UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

കൂടുതലൊന്നും വേണ്ട, ഒരു മിനിമം ‘മാസ്’, ‘ക്ലാസ്’ ഞങ്ങളും പ്രതീക്ഷിക്കില്ലേ ഉണ്ണികൃഷ്ണന്‍ സാറേ?

നന്മ-തിന്മകളെ കുറിച്ചുള്ള സുദീർഘ സൈദ്ധാന്തിക ലേഖനത്തിന്റെ സിനിമാവിഷ്കാരവും ഇടവേളകളിൽ തല്ലും കാണാൻ ഇഷ്ടമാണെങ്കിൽ വില്ലനു കയറുക.

അപര്‍ണ്ണ

ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായിരുന്നു വില്ലൻ. മാസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ട്രെയിലറും മോഹൻ ലാലിന്റെ സാൾട്ട് ആന്റ് പെപ്പർ ലുക്കും ത്രില്ലർ സസ്പെൻസ് എന്നു ധ്വനിപ്പിക്കുന്ന ചില രംഗങ്ങളും ഒക്കെ കാരണമാവാം ദിവസങ്ങൾക്കു മുന്നേ ടിക്കറ്റുകൾ വിറ്റഴിയുന്ന സിനിമയാക്കി വില്ലനെ മാറ്റി. സിനിമ വെറും മാസ് പടം മാത്രമല്ല ക്ലാസും ആണ് എന്ന മട്ടിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍ തന്നെ അവകാശവാദവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.  എന്തായാലും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ആരാധകരും നടന്റെ ആരാധകരും പോപ്പുലർ സിനിമയെ പിന്തുടരുന്നവരും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു വില്ലൻ. 8 K റെസലൂഷനിൽ ഒരുക്കിയ ഇന്ത്യയിലെ തന്നെ ആദ്യ സിനിമ കൂടിയാണ് വില്ലൻ.

കഥയെ സംബന്ധിച്ച ഏറ്റവും വലിയ ചർച്ച, ആരാണ് വില്ലൻ എന്നതു തന്നെയായിരുന്നു. ഇത് സംബന്ധിച്ച ദുരൂഹതയായിരുന്നു സിനിമയുടെ ഏറ്റവും വലിയ യു.എസ്.പി. എന്തായാലും എ.ഡി.ജി.പി മാത്യു മാഞ്ഞൂരാൻ ആയാണ് മോഹൻലാൽ എത്തുന്നത്. സ്വന്തമായി സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിൽ ഒരു സംഘത്തെ രൂപികരിക്കുകയും അതിന്റെ തലവനായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. സഹപ്രവർത്തകർക്ക് ഏറെ പ്രിയങ്കരനായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിനു ശേഷം ജോലിയിൽ നിന്ന് പിരിഞ്ഞു പോരാൻ തീരുമാനിച്ച അദ്ദേഹം സർവീസിലെ അവസാന ദിവസം ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിനായി പോകുന്നു. മാത്യു മാഞ്ഞൂരാന്റെ അന്വേഷണപാടവവും വ്യക്തി ജീവിതത്തിലെ ഭൂത, ഭാവി, വർത്തമാനങ്ങളുമാണ് പിന്നീട് സിനിമ. സാമൂഹ്യ പ്രവർത്തകയായ നീലിമ (മഞ്ജു വാര്യർ)യാണ് മാത്യു മാഞ്ഞൂരാന്റെ ഭാര്യ. വിശാല്‍, ഹന്‍സിക തുടങ്ങിയവരും സിനിമയിലുണ്ട്.

സൂപ്പർസ്റ്റാർഡത്തിന്റെ എല്ലാ വിധ പ്രിവിലേജുകളും ഭാരങ്ങളുമുള്ള വളരെ നല്ല നടനാണ് മോഹൻ ലാൽ. അയാളെ മുൻനിരയിൽ നിർത്തി തെന്നിന്ത്യയിലെ സ്റ്റാർ വാല്യു വളരെ കൂടുതലുള്ള താരങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ത്രില്ലർ ഗണത്തിൽ ഒരു സിനിമ എടുക്കുക എന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. ഏതാണ്ടൊരു വർഷമായി പ്രേക്ഷകർക്കു മുന്നിലേക്ക് സിനിമയുടെ ചർച്ചകൾ എത്തിക്കുന്നുമുണ്ട്. മൂന്നു വർഷത്തോളം നീണ്ട അധ്വാനമാണ് തിരക്കഥ എന്ന അവകാശവാദവും ഉണ്ടായിരുന്നു. അത്തരമൊരു സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മിനിമം ‘മാസും’ ‘ക്ലാസും’ ഉണ്ട്. അതിന്റെ പകുതിയെങ്കിലും  കാണികൾക്കു നൽകുക എന്ന അടിസ്ഥാന ഉത്തരവാദിത്തം പോലും നിറവേറ്റാതെ പോയ സിനിമയാണ് വില്ലൻ. ഫിലോസഫിക്കൽ ജാർഗൺസ്,  ദൃശ്യങ്ങൾ സംസാരിക്കുന്ന രീതി, വളരെ പതിഞ്ഞ വേഗത്തിൽ താളം കണ്ടെത്തുന്ന ഡാർക്ക് ത്രില്ലർ സ്വഭാവം ഒക്കെ സംവിധായകൻ പരീക്ഷിക്കുന്നുണ്ട്. പക്ഷെ ആ സമ്മിശ്ര പരീക്ഷണങ്ങൾ പലതും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുക എന്നതിൽ കവിഞ്ഞൊന്നും ചെയ്യുന്നില്ല. ക്ലീഷേകളുടെ. ഊഹിക്കാവുന്ന കഥാഗതിയുടെ ഒക്കെ രണ്ടര മണിക്കൂർ ആണ് സിനിമ. വളരെ ദുർബലമായ തിരക്കഥയെ താങ്ങി നിർത്താൻ കഷ്ടപ്പെടുന്ന മോഹൻലാലിനെയാണ് പിന്നീട് കാണുന്നത്.

ജീവിതത്തിൽ കറുപ്പും വെളുപ്പുമില്ല, എല്ലാത്തിനും ചാരനിറമാണ് എന്ന ചിന്തയാണ് വില്ലനെ നയിക്കുന്നത്. എല്ലാവരും ഒരേ സമയം നല്ലവരും കെട്ടവരുമാണ്.  നന്മ, തിന്മ ഒക്കെ ആപേക്ഷികമാണ്. ഈ ഒരാശയത്തെ അവസാനം നായകനും വില്ലനും തമ്മിലുള്ള സുദീർഘമായ ആശയസംവാദത്തിൽ പ്രത്യക്ഷമായി കടന്നു വരുന്നു. സിനിമ മുഴുവനും ആരാണു വില്ലൻ, ആരാണു നായകൻ എന്ന കൂലങ്കഷമായ ചർച്ചയാണ്. എല്ലാവരും വില്ലന്മാരാണ് നന്മക്കു വേണ്ടി വില്ലത്തരം കാണിച്ചയാൾക്ക് മികച്ച വില്നുള്ള സമ്മാനം കൊടുക്കണം എന്ന് മനസിലാക്കിത്തന്ന് സിനിമ തീരുന്നു. അയാൾക്ക് ചുറ്റുമുള്ള എല്ലാവരും നിലവാരം കൂടിയതും കുറഞ്ഞതുമായ വില്ലന്മാരാണ്.  ബാക്കിയുള്ളവർ കളി കാണാനുള്ള കൗതുകത്തിൽ വന്നു പോകുന്നവർ. സിനിമ ഫിലോസഫിക്കൽ ആകുന്നതും നന്മ-തിന്മകളുടെ റിലേറ്റിവിറ്റിയെ പറ്റി സംസാരിക്കുന്നതോ ഒന്നും പ്രശ്നമല്ല. പക്ഷെ ചായ കുടിച്ചോ എന്നും ചോദിക്കുമ്പോഴും ‘അറേബ്യയിലെ സുഗന്ധതൈലങ്ങൾക്ക് കഴുകി കളയാനാവാത്ത ചോരക്കറ’യേയും ജീവിതത്തിലെ നൈമിഷികതയേയും പറ്റി സംസാരിക്കുന്നത് കേൾക്കാൻ മാത്രം ഉത്തരാധുനിക, സൈദ്ധാന്തിക ഭാരവുമായി പോകുന്നവരല്ല എല്ലാ പ്രേക്ഷകരും എന്ന തിരിച്ചറിവുണ്ടാകണമെന്നു മാത്രം.

നന്മ-തിന്മകളെ പറ്റിയും മറ്റും ചിന്തിക്കുകയും ക്ലാസെടുക്കുകയും അതിനിടയിൽ കിട്ടുന്ന ഇടവേളകളിൽ പോയി തല്ലിയും കൂർമ്മ ബുദ്ധി പ്രയോഗിച്ചും കേസ് തെളിയിക്കുകയും ചെയ്യുന്ന ആളാണ് മാത്യു മാഞ്ഞൂരാൻ. വിശാലിന്റെ ശക്തിവേലും അയാളുടെ തൊട്ടു താഴെ നിൽക്കുന്ന ഫിലോസഫറും ഡൂവറുമാണ്. മഞ്ജു വാര്യരുടെ നീലിമ ചിന്ത കൊണ്ടില്ലെങ്കിലും നന്മ കൊണ്ട് അടുത്തെത്താൻ ശ്രമിക്കുന്നുണ്ട്. ബാക്കിയുള്ളവരൊക്കെ ഗ്രേഡ് കുറഞ്ഞ നന്മയും വില്ലത്തരവും പേറുന്നവരാണ്. മാത്യുവിന്റെ രൂപത്തെ വർണ്ണിക്കുക, ദുരന്തം അതിജീവിച്ച രീതിയോർത്ത് അത്ഭുതം കൂറുക, കുശാഗ്ര ബുദ്ധിയേയും ഏകാഗ്രതയെയും ചർച്ച ചെയ്ത് ആരാധിക്കുക, ഒക്കെ കഴിഞ്ഞ് സമയമുണ്ടെങ്കിൽ സ്വന്തം വില്ലൻ സ്വത്വം അയാൾക്കു മുന്നിൽ അടിയറവു ചെയ്യുക ഒക്കെയാണ് അവരുടെ ദൗത്യങ്ങൾ.  എപ്പോഴാണ് അടി, എപ്പോഴാണു തത്വചിന്ത എന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് മിക്കവാറും എല്ലാ സമയത്തും പ്രേക്ഷകർ. റിഫ്ലക്ഷൻ സീൻ , ചിലപ്പോഴെങ്കിലും തിരക്കഥയെ കവച്ചു വയ്ക്കുന്ന മോഹൻലാലിന്റെ അഭിനയ മുഹൂർത്തം, ക്യാമറ എന്നീ കൗതുകങ്ങൾ സിനിമ ബാക്കി വെക്കുന്നുണ്ട്.  സൈക്കോ പാത്തുകളെ അവതരിപ്പിക്കുമ്പോൾ കാലങ്ങളായി പിന്തുടരുന്ന ക്ലീഷേകളെല്ലാം അതുപോലെ പിന്തുടരുന്നുണ്ട് വില്ലനും.

കൂടുതൽ ഒന്നും പറയാനില്ല. നന്മ-തിന്മകളെ കുറിച്ചുള്ള സുദീർഘ സൈദ്ധാന്തിക ലേഖനത്തിന്റെ സിനിമാവിഷ്കാരവും ഇടവേളകളിൽ തല്ലും കാണാൻ ഇഷ്ടമാണെങ്കിൽ വില്ലനു കയറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍