UPDATES

സിനിമ

പ്രേമം കൊണ്ട് കര കവിയുന്ന നദികള്‍

സ്വപ്‌നങ്ങളുടേയും തകര്‍ച്ചയുടെയും ശരീരവും മനസും നിറയുന്ന ഒരു രക്ഷയുമില്ലാത്ത പ്രേമത്തിന്റേയും കഥയാണിത്‌

നൂറു നൂറുമോഹങ്ങളിങ്ങനെയുണ്ട്. മായാനദിപോലൊഴുകുന്നത്. ഹസാരോന്‍ ഖ്വായിഷേന്‍ അയ്‌സിയിലെ ‘ബാവ് രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്‌നാ’ ഒരുവള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്ന് പാടുന്ന രാത്രിയുണ്ട്. സ്വപ്നങ്ങള്‍ മുറിഞ്ഞ രാത്രി. കോര്‍ക്ക് ഓപ്പണറില്ലാതെ നമ്മള്‍ വീണ്ടും വീണ്ടും ചെയ്യുന്ന അതേ കാര്യം- സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി വലിച്ച്, ബാക്കി കോര്‍ക്ക് വൈനിലേയ്ക്ക് തള്ളിയിട്ട്, കുപ്പി മൊത്തത്തിലുയര്‍ത്തി വലിച്ച് കുടിക്കുന്ന രാത്രി. ബാല്‍ക്കണിയില്‍ ഒരുവള്‍ പാടുന്നവളുടെ മടിയില്‍ കിടക്കുന്നുണ്ട്. മറ്റൊരുവള്‍ അരികില്‍ ഇരിക്കുന്നുണ്ട്. ഒരോരുത്തരും ഒരോ സ്വപ്‌നങ്ങളിലാണ്. അവിടെയില്ലാത്ത ഒരുവന് സ്വപ്‌നങ്ങളുടെ തീരമാണ് ദുബായ്. അവടെ തുഴഞ്ഞെത്തിയാല്‍ ഇന്നലെയും ഇന്നും റദ്ദ് ചെയ്ത് നാളെയെന്ന സ്വപ്‌നത്തിലെത്തും. അവനും അവളുമുള്ള സ്വപ്‌നത്തില്‍. അവള്‍ക്കാകട്ടെ അവളെ തന്നെ ലോകത്തിന് മുന്നില്‍, ചുരുങ്ങിയ പക്ഷം സ്വന്തം കുടംബത്തിന് മുന്നിലെങ്കിലും സ്വന്തമായി അടയാളപ്പെടുത്തണം. ദുബായ് അല്ല, നില്‍ക്കുന്നിടത്ത് നിന്നാണവള്‍ക്ക് സ്വപ്‌നലോകമുണ്ടാക്കേണ്ടത്. മറ്റൊരുവളുണ്ട്, അവള്‍ക്ക് ദുബായിലേയ്ക്കുള്ള പോക്ക് അവളുടെ സ്വാതന്ത്ര്യത്തിന്റെ അന്ത്യമാണ്. ദുബായില്‍ നിന്നൊരു വിളി വരാതിരുന്നാല്‍ അവള്‍ക്ക് സ്വന്തം സ്വപ്‌നത്തില്‍ തുടരാം. പാടുന്നവളുണ്ട്, കൂട്ടുകാരികളെ അണച്ചുപിടിക്കുന്നവള്‍.

അപകടങ്ങള്‍, കൂട്ട ആത്മഹത്യകള്‍, കൂട്ടക്കൊലകള്‍, ദുരന്തങ്ങള്‍ ഇവയിലൊക്കെ ഒരു കുടംബങ്ങളിലെ മുഴുവനും പേരും ഇല്ലാതാകുമ്പോഴും ജീവിതത്തില്‍ ബാക്കിയായി പോകുന്ന ഒറ്റ ജന്മങ്ങള്‍ ഇല്ലേ? വാര്‍ത്തകള്‍ വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ ആ ഒറ്റ ജീവിതങ്ങള്‍ക്ക്, തുടര്‍ന്നുള്ള കാലത്തൊപ്പമുണ്ടാകുന്ന ശൂന്യതകള്‍, ഏകാന്തതകള്‍, സര്‍വൈവര്‍ എന്ന വാക്കിന്റെ ബലം കൊണ്ട് മറികടക്കാനാവുമോ എന്ന് നടുങ്ങും. അങ്ങനെ ഒരുവനുണ്ട്. ഇന്നലെയും ഇന്നും പാഴായി, നാളെത്തെ കുറിച്ച് മാത്രമേ സ്വപ്‌നം കാണാനാകൂ എന്ന് കരുതുന്നവന്‍. പൂച്ചയുടെ ജന്മം, സര്‍വൈവര്‍. തൊണ്ടിമുതലിലെ പ്രസാദിനെ പോലെയാണ് സര്‍വൈവേഴ്‌സ്. അവസാനം വരെ പിടിച്ച് നില്‍ക്കുന്നവര്‍. ശരിയുടേയും തെറ്റിന്റേയും നേര്‍ത്ത സാമൂഹ്യരേഖകള്‍ക്കപ്പുറമാണോ ഇപ്പുറമാണോ എന്ന് സ്വയം ഉറപ്പില്ലാത്തവര്‍.

മാത്തന്റെ കഥയാണെങ്കിലും അവന്‍ പ്രേമിക്കുന്ന അപ്പുവെന്ന അപര്‍ണ്ണയുടെ കഥയാണ്. അപര്‍ണ്ണ എന്ന യുവതി, മോഡല്‍, ആസ്‌പെയറിങ് ആര്‍ട്ടിസ്റ്റ്. പ്രേമത്തില്‍ തോറ്റവള്‍, വീണ്ടും മൂക്കും കുത്തി വീഴുന്നവള്‍, വീടുനോക്കുന്നവള്‍, കൂട്ടുകാരികള്‍ ഉള്ളവള്‍, ഉമ്മവയ്ക്കുന്നവള്‍, ശരീരമെന്ന ആനന്ദത്തെ അനുഭവിക്കുന്നവള്‍, ഒറ്റയ്ക്ക് നടക്കുന്നവള്‍, കുടുംബങ്ങള്‍ കൊണ്ട് വ്യവസ്ഥകള്‍ കൊണ്ട് മുറിവേറ്റവള്‍, വീണവള്‍, ഉയര്‍ത്തെഴുന്നേറ്റവള്‍. ഐശ്വര്യ ലക്ഷ്മി എന്ന നടി കഴുത്തല്പം നീട്ടി, ആത്മവിശ്വാസത്തോടെ അപ്പുവിലേയ്ക്ക് പ്രവേശിക്കുന്നത് കണ്ടിരിക്കാന്‍ എന്തൊരു രസമാണ്. നടി, കൂട്ടുകാരി, കാമുകി, മകള്‍, സഹോദരി എന്നിങ്ങനെ റോളുകള്‍ മാറി മാറി ചെയ്യുമ്പോഴും തനിക്ക് വേണ്ടി ജീവിക്കണമെന്ന് ഉറപ്പിച്ചവളുടെ കരുത്തുണ്ട് അപ്പുവില്‍. ഓഡിഷനിലേയ്ക്ക് കേറുമ്പോള്‍ അവള്‍ക്ക് വിളിക്കാന്‍ പക്ഷേ, പയ്യനും വിശ്വസിക്കാന്‍ കൊള്ളാത്തവനും ആയ ഒരുവന്‍ മാത്രമേയുള്ളൂ. അവള്‍ വിളിക്കുമ്പോള്‍ അപ്പുറെയുണ്ടാകുമെന്നുറപ്പുള്ളന്‍.

കെട്ട്യോളും ഫെമിനിച്ചികളും മാത്രമല്ല, നല്ല സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം മായാനദി കാണും; വിലകുറഞ്ഞ ആക്രമണങ്ങള്‍ പരാജയപ്പെടുകയേയുള്ളൂ

പ്രേമം കൊണ്ട് കരകവിയുന്ന നദികള്‍ അധികമൊന്നും അടുത്തകാലത്ത് മലയാളത്തില്‍ കണ്ടിട്ടില്ല; അന്നയും റസൂലുമല്ലാതെ. ക്രൈം ത്രില്ലറിന്റെ ഴോണറില്‍ തുടങ്ങി അതീവസാധാരണത്വത്തോടെ ഉള്ളുലയ്ക്കുന്ന പ്രേമത്തിലേയ്ക്ക് കടക്കുകയാണ് ‘മായാനദി’. സുന്ദരമായ സീക്വന്‍സുകളും അതീവതന്മയത്വമുള്ള സംഭാഷണങ്ങളും. ആന്തരികമായി ഉള്‍ച്ചേര്‍ന്ന വയലന്‍സിനെ ദൃശ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി പകരം പ്രേമത്തിനേയും ശരീരങ്ങളേയും പ്രതിഷ്ഠിക്കുന്നകയാണ് സിനിമ. ധീരമായ പേസിങ് കൊണ്ട് പ്രേമത്തിന്റെ താളത്തെ ദൃശ്യത്തോട് ലയിപ്പിക്കുന്നുണ്ട് മായാനദി.

ആഷിഖ് അബു പത്മരാജനേക്കാള്‍ താഴെ പ്രിയദര്‍ശനേക്കാള്‍ മുകളില്‍: സനല്‍ കുമാര്‍ ശശിധരന്‍

ക്രൈമില്‍ നിന്ന് റിട്ടയര്‍ചെയ്ത് ചെറിയൊരു ഷോപ്പിട്ട് സമാധാനത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കുമ്പോഴും ഭൂതകാലത്തുനിന്നെപ്പോഴുമെത്താവുന്ന പ്രേതങ്ങളോടുള്ള ഭയം കണ്ണുകളിലുള്ള ഒരു മനുഷ്യനുണ്ട്. അനിയനെ പോലൊരുത്തനെ കൂടെ പിടിക്കുന്നവന്‍. അയാളെയും നയിച്ച ഒരു പ്രേമമുണ്ട്. മുകളിലെ ഫ്ലാറ്റിലെ ചേച്ചിയുണ്ട് വിഷമങ്ങളുടെ, പരാതികളുടെ മാറാപ്പുകാരി, മുന്‍സിപ്പില്‍ കൗണ്‍സിലറല്ലാത്ത, ഒരു കൗണ്‍സിലറുണ്ട്, കണ്‍നിറയെ സ്‌നേഹമുള്ള കൂട്ടുകാരി, കിസ് ഓഫ് ലൗ ഒക്കെ ഷെയര്‍ ചെയ്യുന്ന ലോ കോളേജ് അനിയനുണ്ട്, അവന്റെ അസാധാരണമായ ഈസിനസുണ്ട്. ഒരു നടിയും അവളുടെ മാനേജറും മേക്ക് അപ് മാനുമുണ്ട്, മലയാള സിനിമ മുടിഞ്ഞു പോട്ടെ എന്ന് പിരാവുന്ന റ്റെന്‍ഷനുള്ള ഡയക്ടറുണ്ട്. വേണങ്കി ഓസിക്കോട്ടോ എന്ന് പറയുന്ന ഒരു കടലവില്‍പ്പനക്കാരനുണ്ട്. അസിസ്റ്റന്‍ഡ് ഡയറക്ടറായ ഉണ്ണിമായയുണ്ട്. മൂന്ന് പോലീസുകാരുണ്ട്. അതിലൊരുവന്‍, മസിലന്‍, ആദ്യമെത്തുന്നത് കാമുകിയുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ്. പോലീസുകാരനാണെങ്കിലും ഡ്യൂട്ടിയിലാണെങ്കിലും ജിമ്മനാണെങ്കിലും ചിരിക്കാത്തവനാണെങ്കിലും കാമുകനും പ്രേമത്തില്‍ വിശ്വസിക്കുന്നവനുമായ അയാളെ നമുക്കറിയാം, ഭാര്യ മടുത്തിറങ്ങിപ്പോയത് കൊണ്ട് പെണ്‍വര്‍ഗ്ഗത്തെ വെറുക്കുന്ന മറ്റേ പോലീസുകാരന്റെ കഥയും നമുക്കറിയാം. പക്ഷേ അപ്രതീക്ഷിതമായി നമ്മെ നടക്കിയ മൂന്നാമത്തെ പോലീസുകാരന്റെ കഥയെന്താണ്? അതു നമ്മളറിയില്ല. ഇങ്ങനെ ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്നതും സ്‌ക്രീനില്‍ നിമിഷാര്‍ദ്ധം അടയാളപ്പെടുത്തി പോകുന്നവരുമായ പൂര്‍ണ്ണ കഥാപാത്രങ്ങളിലൂടെയാണ് ‘മായാനദി’ ഒഴുകുന്നത്.

സംഗീതവും സിനിമാട്ടോഗ്രഫിയും പരസ്പരമിങ്ങനെ പടര്‍ന്നുകിടക്കുന്ന സിനിമകള്‍ കണ്ടിരിക്കുക എന്തൊരാനന്ദമാണ്. ആഷിഖ് അബുവിന്റെ സിനിമയാണിത്. സംവിധായകന്റെ സിനിമ. എടുത്തുപറയേണ്ട പേരുകള്‍ പലതുമുണ്ടെങ്കിലും ശ്യാം – ദിലീഷുമാര്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ വാങ്ങുന്ന കൈയ്യടികള്‍ സ്‌പെഷ്യലാണ്. എന്നുടെ ഒച്ച നീ കേട്ടുവോ വേറിട്ട് എന്ന് അവര്‍ കാണികളോട് ചോദിക്കും.

കാണാത്താതും കേള്‍ക്കാത്തതുമായ കഥകളില്ല ലോകത്ത്. ആദ്യത്തെ കഥയല്ല. ലക്ഷണമൊത്ത കലാരൂപമല്ല, സ്വപ്‌നങ്ങളുടേയും തകര്‍ച്ചയുടെയും ശരീരവും മനസും നിറയുന്ന ഒരു രക്ഷയുമില്ലാത്ത പ്രേമത്തിന്റേയും കഥയാണ്. സുന്ദരമായ കാഴ്ചാനുഭവത്തിന്, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന സ്‌നേഹത്തിന് മായാനദിക്കാര്‍ക്ക് നന്ദി.

മായാനദി; ഒരു റിയലിസ്റ്റിക് പ്രണയചിത്രം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍