UPDATES

സിനിമാ വാര്‍ത്തകള്‍

കങ്കണ വഞ്ചിച്ചെന്നു നടി മിഷ്തി ചക്രവര്‍ത്തിയും; മണികര്‍ണക വിവാദം കൊഴുക്കുന്നു

സംവിധാകന്‍ ക്രിഷും കങ്കണയ്‌ക്കെതിരേ ഗുരുതുര ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്

ബോക്‌സ് ഓഫിസില്‍ നേട്ടം കൊയ്തു മുന്നേറുകയാണെങ്കിലും കങ്കണ റണൗട്ടിന്റെ മണികര്‍ണിക കൂടുതല്‍ വിവാദങ്ങളിലേക്കും വീഴുകയാണ്. സംവിധായകന്‍ ക്രിഷിനു പിന്നാലെ മണികര്‍ണികയിലെ താരമായ നടി മിഷ്തി ചക്രവര്‍ത്തിയും കങ്കണയ്‌ക്കെതിരേ രംഗത്തു വന്നതോടെയാണിത്. ക്രിഷിന്റെ വിമര്‍ശനങ്ങള്‍ ശരിവച്ചുകൊണ്ടാണ് മിഷ്തിയും കങ്കണയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിക്കുകയായിരുന്നുവെന്നും തനിക്ക് മാത്രം പ്രാധാന്യം കിട്ടാന്‍ മറ്റുള്ളവരുടെ കഥാപാത്രങ്ങളെല്ലാം വെട്ടിമുറിച്ചു കളയുകയും ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിംഗ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കി കങ്കണ സിനിമ മൊത്തത്തില്‍ തന്റെ വഴിക്കാക്കിയെന്നും മിഷ്തി ചക്രവര്‍ത്തി ആരോപിക്കുന്നു.

തന്നെ കങ്കണ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നാണ് മിഷ്തി ചാറ്റര്‍ജി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കി അഭിമുഖത്തില്‍ പ്രധാനമായും ആരോപിക്കുന്നത്. സിനിമ തിയേറ്ററില്‍ കണ്ട് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നാണ് മിഷ്തി പറയുന്നത്. ഞാനെന്താണോ പ്രതീക്ഷിച്ചത് അതായിരുന്നില്ല കണ്ടത്, എന്നോട് എന്തായിരുന്നോ വാഗ്ദാനം ചെയ്തത് അതുമല്ലായിരുന്നു, എന്തായിരുന്നോ ഷൂട്ട് ചെയ്തത് അതുമായിരുന്നില്ല എന്നാണ് മണികര്‍ണിക കണ്ടശേഷം മിഷ്തി കങ്കണ തന്നോട് ചെയ്ത ചതിയായി പറയുന്ന കാര്യങ്ങള്‍.

സ്വയം മഹത്വവത്കരിക്കണമെങ്കില്‍ അത് മറ്റുള്ളവരെ ചവിട്ടിതാഴ്ത്തിയിട്ട് ആകരുതെന്നാണ് കങ്കണയോട് മിഷ്തി ഓര്‍മിപ്പിക്കുന്നത്. നിങ്ങള്‍ മഹത്വമുള്ളൊരാളാണെങ്കില്‍ ഒരാള്‍ക്കൂട്ടത്തില്‍ പ്രത്യേകമായി നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും, അതിനുള്ള ആത്മവിശ്വാസം ഇല്ലെങ്കില്‍ എല്ലാം തനിക്കുമാത്രമായി പിടിച്ചെടുക്കാന്‍ ശ്രമിക്കും; മിഷ്തി പരിഹസിക്കുന്നു.

സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യപ്രാധാന്യം സിനിമയില്‍ ഉണ്ടായിരിക്കുമെന്നായിരുന്നു കങ്കണയുടെ വാഗ്ദാനം എന്നും എന്നാല്‍ അതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്ന് സിനിമ തിയേറ്ററില്‍ എത്തിയപ്പോഴാണ് മനസിലാകുന്നതെന്നും മിഷ്തി കുറ്റപ്പെടുത്തുന്നു.

നേരത്തെ ക്രിഷനും ഇതേവിമര്‍ശനങ്ങളായിരുന്നു കങ്കണയയ്‌ക്കെതിരേ ഉയര്‍ത്തിയിരുന്നത്. മണികര്‍ണകയുടെ സംവിധാനം ആദ്യം ക്രിഷ് ആയിരുന്നുവെങ്കിലും പാതി വഴിയില്‍ ക്രിഷ് പ്രൊജക്ട് ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നും പിന്നീട് കങ്കണയാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കങ്കണയുടെ ഭാഗത്തു നിന്നും സഹിക്കാന്‍ പറ്റാത്ത പെരുമാറ്റങ്ങള്‍ ഉണ്ടായതോടെയാണ് താന്‍ പിന്മാറിയതെന്നും പാതിവഴിയില്‍ ഇട്ടുപോവുകയായിരുന്നില്ല, മുക്കാല്‍ഭാഗവും തീര്‍ത്തത് താന്‍ തന്നെയാണെന്നും ക്രിഷ് പ്രതികരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ക്രെഡിറ്റും സ്വയം ഏറ്റെടുക്കുകയാണ് കങ്കണ ചെയ്യുന്നതെന്നും തന്റെ കഴിവ് ഇപ്പോള്‍ എല്ലാവരേയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട സാഹചര്യത്തിലേക്ക് കങ്കണ തന്നെ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും ക്രിഷ് കുറ്റപ്പെടുത്തുന്നു. ക്രിഷിന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതരത്തില്‍ മിഷ്തി ചക്രവര്‍ത്തിയും രംഗത്തു വന്നതോടെ കങ്കണ വീണ്ടും വിവാദ നായികയായി മാറിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍