UPDATES

സിനിമ

മലയാള സിനിമയുടെ അത്ര മികച്ച ഉദാഹരണമല്ല ഉദാഹരണം സുജാത

മകളുടെ അവഗണന പല തലങ്ങളിൽ മഞ്ജു വാര്യർ സിനിമകളിൽ ആവർത്തിക്കപ്പെടുന്നത് അവരുടെ കരിയറിനെ സഹായിക്കാനുള്ള സാധ്യതയും കുറവാണ്

അപര്‍ണ്ണ

അപര്‍ണ്ണ

വളരെ കലുഷിതമായ ഒരു സിനിമാ അന്തരീക്ഷത്തിലേക്കാണ് ഉദാഹരണം സുജാത റിലീസായത്. മഞ്ജു വാര്യർ, അറസ്റ്റിലായ നടൻ ദിലീപ് സിനിമകൾ ഒരേ ദിവസം പുറത്തിറങ്ങുന്നു. രണ്ടിന്റേയും സംവിധായകർ പുതുമുഖങ്ങളാണ്. രണ്ടാം വരവിലെ മഞ്ജു വാര്യർ സിനിമ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. അത്തരം ഒരു ഘട്ടത്തിൽ ഉദാഹരണം സുജാതയുടെ റിലീസിനു വലിയ പ്രാധാന്യമുണ്ട്. ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് -ജോജു ജോര്‍ജ് ടീമിന്റെ  നിർമാണ സംരംഭമാണ്.

അശ്വിനി അയ്യര്‍ തിവാരി ഹിന്ദിയിൽ നിൽ ബാത്തെ സന്നത എന്ന പേരിലും തമിഴിൽ അമ്മ കണക്ക് എന്ന പേരിലും സംവിധാനം ചെയ്ത സിനിമകളുടെ റീമേക്കാണ് ഉദാഹരണം സുജാത. ഒരുപാട് അംഗീകാരങ്ങൾ കിട്ടിയ, വിമർശക പ്രീതി നേടിയ സിനിമകളാണ് രണ്ടും. അതിനെ, മഞ്ജു വാര്യരെ പോലെ അഭിനയം കൊണ്ട് പ്രശസ്തയായ നടിയെ വച്ച് പുതുമുഖ സംവിധായകൻ എങ്ങനെ മലയാളത്തിൽ റീമേക്ക് ചെയ്യും എന്നറിയാനുള്ള കൗതുകം ആ രണ്ടു സിനിമകളും ശ്രദ്ധിച്ച ആസ്വാദകർക്ക് ഉണ്ടായിരുന്നു.

സുജാത കൃഷ്ണൻ (മഞ്ജു വാര്യർ) നിരവധി വീടുകളിൽ ഗാർഹിക ജോലികൾ ചെയ്തും താഴെത്തട്ടിൽ വരുമാനമുള്ള മറ്റു ജോലികൾ ചെയ്തുമാണ് ഉപജീവനം നടത്തുന്നത്. തന്റെ മകൾ പഠിച്ച് വലിയ നിലയിലെത്തുക എന്ന സ്വപ്നമാണ് സുജാതയെ മുന്നോട്ടു നയിക്കുന്നത്. തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ ഒറ്റമുറി വാടക വീട്ടിലാണ് സിംഗിൾ പേരന്റായ സുജാതയും മകൾ അശ്വതി (അഞ്ജന)യും താമസിക്കുന്നത്. എന്നാൽ കൗമാരത്തിലെ സ്വപ്നങ്ങൾക്കു പുറകെ പോവുന്ന അശ്വതി പഠനത്തെ, തൊഴിലിനെ ഒക്കെ പൂർണമായും അവഗണിക്കുന്ന ഒരു ‘പിൻബഞ്ചുകാരി’യാണ്. ഈ ദുഃഖം മറികടന്ന് മകൾക്കു മുന്നിൽ ഒരുദാഹരണമാവാൻ സുജാത നടത്തുന്ന ശ്രമങ്ങളാണ് സിനിമ.

ഇപ്പോഴും മലയാള വാണിജ്യ സിനിമയിൽ മറ്റു താരങ്ങളുടെ കൂട്ടില്ലാതെ ഒറ്റയ്ക്കു സിനിമകൾ നയിക്കുന്ന അപൂർവം നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. കരിയറില്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേള എടുത്തിട്ടും തിരിച്ചു വന്നപ്പോൾ ചെയ്ത സിനിമകളെ കുറിച്ച് രണ്ടഭിപ്രായം ഉണ്ടായപ്പോഴും ആ അവസ്ഥ ഇപ്പോഴും തുടരുന്നു. ഉദാഹരണം സുജാതയും അതിന്റെ ഒരു തുടർച്ചയാണ്. ആ ഒരർത്ഥത്തിൽ ആൺ താരങ്ങൾ മാത്രമുള്ള മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പദവി പോസിറ്റീവ് ആണ്. സ്റ്റാർ ആണോ ആക്ടർ ആണോ സിനിമക്കു വേണ്ടത് എന്ന ചോദ്യത്തെ മറക്കുന്നില്ല

തിരിച്ചു സിനിമയിലേക്ക് വന്നാൽ, വളരെ പതിഞ്ഞ താളത്തിൽ, ശാന്തമായി പറയുന്ന ഒരു സിനിമയാണ് ഉദാഹരണം സുജാത. അമ്മ-മകൾ ബന്ധത്തിൽ ഉണ്ടാവുന്ന സംഘർഷങ്ങൾ, സ്ത്രീയുടെ സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള ദൂരം, പ്രായവും സാമ്പത്തികാവസ്ഥയും സ്വപ്നത്തെ തടയുമോ എന്ന ചോദ്യം എന്നിങ്ങനെ ലളിതമായി കുറെ കാര്യങ്ങളേ സിനിമയിലുളളു. വളരെയധികം സാമ്പത്തിക, സാമൂഹ്യ പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവരുടെ നിത്യജീവിത കാഴ്ചകൾ കൂടി പകർത്താനുള്ള ശ്രമവും കൂടിയാണ് ഉദാഹരണം സുജാത.

പ്രേക്ഷകർ ഒരുപാടു മാറിയ സിനിമാകാഴ്ചാ ശീലങ്ങളിൽ ജീവിക്കുന്ന ഈ കാലത്ത് ഈ ‘ലളിതവത്ക്കരണ’ ശ്രമം വിജയിച്ചു എന്നു തീർത്തു പറയാനാവില്ല. ദാരിദ്ര്യം കാണിക്കുമ്പോൾ മുതൽ കാലങ്ങളായി മലയാള സിനിമ പിന്തുടരുന്ന എല്ലാ ക്ലീഷേകളും ഉദാഹരണം സുജാതയിലുണ്ട്. പശ്ചാത്തല സംഗീതത്തിനു പോലും ഒരേ ശോക താളമാണ്. അമ്മ-മകൾ സംഭാഷണങ്ങളിലും ആ ഏകതാനത മുഴച്ചു നിൽക്കുന്നു. രണ്ടാം വരവിൽ മഞ്ജു വാര്യരുടെ ഏറെ ചർച്ച ചെയ്യപ്പെട്ട അമ്മ – മകൾ കോൺഫ്ലിക്റ്റ് അതേപടി ആവർത്തിക്കപ്പെട്ടിരിക്കുന്നു. ആ ഒരു ഉപദേശ സ്വഭാവവും താളവും ഇന്നത്തെ കാലത്ത് തീയേറ്ററിലെത്തുന്ന പ്രേക്ഷകരെ എത്രകണ്ട് രസിപ്പിക്കും എന്നു സംശയമാണ്. മകളുടെ അവഗണന പല തലങ്ങളിൽ മഞ്ജു വാര്യർ സിനിമകളിൽ ആവർത്തിക്കപ്പെടുന്നത് അവരുടെ കരിയറിനെ സഹായിക്കാനുള്ള സാധ്യതയും കുറവാണ്. അതിവൈകാരികത നിറഞ്ഞ രണ്ടാം പകുതിയിലെ സംഭാഷണങ്ങൾ സുജാതയുടെ ക്യാരക്ടർ സ്കെച്ചിൽ മുഴച്ചു നിൽക്കുന്നു. നെടുമുടി വേണുവിന്റെ മാർഗദർശി കഥാപാത്രവും കണ്ടു മടുത്ത പാറ്റേണിലുള്ള ഒന്നാണ്.

മലയാള സിനിമ സ്ഥിരം പിന്തുടരുന്ന സ്ഥിരം ലോജിക്കില്ലായ്മയും ശ്രദ്ധക്കുറവും ഈ സിനിമയിലും ഉണ്ട്. ആറു കൊല്ലമെങ്കിലും പഴക്കമുള്ള ഫ്ലാഷ് ബാക്കിൽ സി.ഐ.എയുടെ പോസ്റ്ററും ദുൽഖറിന്റെ മറ്റു പുത്തൻ സിനിമകളെ കുറിച്ചുള്ള പരാമർശവും നിരന്തരം കടന്നു വരുന്നു. ക്ലാസ് മുറികളിൽ മാർക്കിടുന്ന വലിയ പരീക്ഷകൾ അപ്രത്യക്ഷമായിട്ടും കുറച്ചു കാലമായി. മഞ്ജു വാര്യരെ കൊണ്ട് തിരുവനന്തപുരം ഭാഷ പറയിക്കാനുള്ള ശ്രമം പാതിയിൽ എവിടെയോ നിന്നു പോയി. ഇത്തരം അശ്രദ്ധകൾ പ്രേക്ഷകർ വളരെ പെട്ടന്ന് തിരിച്ചറിയും. അനവസരത്തിലെ പാട്ടുകൾ, തൊലിപ്പുറത്ത് എന്തോ അസുഖമുണ്ടെന്നു തോന്നിക്കുന്ന മഞ്ജു വാര്യരുടെ മേക്കപ്പും പ്രേക്ഷകരെ സിനിമയിൽ നിന്ന് ഡിറ്റാച്ച്ഡ് ആക്കുന്നുണ്ട്. ആശുപത്രി രംഗങ്ങളും മോട്ടിവേഷണൽ സ്പീച്ച് പാറ്റേണിലുള്ള അവസാനവും നിർവികാരതയാണുണ്ടാക്കുന്നത്. ദൃശ്യങ്ങളിലൂടെ സംവദിക്കാനുള്ള പല സാധ്യതകളേയും ഇത്തരത്തിൽ ഇല്ലാതാക്കി. ജോജോയുടെയും മഞ്ജു വാര്യരുടെയും അനശ്വരയുടെയും ഒഴുക്കുള്ള അഭിനയം ചിലപ്പോഴൊക്കെ രസിപ്പിക്കുന്നുണ്ട്.

ഉദാഹരണം സുജാത അത്ര മികച്ച ഒരു സിനിമാ ഉദാഹരണമാണോ എന്ന് ചോദിച്ചാൽ പലർക്കുമാവില്ല. ചിലർക്ക് അതൊരു പ്രതിരോധ സൂചകമാണ്. അതിവൈകാരിക, ഇമോഷണൽ കോൺഫ്ലിക്റ്റുകളും ശാന്തമായി ഒഴുകുന്ന, അടി-തട ബഹളങ്ങളില്ലാത്ത സിനിമയും നിങ്ങളുടെ വ്യക്തിപരമായ ചോയ്സ് ആണെങ്കിൽ രസിപ്പിച്ചേക്കാം എന്നു മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍