സിയുടുത്ത് മനുഷ്യരായി നില്‍ക്കുകയാണവരീ ജീവിതത്തില്‍. ജാതി കേരളം ഇത്രമേല്‍ സൂക്ഷ്മമായും സ്ഥൂലമായും നമ്മള്‍ ഒരു മുഖ്യധാരസിനിമയിലും മലയാളത്തില്‍ കണ്ടിട്ടില്ല.

പോലീസ് സ്റ്റേഷനുകളില്‍ ആക്ഷന്‍ ഹീറോകളല്ല മനുഷ്യരാണ് ഇരിക്കുന്നത്. ആലപ്പുഴയുടെ തീരദേശ ഭൂമിയില്‍ നിന്ന് കാസര്‍ഗോട്ടെ മുഖ്യധാരലോകത്തിന് അപരിചിതമായ പ്രദേശത്തെത്തുമ്പോള്‍ നമ്മള്‍ കാണുന്നവര്‍. ബസ്‌സ്റ്റോപ്പില്‍, അനാദിപ്പീടികയില്‍, ബിരിയാണിക്കടയില്‍, ബസ് യാത്രയില്‍… മനുഷ്യന്മാരാണ് ഹേ! എന്തൊരു രസമുള്ള മനുഷ്യന്മാര്‍. പരാതിക്കാരനെകൊണ്ട് ബില്ലു കൊടുപ്പിക്കുന്ന പോലീസുകാര്‍ വില്ലന്മാരല്ല, ആക്ഷന്‍ ഹീറോകളുമല്ല; വ്യവസ്ഥിതിയില്‍ പെട്ടുപോയവരാണ്. പരിസരത്തുള്ള ഹോട്ടലുകാരന്‍ ചില്ലറയില്ലാത്തതുകൊണ്ട് കസ്റ്റമറുടെ കയ്യില്‍ നിന്ന് പണം തത്കാലം മേടിക്കേണ്ടെന്ന് തീരുമാനിക്കുന്നതില്‍ അയാള്‍ക്കുള്ള മനുഷ്യരോടുള്ള വിശ്വാസ, സ്നേഹങ്ങള്‍ക്കപ്പുറത്ത് തൊട്ടപ്പുറത്തുള്ള പോലീസ് സ്റ്റേഷന്റെ വ്യവസ്ഥകളുമറിയാം.

ഫഹദിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും വിശദമായി വേറെ എഴുതണം. ഇപ്പോഴൊന്നും പറയുന്നില്ല; എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു. നമ്മള്‍ സിനിമയില്‍ കാണുന്നതല്ല കഥാപാത്രം. പൊറോട്ടയും നൈറ്റ്‌ഷോപ്പും ചാവക്കാടും പള്ളുരുത്തിയും ബോംബെയും സമ്മര്‍സോള്‍ട്ടും പ്രസാദെന്നെ പേരും നട്ടാല്‍ കുരുക്കാത്ത നുണകളാകാം. പക്ഷേ ഐഡന്റിറ്റി കാര്‍ഡ് ഇല്ലായ്മ, മാതാപിതാക്കളില്ലായ്മ, വിശപ്പ്, പ്രത്യേകിച്ചും ചില പ്രായത്തിലെ വിശപ്പ്, മംഗലാപുരം, എഴുത്തറിയില്ലെങ്കിലും അറിയാവുന്ന വിദ്യങ്ങള്‍… ലോക സത്യങ്ങളാണ്, ഏതു കള്ളന്‍ പറഞ്ഞാലും നേരാകുന്നത്. അല്ലെങ്കിലും കള്ളനാരാണ്, പോലീസ് ആരാണ്? സിസ്റ്റമെന്താണ്, ഒരു പ്രസാദ് പറഞ്ഞതിനപ്പുറം നുണയെന്താണ് മറ്റൊരു പ്രസാദ് പറയുന്നത്? പണത്തിനുള്ള ആവശ്യം നിങ്ങള്‍ക്കാര്‍ക്കാണ് കൂടുതലുള്ളത്?

സൂപ്പര്‍മാര്‍ക്കറ്റിന്റെ യൂണിഫോമിട്ട ഒരു സെയില്‍സ്‌ഗേളുണ്ട്; ശ്രീജ. കോട്ടണ്‍ചുരിദാറിട്ട ശ്രീജ. കുട ചുരുട്ടി പിടിച്ച് നടക്കുന്ന; കല്യാണാലോചനകള്‍ വരുന്ന, പേരുദോഷം വരരുതെന്ന് ആഗ്രഹിക്കുന്ന ഒരുവള്‍, സാധാരണ ഒരു യുവതി. ത്ഥൂ എന്ന അവളുടെ ആട്ടലിനും ലൈന്‍ മുറി വീടിന്റെ മുകളിലെ ചൂട് രാത്രിയില്‍ പാതി ഉറക്കത്തിനിടയില്‍ എത്തുന്ന ഫോണ്‍ കോളിനൊടുവില്‍ കഴുവേറീടെ മോളെ എന്ന് വിളി കേള്‍ക്കുമ്പോള്‍, അതുതന്നെ എന്ന് കണ്ണു നിറഞ്ഞ് ഫോണ്‍കട്ട് ചെയ്യുന്നതിനുമിടയില്‍ ഒരു ജീവിതമുണ്ട്. അപമാനങ്ങള്‍ പൊറുക്കാന്‍ പറ്റാത്ത, സ്‌നേഹത്തേക്കാള്‍ വലുതായി ഒന്നുമില്ല, ഒരു താലിയും എന്നറിയുന്ന ഒരുവളുടെ ജീവിതം. നിമിഷ സജയന്‍ പുതുമുഖമല്ല, പരിചിതമുഖമാണ്.

ആലപ്പുഴയും ബോട്ടില്‍ നിന്നും അന്തിവെയിലില്‍ നിന്നും ഷേണിയിലെ പോലീസ്‌ സ്റ്റേഷനിലേയ്ക്കും അതിന്റെ മൂലകളിലേക്കും അതിന്റെ ജനാലയ്ക്കപ്പുറമുള്ള കാഴചകളിലേക്കും ഷേണിയുടെ ലോക്കല്‍ മാപ്പിലേക്കും നമ്മളെ നയിക്കുന്ന ഒരു ക്യാമറയുണ്ട്. കാണികളെ അമ്പരിപ്പിക്കാതെ ഇംപ്രസ് ചെയ്തുകൊണ്ട്. നല്ല സംവിധായകന്‍ കാണാന്‍ കൊതിക്കുന്നതാണ് നല്ല സിനിമോറ്റോഗ്രാഫര്‍ പകര്‍ത്തുന്നത്. അത് മാത്രമേ പകര്‍ത്തുകയുള്ളൂവെന്ന ദൃഡനിശ്ചയം ചെയ്ത ക്യാമറയാണ് രാജീവിന്റേത്. ശ്യാം പുഷ്‌കരന്‍ എന്ന പേര് ക്രിയേറ്റീവ് ഡയക്റ്റര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിക്കാണിക്കുന്നത് വെറുതെയല്ല, ശ്യാമിന്റെ സിനിമയെഴുത്ത് കണ്ട പ്രേക്ഷകര്‍ക്ക് കാണാം തൊണ്ടിമുതലിലെ ദൃക്‌സാക്ഷിയായ ശ്യാമിനെ, സല്യൂട്ട് കോമ്രേഡ്‌സ്.

സജീവ്, ബിജിബാല്‍, എ.എസ്.ഐ ചന്ദ്രന്‍ സാറായി മാറിയ അലന്‍സിയര്‍… സല്യൂട്ട്‌സ്. ചന്ദ്രന്‍ സാറിന്റെ വിയര്‍പ്പ്, ഗുളിക, വീട്ടിലെ ചുട്ടപപ്പടം, മാറിക്കൊണ്ടിരിക്കുന്ന ഭാവങ്ങള്‍, തല്ലി നേരയാക്കാന്‍ പറ്റാതെ പോയ മകന്‍, കഞ്ഞികുടി, ഓട്ടം, ഫോണ്‍വിളി… ചന്ദ്രന്‍ സാറ് നമുക്കറിയാവുന്ന പോലീസുകാരനാണ്. അമ്പലപ്പറമ്പില്‍ നാടകം കാണുന്ന ചന്ദനക്കുറിയിട്ട പുരുഷനാണ് പ്രസാദ്; നല്ല ചെറുപ്പക്കാരനെന്നാണ് സ്വയം കരുതുന്നത്. അതുകൊണ്ട് ഗര്‍ഭമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞെട്ടും, പ്രശ്‌നങ്ങളെ ഒഴിഞ്ഞു ജീവിക്കാനാണ് ഇഷ്ടം. നന്നായി ജീവിക്കുമ്പോഴും ജാതിശ്രേണിയില്‍ താഴെയാണ് താനെന്ന് സമൂഹം ഓര്‍മ്മിപ്പിക്കുമ്പോള്‍ വീണ്ടും സ്വയമൊതുങ്ങും. ഭര്‍ത്താവ്, നിസഹായന്‍, കാമുകന്‍… സുരാജ് തകര്‍ത്തു. എ.എസ്.ഐയ്ക്ക് മുന്നില്‍ സുപ്പീരിയര്‍ ഓഫീസറായും സി.ഐയ്ക്ക് മുന്നില്‍ സബോര്‍ഡിനേറ്റായും നാട്ടുകാര്‍ക്ക് മുന്നില്‍ അധികാരകേന്ദ്രമായും അതിനിടയില്‍ കരുതലും ഭയവും സ്വപ്‌നങ്ങളുമുള്ള ചെറുപ്പക്കാരനായും മാറുന്ന ഒരു എസ്.ഐയുണ്ട്, അതുപോലുള്ള ഒരു കൂട്ടം നടന്മാരും.

രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനുട്ടോളം നമ്മള്‍ കണ്ടത് മാത്രമല്ല സിനിമയിലെ കഥ. വിശദീകരിച്ച് നശിപ്പിക്കാത്ത സംഭാഷണങ്ങളില്‍ നിന്ന് ഓരോ കാണിയും കണ്ടെത്തുന്ന ഡീറ്റെയ്ല്‍സിന്റെ അനന്തസാധ്യതകളാണ് ഈ സിനിമ.

പോത്തന്‍, ഞങ്ങള്‍ സിനിമ പ്രേമികളുടെ ലോക്കല്‍ പടച്ചോനാണ് നിങ്ങള്‍. കെട്ടിപ്പിടുത്തംസ്.

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍