UPDATES

സിനിമാ വാര്‍ത്തകള്‍

തെരുവ് പട്ടിയല്ല, മണി ഇനി സൂപ്പര്‍ സ്റ്റാര്‍; കാല ഡോഗിന്റെ മൂല്യം രണ്ടു കോടിയോളം

കൂടിയ ഇനം ബ്രീഡ് ഒന്നുമല്ല മണി, തനി തമിഴ്‌നാട്ടുകാരന്‍. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ തെരുവു പട്ടി

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സിനിമയാണ് പാ രഞ്ജിത്ത് സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കാല. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ടീസര്‍ വരെയായി ചിത്രം ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. കാലയുടെ പ്രധാന ആകര്‍ഷണം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്നെയാണ്. എന്നാല്‍ രജനിക്കൊപ്പം ഈ സിനിമയില്‍ പ്രേക്ഷകരുടെ ശ്രദ്ധ ഇതിനകം നേടി കഴിഞ്ഞ മറ്റൊരാള്‍ കൂടിയുണ്ട്. മണി!

ആരാണ് മണിയെന്നല്ലേ… കാലയുടെ ഗംഭീരമായ ആ ഇരിപ്പില്‍ കാല്‍ചോട്ടിലായി അതേ ഗാംഭീര്യത്തോടെ ഇരിക്കുന്ന ഒരു നായ ഇല്ലേ, അതാണ് മണി. കൂടിയ ഇനം ബ്രീഡ് ഒന്നുമല്ല മണി, തനി തമിഴ്‌നാട്ടുകാരന്‍. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ തെരുവു പട്ടി. അതു തന്നെയാണ് മണിയുടെ സ്‌പെഷ്യാലിറ്റിയും. പക്ഷേ, ഇപ്പോള്‍ മണിയുടെ സ്റ്റാറ്റസ് ആരും കൊതിച്ചു പോകുന്നതാണ്. മണിയുടെ ട്രെയിനറായ സൈമണ്‍ പറയുന്നത് മണി ഇപ്പോള്‍ തന്നെ നാല് സിനിമകള്‍ ചെയ്തു കഴിഞ്ഞെന്നാണ്. അത്രയ്ക്കാണ് ഡിമാന്‍ഡ്. സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ച് മണിയും മറ്റൊരു സൂപ്പര്‍ സ്റ്റാറായി.

മണി ഈ ചിത്രത്തിലേക്ക് വരുന്നത് തന്നെ തികച്ചും അപ്രതീക്ഷിതമാണെന്നു ബിഹൈന്‍ഡ്‌വുഡ്‌സിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സൈമണ്‍ പറയുന്നുണ്ട്. ആനിമല്‍ ട്രെിയനറായ സൈമണ്‍ ഇതിനോടകം എണ്ണൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് ആവശ്യപ്പെട്ടതിന്‍ പ്രകാരം കാലയിലേക്ക് വേണ്ടി മുപ്പതോളം പട്ടികളെ സൈമണ്‍ കൊണ്ടു ചെന്നിരുന്നു. പക്ഷേ ഒന്നിലും രഞ്ജിത്തിന് തൃപ്തിയായില്ല. സൈമണും അതൊരു വിഷമമായി. ഇത്രനാളത്തെ എക്‌സ്പീരിയന്‍സില്‍ ഇങ്ങനെ ആദ്യമായാണ്. ആ വിഷമത്തില്‍ നടക്കുമ്പോഴാണ് ചെന്നൈയിലെ ഒരു തെരുവില്‍ വച്ച് മണി സൈമണിന്റെ കുറുകെ പോയത്. ഉടന്‍ തന്നെ സൈമന്റെ കണ്ണ് മണിയില്‍ ഉടക്കി. പാ രഞ്ജിത്തിനെ പിന്നെ സൈമണ്‍ കാണാന്‍ പോകുന്നത് മണിയേയും കൂട്ടിയാണ്. ആദ്യ കാഴ്ചയില്‍ മണിയെ രഞ്ജിത്തിനും ഇഷ്ടായി. പക്ഷേ, മെരുങ്ങണം, പിന്നെ എല്ലാവിധ കുത്തിവയ്പ്പുകളും എടുക്കണം. രഞ്ജിത്ത് സൈമണോട് ആവശ്യപ്പെട്ടു. ഒരാഴ്ച കൊണ്ട് മണിയെ നല്ല അനുസരണയുള്ളവനാക്കി മാറ്റി രഞ്ജിത്ത്. സാക്ഷാല്‍ രജനിയും മണിയെ കുറിച്ച് ആദ്യമൊരു സംശയം പ്രകടിപ്പിച്ചെന്നു സൈമണ്‍ പറയുന്നു. പിന്നെ രജനി സാറും മണിയും നല്ല കൂട്ടുകാരായി. സാധാരണ ഷോട്ടുകളെടുക്കുമ്പോള്‍ ട്രെയിനര്‍ അടുത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കും, അതാണ് മൃഗങ്ങള്‍ അനുസരിക്കുന്നത്. എന്നാല്‍ കാലായില്‍ രജനി സാര്‍ തന്നെ മണിയോട് പറയും, അവന്‍ അതുപോലെ തന്നെ ചെയ്യും എന്നാണ് മണി സാക്ഷ്യപ്പെടുത്തുന്നത്. സെറ്റില്‍ വരുന്ന സമയത്ത് രജനി സാറിന്റെ കൈയില്‍ മണിക്കായി ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റും ഉണ്ടായിരിക്കുമെന്നും സൈമണ്‍ പറയുന്നു.

ഇനിയാണ് മണിയെക്കുറിച്ചുള്ള മറ്റൊരു അത്ഭുത വാര്‍ത്ത. മണിയെ തേടി ആവശ്യക്കാര്‍ എത്തുകയാണെന്നാണ് സൈമണ്‍ പറയുന്നത്. മണിയെ ലേലത്തില്‍ വയ്ക്കാനാണ് പലരും പറയുന്നത്. മലേഷ്യല്‍ നിന്നും ചിലര്‍ വിളിച്ചു ചോദിച്ചത് മണിയെ തങ്ങള്‍ക്ക് തരുമോ, വിലയായി ഒന്നോ രണ്ടോ കോടി തരാമെന്ന്!!!

ഇനി പറ, മണി സൂപ്പര്‍ സ്റ്റാര്‍ തന്നെ അല്ലേ…കോടികള്‍ മൂല്യമുള്ള, അന്താരാഷ്ട്ര പ്രശസ്തി കൈവന്ന സൂപ്പര്‍ സ്റ്റാര്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍