UPDATES

സിനിമ

അവര്‍ തിരിച്ചടികളെ ഭയപ്പെട്ടു തുടങ്ങി; ഇനി ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങുകയാണ് വേണ്ടത്

അകത്തച്ഛന്‍മാരുടെ യുദ്ധമുറകളെ മണ്ണില്‍ ചവിട്ടി നിന്നു വെല്ലുവിളിക്കാന്‍ ഇവിടെയിപ്പോള്‍ ആഷിഖ് അബുവിനെയും അമല്‍ നീരദിനേയും അന്‍വര്‍ റഷീദിനെയുമൊക്കെ പോലുള്ള സിനിമാക്കാരുണ്ട്

സിനിമാക്കാരുടെ, പ്രത്യേകിച്ച് താരങ്ങളുടെ സ്വഭാവരീതികള്‍ (സെലിബ്രിറ്റി ഇമേജ് വന്നതിനുശേഷമുള്ള) കുറച്ചൊക്കെ അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞൊരാളെന്ന നിലയില്‍ പറയട്ടെ, തിരിച്ചടികളെ അവര്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ അപ്രമാദിത്വങ്ങളോടുള്ള വെല്ലുവിളി അവഗണിക്കാനാവാത്തതാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. സ്വതവേയുള്ള നയചാരുതയോടെയാണെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിപ്പോയ ‘ആവേശ’ത്തിന് മാപ്പ് പറയാന്‍ ഇന്നസെന്റ് തയ്യാറായതുപോലും അതിന്റെ തെളിവാണ്. സിനിമാക്കാരും സാധാരണജനങ്ങളും തമ്മിലുള്ള അന്തരം എന്നത് ഒരു ജലരേഖമാത്രമാണ് എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി എന്നതാണ് അമ്മ എന്ന സംഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായതായുള്ള ഇന്നസെന്റിന്റെ ഏറ്റുപറച്ചില്‍.

ജനകീയത എന്ന ഇമേജ് ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയ്ക്ക് ഇന്നസെന്റിന്റെ സ്വകാര്യ ആവശ്യമാണെങ്കില്‍ പോലും അദ്ദേഹത്തിലെ സിനിമ താരവും ജനകീയവിചാരണയെ ഭയപ്പെടുന്നുണ്ട് എന്നത് ആ ശരീരഭാഷയില്‍ വ്യക്തമാണ്. പൊതുസമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടവരും സാധാരണക്കാരുമായി ബന്ധം പാടില്ലാത്തവരുമാണ് തങ്ങളെന്ന തെറ്റിദ്ധാരണ ഒരു പുതുമുഖനടനില്‍ പോലുമുണ്ട്. പക്ഷേ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ആ ധാരണകളെ വെല്ലുവിളിക്കുകയാണ്. പുറംതോടുകള്‍ അണിയാത്ത ചിലര്‍ സിനിമയിലേക്ക് കടന്നെത്തുകയും സ്ഥാനം കണ്ടെത്തുകയും ചെയ്തതോടെ ദന്തഗോപുരവാസികള്‍ ഒറ്റപ്പെട്ടു തുടങ്ങി.

ഈ മാറ്റം കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്നതാണ് നടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പൊതുവെ സിനിമാക്കാരെ കുറിച്ച് പ്രശംസകളും ഗോസിപ്പുകളും മാത്രം വാര്‍ത്തകളായി വന്നിരുന്നിടത്ത് അവര്‍ക്കെിരേയുള്ള ശക്തമായ വിമര്‍ശനങ്ങളും ചോദ്യം ചെയ്യലുകളും ഉയര്‍ന്നു. ഒരു ഇമേജുകള്‍ക്കും അവരെ പൊതിഞ്ഞു സംരക്ഷിക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നു. അവര്‍ക്കിടയില്‍ നിന്നും എതിര്‍പ്പുകള്‍ പൊന്തി. സിനിമയിലെ അടിമത്ത സമ്പ്രദായത്തിനെതിരേ പ്രതികരിക്കുന്നവരുടെതായിരുന്നു ആ എതിര്‍പ്പുകള്‍. പതിവുപോലെ അടിച്ചമര്‍ത്തലിനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ നേരിടാന്‍ ഉറച്ചാണ് മറുപക്ഷം.

"</p

മറ്റേത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ ധാര്‍ഷ്ഠ്യവും പുച്ഛവും ചുമന്നു നടക്കുന്നവരാണ് സിനിമാക്കാരെന്നു തോന്നിയിട്ടുണ്ട്. ആര്‍ക്കുലൈറ്റുകള്‍ക്കു മുന്നിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആര്‍ഭാടങ്ങള്‍ക്കു നടുവിലും എന്തുമേതും കേട്ടറിഞ്ഞു ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ ശീലിപ്പിച്ച സ്വഭാവങ്ങള്‍. ‘ഇങ്ങോട്ടുവാങ്ങിയാണ് ഒരു സിനിമാക്കാരനു ശീലം, അങ്ങോട്ടു കൊടുത്തല്ല’ എന്ന് മലയാള സിനിമയിലെ ഒരു സ്വഭാവനടന്‍ തമാശ പറഞ്ഞതിനു സാക്ഷിയായിട്ടുണ്ട്. അവരോട് ചോദ്യങ്ങള്‍ പാടില്ല, വിമര്‍ശനം പാടില്ല, എതിര്‍പ്പുകള്‍ പാടില്ല…

ഒരനുഭവം പറയാം; ഒരു പൊലീസ്-കളക്ടര്‍ സിനിമയുടെ ലൊക്കേഷന്‍. ലൊക്കേഷന്‍ സ്റ്റില്‍സ് എടുക്കാനും ഒപ്പം ചിത്രത്തിലെ നായകനായ പ്രമുഖതാരത്തിന്റെ ഫോട്ടോയ്ക്കും വേണ്ടി ഒരു മാഗസനില്‍ ഫോട്ടോഗ്രാഫര്‍ എത്തി. താരം വിശ്രമാവസ്ഥയിലാണ്. ചുറ്റുമുള്ളവരെയൊന്നും ഗൗനിക്കുന്നേയില്ല. ഫോട്ടോഗ്രാഫറോടു പറഞ്ഞ സമയം അനുസരിച്ചാണ് അദ്ദേഹം താരത്തിന്റെ അടുത്തെത്തിയത്. പക്ഷേ കണ്ടഭാവം നടിക്കുന്നില്ല. കുറച്ചധികസമയം അതേ അവസ്ഥ തുടര്‍ന്നു. സമയം കളയേണ്ടെന്നു കരുതി ഫോട്ടോഗ്രാഫര്‍ മറ്റു ചില ലൊക്കേഷന്‍ കാഴ്ചകള്‍ പകര്‍ത്തി. കുറച്ചു കഴിഞ്ഞ് ഒരാള്‍ വന്ന് ഫോട്ടോഗ്രാഫരെ തോണ്ടി വിളിച്ചു… സാര്‍ വിളിച്ചിട്ടെന്താ നിങ്ങള്‍ ചെല്ലാത്തത്? ആര് എപ്പോള്‍ ആരെ വിളിച്ചെന്ന് അത്ഭുതത്തോടെ ഫോട്ടോഗ്രാഫര്‍… ഉടനെ താരം ഇടപെട്ടു, ഞാനിവിടെ തറയില്‍ ഷൂസ് ഇട്ട് ചവിട്ടിക്കൊണ്ടിരുന്നത് താന്‍ കേട്ടില്ലേ? ജീവിക്കാന്‍ സിനിമാക്കാരുടെ തന്നെ ഫോട്ടോയെടുക്കേണ്ട ഗതികേട് ഇല്ലാതിരുന്ന ആ ഫോട്ടോഗ്രാഫര്‍ തികച്ചും സൗമ്യനായി മറുപടി പറഞ്ഞു; തറയില്‍ കാല്‍ ചവിട്ടി ഒച്ചയുണ്ടാക്കിയല്ല ഒരാളെ വിളിക്കേണ്ടത്, അങ്ങനെ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ എനിക്കു സൗകര്യവുമില്ല… ഇന്നും താന്‍ ജീവിതത്തില്‍ ചെയ്ത ധീരമായൊരു നടപടിയെന്ന നിലയ്ക്ക് ഈ സംഭവം ആ ഫോട്ടോഗ്രാഫര്‍ പങ്കുവയ്ക്കാറുണ്ട്. പക്ഷേ എല്ലാവര്‍ക്കും ഇത്രയ്ക്കു ധൈര്യം കാണിക്കാന്‍ കഴിയില്ലായിരുന്നു; സാഹചര്യങ്ങള്‍…

സംവിധായകന്‍ ഡോ.ബിജു പറഞ്ഞതുപോലെ ഇവര്‍ക്കൊക്കെ സെലിബ്രിറ്റി ആടയാഭരണങ്ങള്‍ അണിയിച്ചു നല്‍കിയത് ഇവിടുത്തെ മാധ്യമങ്ങളും പ്രേക്ഷകരും തന്നെയാണ്. നടനെന്നോ നടിയെന്നോ എഴുതിയാലോ പറഞ്ഞാലോ സ്റ്റാറ്റസ് പ്രശ്‌നമായി ചൂടാകുന്നവര്‍ ഇന്നുണ്ടായിരിക്കുന്നു. ഇവരെ അഭിനേതാക്കളെന്നോ നടീനടന്മാരെന്നോ അല്ലാതെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ എന്നു വിളിക്കാന്‍ പറ്റുമോ? നടിക്കുന്നവരെ നടന്‍ എന്നാണു പറയേണ്ടത്. ആരാണിവര്‍ക്ക് താരമെന്ന വിശേഷണം നല്‍കിയത്. ഇങ്ങനെയുള്ള ആലങ്കാരികവിശേഷണങ്ങള്‍ക്ക് അര്‍ഹരായ എത്രയോ പേര്‍ വിവിധ മേഖലകളിലുണ്ട്. താരം, സെലിബ്രിറ്റി എന്നീ ഇമേജുകള്‍ സിനിമാക്കാര്‍ക്കു മാത്രമായി നിര്‍മിക്കപ്പെട്ടതല്ലെന്നു വിളിക്കുന്നവരും വിളി കേള്‍ക്കുന്നവരും മനസിലാക്കുക. ജോഷിയെ സംവിധായകനെന്നും മമ്മൂട്ടിയെ താരമെന്നും പറയുന്നു. അതെന്തുകൊണ്ട് ജോഷി താരമാകുന്നില്ല? കലാമണ്ഡലം ഗോപിയാശാന്‍ നടന്‍ ആയി വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഇന്നലെ വന്ന പുതമുഖം പോലും പ്രമുഖ താരമാകുന്നു. താര രാജാവ്, താരചക്രവര്‍ത്തി, താരറാണി… വിശേഷണങ്ങള്‍ക്കൊക്കെ എന്തൊരു വലിപ്പമാണ്.

ഈ വലിപ്പം ഊതിവീര്‍പ്പിച്ചതാണെന്ന് സിനിമാക്കാര്‍ സ്വയം മനസിലാക്കി തുടങ്ങിയെന്നതാണ് ഇപ്പോള്‍ ആ മേഖല ശ്രദ്ധിക്കുമ്പോള്‍ മനസിലാകുന്നത്. അല്ലെങ്കില്‍ ഇന്നസെന്റ് ഇന്ന് മാധ്യമങ്ങളെ കാണാനോ മാപ്പ് പറയാനോ തയ്യാറാകില്ലായിരുന്നു.

"</p

പക്ഷേ മാറാന്‍ ഇനിയുമേറെ കാര്യങ്ങളുണ്ട്. ഈഗോ, വ്യക്തിവൈരാഗ്യം എന്നിവ കുത്തിനിറച്ചവരാണ് ഓരോ സിനിമാക്കാരനുമെന്നു തോന്നും. എതിരാളികളോട് യാതൊരു ദയയും കാണിക്കാന്‍ അവര്‍ തയ്യാറാകില്ല. എത്രയെത്ര പേരുടെ കണ്ണീരുവീണ കുതിര്‍ന്നതാണ് ഓരോ സിനിമാസംഘടനയുടെയും അസ്തിവാരമെന്നത് ഒരു വാസ്തവമാണ്.

തകര്‍ന്നു തുടങ്ങിയ അടിത്തറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടരത്തിലെ അകത്തച്ഛന്‍മാരുടെ യുദ്ധമുറകളെ മണ്ണില്‍ചവിട്ടി നിന്നു വെല്ലുവിളിക്കാന്‍ ഇവിടെയിപ്പോള്‍ ആഷിഖ് അബുവിനെയും അമല്‍ നീരദിനേയും അന്‍വര്‍ റഷീദിനെയുമൊക്കെ പോലുള്ള സിനിമാക്കാരുണ്ട്. നിങ്ങള്‍ ഒരു മാവിന്‍ചുവട്ടില്‍ വെള്ളത്തുണി വിരിച്ചുകെട്ടി സിനിമയോടിച്ചാല്‍ അതുകാണാന്‍ ഞങ്ങളെത്തുമെന്നു വിളിച്ചു പറയുന്ന പ്രേക്ഷകശക്തി അവര്‍ക്കൊപ്പമുള്ളപ്പോള്‍ ആരെയാണ് പേടിക്കേണ്ടത്? ആര്‍ക്കും അവരുടെ കൈകാലുകളില്‍ വിലങ്ങിടാന്‍ പറ്റില്ലല്ലോ, തലച്ചോറിനെ മന്ദീഭവിപ്പിക്കാന്‍ കഴിയില്ലല്ലോ, പഠിച്ചറിഞ്ഞ കഴിവുകളെ നിശ്ചലമാക്കാന്‍ കഴിയില്ലല്ലോ; പിന്നെ എങ്ങനെയാണവരെ വിലക്കുമെന്ന് പറയുന്നത്.

സിനിമ ഒരു വിപ്ലവപ്രവര്‍ത്തനം കൂടിയാണെന്ന് സംഘടനേതാക്കള്‍ മനസിലാക്കണം. ഒത്തിരിപ്പേരുടെ ജീവിതം തകര്‍ത്തവരാണ് നിങ്ങള്‍, ഇനിയും ഉപദ്രവിക്കാനാണു ഭാവമെങ്കില്‍ നേരിടുമെന്ന വെല്ലുവിളി ഒരു താരരാജവും സംഘടന നേതാവും നിസ്സാരമായി കാണരുത്. അവര്‍ക്കൊപ്പം ഇറങ്ങി നില്‍ക്കാന്‍ വിരലെണ്ണം തികയുന്നത്രയെങ്കിലും നടീനടന്മാര്‍ കൂടി തയ്യാറായാല്‍, കോട്ടകൊത്തളങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകേണ്ടി വരും ഏതു തമ്പുരാനും.

ഈ തിരിച്ചറിവുകള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്നു പ്രത്യാശിക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍