UPDATES

സിനിമ

ഗഡീ, മ്മടെ രാഗം ഇനി പൊരിക്കും; ജോര്‍ജ്ജേട്ടന്‍സ് രാഗം വീണ്ടും തുറക്കുന്നത് തൃശ്ശൂര്‍കാരുടെ ഓര്‍മ്മകള്‍ കൂടിയാണ്

മലയാള സിനിമയില്‍ രാഗം കാണാത്ത പരീക്ഷണങ്ങള്‍ ഇല്ല. ആദ്യ സിനിമാസ്‌കോപ്പ് തച്ചോളിയമ്പുവും ആദ്യ 70 എംഎം ചിത്രമായ പടയോട്ടവും ആദ്യ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനും രാഗത്തില്‍ ഒരുപാടോടി

‘പൂരോം പുലികളീം കഴിഞ്ഞാല്‍ പിന്നെ പൊരി രാഗാ. രാഗാ …. ഇപ്പോ പൂട്ടിയെങ്കിലും ഇമ്മടെ സ്വന്തല്ലെ’ തൃശൂര്‍ ‘രാഗ’ത്തിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഏതൊരു തൃശ്ശൂരുകാരനും നല്‍കുന്ന ആദ്യ മറുപടി. നാല് വര്‍ഷം മുമ്പ് അവസാനത്തെ കാണിയുമിറങ്ങിയെന്ന് ഉറപ്പുവരുത്തി, അടച്ചുപൂട്ടിപ്പോവുമ്പോള്‍ നാല് പതിറ്റാണ്ടോളം തൃശൂര്‍ നഗരത്തിന്റെ ഭാഗമായിരുന്ന അതിനി തുറക്കില്ലെന്ന് ആരും കരുതിയില്ല. ആഘോഷവും ആരവവും ഉന്തും തള്ളുമൊക്കെയായി ആളുകള്‍ കയറിയിറങ്ങിയ വലിയ ഇരുമ്പ് ഗേറ്റുകള്‍ പിന്നീട് ആരേയും എതിരേറ്റില്ല. പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന് വെക്കുന്നതുപോലെ വേദനയായിരുന്നു രാഗത്തിന്റെ അടച്ചുപൂട്ടലും ഇവിടത്തുകാര്‍ക്ക് സമ്മാനിച്ചത്. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന, ഓര്‍മ്മകള്‍ പലതും തങ്ങി നിന്നിരുന്ന ‘രാഗം’ ഇനി ജീവിതത്തിലേക്ക് കടന്നുവരില്ല എന്ന് തന്നെ അവര്‍ ഉറപ്പിച്ചു. സ്വരാജ് ഗ്രൗണ്ടിന് എതിരെ നിലകൊള്ളുന്ന ‘ജോര്‍ജേട്ടന്‍സ് രാഗ’ത്തെ കാണുമ്പോഴെല്ലാം ഒരു നീണ്ട നെടുവീര്‍പ്പിലൂടെ പലരും സങ്കടമൊതുക്കാന്‍ ശ്രമിച്ചു. വളരെ പണിപ്പെട്ടാണെങ്കിലും ‘മ്മടെ രാഗം’ ഇനിയില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടും, ഓര്‍മ്മകള്‍ പറഞ്ഞുമിരിക്കുമ്പോഴാണ് ഒരു വാര്‍ത്ത വരുന്നത്. ആ വാര്‍ത്തയോടെ ‘പൂട്ടിയ രാഗം’ ഒരു പഴങ്കഥയായി. തൃശൂരുകാര്‍ നെഞ്ചിലേറ്റിയ രാഗം വീണ്ടും അവരുടെ ഇടയിലേക്കെത്തുകയാണ്. നാല് വര്‍ഷത്തെ വേര്‍പെടല്‍ മറന്ന് ‘പൊരിക്കാന്‍’ തയ്യാറെടുക്കുകയാണ് തൃശൂരുകാര്‍.

തൃശൂരിനെ അറിയാവുന്ന ആര്‍ക്കും ‘രാഗ’ത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പറഞ്ഞുവരുന്നത് രാഗം തിയേറ്ററിനെക്കുറിച്ച് തന്നെയാണ്. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച തിയേറ്ററുകളില്‍ ഒന്നായിരുന്ന, ഹിറ്റ് ചിത്രങ്ങള്‍ മാത്രം ഓടിയിരുന്ന ‘രാഗ’ത്തെക്കുറിച്ച്.

1974 ആഗസ്‌റ് 23നാണ് പൂരത്തിന് കൊടിയേറുന്നത് പോലെ രാഗത്തിന്റെ ഉത്ഘാടനം നടക്കുന്നത്. ‘അന്നൊരു പൂരത്തിനുള്ള ആള് ഇണ്ടാര്‍ന്ന്,’ രാഗത്തിന് ഇടതുവശത്ത് ഒരു വിളിപ്പാടകലെ ലോട്ടറി കച്ചവടം നടത്തുന്ന ജോര്‍ജ്ജേട്ടന്‍ 44 കൊല്ലത്തിനിപ്പുറവും അതോര്‍ക്കുന്നു. നിത്യഹരിത നായകന്‍ പ്രേംനസീറായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്. ‘ജയഭാരതിയും അടൂര്‍ഭാസീം ശങ്കരാടീം പിന്നെ രാമു കാര്യാട്ടും ഒക്കെ അന്നത്തെ ഫസ്റ്റ് ഷോ കാണാന്‍ ഇണ്ടാര്‍ന്ന്. പക്ഷേ അവരെ മര്യാദക്ക് കാണാനുംകൂടി പറ്റിയില്ല’ രാഗത്തിന്റെ ഉദ്ഘാടനത്തിന് 30 കിലോമീറ്റര്‍ ഇപ്പുറത്തു നിന്ന് വരെ പോയവരുണ്ട്. ആദ്യ പ്രദര്‍ശനം പി.വത്സലയുടെ നോവലിനെ ആസ്പദമാക്കി രാമുകാര്യാട്ട് സംവിധാനം ചെയ്ത നെല്ല് ആയിരുന്നു. അന്നാണ് ആദ്യമായി തൃശ്ശൂരിലെ സാധാരണക്കാര്‍ എസി യുടെ തണുപ്പറിഞ്ഞത്. തൃശൂരിലെ ധനാഢ്യരില്‍ ഒരാളായിരുന്ന കെ.ജെ.ഫ്രാന്‍സിസ് എന്ന നാട്ടുകാരുടെ പൊറിഞ്ചുവേട്ടന്‍ ആയിരുന്നു തിയേറ്ററിന്റെ ഉടമ. അന്ന് ലഭ്യമായിരുന്ന നൂതനസാങ്കേതിക വിദ്യകളെല്ലാം തന്റെ തിയേറ്ററില്‍ ഉണ്ടാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. യാത്രാക്കമ്പം ഉണ്ടായിരുന്ന ഫ്രാന്‍സിസിന്റെ കൂടെ യാത്രകളില്‍ എപ്പോഴും ഒരു എഞ്ചിനീയറുമുണ്ടായിരുന്നു. ഓരോ യാത്രയിലും തന്നെ ആകര്‍ഷിച്ച ബില്‍ഡിങ്ങുകളുടെ നിര്‍മ്മാണ രീതികള്‍ മനസ്സിലാക്കി അതുകൂടി ഉള്‍പ്പെടുത്തി തിയേറ്റര്‍ ഡിസൈന്‍ ചെയ്യണമെന്ന താത്പര്യമായിരുന്നു ഇതിന് പിന്നില്‍. അങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നും സ്വീകരിച്ച വ്യത്യസ്ത ഡിസൈനുകളിലൂടെയായിരുന്നു തിയേറ്ററിന്റെ നിര്‍മ്മാണം. അത് ഗുണം ചെയ്തത് സിനിമാ പ്രേമികള്‍ക്കാണ്.

മുറുക്കി ചുവപ്പിച്ച ചുണ്ടുമായി വന്ന തൃശ്ശൂരുകാരന്‍ വിനോദ് പറഞ്ഞു ‘തൃശ്ശൂരിലെ അന്നത്തെ ബെസ്‌ററ് തീയറ്ററായിരുന്നു രാഗം. അടീല് കാര്‍ പാര്‍ക്കിങ്ങും മോളില് സ്‌ക്രീനിങ്ങും. ഹോ, എന്താപ്പോ, ഹൊറര്‍ പടം കാണണങ്കി രാഗത്തി തന്നെ വരണം. നല്ല ടോപ്പ് സൗണ്ടാണ്. ഇന്നല്ലേ ഈ അറ്റ്‌മോസും മറ്റേതും ഒക്കെ ഇണ്ടായേ. അതിന് മുമ്പ് രാഗത്തീന്ന് കണ്ടാ അതൊക്കെ എന്താ, പൊരിക്കലല്ലേ’.

അങ്ങിനെ 1974 തൊട്ട് 40 കൊല്ലക്കാലം തൃശ്ശൂരില്‍ ജീവിച്ച ഓരോരുത്തര്‍ക്കും രാഗം ജീവിതത്തില്‍ പല പല അനുഭവങ്ങളാണ് നല്‍കിയത്. മലയാള സിനിമയില്‍ രാഗം കാണാത്ത പരീക്ഷണങ്ങള്‍ ഇല്ല. ആദ്യ സിനിമാസ്‌കോപ്പ് തച്ചോളിയമ്പുവും ആദ്യ 70 എംഎം ചിത്രമായ പടയോട്ടവും ആദ്യ 3ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനും രാഗത്തില്‍ ഒരുപാടോടി. നെല്ലും പടയോട്ടവും രാഗത്തില്‍ 50 ദിവസം നിര്‍ത്താതെ പ്രദര്‍ശിപ്പിച്ചു. ടൈറ്റാനിക്കും പത്രവുമെല്ലാം 150 ദിവസം ഓടിത്തളര്‍ന്നു. ഒടുവില്‍ ദൃശ്യവും. സിനിമ കാണുക എന്നതില്‍ ഉപരി രാഗം ഓരോ സിനിമയും ഓരോ അനുഭവങ്ങളാക്കി മാറ്റിയ കഥകളാണ് തൃശൂരിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത്. എല്ലാ ഭാഷയിലും ഉള്ള ചിത്രങ്ങളെ തൃശ്ശൂരുകാര്‍ വരവേല്ക്കും എന്നതിന് തെളിവാണ് ടൈറ്റാനിക് രാഗത്തില്‍ 140 ദിവസം പ്രദര്‍ശിപ്പിച്ചത്. സിനിമക്കപ്പുറം വി. ആര്‍ കൃഷ്ണന്‍ എഴുത്തച്ഛനെ ആദരിക്കുന്ന ചടങ്ങിനും രാഗം വേദിയായിട്ടുണ്ട്.

‘അവിടത്തെ കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ഉള്ള മ്യുസിക്കിണ്ടലോ’ അറുപത്കാരനായ പോളേട്ടന്‍ ഇപ്പോഴും അത് ഓര്‍മ്മിക്കുന്നു. ആദ്യം രാഗത്തിലാണ് ആ മ്യൂസിക് ഉണ്ടായിരുന്നതെന്നാണ് പോളേട്ടന്റെ ഓര്‍മ്മയും വിശ്വാസവും. പിന്നീട് കേരളത്തിലെ എല്ലാ തിയറ്ററുകളും ഏറ്റെടുത്ത കര്‍ട്ടന്‍ റൈസ് മ്യൂസിക്കിനെക്കുനെക്കുറിച്ചാണ് പോളേട്ടന്‍ പറഞ്ഞത്.

‘സിനിമയില്‍, സ്‌ക്രീനില്‍ ആര്‍ടെലെും കയ്യീന്ന് ഒരു നാണയം താഴെ വീണാ കാണാന്‍ വന്നിരിക്കണവര് താഴേക്ക് നോക്ക്വായിരുന്നു’ രാഗത്തിലെ സൗണ്ട് എഫക്ടിനെക്കുറിച്ച് മുന്‍ ഉടമ കിണാത്തിങ്കല്‍ ജോസ് ഫ്രാന്‍സിസ് പറയുന്നതാണ്. ജോസ് തുടരുന്നു ‘അതാണ് രാഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇംഗ്ലീഷ് പടമൊക്കെ ഓടുമ്പോള്‍ ആളുകള് ഇവിടെ തന്നെ കയറുമായിരുന്നു. ഒരു വെടി പൊട്ടിയാ കാണികളുടെ ചുറ്റും നിന്ന് പൊട്ടുന്ന പോലത്തെ എഫക്ടായിരുന്നു. ഡിടിഎസ് ഡോള്‍ബിയായിരുന്നു സൗണ്ട് സിസ്റ്റം. തിയേറ്ററിന്റെ പ്രത്യേകത കൊണ്ട് അതിന്റെ സൗണ്ടിന് വലിയ എഫക്ടും കിട്ടി. തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇംഗ്ലീഷ് പടം മെക്കന്നാസ് ഗോള്‍ഡ് ആയിരുന്നു. ഇതില്‍ വെടിവക്കുന്ന രംഗം വരുമ്പോള്‍ കാണുന്ന ആളുകളുകള്‍ക്ക് നേരെ വെടിപൊട്ടുന്ന പോലെയായിരുന്നു. ഹൊറല്‍ പടമൊക്കെ കാണുമ്പോള്‍ ആളോള് നെലവിളിച്ചോണ്ട് ഓടണ കണ്ടിട്ടുണ്ട്. ഇതൊക്കെയാണ് രാഗത്തിലേക്ക് ആളുകള്‍ക്ക് ഇഷ്ടമുണ്ടാക്കിയത്. എല്ലാം അങ്ങനെ ഒരുക്കിയത് അച്ഛനാണ്. ഫ്രാന്‍സിസ്. 1974ല്‍ പ്രേംനസീര്‍ ഉദ്ഘാടനം, ജയഭാരതി പ്രൊജക്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം, അങ്ങനെയാണ് അത് തുടങ്ങുന്നത്. അന്നു മുതല്‍ക്കേ തുടങ്ങിയ തിരക്കാണ്. എന്തൊരു ആള്‍ക്കൂട്ടമായിരുന്നു. ഗേറ്റും റോഡും കടന്ന് ഗ്രൗണ്ടിലേക്ക് നീളുന്ന ക്യൂ ആയിരുന്നു. മലയാളവും, ഹിന്ദിയും, തമിഴും, ഇംഗ്ലീഷുമെല്ലാം ഇവിടെ ഓടിയിട്ടുണ്ട്. രാഗത്തില്‍ സിനിമ ഓടിക്കാനായിട്ട് നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും തല്ലായിരുന്നു. രാഗത്തിയോടിയാ പടം ഹിറ്റെന്നായിരുന്നു. ഒരു പടം ഇറങ്ങിയാ അത് ഹിറ്റാണോ എന്ന് തീരുമാനിച്ചിരുന്നത് പോലും രാഗത്തിലെ തിരക്കും സ്വീകരണവും നോക്കിയായിരുന്നു. നല്ല ക്ലാരിറ്റിയുള്ള ആര്‍ടിഐ പ്രൊജക്ടര്‍ രണ്ടെണ്ണമായിരുന്നു ഉണ്ടായിരുന്നത്. അന്ന് കേരളത്തിലെ വലിയ തിയേറ്ററുകളില്‍ ഒന്നായിരുന്നു തൃശൂരിലെ രാഗവും. സൗണ്ട് സിസ്റ്റത്തിന്റെ പ്രത്യേകത കാരണം ഷോലെ ഒക്കെ കളിച്ചപ്പോള്‍ എത്രയോ ദൂരെ നിന്ന് വരെ ആളുകള് രാഗത്തില്‍ സിനിമ കാണാന്‍ വന്നിട്ടുണ്ട്. അല്ലേലും ഇവിടെ ടൗണിലുള്ളവരൊന്നുമല്ല, പത്തമ്പത് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വരെ ഇവിടെ സിനിമ കാണാനെത്തുമായിരുന്നു. ഗ്രൗണ്ട് മുഴുവന്‍ ആളുകള്‍, റോഡ് ബ്ലോക്ക് അതായിരുന്നു അവിടത്തെ കാഴ്ച. 70എംഎം സ്‌ക്രീനില്‍ സിനിമ മനോഹരമായി കാണാം എന്നതായിരുന്നു പലരേയും ആകര്‍ഷിച്ചത്. അക്കാലത്ത് എസി സൗകര്യമുള്ള തിയേറ്ററുകള്‍ കുറവായിരുന്നു. പക്ഷെ രാഗത്തില്‍ തുടക്കം മുതലേ എസി ഉണ്ട്. തുടങ്ങീപ്പോ ലോ ക്ലാസ്സിന് 80 പൈസ, സെക്കന്‍ഡ് ക്ലാസ്സിന് ഒന്നര രൂപ, ഫസ്റ്റ്ക്ലാസ്സിന് മൂന്ന് രൂപ, ബാല്‍ക്കണിക്ക് അഞ്ചു രൂപ, പിന്നെ പത്ത് സീറ്റ് മാത്രമുള്ള ലക്ഷ്വറി സീറ്റിന് 10 രൂപ അങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. 1120 സീറ്റായിരുന്നു ഉണ്ടായിരുന്നത്. അത്രയും സീറ്റുള്ള തിയേറ്ററുകള്‍ കേരളത്തില്‍ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. തൃശൂരില്‍ ഇല്ലേയില്ല. 1985ല്‍ അച്ഛന്‍ മരിച്ചപ്പോഴാണ് ഞാന്‍ ഇതിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഞങ്ങള് മെയന്‍ ആയിട്ട് ടെക്‌സ്‌റ്റൈല്‍സ് ആയിരുന്നു നോക്കിയിരുന്നത്. ഇത് സൈഡ് മാത്രായിരുന്നു. ഇതുകൂടി നോക്കാന്‍ കഴിയാതെ വന്നപ്പോ 2007ലാണ് അത് ജോര്‍ജ് എന്നയാള്‍ക്ക് കൊടുക്കുന്നത്.’

2007 ല്‍ ജോര്‍ജ് നെരേപറമ്പില്‍ രാഗം വാങ്ങിയതോടെ രാഗം ‘ജോര്‍ജ്ഏട്ടന്‍സ് രാഗ’മായി. പേരില്‍ മാറ്റം വന്നെങ്കിലും രാഗം പഴയപടി തന്നെ നിന്നു. ഏഴ് വര്‍ഷത്തോളം ജോര്‍ജ് അത് നല്ലരീതിയില്‍ തന്നെ നടത്തിക്കൊണ്ട് പോന്നു. എന്നാല്‍ നാല് വര്‍ഷം മുമ്പ് തിയേറ്റര്‍ കെട്ടടം നില്‍ക്കുന്ന സ്ഥലത്ത് 14 നില കെട്ടിടം പണിത് മാള്‍ ആക്കാമെന്ന ഉദ്ദേശത്തോടെ രാഗത്തിന് പൂട്ടിട്ടു. എന്നാല്‍ ആ പ്രോജക്ടിന് അനുമതി ലഭിച്ചില്ല. തൃശൂരിലെ തലമുതിര്‍ന്നവരില്‍ ഒരാളായ ബാലകൃഷ്ണന്‍ രാഗത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത് ഇങ്ങനെയാണ്; ‘കൂടുതല്‍ ദിവസം ഓടുന്ന പടങ്ങളെല്ലാം രാഗത്തിതന്നെയായിരുന്നു കളിച്ചിരുന്നത്. ഫാഷന്‍ ഫാബ്രിക്‌സ് ഉടമയായ ‘ഫാഷന്‍ പൊറുഞ്ചുവേട്ടനാ’യിരുന്നു മുതലാളി. പക്ഷെ ആ തിയേറ്റര്‍ യഥാര്‍ഥത്തില്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ട് പോയതും സിനിമകള്‍ ചാര്‍ട്ട് ചെയ്തിരുന്നതുമെല്ലാം ‘ഫാഷന്‍ മേനോന്‍’ എന്ന് വിളിപ്പേരുള്ള മണി മേനോനായിരുന്നു. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പിന്നെ ജോസേട്ടന്റെ കയ്യിലേക്ക് തിയേറ്റര്‍ വന്നു. പക്ഷെ സാമ്പത്തിക പരാധീനതകള്‍ കൊണ്ടാണെന്നാണറിവ്, അദ്ദേഹം അത് വില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജോര്‍ജ് അത് വാങ്ങുന്നത്. അയാള്‍ പേരും മാറ്റി. ‘ജോര്‍ജേട്ടന്‍സ് രാഗം’ എന്നാക്കി. നാല് കൊല്ലം മുമ്പ് ബഹുനിലക്കെട്ടിടമാക്കി ഷോപ്പിങ്മാള്‍ പണിയാനായി അവര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ പൂട്ടിയിട്ടു. ഈ വര്‍ഷങ്ങളിലെല്ലാം ജോര്‍ജ് കെട്ടിടം പണിക്കായി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ യുനസ്‌കോ അംഗീകാരമുള്ള വടക്കുംനാഥ ക്ഷേത്രത്തിന് എതിര്‍വശമായതിനാല്‍ അതിന് അനുമതി തഴഞ്ഞു. തിയേറ്റര്‍ ആയിരിക്കുമ്പോള്‍ തന്നെ റോഡിലും മറ്റും ബ്ലോക്കും കാര്യങ്ങളുമായിരുന്നു. നാല്‍പ്പത് സെന്റിലധികം വരില്ല തിയേറ്റര്‍ നില്‍ക്കുന്ന സ്ഥലം. സാങ്കേതിക കാരണങ്ങളാല്‍ കെട്ടിടം നിര്‍മ്മിച്ച് മാളാക്കാനുള്ള പ്രോജക്ടിന് അനുമതി ലഭിച്ചില്ല. ആദ്യത്തെ നാല് നിലക്ക് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. പക്ഷെ ആ നാല് നില പാര്‍ക്കിങ്ങിന് വേണ്ടിയായിരുന്നു രൂപകല്‍പ്പന ചെയ്തിരുന്നത്. അതുകൊണ്ട് ആ പ്രോജക്ട് കാന്‍സല്‍ ചെയ്ത് അവര് വീണ്ടും തിയേറ്ററിലേക്ക് തന്നെ വന്നു.’


രാഗത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ഷോര്‍ട്ട് ഫിലിം ആണ് ‘ഇമ്മടെ രാഗം’. തൃശൂരിലെ യുവതലമുറയും രാഗത്തിന്റെ രണ്ടാം വരവില്‍ സന്തോഷിക്കുന്നതിന്റെ തെളിവാണ് ഈ ഷോര്‍ട്ട്ഫിലിം. സിനിമയുടെ നിര്‍മ്മാണത്തില്‍ പ്രധാനിയായ ശബരീഷിനോട് സംസാരിക്കുമ്പോഴും ഈ സന്തോഷം മറച്ചുവക്കുന്നില്ല, ‘കഴിഞ്ഞ നവംബര്‍ മാസമാണ് തിയേറ്റര്‍ വീണ്ടും വരുന്നു എന്ന വാര്‍ത്ത കണ്ടത്. അത് കേട്ടപ്പോളുള്ള ഞങ്ങളുടെ സന്തോഷം എങ്ങനെ എക്‌സ്പ്രസ് ചെയ്യാമെന്ന് കരുതിയപ്പോഴാണ് ഷോര്‍ട്ട്ഫിലിം ചെയ്യാമെന്ന് കരുതിയത്. ഞങ്ങളുടെയൊക്കെ സ്‌കൂള്‍ കാലഘട്ടമൊക്കെയാണ് രാഗവുമായി ബന്ധപ്പെട്ട ഓര്‍മ്മ. ക്ലാസ് കട്ട് ചെയ്ത് നേരെ പോവുന്നത് രാഗത്തിലേക്കാണ്. സിനിമ എന്താണെന്ന് ആദ്യം അനുഭവിച്ചറിഞ്ഞത് അവിടെ നിന്നാണ്. അവിടെത്തന്നെയാണ് പടങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. ആ തിയേറ്റര്‍ മുറിയില്‍ നിന്നാണ് സിനിമാ മോഹം മനസ്സിലേക്ക് വരുന്നത്. രാഗം തിയേറ്റര്‍ എന്ന് പറഞ്ഞാ അത് വേറൊരു സംഭവാണ്. മറ്റ് തിയേറ്ററുകളെപ്പോലെയല്ല. അതെന്താണെന്ന് ചോദിച്ചാല്‍ മ്മ്ക്ക് വലിയ പിടിയില്ല. അത് കറക്ട് ആ റൗണ്ടില്‍ തന്നെ ആയതോണ്ടാണോന്നറിയില്ല. ഇരുപത്തഞ്ചിന്റെ ഒരു കൗണ്ടറുണ്ടായിരുന്നു. മ്മക്ക് മെയിന്‍ അതായിരുന്നു. അത് പ്രത്യേക ഫീലിങ് ആണ്. ഒരു ഗുഹപോലത്തെ സെറ്റപ്പ് ആണ് ആ കൗണ്ടര്‍. അതിന്റെ ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഇരുട്ടും ഒക്കെയായി വേറൊരു അനുഭവാണ്. വേറൊരു കൗണ്ടറിനും അത് കിട്ടില്ല. അറുപതിന്റേ എഴുപതിന്റേം കൗണ്ടറൊക്കെ പുറത്തായിരുന്നു. ഇനീപ്പോ വന്നാ 150തില്‍ കുറഞ്ഞ ടിക്കറ്റൊന്നുമുണ്ടാവില്ല. ന്നാലും മ്മള് കേറും, ഫസ്റ്റ് ഷോക്ക് തന്നെ’.

അങ്ങനെ രാഗം വീണ്ടും തുറക്കുകയാണ്. നാട്ടിലിഷ്ടം പോലെ തിയേറ്റര്‍ തുറക്കുന്നു, പിന്നെ രാഗത്തിനു മാത്രം ഇത്ര പ്രത്യേകത എന്താ എന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി. രാഗം ആദ്യം തുടങ്ങിയപ്പോള്‍ അക്കാലത്തെ ഏറ്റവും മികച്ച പ്രൊജക്ഷന്‍ ആയിരുനെങ്കില്‍ വീണ്ടും തുറക്കുന്ന രാഗവും അങ്ങിനെ തന്നെ. കേരളത്തില്‍ രാഗത്തിനു മാത്രമേ 4കെ 4230 ഹൈറെസല്യൂഷന്‍ പ്രൊജക്ഷന്‍ ഉള്ളൂ. 3ഡി ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ഹാര്‍കനസിന്റെ സില്‍വര്‍ സ്‌ക്രീനും ആണ് തിയേറ്ററില്‍ പ്രേക്ഷകര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കളിക്കുന്നതിയുള്ള സൗകര്യവും രാഗത്തില്‍ ഒരുക്കിട്ടുണ്ട്. മാള്‍ പ്രോജക്ട് നടക്കാതായപ്പോള്‍ തിയേറ്റര്‍ വില്‍ക്കാനാണ് ജോര്‍ജ് തീരുമാനിച്ചത്. വാങ്ങാനൊരുങ്ങി എത്തിയ സുനില്‍ തിയേറ്റര്‍ കണ്ട് ആദ്യമൊന്ന് മടിച്ചു. പൂട്ടിക്കിടന്ന് നാളുകള്‍കൊണ്ട് ഇന്റീരിയര്‍ എല്ലാം ഒരുവകയായി കഴിഞ്ഞിരുന്നു. കെട്ടിടം വില്‍ക്കുന്നതിന് പകരം തിയേറ്റര്‍ നടത്താന്‍ ആര്‍ക്കെങ്കിലും കൊടുത്തുകൂടെ എന്ന് സുനില്‍ ജോര്‍ജിനോട് ചോദിച്ചു. പിന്നീടുണ്ടായ കാര്യങ്ങള്‍ നിലവില്‍ തിയേറ്ററിന്റെ ഉടമയായ സുനില്‍ പറയുന്നു, ‘തിയേറ്റര്‍ നടത്താന്‍ ആര്‍ക്കെങ്കിലും കൊടുത്താല്‍ തിരിച്ചുകിട്ടില്ലേ എന്ന ഭയമായിരുന്നു ജോര്‍ജേട്ടന്. അപ്പോള്‍ അത് ഞാന്‍ തന്നെ എടുത്തോളാം എന്ന് പറഞ്ഞു. ഇപ്പോള്‍ ലീസിന് എടുത്തിരിക്കുകയാണ്. നമുക്ക് ഇത് നടന്നാല്‍ മതി. അത്രേയുള്ളൂ. ജോര്‍ജേട്ടന്‍സ് എന്നുള്ള പേരും ഞാന്‍ മാറ്റുന്നില്ല. നമ്മുടെ ചെറിയകാലത്തൊക്കെ ഈ തിയേറ്ററുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളാണ്. അതില്‍ പ്രധാനം മറ്റ പലരും പറയുന്നത് പോലെ തന്നെ, അതിലെ സൗണ്ട് എഫക്ടും, ക്ലാരിറ്റിയുള്ള പ്രോജക്ഷനും, പിന്നെ ആ കര്‍ട്ടന്‍ റൈസ് മ്യൂസിക് ഇതൊക്കെയായിരുന്നെങ്കിലും എനിക്ക് ഏറ്റവും കൂടുതല്‍ ഓര്‍മ്മയുള്ളത് രാഗത്തിലെ കാന്റീനില്‍ കിട്ടിയിരുന്ന ബജിയാണ്. വെറും കായബജി. പക്ഷെ അത് കഴിക്കാനും ഉണ്ടാക്കിയിടുന്ന കാണാനും എന്തൊരു തിരക്കായിരുന്നു. നിങ്ങള്‍ക്കാര്‍ക്കും ഊഹിക്കാന്‍ പോലും കഴിയില്ല ആ ബജി വിശേഷം. എന്തൊരു ടേസ്റ്റ് ആയിരുന്നു. ഇന്റര്‍വെല്‍ സമയത്ത് ടിക്കറ്റെടുക്കാനുള്ള ക്യൂവിനേക്കാള്‍ വലിയ ഒന്നായിരിക്കും ബജിക്ക് മുന്നില്‍. തിയേറ്ററിന്റെ മുകളിലെ നിലയിലേക്ക് കയറാനുള്ള സ്‌റ്റെയറിനും കാര്‍പ്പറ്റിനും പോലുമുണ്ടായിരുന്നു പ്രത്യേകത. ഇത്രയധികം സീറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഇരുന്നാല്‍ മറ്റൊരാള്‍ക്ക് സിനിമ കാണാന്‍ അസൗകര്യമുണ്ടാവാത്ത തരത്തിലായിരുന്നു സീറ്റിങ് അറേഞ്ച്‌മെന്റ്. കൃത്യമായി അഞ്ച് ഷോകള്‍ കളിച്ചിരുന്ന മറ്റൊരു തിയേറ്ററും തൃശൂരില്‍ ഉണ്ടായിരുന്നതുമില്ല. ഇനി രണ്ടാം വരവ് വരുമ്പോഴും ഒട്ടും കുറക്കാതെയാണ് തിയേറ്റര്‍ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുള്ളത്. ത്രീഡി ഡോള്‍ബി അറ്റ്‌മോസ്, സില്‍വര്‍ സ്‌ക്രീന്‍, 4കെ പ്രോജക്ടര്‍ അങ്ങനെ നിരവധിയുണ്ട്. പുതിയ തിയേറ്ററിലും പഴയ രാഗത്തിന്റെ മാസ്റ്റര്‍ പീസ് ആയിരുന്ന ആ കര്‍ട്ടന്‍ റൈസ് മ്യൂസികും മ്യൂസിക്കിനനുസരിച്ച് ഉയരാന്‍ പുതിയ കര്‍ട്ടനും ഉണ്ടാവും. അത് ഇംഗ്ലീഷ് കമ്പനിയുടെ മ്യൂസിക് ആണ്. കേരളത്തില്‍ ആദ്യം അത് ഉപയോഗിച്ച് വിജയിച്ചത് രാഗമാണ്. പിന്നെയാണ് മറ്റ് തിയേറ്ററുകള്‍ അത് ഉപയോഗിക്കാന്‍ തുടങ്ങിയത്. ബജിക്കട തുടങ്ങണമെന്നുണ്ടെങ്കിലും മുമ്പ് അത് ഉണ്ടാക്കിയിരുന്നയാളെ കണ്ടുകിട്ടിയിട്ടില്ല. അതിലും വലിയ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്, ഇവിടെ മുമ്പ് ജീവനക്കാരായിരുന്നവരുടെ സ്‌നേഹവും ആത്മാര്‍ഥതയുമാണ്. രാഗം തുറക്കുന്നു എന്നറിഞ്ഞപ്പോള്‍ പലരും എന്നെ സമീപിച്ചിരുന്നു. എന്നാല്‍ യുവാക്കളെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്നതുകൊണ്ട് അവരെയൊക്കെ സ്‌നേഹത്തോടെ മടക്കിയയച്ചു. പക്ഷെ അതില്‍ ഒരാള്‍, മുമ്പ് ടിക്കറ്റ് മുറിച്ച് കൊടുത്തുകൊണ്ടിരുന്നയാളാണ്, എണ്‍പത് വയസ്സെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഓരോ തവണ ഞാന്‍ തിയേറ്ററിലേക്ക് വരുമ്പോഴും അയാള്‍ എന്റെയടുത്ത് വരും. എന്തെങ്കിലും ജോലി ഈ തിയേറ്ററില്‍ തരണമെന്ന് അപേക്ഷിക്കും. പറ്റില്ലെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും വരും. ‘എന്നെ ഒരു വാച്ച്മാനെങ്കിലും ആക്കിയാല്‍ മതി. ഇതിനുള്ളില്‍ കിടന്ന് മരിക്കണമെന്നാണ്’ എന്ന് പറഞ്ഞ് എന്നോട് വീണ്ടും അപേക്ഷിക്കും. എന്താ ചെയ്യാ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ അതാണ് ഇവിടുത്തെ പഴയ ജീവനക്കാര്‍ക്ക് രാഗത്തോടുള്ള സ്‌നേഹം എന്ന് ഞാന്‍ മനസ്സിലാക്കി.’

നാല് വര്‍ഷം മുമ്പ് പ്രിയദര്‍ശന്റെ ആമയും മുയലുമാണ് രാഗത്തില്‍ അവസാനമായി പ്രദര്‍ശിപ്പിച്ച ചിത്രം. അവസാനഘട്ട മിനുക്ക് പണികള്‍ കഴിഞ്ഞാല്‍ ‘കിടുക്കന്‍ സിനിമയുമായി ഒരു വരവാ വരും’ എന്ന പ്രതീക്ഷയിലാണ് തൃശൂരുകാര്‍. ഏറിയാല്‍ ഒരു മാസം അതിലും വൈകില്ല ആ വരവ്.

രാഗം കര്‍ട്ടന്‍ റെയ്സര്‍ മ്യൂസിക്

ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരമാണ് തൃശൂര്‍ പൂരം: പൂരത്തിന്റെ പെണ്ണനുഭവം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍