UPDATES

സിനിമാ വാര്‍ത്തകള്‍

‘മധുരരാജ കോടി ക്ലബിൽ കയറണമെന്ന ഒരാഗ്രവും തനിക്കില്ല, 3 കോടി ജനങ്ങളുടെ മനസ്സിലാണ് കയറേണ്ടത്’; മമ്മൂട്ടി

എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാർ

വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മധുരരാജ നാളെ തിയേറ്ററിലേക്ക് എത്തുകയാണ്. ചിത്രം നിലവിലെ കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ മധുരരാജ എന്ന സിനിമ കോടി ക്ലബിൽ കയറണമെന്ന ഒരാഗ്രവും തനിക്കില്ലെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്നുമായിരുന്നു മമ്മൂട്ടി പറയുന്നത്. 130 ദിവസത്തോളം ഷൂട്ട് ചെയ്‌ത ഒരു വലിയ സിനിമയാണെന്നും എല്ലാവർക്കും ഇഷ്ട്ടമാകുമെന്നാണ് തന്റെ പ്രതീക്ഷ എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന മധുരരാജയുടെ പ്രീ–ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാർ.

സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ സാധാരണയാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവർത്തകർ എത്തുന്നത്. പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടന്നത്. തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, നിർമ്മാതാവ് നെൽസൺ ഐപ്പ്, ജോബി ജോർജ്, സിനിമ താരങ്ങളായ സിദ്ദിഖ്, സലിം കുമാർ, രമേശ് പിഷാരടി, ഷംന കാസ്സിം ,അനുശ്രീ, മഹിമ നമ്പ്യാർ, മാളവിക തുടങ്ങി സിനിമ ലോകത്തെ നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുത്തത്.

2010ൽ വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. എന്നാൽ പോക്കിരിരാജയുടെ തുടർ കഥയല്ലെന്നും ചില കഥാപാത്രങ്ങൾ മാത്രം എടുത്തുകൊണ്ട് മറ്റൊരു കഥാപശ്ചാത്തലത്തിൽ രാജയുടെ കഥ പറയുകയാണ് എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പീറ്റർ ഹെയ്‌നാണ് രാജയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപെടുത്തിട്ടുള്ള ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് ഏപ്രിൽ 12 നാളെ തിയേറ്ററിൽ എത്തിക്കും.

മധുരരാജ പ്രീ ലോഞ്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍