UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

മ ചു ക ഒരു പരീക്ഷണ ചിത്രമാണ്; ത്രില്ലറിനേക്കാൾ വൈകാരികത നിറഞ്ഞ, ഒരു കൊല്ലത്തോളം പെട്ടിയിലിരുന്ന സിനിമ

നായകൻ, വില്ലൻ, പ്രണയം ക്രൂരത ഒക്കെ സംഭവിക്കുന്നത് രണ്ടു വ്യക്തികൾക്കിടയിൽ മാത്രമാണ് എന്ന അനുഭവമാണ് മ ചു കയുടെ പുതുമ

അപര്‍ണ്ണ

ഈദ് റിലീസിനു മുന്നെയുള്ള ഈ ഇടവേള സമയത്ത് പൊതുവെ സിനിമാ റിലീസുകൾ ഉണ്ടാവാറില്ല. തീയേറ്ററുകൾ ഒട്ടും സജീവമല്ലാത്ത കാലമാണിത്. എന്നാല്‍, തീയേറ്ററുകളിൽ സജീവമായിരുന്നവർക്കറിയാം കഴിഞ്ഞ ഒരു വർഷത്തിലേറെയായി റിലീസിനു തയ്യാറായി നിൽക്കുന്ന സിനിമയാണ് മ ചു ക. എപ്പോഴും തീയേറ്ററുകളിൽ ത്രില്ലർ മോഡിലുള്ള ഈ സിനിമയുടെ ട്രയിലർ കണ്ടിരുന്നു. ജയൻ വെന്നേരി ആണ് ഈ സിനിമയുടെ സംവിധായകൻ. പശുപതി, ജനനി അയ്യർ എന്നിവരാണ് ലീഡ് റോളുകളിൽ

ദ്വിഭാഷാ സിനിമയാണ് മ ചു ക. മലയാളത്തെക്കാൾ തമിഴ് സംസാരിക്കുന്ന സിനിമ ആണെന്നു പറയാം. ആഴത്തിലുള്ള വേദന എന്നർത്ഥം വരുന്ന ബ്രസീലിയൻ വാക്കാണ് മ ചു ക എന്നാദ്യം തന്നെ പരിഭാഷപ്പെടുത്തുന്നുണ്ട്. സിനിമയിൽ പശുപതിയുടെ അഴകറിവും ജനനിയുടെ നിരുപമയും മാത്രമേ ഉള്ളൂ. പത്രപ്രവർത്തകയായ നിരുപമ തൊഴിൽപരമായ ആവശ്യത്തിനായി കുടുംബ സുഹൃത്തിന്റെ വീട്ടിലെത്തുന്നു. കുടുംബ സുഹൃത്ത് വരും വരെ ഫോട്ടോഗ്രഫിയും മറ്റു വിനോദങ്ങളുമായി നടന്ന നിരുപമയ്ക്കു മുന്നിൽ യാദൃശ്ചികമായി അഴകറിവ് എന്ന ജഡ്ജ് എത്തുന്നു. ഇയാളും നിരുപമയുടെ കുടുംബ സുഹൃത്തിനെ കാണാനെത്തിയതാണ്. ഇവർക്കിടയിൽ ഉടലെടുക്കുന്ന ദൃഢമായ സൗഹൃദവും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് മ ചു ക.

രണ്ടു പേർ മാത്രമുള്ള സിനിമ മലയാളത്തിൽ അധികം കണ്ടിട്ടില്ല. പ്രതാപ് പോത്തനും പാർവതിയുമെല്ലാം  ഫോട്ടോ, ശബ്ദ സാന്നിധ്യങ്ങളായി സിനിമയിലുണ്ട്. സ്ലോ പെയ്സിലുള്ള ഒരു മന:ശാസ്ത്ര ത്രില്ലർ ആണിത്. ഒരു ഹിൽ സ്റ്റേഷനിലെ ഒറ്റപ്പെട്ട വീട്, ഇരുട്ട്, ഒറ്റക്കൊരു പെൺകുട്ടി, ഭയം ജനിപ്പിക്കുന്ന ദൃശ്യങ്ങൾ തുടങ്ങി ഒരു ത്രില്ലറിനു വേണ്ട വ്യവസ്ഥാപിത ഘടകങ്ങളെല്ലാം മച്ചു കയിലുണ്ട്.  ത്രില്ലറിന്റെ ദൃശ്യഭാഷയുടെ പരമ്പരാഗത മാർഗങ്ങളെല്ലാം അതേപടി പിന്തുടർന്ന് സിനിമ രണ്ടു മണിക്കൂർ അങ്ങനെ മുന്നോട്ടു പോകുന്നു.

ആർക്കും ഊഹിക്കാവുന്ന കഥാഗതി സിനിമയുടെ വലിയ ദൗർബല്യമാണ്. പ്ലോട്ടിലെ ഓരോ ട്വിസ്റ്റും പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിക്കാം. മ ചു ക എന്ന പേരിനെ ന്യായീകരിക്കാനുള്ള കഠിനശ്രമവും ചിലപ്പോൾ അനവസരത്തിൽ ഉണ്ടാകുന്നുണ്ട്. ഇരട്ട വ്യക്തിത്വം, ഭാവമാറ്റം ഒക്കെ പഴകി പതിഞ്ഞ മട്ടിലാണ് അവതരിപ്പിക്കുന്നത്. ഉറുമ്പ് ദിശയറിയാതെ പോകുന്നതും പി.എസ് ഐ ലൗവിന്റെ താളുകളും പോലെ ഇടക്കൊക്കെ സിമ്പലിസം കയറി വന്നെങ്കിലും  അത് അനവസരത്തിൽ പ്രേക്ഷകരോട് ഒട്ടും കമ്യൂണിക്കേറ്റ് ചെയ്യാതെ കടന്നു പോയി. കഥാപാത്രങ്ങളുടെ ഭാരം താങ്ങാൻ പറ്റാതെ ഇടയ്ക്ക് പശുപതിയും ജനനിയും ഉഴറുന്നുണ്ടായിരുന്നു. ഇരുട്ടിൽ നായ കുരയ്ക്കുന്നത്, പിന്നിൽ നിന്ന് കൈ നീണ്ടു വരുന്നത്, പൂട്ടിയിട്ട ആൾ മുന്നിൽ നിൽക്കുന്നത് ഒക്കെ കണ്ടു മടുത്ത രംഗങ്ങളുമാണ്

തമിഴും ഇംഗ്ലീഷും കലർന്ന നിരവധി വിശകലനങ്ങൾ നിറച്ച സംഭാഷണങ്ങൾ പലപ്പോഴും സാധാരണ പ്രേക്ഷകരെ സിനിമയിൽ നിന്നകറ്റും. പശുപതി എന്ന തമിഴ് നടന്റെ സാന്നിധ്യവും കഥയ്ക്കുള്ളിലെ കഥയിലെ തമിഴും ഒക്കെ മലയാള സിനിമാ അന്തരീക്ഷത്തിൽ വെല്ലുവിളിയായ ഘടകങ്ങളാണ്. പ്രേക്ഷകർക്ക് അപരിചിതത്വം സിനിമയുടെ പേരു മുതൽ അനുഭവിക്കേണ്ടി വരുന്നു. ഇത്തരം അപരിചിതത്വങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വളരെ നല്ലതാണ്. മുഖ്യധാരാ സിനിമയുടെ വാർപ്പു മാതൃകകൾ പിന്തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പമുള്ള സിനിമകളിൽ ഈ ഭാരം പ്രേക്ഷകർ ഏറ്റെടുക്കാനുള്ള സാധ്യത വിരളമാണ്, ഭൗതികമായ ഒരന്തരീക്ഷത്തിന്റെ സാന്നിധ്യം നിലനിൽക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും.

നായകൻ, വില്ലൻ, പ്രണയം ക്രൂരത ഒക്കെ സംഭവിക്കുന്നത് രണ്ടു വ്യക്തികൾക്കിടയിൽ മാത്രമാണ് എന്ന അനുഭവമാണ് മ ചു കയുടെ പുതുമ. വളരെ കൃത്യമായ ഭൂതകാലവും ഇതര ജീവിതവും ഉണ്ടെങ്കിലും കാഴ്ച്ചക്കാരിലേക്ക് വളരെ ഫ്രഷ്നസോടെ ഇവർ തമ്മിലുള്ള ബന്ധമെത്തുന്നു. യാതൊരു മുൻവിധിയുമില്ലാതെ രണ്ട് അപരിചതർ സൗഹൃദത്തിലാവുന്നു. വ്യത്യസ്ത സാഹചര്യങ്ങളിലൂടെ, അനുഭവത്തിലൂടെ, പ്രായത്തിലൂടെ കടന്നുപോകുന്ന ആ ബന്ധത്തിന്റെ കൗതുകം രസമുണ്ട്. പക്ഷെ പിന്നീട് ആ ബന്ധം വളരെ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ കടന്നുപോകുന്നതോടെ ആ രസച്ചരട് പൊട്ടുന്നു. പിന്നെ തികച്ചും പ്രതീക്ഷിതമായ വഴികളിലേക്ക് കാണികളും എത്തുന്നു.

സ്നേഹം, പ്രണയം, കാമം, വിശ്വാസം, വിശ്വാസ വഞ്ചന, പക, വിശപ്പ് ഇവയൊക്കെ സംബന്ധിച്ച രണ്ടു വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് സിനിമയിലെ മറ്റൊരു പ്രധാന ഭാഗം. തുടക്കത്തിൽ ഇത് കൗതുകമുണ്ടാക്കുന്നു. പിന്നെ പലപ്പോഴും കഥയെ മുന്നോട്ടു കൊണ്ടു പോകാൻ വളരെ വിരസമായി ഇത്തരം സംഭാഷണങ്ങൾ കുത്തി നിറയ്ക്കുന്നു. ഒരു സാരോപദേശ കഥ കേൾക്കും പോലെയാണ് ഈ ഭാഗങ്ങൾ അനുഭവപ്പെടുക. പശുപതിയുടെ അതിവൈകാരികമായ അഭിനയം മടുപ്പിക്കുന്നുമുണ്ട്. ഇഴഞ്ഞു നീങ്ങിയ കുറെ ഭാഗങ്ങൾ കഴിഞ്ഞ് പെട്ടന്ന് സിനിമ നിന്നു.

മ ചു ക ഒരു പരീക്ഷണ ചിത്രമാണ്. രണ്ടു പേർ മാത്രമഭിനയിച്ച, ത്രില്ലറിനേക്കാൾ കൂടുതൽ വൈകാരികത നിറഞ്ഞ, ഒരു കൊല്ലത്തോളം പെട്ടിയിലിരുന്ന ഒരു സിനിമ… അങ്ങനെയൊരു സിനിമയുടെ ദൗർബല്യങ്ങൾ തീർച്ചയായും അതിനുണ്ട്. ത്രില്ലർ, മന:ശാസ്ത്ര വിശകലന സിനിമകളുടെ ആരാധകരാണ് നിങ്ങളെങ്കിൽ കാര്യമായി പുതുമകൾ പ്രതീക്ഷിക്കാതെ തന്നെ ഈ സിനിമ കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍