UPDATES

സിനിമ

സിനിമയെ പോസ്റ്റുമോർട്ടം ചെയ്യാതിരിക്കുക; മോശമാണെങ്കിൽ മിണ്ടാതിരുന്നാൽ മതി, പ്രേക്ഷകർ മനസിലാക്കിക്കോളും; മേരാ നാം ഷാജി തിരക്കഥാകൃത്ത് ദിലീപ് പൊന്നന്‍-അഭിമുഖം

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി എന്ന ചിത്രം ഇന്ന് പ്രദർശനത്തിനെത്തുകയാണ്

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി എന്ന ചിത്രം ഇന്ന് പ്രദർശനത്തിനെത്തുകയാണ്. മൂന്ന് സ്ഥലങ്ങളിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്നു ഷാജിമാര്‍ ഒരു സ്ഥലത്ത് എത്തിച്ചേരുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അത്യന്തം രസകരമായി അവതരിപ്പിക്കുന്നത്. മൂന്നു ഷാജിമാരെയും അവതരിപ്പിക്കുന്നത് ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ്.

നിഖില വിമലാണ് ചിത്രത്തില്‍ നായിക. ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. 20 വർഷത്തെ ടെലിവിഷൻ രംഗത്തെ പാരമ്പര്യത്തോടെയാണ് അദ്ദേഹം മേരാ നാം ഷാജി ഒരുക്കുന്നത്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള അദ്ദേഹം ആദ്യമായി. തിരക്കഥ രചിക്കുന്ന സിനിമയാണ് ‘മേരാ നാം ഷാജി’

തന്റെ ആദ്യ സിനിമയെ കുറിച്ചും, സിനിമയെ ബാധിക്കുന്ന സോഷ്യൽ മീഡിയ അഭിപ്രായങ്ങളെ പറ്റിയും ദിലീപ് പൊന്നൻ അഴിമുഖത്തോട് സംസാരിക്കുകയാണ്.

മേരാ നാം ഷാജി എന്ന സിനിമ

നാദിർഷയുടെ രണ്ടു ചിത്രങ്ങളും കോമഡി എന്റെർറ്റൈനെറുകൾ ആയിരുന്നെകിൽ ഈ ചിത്രം അതിൽ നിന്ന് വ്യത്യസ്തമായി ‘മേരാ നാം ഷാജി’ ഹാസ്യത്തിലൂടെ മുന്നോട്ട് പോകുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും. മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തുന്ന ഡ്രൈവറായ ബൈജു അവതരിപ്പിക്കുന്ന ഷാജിയും, കോഴിക്കോട് നിന്നെത്തുന്ന ബിജുമേനോൻ കഥാപാത്രം ഗുണ്ടാ ഷാജിയും, കൊച്ചിയിലെ ഫ്രീക്കനായ ആസിഫ് അലി അവതരിപ്പിക്കുന്ന ഷാജിയും ഒരു പ്രേത്യേക സാഹചര്യത്തിൽ കൊച്ചിയിൽ എത്തുകയും അതെ തുടർന്നുള്ള സംഭവവികാസങ്ങളും ഒത്തുചേരുന്നതാണ് ഈ ചിത്രം. മൂന്ന് കഥാപാത്രങ്ങൾക്കും ഒരേ പോലെ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണിത്. ‘മേരാ നാം ഷാജി ‘ എന്ന പേര് സിനിമക്ക് നിർദ്ദേശിച്ചത് നാദിർഷയാണ്.

സിനിമയിലെ ഷാജിമാരെ കുറിച്ച്

ബൈജു അണ്ണനെ കുറിച്ച് പ്രേത്യേകം പറയേണ്ട കരയമില്ല. നമ്മള്‍ ഒരു വേഷം കൊടുത്താൽ ഏറ്റവും ഭംഗിയായിട്ട് ചെയ്യും. എല്ലാ പ്രേക്ഷകർക്കും അദ്ദേഹത്തിൽ ഒരു വിശ്വാസമുണ്ട് ആ വിശ്വാസം നമ്മൾ ഉപയോഗിക്കുന്നു എന്ന് മാത്രം.

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നടനാണ് ബിജു മേനോൻ, ഞാനും അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. ഹാസ്യ കഥാപാത്രങ്ങളും ഗൗരവമുള്ള വേഷങ്ങളും ഓരേപോലെ ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ബിജുമേനോൻ. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇടയിൽ വളരെ വലിയ സ്ഥാനമുള്ള നടനാണ് അദ്ദേഹം. യൂത്തിനും ഫാമിലിക്കും ഒരേപോലെ ഇഷ്ട്ടപെടുക എന്നുള്ളത് വലിയ കാര്യമാണ്.

അതുപോലെ തന്നെ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഓരേപോലെ ഇഷ്ടമുള്ള യുവതാരമാണ് ആസിഫ് അലി. അത് സിനിമയ്ക്കു ഒരുപാട് ഗുണം ചെയ്യും. യുവ നടന്മാരിൽ ഏറെ കഠിനാധ്വാനിയാണ് ആസിഫ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ 24 മണിക്കൂറും അതിനു വേണ്ടി പ്രയത്നിക്കുന്ന ആളാണ് അദ്ദേഹം.

ഇവരെല്ലാവരും ഓരേപോലെ സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ഇവർ ഇപ്പോഴും നിലനിൽക്കുന്നത്. മൂന്ന് ഷാജിമാരും തമ്മുള്ള കെമിസ്ട്രി വളരെ നന്നായിട്ട് വർക്ക് ഔട്ട് ആയിട്ടുണ്ട്.

നാദിർഷ എന്ന സംവിധായകൻ 

നാദിർഷയുമായി നീണ്ട കാലത്തെ സൗഹൃദം ഉണ്ട് എന്നാൽ സൗഹൃദത്തിന്റെ പുറത്ത് സിനിമ ചെയ്യുന്ന ഒരാളല്ല അദ്ദേഹം. അതിപ്പോ സ്വന്തം മക്കൾ ആണെങ്കിൽ പോലും. പക്ഷെ സൗഹൃദങ്ങൾ ഈ സിനിമക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. നാദിർഷ പകുതി കാര്യം പറഞ്ഞാൽ മതി ബാക്കി എനിക്ക് മനസിലാകും. അതാണ് ഇത്തരം സൗഹൃദങ്ങളുടെ ഗുണം.

നാദിർഷയുടെ മനസ്സിൽ സിനിമ മാത്രമാണുള്ളത്. സിനിമക്ക് വേണ്ടി എത്ര വേണമെങ്കിലും ജോലി ചെയ്യാന്‍ അദ്ദേഹം തയ്യാറാണ് അതുകൊണ്ടു തന്നെയാണ് നാദിർഷയുടെ രണ്ടു സിനിമകളും പ്രേക്ഷകർ അത്രത്തോളം സ്വീകരിച്ചത്. നമ്മൾ എഴുതി കൊടുക്കുന്ന തിരക്കഥ പത്തു മടങ്ങ് ഇരട്ടിയാക്കി അദ്ദേഹം നമുക്ക് സ്‌ക്രീനിൽ കാണിച്ചു തരും. ഒരുപാട് ദിവസം നീണ്ടു പോകേണ്ടിയിരുന്ന ഷൂട്ട് 51 ദിവസം കൊണ്ട്  തീർക്കാൻ സാധിച്ചു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ മികവുറ്റതായിരുന്നു, അതുകൊണ്ട് തന്നെ ചിത്രീകരണം ഉദ്ദേശിച്ചതിലും നേരത്തെ അവസാനിപ്പിക്കാൻ കഴിഞ്ഞു.

വിഷു ബോക്സ് ഓഫീസ് മത്സരം

അങ്ങനെ ഒരു മത്സരത്തിന് ഞങ്ങൾ വളർന്നിട്ടില്ല. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഓരേപോലെ സിനിമ ഇഷ്ട്ടമാകുമെന്നാണ് പ്രതീക്ഷ. ഒരു എഴുപത് വയസ്സായ പ്രേക്ഷകനും, 20 വയസ്സുകാരനും ഓരേപോലെ ഇഷ്ട്ടമാകണം എന്ന ഉദ്ദേശത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും. മത്സരം ഉണ്ടോ എന്നുള്ളതൊക്കെ പ്രേക്ഷകർ തീരുമാനിക്കട്ടേ നല്ലതാണെന്നു തോന്നിയാൽ ജനം സ്വീകരിക്കും.

നല്ലതാണെങ്കിൽ അവർ അത് കാണും. മലയാളികൾ എന്നും നല്ല സിനിമകളെ വിജയിപ്പിച്ചിട്ടുള്ളവരാണ്. ആദ്യമൊക്കെ കുറച്ച് പുറകോട്ട് പോയാലും പിന്നീട് പ്രേക്ഷകർ സിനിമ ഏറ്റെടുക്കും എന്നതിന് ഒരുപാട് ഉതാഹരണങ്ങൾ ഉണ്ട്. ദൃശ്യം പോലൊരു സിനിമയൊക്കെ അത്തരത്തിൽ ഹിറ്റായതാണ്. അതുപോലെ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നിവയൊക്കെ വലിയ ഉദാഹരങ്ങൾ ആണ്. നല്ല സിനിമകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും.

ശ്രീനിവാസന്റെ ശക്തമായ കഥാപാത്രം

കൊച്ചിയുടെ സകല സ്പന്ദനങ്ങളും അറിയാവുന്ന അഡ്വക്കേറ്റ് ലോറൻസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കൊച്ചിയുടെ എല്ലാ കളികളും തിരിച്ചറിയാവുന്ന ഒരാളാണ് ലോറൻസ്. വളരെ ശക്തമായ ഒരു കഥാപാത്രം തന്നെയാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. മറ്റു കഥാപാത്രങ്ങളെ സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞാണ് തീരുമാനിച്ചതെങ്കിലും ഈ കഥാപാത്രം ശ്രീനിയേട്ടൻ തന്നെ ചെയ്യണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. മുഴുവൻ സ്ക്രിപ്റ്റും വായിച്ച ശേഷമാണ് അദ്ദേഹം ഈ കഥാപാത്രം ചെയ്യാൻ തയ്യാറായത്. ശ്രീനിയേട്ടന് മാത്രം കഴിയുന്ന ചില കഥാപാത്രങ്ങളിൽ ഒന്നാണ് ഈ അഡ്വക്കേറ്റ് ലോറൻസ് എന്ന കഥാപാത്രം.

ഓൺലൈൻ മാധ്യമങ്ങളിലെ റിവ്യൂകൾ

മുൻപ് ഇത്തരം കാര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും ഇവിടെ സിനിമ ഉണ്ടായിരുന്നതല്ലേ, ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചറിഞ്ഞിട്ടാണ് അന്ന് സിനിമ കാണാൻ പോയിക്കൊണ്ടിരുന്നത്. ഓൺലൈനിൽ ഒരു ഗ്രൂപ്പ് വിചാരിച്ചാൽ ഒരിക്കലും ഒരു സിനിമയെ നശിപ്പിക്കാനാകില്ല. സിനിമ നല്ലതാണെങ്കിൽ തീർച്ചയായും ഓടിയിരിക്കും. അവർക്ക് ചില ഉപദ്രവങ്ങൾ ഉണ്ടാക്കാൻ സാധിക്കും, അല്ലാതെ ഒരു സിനിമയെ തകർക്കാനൊന്നും ആകില്ലാ. ഓൺലൈൻ സംവിധാനങ്ങൾ വെറുതെ കുറ്റം പറയാൻ മാത്രം ഉപയോഗിക്കുന്നത് ശെരിയല്ല. കുഴപ്പങ്ങൾ നേരെയാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാം. എത്രയോ പേരുടെ കഷ്ടപാടാണ് ഒരു സിനിമ.

ഇത്തരം വിമർശന പോസ്റ്റുകൾ ഗ്രൂപ്പുകളിൽ നിന്ന് റിമൂവ് ചെയ്യണമെന്നല്ലാ, അത്തരം എഴുത്തുകൾ എഴുതാതിരിക്കുക പടം മോശമാണെങ്കിൽ മിണ്ടാതിരുന്നാൽ മതി. പ്രേക്ഷകർ മനസിലാക്കിക്കോളും. അതിനെ കുറ്റം പറഞ്ഞ് പോസ്റ്റുമോർട്ടം ചെയ്യാതിരിക്കുക.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍