UPDATES

സിനിമാ വാര്‍ത്തകള്‍

‘ആദ്യം ശബരിമലയിലിരുന്ന അയ്യപ്പനെ തെരുവിലിറക്കി, ഇനി ലാല്‍ സാറിന്റെ തോളിൽ കേറാൻ നോക്കുകയാണ് ഇക്കൂട്ടർ’; മോഹന്‍ലാല്‍ ഫാന്‍സ്‌ കട്ട ഉടക്കില്‍

ബിജെപിക്കാര്‍ വേണമെങ്കില്‍ ആദ്യം ലാല്‍ സാറിനെ ബിജെപിക്കാരനാക്കി ഒരു പടം ചെയ്യട്ടെ

മോഹൻലാൽ സമ്മതിച്ചാല്‍ തങ്ങള്‍ മത്സരിപ്പിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ സജീവമാകുന്നതിനിടെ ഇത്തരത്തിൽ ഒരു നീക്കം മോഹൻ ലാൽ എന്ന നടന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നില്ലന്ന് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ സംസ്ഥാന കമ്മറ്റി. മോഹൻലാൽ എന്ന കലാകാരന്റെ മേഖല സിനിമയാണെന്നും അദ്ദേഹം രാഷ്ട്രീയം കളിക്കുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും, ലാൽ സർ അത്തരത്തിലൊരു ബുദ്ധിശൂന്യമായ തീരുമാനം എടുക്കില്ലന്ന് വിശ്വസിക്കുന്നതായും മോഹന്‍ലാൽ ഫാൻസ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിമൽ കുമാർ അഴിമുഖത്തോട് പറഞ്ഞു.

ഇപ്പോൾ എല്ലാ പാർട്ടിയുടെയും ലക്ഷ്യം ഇലക്ഷന് വിജയമാണെന്നും അതുകൊണ്ട് പല ചർച്ചകളും അവർ നടത്തിയേക്കാമെന്നും പറയുന്ന വിമല്‍ കുമാര്‍ നാളെ ചിലപ്പോൾ അവർ ഒബാമയുടെ അടുത്ത് ചെന്നും ഇവിടെ മത്സരിക്കുമോയെന്ന് ചോദിച്ചേക്കാം എന്നും പറയുന്നു. ‘അതൊക്കെ അവരുടെ കാര്യം. ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ഒക്കെ ചർച്ച നടത്താൻ അവകാശമുണ്ട്’, വിമൽകുമാർ പറയുന്നു.

“ലാൽ സാറിനൊപ്പം ഫോട്ടോ എടുക്കുന്ന എത്ര പേരുണ്ട്, അവർ ആ ഫോട്ടോ കൊണ്ടുപോയി ഞാനും ലാലേട്ടന്റെ അടുത്തയാളാണെന്ന് പറയുന്നത് പോലെ കണ്ടാൽ മതി ഇതൊക്കെ.   പ്രധാനമന്ത്രി മോദിയെ കണ്ടതുകൊണ്ടോ ലാൽസാറിനെ ബിജെപിക്കാർ ഇങ്ങോട്ട് വന്നു കണ്ടതുകൊണ്ടോ അദ്ദേഹം ബിജെപിക്കാരൻ ആകില്ല. ഇതെല്ലാം വെറും അഭ്യൂഹങ്ങളും ചിലരുടെ ആഗ്രഹങ്ങളുമാണ്”, വിമൽകുമാർ പറഞ്ഞു.

കൂടാതെ നമ്മുടേത് സാക്ഷര കേരളമാണെന്നും തമിഴ്നാട്ടിൽ നടക്കുന്ന പോലെ ഇവിടെ നടക്കില്ലെന്നും പറയുന്ന വിമല്‍ കുമാര്‍, കരിയറിൽ ഇതുവരെ ഒരു ചാൻസ് പോലും ചോദിക്കാത്ത വ്യക്തിയാണ് മോഹന്‍ ലാല്‍ എന്നും പറയുന്നു. “അദ്ദേഹത്തിന്റെ സിനിമ എൻട്രി പോലും കൂട്ടുകാർ അയച്ചു കൊടുത്ത ഒരു കത്തിലൂടെയാണ്. അങ്ങനെ ഒരു മനുഷ്യൻ നാടുനീള നടന്ന് എനിക്ക് വോട്ട് തരുമോ എന്ന് ചോദിച്ച് തെണ്ടുമോ”, വിമല്‍ കുമാര്‍ ചോദിക്കുന്നു.

“അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടിവിടെ. അവരുടെ രാഷ്ട്രീയമെല്ലാം ലാലേട്ടന് അറിയാം. അവരെയെല്ലാം ഈ പേരിൽ കൂട്ടി യോജിപ്പിക്കാൻ കഴിയുന്നതാണോ എന്നും അദ്ദേഹത്തിന് അറിയാം. ഞങ്ങളൊക്കെ ഗ്രൌണ്ടില്‍ നില്‍ക്കുന്ന ആളുകളാണ്.  അദ്ദേഹത്തിന്റെ ഒരു സിനിമ മോശമായാൽ പോലും ലാൽ സർ മോശമായെന്ന് ആരും പറയില്ല. ആ സിനിമ മോശമെന്നേ ആളുകൾ പറയുകയുള്ളൂ”, വിമൽ കുമാർ പറയുന്നു

ആദ്യം ശബരിമലയിൽ ഇരുന്ന അയ്യപ്പനെ തെരുവിൽ ഇറക്കി, ഇനി മോഹൻലാലിനെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ തോളിൽ കേറാൻ നോക്കുകയാണ് ഇക്കൂട്ടർ. മോഹൻലാൽ ബിജെപിക്കൊപ്പമെന്ന് ബിജെപിയും, സിപിഎമ്മിനൊപ്പമെന്ന് സിപിഎമ്മും അതുപോലെ തന്നെ കോൺഗ്രസ്സും പറയും. ഇനി ഇറങ്ങാനുള്ള ലൂസിഫർ എന്ന ചിത്രത്തിൽ അദ്ദേഹം കോൺഗ്രസ് ആണ്. മുൻപ് ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ ചിത്രങ്ങൾ ഇറങ്ങിയപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയിരുന്നു”, വിമല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

“ബിജെപിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്. ഇങ്ങനൊരു പ്രസ്ഥാനത്തിൽ ഒരുപാട് കലാകാരന്മാരും ഉണ്ടാകുമല്ലോ. അതിൽ കുറച്ചു സംവിധായകരും ക്യാമറമാൻമാരെയും കൂട്ടി ലാലേട്ടൻ ഒരു ബിജെപി അനുഭാവി ആണെന്ന് ഒരു കഥയൊക്കെ തട്ടിക്കൂട്ടിയിട്ട് ഒരു സിനിമ എടുക്കണം. ആ സിനിമ കാണുമ്പോൾ മോഹൻലാൽ ബിജെപി ആണെന്ന് ആളുകൾ വിചാരിക്കട്ടെ”. രാഷ്ട്രീയ രംഗത്തുള്ള ആളുകൾക്ക് അവരെ പ്രൊമോട്ട് ചെയ്യാൻ  എന്തുവേണമെങ്കിലും ചെയ്യാവുന്ന അവസ്ഥയാണിപ്പോൾ എന്നും വിമൽകുമാർ പറയുന്നു.

“മോഹൻലാലിന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹമുണ്ടെകിൽ അദ്ദേഹം ഇറങ്ങും. അപ്പോൾ മാത്രം ചർച്ച ചെയ്താൽ പോരെ?”, ഫാന്‍സുകാരുടെ നിലപാട് വിമല്‍ കുമാര്‍ പറയുന്നു.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍