UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off Shots

അപര്‍ണ്ണ

സിനിമ

പുത്തന്‍ പണം: നന്മമരക്കാട്ടിലെ വേദനിക്കുന്ന കോടീശ്വര ഗുണ്ടകള്‍

പുത്തൻപണം ഇവിടെ എടിഎമ്മുകളിൽ നിലയ്ക്കാത്ത ക്യു ഉണ്ടായ ഒരു കാലത്തെ കുറിച്ചല്ല സംസാരിക്കുന്നത്

അപര്‍ണ്ണ

രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ പുത്തൻ പണത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടിയുടെ കാസർഗോഡ് ഭാഷാ പ്രയോഗം ആയിരുന്നു. ട്രെയിലറും മറ്റും ശ്രദ്ധിക്കപ്പെട്ടതും സിനിമയിലും മലയാളിയുടെ പൊതുബോധത്തിലും അത്ര കണ്ട് രജിസ്റ്റർ ചെയ്യാത്ത ആ മലയാളം കൊണ്ടായിരുന്നു. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു അണ്ടർവേൾഡ് ആക്ഷൻ ഡയലോഗ് മസാല പടം എന്ന പ്രതീതിയാണ് ട്രെയിലർ ഉണ്ടാക്കിയത്. കാസർഗോഡ് ശൈലിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസയും ട്രോളുകളും ഒരു പോലെ വന്നു.  തിരക്കഥാകൃത്തും കഥയെഴുത്തുകാരനുമായ പി.വി ഷാജികുമാർ ആണ് കാസറഗോഡ് ഭാഷയിലെ സംഭാഷണങ്ങൾ എഴുതിയത്.

ട്രെയിലറിലെ അധോലോക കഥയെ സാധൂകരിക്കുന്ന രീതിയിലാണ് പുത്തൻപണം തുടങ്ങുന്നത്. ഉപകഥയിൽ നിന്ന് തുടങ്ങി നോട്ട് നിരോധന ദിവസത്തെ നിത്യാനന്ദ ഷേണായിലേക്ക് (മമ്മൂട്ടി) കഥ വികസിക്കുന്നു. കോടികളുടെ സാമ്രാജ്യവും വമ്പൻ സംഘബലവും ഉള്ള ഷേണായിക്ക് ‘പുത്തൻപണം’ കാരണം അപ്രതീക്ഷമായി ഒരു ചതി സംഭവിക്കുന്നു. ഇതിനു കണക്കു തീർക്കാനും തന്റെ കൂട്ടുകാരനുമായി മറ്റൊരിടപാട് ശരിയാക്കാനുമായി ഷേണായിയും സംഘവും കൊച്ചിയിലെത്തുന്നു. ഇവിടെ അവർ അപ്രതീക്ഷിതമായി ഒരു ദുരന്തം നേരിടുന്നു. ആ ദുരന്തത്തിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഊരാക്കുടുക്കുകളിലേക്ക് ആ സംഘം എത്തിപ്പെടുന്നു. സംഘബലം കൊണ്ട് ഒരിക്കലും നേരിടാൻ കഴിയാത്ത ആ കുടുക്കിനെ ഷേണായി എങ്ങനെ അതിജീവിക്കുന്നു എന്നതാണ് സിനിമ. പുത്തൻ പണ അനുബന്ധിയായ പ്രതിസന്ധികൾ സിനിമയിൽ ഉടനീളം ഉണ്ടെങ്കിലും ഷേണായി അകപ്പെട്ട ഇമോഷണൽ കുരുക്കാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്

കീറി മുറിയുന്ന സംഭാഷണങ്ങളും തല്ലും സ്ലോ മോഷനും പ്രതീക്ഷിച്ചാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും തീയറ്ററിൽ എത്തിയത്. സിനിമ റിലീസിന് മുന്നേ ഉണ്ടാക്കിയ ഫസ്റ്റ് ഇമ്പ്രെഷൻ അതായിരുന്നു. നിത്യാനന്ദ ഷേണായിയുടെ തോക്കിന്റെ ബിൽഡ് അപ്പ് തന്നെയായിരുന്നു സിനിമയുടെ പ്രീ റിലീസ് മാർക്കറ്റിങ് ടൂൾ. സിനിമയുടെ തുടക്കത്തിലെ കുറച്ചു ഭാഗവും ആ പ്രതീക്ഷയിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. പക്ഷെ പെട്ടന്ന്  യാതൊരു സൂചനയും തരാതെ രഞ്ജിത്തിന്റെ സമകാലിക ശൈലിയായ നന്മമര രീതിയിലേക്ക് കഥ മാറുകയാണ്. പ്രാഞ്ചിയേട്ടനിലെ പോലെ മമ്മൂട്ടിയും ഒരു കുട്ടിയും ഇവിടെയും കടന്നുവരുന്നു. ആ ബന്ധമാകട്ടെ നന്മയുടെ അതിപ്രസരം കൊണ്ട് പ്രേക്ഷകരെ വലക്കുന്നുണ്ട്. നിത്യാനന്ദ ഷേണായി എന്ന ബിൽഡ് അപ്പ് പിന്നെ ഉണ്ടാവുന്നില്ല. മമ്മൂട്ടി എന്ന നടന് കിട്ടിയ  സ്ക്രീൻ സ്പേസ് പോലും കുറവാണ്.

സിനിമ അങ്ങനെ ആവുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷെ ഇതിൽ മാസ്സും നന്മയും കൂടി മിക്സ് ചെയ്യുന്നതിൽ എവിടെയോ ഒരു കുഴപ്പം പറ്റി. സിനിമ നടന്നു കൊണ്ടിരിക്കുമ്പോൾ ഷേണായിയും കുട്ടിയും അമ്മയും പോലീസും എല്ലാം എന്തിനാണ്, എവിടെയാണ് വന്നു പോകുന്നതെന്ന് ഒരു സൂചനയും കിട്ടാത്തെ കഥ മുന്നോട്ട് നീങ്ങുകയാണ്. നന്മയും മാസും രഞ്ജിത്തിന്റെ ഇഷ്ട ഫോർമുലകൾ ആണ്. അദ്ദേഹം സ്ഥിരം കൈവെക്കുന്ന രണ്ടിന്റെയും അളവുകൾ ഇവിടെ തെറ്റി പോയി എന്ന് തോന്നുന്നു. സിനിമയുടെ സബ് ടൈറ്റിൽ ദി ന്യൂ ഇന്ത്യൻ റുപ്പീ എന്നാണ്. രഞ്ജിത്തിന്റെ തന്നെ ഇന്ത്യൻ റുപ്പിയുടെ സീക്വൽ ആകാനുള്ള സാധ്യത അവിടെ ഉണ്ടായിരുന്നു. കാസർഗോഡും കോഴിക്കോട്ടെ കുഴൽപ്പണവും എല്ലാം ചേർന്ന തുടക്കം ആ സാധ്യതയെ കുറച്ചു നേരം തെളിച്ചു നിർത്തി. പക്ഷെ പിന്നീട് അതും നന്മയിൽ മുങ്ങി പോയി.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും വെല്ലുവിളിയും കാസറഗോഡ് ഭാഷയാണ്. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ഭാഷകളുടെ ഉപയോഗം പോലെ അല്ല അത്. ഇവിടുത്തെ ഭൂരിപക്ഷത്തിനും വളരെ അപരിചിതമായ ഒന്നാണത്. ഏകതാനമല്ല ഒരു ഡയലെക്റ്റും എന്ന വസ്തുത നിലനിൽക്കെ തന്നെ കുറച്ചധികം സൂക്ഷ്മത പുലർത്തേണ്ടി വരും കാസർഗോഡ് ഭാഷക്ക്. അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്ന് ഏഴു വ്യത്യസ്ത ഭാഷകൾ കാസർഗോഡ് ഉപയോഗിക്കുന്നുണ്ട്. തുളുവിന്റെയും കന്നഡയുടെയും പ്രത്യക്ഷ സ്വാധീനം ഉണ്ട്. ബ്യാരി എന്ന ഓഫ് ബീറ്റ് സിനിമ ഇവിടത്തെ മാസ്സ് ഓഡിയൻസിലേക്ക് എത്തിയിട്ടും ഇല്ല. മിമിക്രിയിലേക്കും കോമഡിയിലേക്കും വഴുതി വീഴാതിരിക്കാൻ നല്ല ശ്രദ്ധ വേണം. തമിഴ് സ്വാധീനം ഉള്ള ഭാഷാവ്യതിയാനങ്ങൾ  സിനിമയിൽ ഉപയോഗിക്കാൻ  എളുപ്പമാണ്. കാരണം ഇവിടത്തെ ശരാശരി പ്രേക്ഷകർ തമിഴ് സിനിമകൾ നിരന്തരം കാണുന്നവരാണ്. കന്നഡ സിനിമകൾ ഡബ്ബിങ് ആയി മാത്രമേ ഇവിടത്തെ തീയറ്ററിൽ വരാറുള്ളൂ. കർണാടക നഗരങ്ങളിൽ താമസിക്കുന്ന മലയാളികൾ പോലും കന്നഡ സിനിമകൾ കാണുന്നത് വിരളമാണ്. ഈ ഉപരിപ്ലവമായ അപരിചത്വത്തെ പോലും മറികടക്കുക എളുപ്പമല്ല എന്ന് ട്രോളുകളും മറ്റും തെളിയിച്ചു.

കാസർഗോഡ് ഭാഷയെ പറ്റി, സംഭാഷണമെഴുതിയ ഷാജി കുമാർ പറയുന്നതിങ്ങനെ,
ഒരു പ്രദേശത്തിന്റെ ഭാഷയിലേക്ക് സൂക്ഷ്മമായി നോക്കിയാല്‍ വിവിധ ജാതി, മത വിഭാഗങ്ങള്‍ക്കിടെ ചില പ്രത്യേക വൊക്കാബുലറിയും പ്രയോഗവ്യത്യാസങ്ങളുമൊക്കെ കാണാനാവും. അത് കാസര്‍ഗോഡുമുണ്ട്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഭാഷയിലും ചെറിയ വ്യത്യാസങ്ങളുണ്ട്. അതുപോലെ കാഞ്ഞങ്ങാടൊക്കെ ഉപയോഗത്തിലുള്ള ഭാഷയിലും വ്യത്യാസമുണ്ട്. വാക്കുകളിലും പറയുമ്പോഴുള്ള ഈണത്തിലുമൊക്കെ ഈ വ്യത്യാസമുണ്ട്. പക്ഷേ സിനിമയില്‍ അത്തരം സൂക്ഷ്മതകളിലേക്ക് പോയാല്‍ ആര്‍ക്കും ഒന്നും മനസിലാവില്ല. അതിനാല്‍ ഒരു ‘പൊതു’ കാസറഗോഡന്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്‘ (സൗത്ത് ലൈവ് പോർട്ടലിൽ നിർമൽ സുധാകരൻ നടത്തിയ അഭിമുഖത്തിൽ നിന്ന്). ഈ വെല്ലുവിളിയുടെ പ്രയോഗം സംബന്ധിച്ച കൗതുകം ഒന്ന് മാത്രമാണ് സിനിമയെ അല്പമെങ്കിലും സജീവമായി നിർത്തുന്നത്.

നോട്ട് നിരോധനം കൈകാര്യം ചെയുന്ന സിനിമകൾ മലയാളത്തിൽ വന്നിട്ടേ ഇല്ല. പക്ഷെ രഞ്ജിത്ത് സിനിമകൾ എന്തിനെയും പറ്റി സംസാരിക്കും. പുത്തൻപണം ഇവിടെ എടിഎമ്മുകളിൽ നിലയ്ക്കാത്ത ക്യു ഉണ്ടായ ഒരു കാലത്തെ കുറിച്ചല്ല സംസാരിക്കുന്നത്, സാധാരണക്കാരുടെ വറുതികാലത്തെക്കുറിച്ചും അല്ല ഈ സിനിമയിൽ. വീടിന്റെ ഉമ്മറത്ത് കോടികൾ കുഴിച്ചിട്ട കുഴൽപ്പണക്കാരേയും കോടികൾ ക്രയവിക്രയം നടത്തുന്ന അധോലോക ഷേണായിമാരെയും നിത്യ പ്രതിസന്ധിയിൽ ആക്കിയ വിഷയമാണ് നോട്ടുകൾ പിൻവലിക്കൽ. സിനിമയിലെ സാധാരണക്കാർ ഒന്നോ രണ്ടോ പരാമർശത്തിൽ ആ വേദനയെ ഒതുക്കുന്നു. അല്ലെങ്കിലും ഇവിടത്തെ നന്മ മരങ്ങൾ ഇപ്പോഴും എപ്പോളും ‘വേദനിക്കുന്ന കോടീശ്വരന്മാർ’ക്കു പുറകെയാണ്.

പതിവ് രഞ്ജിത്ത് കാഴ്ചകളായ മുടിയിൽ സ്കാർഫ് കെട്ടിയ പെൺകുട്ടിയും അധ്വാനിക്കുന്ന സ്ത്രീയും നന്മ നിറഞ്ഞ ഗുണ്ടയും എല്ലാം ഈ സിനിമയിലും മുറ തെറ്റാതെ വന്നു പോകുന്നുണ്ട്. പല ഭാഷാ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും അവരൊക്കെ സ്ഥിരം കാര്യങ്ങൾ പറയുന്നുണ്ട്. എന്തിനു വന്നു, എവിടേക്കു പോയി എന്നൊന്നും ചോദിക്കരുത്, കഥയിൽ ചോദ്യമില്ല, ചോദിച്ചാൽ ഒരിക്കലും അവസാനിക്കാത്ത ഉണ്ടകളുമായി നിർമിച്ച മുന്തിയ ഇനം വിദേശ നിർമിത തോക്കുമായി ഗോവയിൽ നിന്നും നേരിട്ട് വന്ന് ഷേണായി പണി തീർക്കും. പക്ഷെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ, ന്തപ്പണ്ടായേ… ആരാ ഇവിടെ പടക്കം പൊട്ടിച്ചെ… എന്നൊക്കെ ഇന്നസെന്റിനെ പോലെ ചോദിച്ചാൽ അവരെ സംവിധായകന്റെ ഭാഷയിൽ കക്കൂസെഴുത്തുകാർ എന്നൊന്നും വിളിക്കാൻ  പറ്റില്ല; അവരും മനുഷ്യരല്ലേ, ശീതളിമ ഒട്ടും കിട്ടാതെ പോയ മനുഷ്യർ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍