UPDATES

സിനിമാ വാര്‍ത്തകള്‍

‘കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്’: മോഹന്‍രാജ് പറയുന്നു

‘സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല’

ലോഹിതദാസ് ഒരുക്കിയ കിരീടം സിനിമ റിലീസായിട്ട് 30 വർഷങ്ങൾ പിന്നിടുകയാണ്. മോഹനലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രത്തെ പോലെത്തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രമാണ് മോഹൻരാജ് അവതതരിപ്പിച്ച കീരിക്കാടൻ ജോസ് എന്ന കഥാപാത്രം. സിനിമ ഹിറ്റായതോടെ ‘കീരിക്കാടൻ ജോസ്’ എന്ന പേരും ഹിറ്റായി. അത് കൊണ്ട് തന്നെ ഈ നടന്റെ യഥാർത്ഥ പേരുപോലും ഇന്നും പലർക്കും അറിയില്ല. കിരീടം സിനിമയുടെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ്. കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞട്ടുണ്ടെന്നാണ് മോഹൻരാജ് പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പഴ ഓർമ്മകൾ പങ്കുവെച്ചത്.

‘കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. സംവിധായകന്‍ പറഞ്ഞുതരുന്നത് ക്യാമറയ്ക്കുമുന്നില്‍ അവതരിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്’- മോഹൻരാജ് പറയുന്നു.

‘കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവെച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

‘അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നത്. അതിലൊരു പുതുമയില്ല. സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല. സിനിമയോട് ഇന്നും വലിയ കമ്പമില്ല. പക്ഷേ, സിനിമ നല്‍കിയ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടുണ്ട്’- മോഹൻരാജ് കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍