UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

തേവള്ളിപ്പറമ്പനും രാജന്‍ സ്കറിയയുമൊന്നും വരില്ല, അവിടെ കിടക്കുകയേയുള്ളൂ

വനിതാ കമീഷൻ വരെ നോട്ടീസ് അയച്ച ഒരു സിനിമയിലെ സ്ത്രീ വിരുദ്ധതയെ പറ്റി പാർവതി പറഞ്ഞ വാചകം അവരെ കൊല്ലാനും റേപ് ചെയ്യാനും ഉള്ള കാരണമാണ് എന്ന് പറയുന്ന ആരാധകർ  ഒറ്റയ്ക്കല്ല

അപര്‍ണ്ണ

കസബ എന്ന മമ്മൂട്ടി സിനിമ ഇറങ്ങിയത് മുതൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു. വനിതാ കമ്മീഷന്റെ നോട്ടീസ് വരെ കൈപ്പറ്റിയിട്ടുണ്ട് അണിയറ പ്രവർത്തകർ. മാത്രവുമല്ല ട്രാൻസ്ജെന്‍ഡർ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ആക്റ്റിവിസ്റ്റുകൾ പല നിലയിൽ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പോലീസ് സേനയെ തന്നെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണവും നേരിട്ട സിനിമയാണിത്. ഏതായാലും അന്ന് ഈ അഭിപ്രായം പറഞ്ഞ പ്രമുഖരും അല്ലാത്തവരുമായ സ്ത്രീയോ പുരുഷനോ ട്രാൻസ്ജെന്‍ഡറോ ആയ എല്ലാവരെയും പച്ചത്തെറിയും ഭീഷണിയും ആണത്ത പ്രഘോഷണങ്ങളും കൊണ്ടാണ് താരത്തിന്റെ ആരാധകർ നേരിട്ടത്.

വിമർശിച്ച സ്ത്രീകൾ പൊമറേനിയൻ പട്ടികളെയും കൊണ്ട് നടക്കുന്ന കൊച്ചമ്മ അമ്മായിമാരും ട്രാൻസ്ജൻഡറുകൾ  ആണും പെണ്ണും കേട്ട കഴപ്പ് മൂത്തവരും ആണുങ്ങൾ കൊച്ചമ്മമാരുടെ പാവാട അലക്കുന്നവരുമായി. ഇങ്ങനെയൊക്കെ വിളിച്ച്, രാത്രി ബസ്സ്റ്റാൻഡിൽ വിലയിട്ടാണ് അവർ തങ്ങളുടെ താരവിഗ്രഹത്തെ സംരക്ഷിച്ചത്. ഞങ്ങളുടെ സിനിമയെ പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ നേരിടും എന്ന മട്ട്. തങ്ങളുടെ വിഗ്രഹത്തിന്റെ സിനിമയെ പറ്റി പറഞ്ഞാൽ നിങ്ങളിതൊക്കെ കേൾക്കാൻ ബാധ്യസ്ഥരാണ് എന്നവർ അലറിക്കൊണ്ടേ ഇരുന്നു. ഒരു വർഷത്തിനിപ്പുറം മലയാള സിനിമ സംഭവബഹുലമായ ഒരു കാലത്തിലൂടെ കടന്നു പോയി. ഇവിടെ ഇപ്പോൾ ഒരു നടി, മുഖ്യധാരയിൽ സജീവമായ, ശ്രദ്ധേയമായ അഭിനയം കൊണ്ട് കയ്യടിയും അവാർഡും നേടിയ പാർവതി, കസബ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റി പറഞ്ഞു. വെര്‍ച്വൽ ബലാൽഭോഗം തന്നെയായിരുന്നു പിന്നീട് നടന്നത്. അതിനെയൊന്നും കൂസാതെ അതിനെതിരെ പരാതി നൽകി അവർ മുന്നോട്ട് പോകുമ്പോളും തെറിവിളീകൾ പൂർണമായി അവസാനിച്ചിട്ടില്ല എന്നതാണ് സത്യം

കസബയുടെ റിലീസിനും പാർവതിയുടെ പരാതിയിൽ ഒരാളെ അറസ്റ്റു ചെയ്തതിനും ഇടയ്ക്ക് എന്തു സംഭവിച്ചു എന്നത് ഈ അവസരത്തിൽ പ്രത്യേക ശ്രദ്ധയർഹിക്കുന്ന കാര്യമാണ്. കസബ നേരിട്ട വിമർശനങ്ങളെയൊക്കെ ആരാധകരുടെ കയ്യിൽ ഏല്‍പ്പിച്ച് സുഖസുന്ദരമായി ചാടി മറിഞ്ഞു തല്ലിക്കൊണ്ടേ ഇരുന്നു മമ്മൂട്ടി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ആരാധകരും ഇവരുടെയൊന്നും സംഘടനയിൽ പെടാത്ത ആങ്ങളമാരും താരങ്ങൾക്കെതിരെ പറയുന്നവരെ തെറി പറഞ്ഞോടിക്കാൻ സദാ ജാഗരൂഗരായിരുന്നു. വീട്ടമ്മമാർ മുതൽ സിനിമാ നടിമാർ വരെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ ‘പൊതുമുതലുകൾ’ എന്ന രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടു. വെടി എന്നത് അവരെ വിളിക്കുന്ന ഒരു പൊതുസംജ്ഞയായി. മലയാള സിനിമയിലെ വീരനായകരും സിൽബന്ദികളും ഇതിനെ സിനിമയിലൂടെ പിന്തുണച്ചു രംഗത്ത് വന്നും കയ്യടി നേടി.

അങ്ങനെ വെർച്വൽ റേപ്പിസ്റ്റുകൾ യാതൊരു നിയന്ത്രണവുമില്ലാതെ അർമാദിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു പ്രശസ്ത മലയാള നടി കാറിൽ വച്ച് ആക്രമിക്കപ്പെട്ടത്. സിനിമാ നടി ആയത് കൊണ്ട് തന്നെ രണ്ടു ചേരിയായി സമൂഹ മാധ്യമ ഉപഭോക്താക്കൾ തിരിഞ്ഞു. അവരുടെ വസ്ത്രധാരണവും അവർ അഭിനയിച്ച ചുംബന രംഗങ്ങളും ഒക്കെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സൂപ്പർതാരം ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ നടിക്കെതിരെയുള്ള തെറിവിളികൾ കൂടി. അങ്ങനെ അയാളോട് എന്തെങ്കിലും അഹങ്കാരം കാണിച്ചിട്ടുണ്ടെങ്കിൽ ആ നടി ആക്രമിക്കപ്പെട്ടത് നന്നായി എന്ന് വരെ കുറെ പേര് പറഞ്ഞു. സിനിമാ രംഗത്തുള്ളവർ രണ്ടു ചേരിയായി. നടീ, നടന്മാരുടെ സംഘടന വളരെ ലളിതമായി ഈ വിഷയം കൈകാര്യം ചെയ്തു. അങ്ങനെ മലയാളത്തിൽ ആദ്യ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടന ഉണ്ടായി.

OMKV, മലയാള സിനിമയോടാണ്

ഉണ്ടായപ്പോൾ മുതൽ മലയാള സിനിമയിലെ തലതൊട്ടപ്പന്മാരും ആരാധക വൃന്ദങ്ങളും കുലസ്ത്രീ പട്ടത്തിന്റെ പ്രിവിലേജുകൾ അനുഭവിക്കുന്ന നടിമാരും ഇതിനെതിരെ രംഗത്ത് വന്നു. രഞ്ജി പണിക്കർ സംഭാഷണങ്ങളിൽ പൊമറേനിയൻ പട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന കൊച്ചമ്മാരോട് ജോസഫ് അലക്സ് എന്ന മട്ടിൽ ആൾക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ ഇവരോട് ആക്രോശിച്ചു. ഈ സംഘടനയുടെ ഭാഗമായപ്പോഴും അതിനു മുന്നേയും സ്വന്തമായി നിലപാടുകൾ ഉള്ള നടി ആയിരുന്നു പാർവതി. നമ്മൾ അതിനോട് യോജിച്ചാലും ശരി, ഇല്ലെങ്കിലും വിയോജിച്ചാലും ശരി.

മലയാള സിനിമയിൽ താരവികാരങ്ങളെ വാനോളം പുകഴ്ത്താനും ഇട്ട വസ്ത്രത്തിലെ പുതുമകൾ കുറിച്ച് പറയാനും അല്ലാതെ നടിമാർ വാ തുറക്കുന്നത് അപൂർവതയാണ്. അങ്ങനെ പാർവതി, കസബ എന്ന സിനിമയെ വിമർശിക്കുന്നു, സിനിമയുടെ നിർമാതാവടക്കം അവരെ അമ്മായി എന്ന് അഭിസംബോധന ചെയ്ത് പഠിപ്പിക്കലും പരിഹാസവും ഭീഷണിയും തെറിവിളികളും തുടങ്ങുന്നു. കൊല്ലും, റേപ് ചെയ്യും, കൊട്ടേഷൻ കിട്ടിയ നടിയുടെ അവസ്ഥയാകും തുടങ്ങി രാത്രിക്കു വില അന്വേഷിക്കുന്നതും എങ്ങനെയൊക്കെ ബലാൽഭോഗം ചെയ്യും എന്നതിന്റെ വർണനകളുമായി അവരുടെ പേജിലും അവരെ സംബന്ധിച്ച എന്തെങ്കിലും വാർത്ത വരുന്ന പേജിലും താരാരാധകർ നിറഞ്ഞാടി. അങ്കമാലി ഡയറീസ് നായിക രേഷ്മ രാജൻ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി കൊടുത്ത വാർത്തയുടെ പേരിൽ സമാനമായ ഭീഷണികൾ നേരിട്ടിരുന്നു. ലൈവ് ആയി വന്നു കരഞ്ഞ് ആരാധകരോട് മാപ്പു പറഞ്ഞാണ് അന്നവർ ആ പ്രശ്നം ഒതുക്കി തീർത്തത്. സമാനമായ മാപ്പ് പറച്ചിലിന് പാര്‍വതിയോട് ആവശ്യപ്പെട്ടവരും കുറവല്ല. എന്തായാലും വധഭീഷണിയും ബലാൽഭോഗ ഭീഷണിയും അടക്കമുള്ള കാര്യങ്ങൾ വ്യക്തമായ ക്രൈം ആണെന്ന് ബോധ്യമുള്ള പാർവതി നിയമത്തെ ആശ്രയിച്ചു. ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോഴും സെക്സിസ്റ്റ് കമന്റുകളുമായി കസബ ആരാധകർ പാർവതിക്ക് ചുറ്റുമുണ്ട്.

താരങ്ങളേ, ഇളകിയാര്‍ക്കുന്ന ഈ ഭക്തസംഘത്തെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

മറ്റെല്ലാ കാര്യത്തിലും സാംസ്‌കാരിക ഔന്നത്യം പുലർത്തുന്നു എന്നവകാശപ്പെടുന്ന മലയാളികൾ സൈബർ ബുള്ളിയിങ്ങിന്റെ പേരിൽ കുപ്രസിദ്ധി നേടിയവരാണ്. മരിയ ഷറപ്പോവയെ വരെ മര്യാദ പഠിപ്പിക്കാൻ നോക്കിയ ആൾക്കാരാണ് നമ്മൾ. ഇവിടത്തെ സൂപ്പർ, മെഗാ താരങ്ങളുടെ ആരാധകർ യാതൊരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണ്. പുലിമുരുകൻ എന്ന സിനിമ മോശമാണെന്നു പറഞ്ഞതിന് ഒരു ആകാശവാണി ജീവനിക്കാരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് മോഹൻലാൽ ആരാധകർ പൂട്ടിച്ചിരുന്നു. പ്രമോഷൻ പോരെന്നു പറഞ്ഞ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ വനിതാ പ്രൊഡ്യൂസറെ തെറി വിളിച്ചതും ഇതേ ആരാധകർ തന്നെയാണ്. വിനീത് ശ്രീനിവാസൻ തന്റെ അച്ഛന്റെ സുഹൃത്തായ മോഹൻലാലിനെ, ലാൽ അങ്കിൾ എന്ന് വിളിച്ചത് കുറെ മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചു. ഞങ്ങൾക്ക് എന്നും ഏട്ടനാടാ എന്നും പറഞ്ഞു വിനീത് ശ്രീനിവാസനെയും തെറി വിളിക്കാൻ പോയി ഇവർ. വിജയ് ആരാധകർ, സൂര്യ ഇഷ്ട നടൻ ആണ് എന്ന് പറഞ്ഞതിന് അനുശ്രീയെകൊണ്ട് മാപ്പു പറയിച്ചു. രേഷ്മ രാജൻ ഇത്തരത്തിൽ മാപ്പു പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞ റിമ കല്ലിങ്കലിനേയും ഇത്തരത്തിൽ ബലാൽഭോഗ, വധഭീഷണിയുമായി ഇവർ നേരിട്ടു. ആക്രമിക്കപ്പെട്ട നടിയോട് ഒരു പീഡനത്തിന് എന്ത് വിലയാണെന്ന് അന്വേഷിച്ചു. അവൾക്കൊപ്പമെന്ന് പറഞ്ഞവരെ കൊട്ടേഷൻ കൊടുക്കാൻ ഒരുങ്ങി. വുമൺ ഇൻ സിനിമാ കളക്റ്റീവിലെ ഓരോ അംഗത്തെയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. വെറും ട്രോളുകൾ എന്ന് അറസ്റ്റിനപ്പുറം രക്ഷപെടാൻ പഴുതു നോക്കുന്നവർ മൊത്തം കൊല്ലലും കൊട്ടേഷൻ കൊടുക്കലുമായി രംഗത്ത് വന്നു. ഇതിനെല്ലാം പുറമെ സിനിമാ രംഗത്തെയും മറ്റെല്ലാ രംഗങ്ങളിലെയും കല്യാണം, പ്രണയം, വിവാഹ പ്രണയ വേർപിരിയലുകൾ ഒക്കെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞു. ഇന്ദുചൂഡൻമാരും മന്നാടിയർമാരും ജോസഫ് അലക്‌സുമാരും ജഗന്നാഥൻമാരുമായി മുഖം പോലുമില്ലാത്ത പ്രൊഫൈലുകൾ നിറഞ്ഞാടി. ഇത്തരം ആരാധകരുടെ ആർപ്പുവിളികൾ ഇല്ലാത്ത ജീവിതം സാധ്യമല്ലാത്തത് കൊണ്ടോ എന്തോ താരങ്ങൾ മഹാമൗനത്തിലിരുന്ന് സുരക്ഷിത താവളങ്ങളിൽ മറഞ്ഞു.

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

വനിതാ കമീഷൻ വരെ നോട്ടീസ് അയച്ച ഒരു സിനിമയിലെ സ്ത്രീ വിരുദ്ധതയെ പറ്റി പാർവതി പറഞ്ഞ വാചകം അവരെ കൊല്ലാനും റേപ് ചെയ്യാനും ഉള്ള കാരണമാണ് എന്ന് പറയുന്ന ആരാധകർ  ഒറ്റയ്ക്കല്ല. സജി നന്ത്യാട്ടും സിദ്ദിക്കും ജൂഡ് ആന്തണിയും അടക്കമുള്ള സിനിമാക്കാരും കൂട്ടിനുണ്ട്. സർക്കസ് ക്യാമ്പിലെ അച്ചടക്കമില്ലാത്ത കുരങ്ങിനോടാണ് ജൂഡ് പാർവതിയെ പരോക്ഷമായി താരതമ്യം ചെയ്തത്. അവരുടെ പണ്ടത്തെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട പ്രസ്താവന കൂടിയാണ് കാരണം. ഇങ്ങനെ അടി കിട്ടിയാൽ പേടിച്ചു കാണികളെ രസിപ്പിക്കുന്ന കുരങ്ങുകൾ ആയിത്തന്നെയാണ് മലയാള സിനിമയും കാണികളും നടിമാരെ കണ്ടതെന്ന് വ്യക്തമാണ്.

ഇപ്പോൾ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട പിന്റോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ആരാധകർ ഇറങ്ങുന്നുണ്ട്. എന്തായാലും ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതും സ്ലട്ട് ഷെമിങ് നടത്തുന്നതും കസബയിലെ സ്ത്രീവിരുദ്ധത അത്ര ദഹിച്ചില്ലെന്നു പറയുന്നതിന്റെ മറുപടിയാണെന്നാണ് താരാരാധകരും മഹാമൗനം കൊണ്ട് പിന്തുണയ്ക്കുന്ന താരങ്ങളും കരുതുന്നത്. പൊമറേനിയൻ പട്ടിക്കുള്ള ബിസ്കറ്റ് കൊടുക്കുന്നവരും പാവാട അലക്കുന്നവരുമാണ് ഇവർക്ക് ചുറ്റുമുള്ളവരും പിന്തുണയ്ക്കന്നവരും. സിനിമ ജനങ്ങളെ സ്വാധീനിക്കും എന്ന പാർവതിയുടെ അടക്കം വാദം നിഷ്കളങ്കമായി വാദിക്കുന്നവരുണ്ട്. അവർ ചാന്തുപൊട്ടെന്ന് അധിക്ഷേപിച്ച് വിളി കേള്‍ക്കുന്നവര്‍, കുഞ്ഞിക്കൂനൻ എന്ന് വിളിപ്പേരുള്ളവരെ കണ്ടിട്ടില്ലേ? ധൂം മോഡൽ കവർച്ച, ദൃശ്യം മോഡൽ കൊലപാതകം എന്നൊന്നും കേട്ടിട്ടേ ഇല്ലേ?

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

കേരളത്തിലെ ഈ ആക്ഷൻ ഹീറോകൾ വേരൂന്നിയ 80-കളിലും 90-കളിലും ഇവിടത്തെ ഫെമിനിസ്റ്റുകൾ ഈ ആരാധകർ അവകാശപ്പെടുന്ന പോലെ കയ്യില്ലാത്ത ബ്ലൗസും ട്ട് പൊമറേനിയൻ പട്ടിയെ കൊണ്ട് നടക്കുകയായിരുന്നില്ല. രഞ്ജിപണിക്കരും രഞ്ജിത്തും പോലെ ഈ കൊച്ചമ്മ സൃഷ്ടാക്കളും ഇപ്പോഴും കൊച്ചമ്മ വിളിയുമായി നടക്കുന്ന ഇവരുടെ നായകന്മാരുടെ ആരാധകരും അജിതയെയോ സാറ ജോസഫിനെയോ അറിയില്ലേ? ഇത്തരം തെറി വിളികൾ പോലും സിനിമയുടെ സൃഷ്ടിയാണ്. കളിച്ചാൽ കളി പഠിപ്പിക്കും എന്ന മട്ടിൽ നടിയുടെ പേജിൽ പോയി ഡയലോഗ് അടിക്കൽ ഈ വീര നായകരെ കണ്ട് അലറി വിളിക്കുന്നതാണ്.

നിലനിൽപ്പിന്റെ സമരത്തിലാണ് സിനിമയിലെ ഈ വനിതാ സംഘടന. തൊഴിൽ സുരക്ഷയും വേതനവും ഒക്കെയാണ് ഇവർ പ്രാഥമികമായി ആവശ്യപ്പെടുന്നത്. അവരിൽ ഒരാൾ ആയത് കൊണ്ട് കൂടിയാണല്ലോ പാർവതി പ്രശ്നവത്ക്കരിക്കപ്പെടുന്നത്. ഒരു നടിയെ കൊട്ടേഷൻ കൊടുത്ത് ശാരീരികമായി ആക്രമിക്കാനും അതിനെ ന്യായികരിക്കാനും ആൾക്കാർ ഉണ്ടാവുമ്പോൾ ആ തൊഴിലിടത്തിലെ ചിലർക്കെങ്കിലും ആത്മാഭിമാനം കൊണ്ട് അതിനെതിരെ ശബ്ദമുയർത്തിയെ പറ്റൂ എന്ന അനിവാര്യത വരും. ആ അനിവാര്യത തൊഴിൽപരമായ അവരുടെ പ്രാഥമിക അവകാശമാണ്. ആ അവകാശത്തെ ഭീഷണികൾ കൊണ്ട് റദ്ദു ചെയ്യുന്ന ഒരു കൂട്ടരോട് മറ്റൊരു രീതിയിൽ ഐക്യപ്പെടുന്നവരുണ്ട്. സിദ്ധാന്തങ്ങൾ കൊണ്ട് ഇവരെ തോൽപ്പിക്കുന്നവർ. ഇവരുടെ പ്രിവിലേജുകളുടെ ആഴമെടുത്ത് ഇവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നവർ. ഇവർ നടത്തിയ തൊഴിൽ സമരത്തെ കാണാതെ ഇവരുടെ മുൻനിലപാടുകളുടെ, കഥാപാത്രങ്ങളിലെ പോരായ്മയെ അളക്കുന്നവർ. വെർബൽ ഭീഷണിയും റേപ്പും ചെയ്യുന്നവർക്ക് ഇവർ നിശബ്ദ പിന്തുണയുമായി രംഗത്തുണ്ട്. എന്തായാലും ബലാൽഭോഗങ്ങളുടെയും അതിനെ പിന്തുണക്കുന്ന നൂറായിരം വ്യാഖ്യാനങ്ങളുടെയും ഇടയിൽ പാർവതി നടത്തിയ ചെറുത്തു നിൽപ്പ് അത്രയും വലിയ കയ്യടി അർഹിക്കുന്നു.

‘ഒറ്റ റേപ്പ്‌ വച്ചു തന്നാലുണ്ടല്ലോ’ സമൂഹത്തിന്റെ ജനപ്രിയ നായകന്മാര്‍

പോലീസ് സംവിധാനത്തിനും നിയമവ്യവസ്ഥക്കും അപ്പുറമാണ് തങ്ങളുടെ ‘ഫെമിനിച്ചി’യോടുള്ള പ്രതിരോധം എന്ന് വിശ്വസിക്കുന്നവരുടെ മനോനില എന്താവും? ഔദ്യോഗിക ഫാൻസ്‌ സംഘടനയിൽ ഉള്ളവരുണ്ടോ, അവർ പിന്തുണക്കുന്നുണ്ടോ എന്നൊന്നും അറിയില്ല, പക്ഷെ മമ്മൂട്ടിയുടെ ആരാധകർ എന്നവകാശപ്പെടുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. റേപ്പ് ത്രെട്ട് അടക്കമുള്ള കുറ്റങ്ങളിൽ വ്യക്തമായ തെളിവുകളോടെ ഇവരെ അറസ്റ്റ് ചെയ്താലും മമ്മൂട്ടി ഇതേ മൗനം തുടരില്ലേ? ഇവരുടെ കയ്യടികൾക്കും ആർപ്പു വിളികൾക്കും ഇത്തരം പ്രതിഷേധ ശബ്ദങ്ങൾ സ്വന്തം സുരക്ഷിതത്വത്തിൽ ഇരുന്ന് ഇല്ലാതാക്കാനും ഇവരെ ഉപയോഗിക്കുന്നതിനപ്പുറം കഠിനതടവും ജാമ്യ തുകയും താരം കെട്ടിവെക്കുമോ? പർവ്വതിയോട്, ആക്രമിക്കപ്പെട്ട നടിയോട് ഒക്കെ തുടരുന്ന സുരക്ഷിത മൗനത്തിന്റെ അങ്ങേയറ്റത്തിരുന്നു അദ്ദേഹം, അദ്ദേഹത്തെ പോലുള്ള മറ്റുള്ള ദേഹങ്ങൾ ഇവരെയും കണ്ടിരിക്കും. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സും രാജൻ സ്കറിയയും സ്‌ക്രീനിൽ നിന്നിറങ്ങി വന്ന് അവരുടെ പാത പിന്തുടർന്നതിൽ നിങ്ങളെ അഭിനന്ദിക്കില്ല, പെണ്ണുങ്ങടെ അഹങ്കാരം ഭീഷണിപ്പെടുത്തി തീർത്തതിന് നിയമക്കുരുക്കുകളിൽ നിന്ന് രക്ഷിച്ച് സ്ലോ മോഷനിൽ കൂടെ നടത്തുകയുമില്ല. ഫെമിനിച്ചി പാർവതി പറഞ്ഞപ്പോൾ പിന്തുണച്ച മറ്റൊരു ഫെമിനിച്ചി റിമയുടെ ഭർത്താവിന്റെ പടം കാണാതെ നിങ്ങൾ പ്രതിഷേധിക്കുകയേ ഉള്ളൂ.

ഇനിയിപ്പോ അത്തരം താരങ്ങളുടെ, കസബകളുടെ അഭിമാനം സംരക്ഷിക്കാനുള്ള ദൗത്യം ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഏറ്റെടുത്തതാണെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല. ‘ഫെമിനിച്ചി’ വിരുദ്ധ കൊട്ടേഷനുകളുമായി നിങ്ങൾ മുന്നോട്ടു തന്നെ പോകുക, ഇക്ക സ്‌ക്രീനിൽ ആകാശത്തേക്ക് പറത്തി വിടുന്ന വില്ലന്മാരെയും സിബ് ഇടീച്ചു കൊടുക്കുന്ന വില്ലത്തികളെയും കണ്ടു ധൃതങ്കപുളകിതരാവുക. അതുകണ്ട് ഇഷ്ടമായില്ലെന്നുറക്കെ പറയുന്നവരുടെ അഹങ്കാരം തീർത്ത് പരസ്പരം വീരശൃ൦ഖലകൾ നൽകി ആദരിക്കുക. ഭരതൻ എസ് ഐ എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞാൽ പക്ഷെ അവര് പേടിച്ചു വിറക്കില്ല. വീരനായകന്മാർ പക്ഷെ ചുളുവിൽ ഐ റെസ്‌പെക്ട് വിമൻ എന്നൊക്കെ മൊഴി മാറ്റി രക്ഷപ്പെടുമെന്ന് മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുരഭിക്കു വേണ്ടി രോഷം കൊള്ളുന്ന ആങ്ങള സമൂഹമേ, കേട്ടാലറയ്ക്കുന്ന വാക്കുകള്‍കൊണ്ട് അവരെ തെറിവിളിച്ചതൊക്കെ ഓര്‍മയുണ്ടോ?

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍