UPDATES

സിനിമ

അല്ലയോ സിനിമാക്കാരെ… ഇത് നിങ്ങള്‍ തന്നെ വരുത്തിവച്ചതാണ്

പ്രതിച്ഛായ വീണ്ടെടുക്കാന്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉന്നതാധികാര സമിതി രൂപീകരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത

തങ്ങള്‍ക്ക് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉന്നതാധികാര സമിതി രൂപീകരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തുവെന്നാണ് അറിയുന്നത്. സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം ഇനി ഈ സമിതിയുടെ മേല്‍നോട്ടത്തില്‍ കൈക്കൊള്ളാനാണ് നീക്കം. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഈ സംഘടനകളില്‍ നിന്നെല്ലാമുള്ള മൂന്ന് പേര്‍ വീതമാണ് സമിതിയിലുണ്ടാകുക. എല്ലാക്കാലത്തും പരസ്പരം പോരടിച്ചു നിന്നിരുന്ന ഈ സംഘടനകളെല്ലാം ഒത്തുചേരുന്നത് വളരെ നല്ലൊരു കാര്യമാണ്. പ്രത്യേകിച്ചും സംഘടനകളാണ് നല്ല സിനിമകളെ ഇല്ലാതാക്കുന്നതെന്ന ആരോപണം ശക്തമായുള്ളപ്പോള്‍.

നടി ആക്രമിക്കപ്പെട്ടതും ആ കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതും ഹണി ബി2ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടി കേസ് നല്‍കിയതുമെല്ലാം സിനിമയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഈ സംഘടനകളെയെല്ലാം ഒരു കുടക്കീഴിലേക്ക് നയിക്കുന്നത്. അല്ലെങ്കിലും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണല്ലോ വേണ്ടത്. എന്നാല്‍ ആരുടെ കൂടെ ഒന്നിച്ചു നില്‍ക്കുന്നുവെന്നതാണ് പ്രശ്‌നം. കാരണം, ഇത്തരത്തിലൊരു ഒന്നിച്ചു നില്‍ക്കലിലൂടെ സിനിമാക്കാര്‍ തന്നെയാണ് ഈ ഗതികേട് വിളിച്ചുവരുത്തിയത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിക്ക് വേണ്ടി പ്രതിഷേധ യോഗം സംഘടിപ്പിച്ച സിനിമ പ്രവര്‍ത്തകര്‍ പിന്നീട് ദിലീപ് അറസ്റ്റിലായതോടെ അയാള്‍ക്ക് വേണ്ടിയും ശക്തമായി നിലകൊള്ളുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ സിനിമക്കാര്‍ രണ്ട് വഞ്ചിയില്‍ കാല് ചവിട്ടുകയാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. അതോടെയാണ് അവര്‍ സിനിമാക്കാര്‍ക്ക് പുല്ലുവില നല്‍കാന്‍ തുടങ്ങിയത്. ഫെബ്രുവരി മാസം നടി ആക്രമിക്കപ്പെട്ട് നാല് മാസമായപ്പോഴാണ് സിനിമാക്കാര്‍ക്ക് ഈ വീണ്ടുവിചാരമുണ്ടായത്. പുതിയ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിന്റെ കാരണം തന്നെ തിയറ്ററുകളിലെ കളക്ഷനെ പ്രതിച്ഛായ നഷ്ടം ബാധിച്ചുതുടങ്ങിയെന്ന് മനസിലായതാണ്.

അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം ദിലീപ് വിഷയത്തില്‍ മാധ്യമങ്ങളോട് പരസ്യമായി തട്ടിക്കയറിയ കാലം മുതല്‍ ജനങ്ങള്‍ ഇവരെ വിലയിരുത്താന്‍ തുടങ്ങിയിരുന്നു. നിങ്ങളുടെ സഹപ്രവര്‍ത്തകയെ ആക്രമിച്ചത് സിനിമയ്ക്ക് പുറത്തു നിന്നുള്ള ആരുമല്ല, സിനിമയ്ക്കുള്ളില്‍ നിന്നു തന്നെയുള്ളവരാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ സിനിമയിലെ ആണധികാര മനോഭാവം ഇത് ഞങ്ങളുടെ കുടുംബകാര്യം എന്ന നിലപാടാണ് സ്വീകരിച്ചത്. അന്നുമുതലേ നിങ്ങള്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും കാരണം ജനങ്ങള്‍ ടിക്കറ്റെടുത്താല്‍ മാത്രമേ നിങ്ങളുടെ സിനിമകള്‍ വിജയിക്കുകയും നിങ്ങളുടെ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂവെന്ന് പറയുന്നതാണ്. പിന്നീട് നടന്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണ് ഈ സംഘടനകളെല്ലാം അയാളെ പുറത്താക്കി നടിക്ക് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കാന്‍ തയ്യാറായത്. മുമ്പെങ്ങും മലയാള സിനിമയില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു സംഭവം നടന്നപ്പോള്‍ ജനങ്ങള്‍ക്ക് പുല്ലുവില നല്‍കിയതിനാലാണ് ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് പുല്ലുവില നല്‍കുന്നതെന്ന് മനസിലാക്കണം. പ്രതിക്കും ഇരയ്ക്കുമൊപ്പം ഒരേസമയം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ നിങ്ങള്‍ വെളിപ്പെടുത്തിയത് നിങ്ങളുടെ നിലപാടില്ലായ്മയാണ്.

ആ നിലപാടില്ലായ്മ മനസിലാക്കിയ ജനങ്ങള്‍ തങ്ങളെ തമസ്‌കരിക്കുന്നുവെന്ന് മനസിലായപ്പോളാണ് സിനിമ ഇന്‍ഡസ്ട്രിയെ ഭരിക്കുന്നത് താരങ്ങളല്ല, ജനങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. സിനിമക്കാരുടെ പ്രതിച്ഛായ നഷ്ടത്തിന് കാരണം പലപ്പോഴായി അവര്‍ തന്നെ മാധ്യമങ്ങളോട് തട്ടിവിടുന്ന ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളാണ്. സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മലയാള സിനിമയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി ഉയരുന്നതാണ്. സിനിമയുടെ ലോകം ഇതാണെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നും തങ്ങള്‍ എവിടെയും ചോദ്യം ചെയ്യപ്പെടില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് നടി ആക്രമിക്കപ്പെട്ടതിന് ശേഷം ജനങ്ങളെടുത്ത നിലപാടിലൂടെ തകര്‍ന്നടിഞ്ഞത്.

ദിലീപിനെതിരെ ചാനലുകള്‍ തുടര്‍ച്ചയായി വാര്‍ത്ത നല്‍കുന്നതില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍ എടുത്ത തീരുമാനത്തിന് പിന്നിലും ഇതേ ധാര്‍ഷ്ട്യമുണ്ട്. എന്നാല്‍ അവിടെയും ജനങ്ങള്‍ അവരെ പരാജയപ്പെടുത്തിയതാണ് കാണാന്‍ സാധിച്ചത്. ഓണാഘോഷ പരിപാടികളില്‍ ചാനലുകളുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര താരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കരുതിയത് ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്നാണ്. എന്നാല്‍ ചാനലുകളില്‍ താര വിശേഷങ്ങളിലാത്ത ഓണാഘോഷത്തെ തങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ പ്രതിരോധത്തിലായത് താരങ്ങള്‍ തന്നെയാണ്. ഇത്തരം പരിപാടികളിലൂടെ തങ്ങളുടെ സിനിമയുടെ പ്രചരണം തന്നെയാണ് നടക്കുന്നതെന്ന് അവര്‍ ഓര്‍ക്കാതെ പോയി.

ആനക്കൊമ്പ് സൂക്ഷിച്ച കേസിലും ടാക്‌സ് വെട്ടിച്ച കേസിലുമൊക്കെ താരങ്ങള്‍ വാര്‍ത്തയായപ്പോള്‍ ജനങ്ങള്‍ അതിനെ ഗൗരവമായി കണ്ടില്ല. അല്ലെങ്കില്‍ അപ്പോഴും അവരുടെ മനസിലെ താരവിഗ്രഹങ്ങള്‍ യാതൊരു ഇളക്കവുമില്ലാതെ സ്ഥിതി ചെയ്തു. എത്രമാത്രം ആരോപണ വിധേയരായാലും താരങ്ങള്‍ എത്തുന്നിടത്തെല്ലാം അവര്‍ക്കായി ആര്‍പ്പുവിളിക്കാനും ഒരുനോക്ക് കാണാനും തൊടാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമെല്ലാം ജനങ്ങള്‍ മത്സരിച്ചു. എന്നാല്‍ ഇന്ന് ആ സാഹചര്യം മാറിയിരിക്കുന്നു. ആള്‍ക്കൂട്ടം തങ്ങള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പുമോയെന്ന് ഭയന്നാണ് ഇന്ന് താരങ്ങള്‍ പുറത്തിറങ്ങുന്നത്. സിനിമ പ്രവര്‍ത്തകനാണെന്ന് പണ്ട് അഭിമാനത്തോടെ പറഞ്ഞിരുന്നവര്‍ ഇന്ന് തലയില്‍ മുണ്ടിട്ട് നടക്കുകയാണ്. കാരണം ഒരു സ്ത്രീ (അവള്‍ നടിയോ ആരോ ആകട്ടെ ഈ സമൂഹത്തെ സംബന്ധിച്ച് ഒരു സ്ത്രീയാണ്) ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തെ നിസാരമായി കണക്കാക്കാന്‍ അവര്‍ക്കാകില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അവര്‍ നിങ്ങളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുന്നതും നിങ്ങള്‍ക്ക് തിയറ്ററില്‍ കളക്ഷന്‍ കുറയുന്നതും ഇതിന്റെ പ്രതിഫലനമാണ്. ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായതോ അല്ലെങ്കില്‍ അതിനേക്കാള്‍ ഗൗരവമേറിയതോ ആയി പലരും ഇതിനെ കണക്കാക്കുമ്പോള്‍ തന്നെ ഈ സംഭവം കേരള മന:സാക്ഷിയിലേല്‍പ്പിച്ച മുറിവ് എത്രത്തോളമാണെന്ന് മനസിലാക്കാം. നിങ്ങള്‍ എത്ര ഉന്നതാധികാര സമിതി രൂപീകരിച്ചാലും തെറ്റ് തിരുത്താതെ വീണ്ടും ജനങ്ങളുടെ മനസില്‍ ഇടം നേടാനാകില്ലെന്നും ഓര്‍ത്താല്‍ നല്ലത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍