UPDATES

സിനിമാ വാര്‍ത്തകള്‍

10കോടി രൂപ ചെലവിൽ നാനൂറോളം പേർ ചേർന്ന് നിർമ്മിച്ചത്; മാമാങ്കത്തിന്റെ ബ്രമാണ്ട സെറ്റിനെ കുറിച്ച് ആർട്ട് ഡയറക്ടർ മോഹൻദാസ്

‘ഏകദേശം 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും ആവനാഴി, ഉറുമി തുടങ്ങിയവ ഫൈബറിൽ ഉണ്ടാക്കിയെടുത്തു. ശരിക്കും ഒരു ഡ്രീം പ്രോജക്ടാണ് മാമാങ്കം’

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കത്തിന്‍റെയും ചാവേറുകളുടെയും കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമക്കായി വലിയ രീതിയിലുള്ള സെറ്റ് വർക്കുകളാണ് നടന്നിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് നിർമ്മിച്ചത് 10 കോടി രൂപ ചെലവിൽ നാനൂറോളം ആളുകൾ ചേർന്നാണെന്ന് പറയുകയാണ് ആർട്ട് ഡയറക്ടർ മോഹൻദാസ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ സെറ്റ് നിർമ്മാണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘നല്ല അധ്വാനം വേണ്ടിവന്ന ചിത്രമാണിത്. അറുപത് ദിവസത്തോളം എടുത്താണ് സെറ്റ് പൂർത്തിയാക്കിയത്. നാനൂറോളം ആളുകൾ ചേർന്നാണ് സെറ്റ് പണിതത്. ബാഹുബലിയിൽ ഗ്രാഫിക്സിന്റെ ഉപയോഗം കൂടുതലാണ്. മാമാങ്കത്തിന് പക്ഷെ സെറ്റ് നിർമിച്ച് തന്നെയാണ് ചിത്രീകരണം നടത്തിയത്. 10 കോടി രൂപ ചെലവഴിച്ചാണ് സെറ്റ് നിർമിച്ചത്. ഏകദേശം 500 മുതൽ 1000 വരെ എണ്ണഒഴിച്ച് കത്തിക്കുന്ന വിളക്കുകൾ സെറ്റിലുണ്ടായിരുന്നു. ലൈറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലും ഈ വിളക്കുകളുടെ വെളിച്ചത്തിലാണ് പഴമയുടെ പ്രതീതി കിട്ടാൻ ഷൂട്ട് ചെയ്തത്’- മോഹൻദാസ് പറയുന്നു.

‘മാമാങ്കത്തെക്കുറിച്ച് പുസ്തകങ്ങളിൽ എഴുതിയ വിവരങ്ങൾ മാത്രമാണ് നമുക്കുള്ളത്. റഫറൻസിനായി ചിത്രങ്ങൾ പോലുമില്ല. മാമാങ്കം അരങ്ങേറിയ കാലഘട്ടത്തെക്കുറിച്ച് ഒരുപാട് പുസ്തങ്ങൾ വായിച്ചാണ് മനസിലാക്കിയത്. അതോടൊപ്പം തിരുനാവായയിൽ മാമാങ്ക സ്മാരക സംരക്ഷണ സമിതിയിൽ നിന്നും കിട്ടിയ അറിവുകളും സഹായമായിട്ടുണ്ട്. ഈ വിവരങ്ങളിൽ നിന്നെല്ലാം ഭാവനയിൽ ഒരു സെറ്റ് തെളിഞ്ഞു. അത് പിന്നീട് ചിത്രമാക്കി, സംവിധായകനെയും നിർമാതാവിനെയും ബാക്കി ടെക്ക്നിക്കൽ ടീമിനെയും കാണിച്ചു. എല്ലാവർക്കും അത് ഇഷ്ടപ്പെട്ടതോടെയാണ് സെറ്റിന്റെ പണിയിലേക്ക് കടന്നത്.

സാധാരണ ഒരു സിനിമയിൽ ജോലി ചെയ്യുന്നത് പോലെയായിരുന്നില്ല മാമാങ്കത്തിലെ ജോലി. പഴയ കാലം പുനർനിർമിക്കുന്നത് വെല്ലുവിളിയായിരുന്നു. പുല്ലും വൈക്കോലും മേഞ്ഞ കെട്ടിടങ്ങളാണ് മിക്കതും. പനയോല, മുള തുടങ്ങിയവും മണ്ണ് പോലെ തോന്നിക്കാൻ ചണവും പ്ലാസ്ട്രോപാരീസും ഫൈബറും ഉപയോഗിച്ചു. ഏകദേശം 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും ആവനാഴി, ഉറുമി തുടങ്ങിയവ ഫൈബറിൽ ഉണ്ടാക്കിയെടുത്തു. ശരിക്കും ഒരു ഡ്രീം പ്രോജക്ടാണ് മാമാങ്കം’ – മോഹൻദാസ് കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍