UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ കഥ എന്നോട് ചോദിക്കാതെ സിനിമയാക്കിയില്ലേ?; വാരിക്കുഴിയിലെ കൊലപാതകം കണ്ട ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി ചോദിക്കുന്നു

തന്റെ നോവല്‍ തട്ടിയെടുത്തതിന് 10 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കേസ് കൊടുക്കുമെന്ന് മണിയന്‍ പിള്ള രാജു പറയുകയാണ്

ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം കണ്ടവരാരും ചിത്രത്തിലെ ടോണി കുരിശിങ്കലിന്റെ സുഹൃത്തായ ഹിച്ച്‌കോക്ക് കഞ്ഞി കുഴിയെ  മറക്കാനിടയില്ല. ടോണിയായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഹിച്ച്‌കോക്കിനെ അവതരിപ്പിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു.

ചിത്രത്തിലെ ഹിച്ച്‌കോക്കിന്റെ വാരിക്കുഴിയിലെ കൊലപാതകം എന്ന നോവലും എല്ലാവരും ഓർമിക്കുന്നുണ്ടാകും.ട്രെയിന്‍ യാത്രക്കിടെ തന്റെ നോവലിന്റെ കാര്യം കഞ്ഞിക്കുഴി മമ്മൂട്ടിയോട് സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കഥ പറയേണ്ട പിന്നെയാകാം എന്ന് പറഞ്ഞ് മമ്മൂട്ടി തടിതപ്പുന്നതും നമ്മൾ കണ്ടതാണ്.

ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്കിപ്പുറം വാരിക്കുഴിയിലെ കൊലപാതകം സിനിമയായിരിക്കുകയാണ്.

തന്റെ നോവല്‍ തട്ടിയെടുത്തതിന് 10 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കേസ് കൊടുക്കുമെന്ന് മണിയന്‍ പിള്ള രാജു പറയുകയാണ് . സിനിമ കണ്ടതിനു ശേഷം ക്ലബ് എഫ്.എം ആര്‍.ജെ ശിഖയുടെ ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ സ്വപ്‌നം അവസാനം സാക്ഷാത്കരിച്ചുവല്ലേ എന്ന ചോദ്യത്തിനായിരുന്നു ഈ രസകരമായ  മറുപടി

‘കേരളത്തിലെ ജനങ്ങളെല്ലാം കണ്ടതാണ്, ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടേതാണ് ആ നോവല്‍. സാക്ഷിയായി മോഹന്‍ലാല്‍, മമ്മൂട്ടി, ജഗദീഷ് അങ്ങനെ എല്ലാവരും ഉണ്ട്. എന്റെ കഥ എന്നോട് ചോദിക്കാതെ സിനിമയാക്കിയില്ലേ? പത്ത് കോടി നഷ്ടപരിഹാരം ചോദിക്കണമെങ്കില്‍ ഈ സിനിമ 11 കോടിയെങ്കിലും കളക്ട് ചെയ്യണം. അതിന് നിങ്ങള്‍ എല്ലാവരും സഹായിക്കണം’- മണിയന്‍പിള്ള രാജു പറഞ്ഞു.

രാജേഷ് മിഥില സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അമിത് ചാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍