UPDATES

സിനിമ

മഞ്ജു വാര്യര്‍, ഹാറ്റ്സ് ഓഫ്‌; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആവേശത്തിനപ്പുറത്തേക്ക് ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് മഞ്ജുവിനെപോലെ ചിലര്‍ ആ ചടങ്ങിനും മുന്നേ തിരിച്ചറിഞ്ഞിരിക്കണം.

ഇന്ന് ആ കുട്ടി സുഖമായി ഉറങ്ങും; ഫെയ്‌സ്ബുക്കില്‍ കണ്ട പോസ്റ്റാണ്. അതേ ആ കുട്ടി ഇന്ന് സുഖമായി ഉറങ്ങും. ഒരുപക്ഷേ ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് അവള്‍ പലരോടായി നന്ദി പറഞ്ഞു കാണണം. ആ കൂട്ടത്തില്‍ ഒരാള്‍ മഞ്ജു വാര്യരായിരിക്കണം. അങ്ങനെ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ ഒരു പെണ്‍കുട്ടി(നടി എന്ന കാറ്റഗറൈസേഷന്‍ ആവശ്യമില്ല) പൊതുനിരത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് കാരണക്കാരനായവര്‍ നിയമത്തിന്റെ പിടിയിലാകുമ്പോള്‍ ആരെയൊക്കെ പ്രശംസിച്ചാലും പുകഴ്ത്തിയാലും മഞ്ജു വാര്യര്‍ എന്ന സ്ത്രീയുടെ (ഇവിടെയും നടി എന്ന ടാഗ് ഒഴിവാക്കുന്നു) നിശ്ചയദാര്‍ഢ്യവും ബോധ്യവും അതിനിടയില്‍ പ്രത്യേകമായി തന്നെ അടയാളപ്പെടുത്തണം.

ഓര്‍ക്കുക, എറണാകുളം ദര്‍ബര്‍ ഹാള്‍ ഗ്രൗണ്ടിലെ ആ സായാഹ്നം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിക്കാന്‍ മലയാള സിനിമ മേഖല ഒത്തുകൂടിയ സായാഹ്നം. എത്രയോപേര്‍ സംസാരിച്ചു, വികാരം കൊണ്ടു, ആവേശം കൊണ്ടു, കണ്ണീരൊഴുക്കി, കൈയടി വാങ്ങി. പക്ഷേ ഒരാളുടെ മാത്രം വാക്കുകളിലായിരുന്നു ജനം അന്നും പൂര്‍ണമായ ആത്മാര്‍ത്ഥ തിരിച്ചറിഞ്ഞത്, പലതും സംശയിച്ചത്. അതു മഞ്ജുവിന്റെ വാക്കുകളായിരുന്നു.

ഇവിടെയിരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരേയും പല അര്‍ദ്ധ രാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുള്ള ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. അതിന് നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

ആ പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മഞ്ജുവിന്റെ ഈ വാക്കുകള്‍. അന്ന് ഗൂഢാലോചന സംശയങ്ങള്‍ക്ക് ഇത്ര ബലം വച്ചിരുന്നില്ല. ഒരാളുടെ പേരും അതിലേക്ക് ഉയര്‍ന്നു വന്നിരുന്നുമില്ല. എന്നാല്‍ പതറാതെ, ഉറപ്പോടെ മഞ്ജു പറഞ്ഞത് (മറ്റാരും തന്നെ പറയാതിരുന്നതും) ഇതിനു പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നാണ്. ആയിരിക്കാമെന്നോ, സംശയിക്കാമോ എന്നുപോലുമല്ല. അവര്‍ ഉറപ്പിച്ചു തന്നെയാണ് പറഞ്ഞത്; ഇതു ഗൂഡാലോചനയാണ്, ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന് നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് പറഞ്ഞത്. അതും മലയാള സിനിമാ ലോകം ഭരിക്കുന്നവരുടെയും ചാനല്‍ ക്യാമറകളുടെയും മധ്യത്തില്‍, പൊതുജന മധ്യത്തില്‍, തല ഉയര്‍ത്തിപ്പിടിച്ച്. ഉള്ളില്‍ തിളയ്ക്കുന്ന ക്ഷോഭത്തില്‍ എവിടെയൊക്കെയോ വാക്കുകള്‍ക്കിടയില്‍ അകലം ഉണ്ടായെങ്കിലും ആ ഹ്രസ്വമായ പ്രസംഗം ഒരാഹ്വാനമായിരുന്നു.

ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചു കിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട് എന്നു കൂടി പറഞ്ഞിരുന്നു തന്റെ സംസാരം അവസാനിപ്പിക്കുന്നതിനു മുമ്പായി മഞ്ജു. ഒരോര്‍മപ്പെടുത്തല്‍. മഞ്ജു വാര്യര്‍ നൂറു കണക്കിന് മലയാള ചലച്ചിത്ര നടികളില്‍ ഒരാള്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ സ്വാധീനമുണ്ടായിരുന്ന എത്രയോ നടികള്‍ അവരുടെ മുന്‍ഗാമികളായി ഉണ്ടായിരുന്നു. പക്ഷേ ഒരു സ്ത്രീയുടെ കരുത്തില്‍, മലയാള സിനിമയുടെ ആണ്‍ഗരിമയ്ക്കു മുന്നില്‍ നിന്ന് ശബ്ദമുറച്ച് പറയാന്‍ ഒരു മഞ്ജു വാര്യരേ ഇന്നോളം ഉണ്ടായിട്ടുള്ളൂ. ഒരു നടിയെന്ന നിലയില്‍ മാത്രമല്ല, ഒരു സ്ത്രീയെന്ന നിലയില്‍ കൂടി അവരുടെ അനുഭവങ്ങള്‍ പകര്‍ന്നുകൊടുത്ത കരുത്തായിരിക്കണം അത്.

"</p

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആവേശത്തിനപ്പുറത്തേക്ക് ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് മഞ്ജുവിനെപോലെ ചിലര്‍ ആ ചടങ്ങിനും മുന്നേ തിരിച്ചറിഞ്ഞിരിക്കണം. ആ തിരിച്ചറിവാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അവര്‍ക്കൊപ്പം, ഞങ്ങളുണ്ട് എന്നു വ്യക്തമാക്കി ഒരു കൂട്ടം സ്ത്രീകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് മഞ്ജുവിനെ പോലുള്ളവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളില്‍ നിന്നാകണം. നാളെ ഏതൊരു സ്ത്രീയുമാകാം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് എന്നവര്‍ മനസിലാക്കി. അവിടെയും നമുക്ക് ഉറപ്പിക്കാം, അമ്മ പോലൊരു സംഘടനയെ പ്രകോപിപ്പിച്ചുകൊണ്ട് ഒരു സമാന്തര സ്ത്രീ സംഘടന ഉണ്ടാക്കണമെങ്കില്‍, അതിനു മുന്നില്‍ നിന്നും നായകത്വം വഹിച്ചതും മഞ്ജു തന്നെയായിരിക്കണം. അതിനുള്ള സ്‌പേസ് സിനിമില്‍ അവര്‍ക്കുണ്ട്; അതൊരാളുടെയും സൌജന്യമല്ല, ഒരാളുടെ രാഷ്ട്രീയ ബോധ്യത്തില്‍ നിന്നുണ്ടായതാണ് എന്ന് ഇന്ന് മലയാളി മനസിലാക്കുന്നുണ്ട്‌. ഇങ്ങനെ ഒരു സംഘടന ഉണ്ടായതിന്റെ പേരില്‍ താനടക്കമുള്ളവരെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നു എന്ന റീമ കല്ലിങ്ങലിന്റെ വാക്കുകള്‍ ഓര്‍ക്കുക, അത് താന്‍ കാര്യമാക്കുന്നില്ല എന്ന അവരുടെ ഉറച്ച വാക്കുകളും.

ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ് മഞ്ജുവിനെ എങ്ങനെയാണ് ബാധിക്കുക എന്നറിയില്ല. മകള്‍ മീനാക്ഷി ഉണ്ട്. പക്ഷേ, ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരായാണവര്‍ നിലകൊണ്ടത്, തന്റെ നഷ്ടങ്ങള്‍ക്കപ്പുറം ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വിശ്വാസത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങാന്‍ സാധിക്കുമെന്നത് മാത്രമായിരിക്കണം മഞ്ജുവിനെ ആശ്വസിപ്പിക്കുന്ന ഏകകാര്യം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍