UPDATES

സിനിമ

എ ആര്‍ റഹ്മാന്റെ കീബോര്‍ഡ് കൊണ്ട് സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ ബാലകൃഷ്ണന്‍

ബാലകൃഷ്ണന്‍ അവസരം നല്‍കി മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റോജയിലൂടെ റഹ്മാന്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്‌

കഴിഞ്ഞ ദിവസം അന്തരിച്ച എസ് ബാലകൃഷ്ണന്‍ (69), സിദ്ദിഖ്-ലാല്‍ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടിയ സംഗീത സംവിധായകനായിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി സ്വദേശിയായ ബാലകൃഷ്ണന്‍ കോയമ്പത്തൂരിലായിരുന്നു താമസിച്ചിരുന്നത്. എക്കോണോമിക് ഹിസ്റ്ററിയിലെ ബിരുദത്തിന് ശേഷം ചലച്ചിത്രങ്ങളില്‍ അവസരം തേടിയാണ് അദ്ദേഹം ചെന്നൈയില്‍ എത്തിപ്പെടുന്നത്.

സംഗീതപാരമ്പര്യമില്ലാത്ത കുടുംബമായിരുന്നുവെങ്കിലും ചെറുപ്പത്തില്‍ തന്നെയുള്ള സംഗീത മോഹം ഓടക്കുഴല്‍ പഠിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കോയമ്പത്തൂര്‍ വിശ്വനാഥന്‍ പിള്ളക്കു കീഴില്‍ ശാസ്ത്രീയ സംഗീതത്തോടൊപ്പം ഫ്‌ലൂട്ടും അഭ്യസിച്ചു. ഫ്‌ലൂട്ടില്‍ ഇന്ത്യന്‍, വെസ്റ്റേണ്‍ സംഗീതം അദ്ദേഹത്തിനു വശമുണ്ടായിരുന്നു. കര്‍ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ അഭ്യസ്ഥമാക്കിയിട്ടുള്ള ബാലകൃഷ്ണന്‍ മദ്രാസിലേക്ക്. അവിടെ ബിന്നി കമ്പനിയിലെ ജോലിക്കൊപ്പം പാശ്ചാത്യ സംഗീതപഠനം ആരംഭിച്ചു. ലണ്ടനിലെ പ്രശ്സ്തമായ ട്രിനിറ്റി കോളേജില്‍ നിന്ന് സംഗീതത്തില്‍ ഗ്രേഡ് നേടി.

റെക്കോര്‍ഡിങ്ങിലും ഓര്‍ക്കസ്ട്രയിലും അദ്ദേഹം റെക്കോര്‍ഡറും വായിക്കുമായിരുന്നു. 1975-ല്‍ ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ റെക്കോര്‍ഡര്‍ പഠിക്കാന്‍ എത്തിയത്തോടെയാണ് ബാലകൃഷ്ണന്റെ സിനിമ സംഗീത മേഖലയിലേക്കുള്ള കരിയറിന്റെ തുടക്കം. ഓര്‍ക്കെസ്ട്രകളിലും ചലച്ചിത്ര റെക്കോര്‍ഡിംഗുകളിലുമെല്ലാം സംഗീതം വായിക്കാറുണ്ടായിരുന്ന ബാലകൃഷ്ണന്‍ രാജന്‍-നാഗേന്ദ്ര, എം.ബി. ശ്രീനിവാസന്‍, ഗുണ സിങ് എന്നിവരുടെ സഹായിയായാണ് ചലച്ചിത്രസംഗീതരംഗത്തേക്ക് കടന്നുവന്നത്.

പ്രശസ്ത സംവിധായകന്‍ ഗുണസിംഗിന്റെ സഹായിയായി സിനിമയിലേക്ക് എത്തിയ ബാലകൃഷ്ണന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ജെറി അമല്‍ ദേവിന്റെയും മണിവത്തൂര്‍ കനവിലെ ആയിരം ശിവരാത്രിയില്‍ എംബി ശ്രീനിവാസന്റെയും സഹായിയായി. ഇളയരാജയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതം പഠിപ്പിക്കാറുമുണ്ടായിരുന്നു. എ.ആര്‍. റഹ്മാന്റെ കെ.എം. മ്യൂസിക് കണ്‍സര്‍വേറ്ററി, യമഹ മ്യൂസിക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പഠിപ്പിച്ചിട്ടുണ്ട്.

ഒരിക്കല്‍ സലീല്‍ ചൗധരി ചെന്നൈയില്‍ എത്തിയപ്പോള്‍ ബാലകൃഷ്ണന്റെ റെക്കോര്‍ഡര്‍ വായന കേട്ട് മുംബൈയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് ഇന്ത്യയില്‍ റെക്കോര്‍ഡര്‍ വായിക്കുന്നവരുണ്ടെങ്കിലും അതില്‍ പരിശീലനം കൊടുക്കുന്നവരും പരീക്ഷ നടത്തുന്നവരും ഇല്ലെന്നു തന്നെ പറയാം. ഇന്ത്യയിലൊട്ടകയും അദ്ദേഹം റെക്കോര്‍ഡറില്‍ പരിശീലനം നല്‍കിയിരുന്നു.

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

സംവിധായകന്‍ ഫാസിലുമായുള്ള പരിചയമാണ് ആദ്യ സംരംഭത്തിന് വഴി തുറന്നത്. റാംജി റാവു സ്പീക്കിംഗ് (1989) സിദ്ദിഖ് ലാലിന്റെ ആദ്യചിത്രപ്പോലെ തന്നെ ബാലകൃഷ്ണന്റെയും ആദ്യ ചിത്രമായി. തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി എന്നീ സിദ്ദിഖ്ലാല് ചിത്രത്തിലും കിലുക്കാംപെട്ടി,ഗ്രഹപ്രേവശം, നക്ഷത്രക്കൂടാരം, മായക്കാഴ്ച, മൊഹബത്ത് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതമൊരുക്കി.

സംഗീതലോകത്തെ വിശ്വപ്രതിഭ എആര്‍ റഹ്മാന്‍ എന്ന ദിലീപിനെ തന്റെ ആദ്യസിനിമയിലൂടെ കീബോര്‍ഡ് വായിക്കാന്‍ അവസരവും നല്‍കി അദ്ദേഹം. ഇതിന് ശേഷം മൂന്ന് വര്‍ഷത്തിന് ശേഷമാണ് റഹ്മാന്‍ സ്വതന്ത്ര സംഗീത സംവീധായകന്‍ ആകുന്നത് (യോദ്ധ- 1992). റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ‘കളിക്കളം ഇത് പടക്കളം..’ എന്ന ഗാനത്തിന് മറ്റു ഓര്‍ക്കസ്ട്രകള്‍ ഒന്നും തന്നെ ഉപയോഗിച്ചട്ടില്ല. എആര്‍ റഹ്മാന്റെ കീബോര്‍ഡും, ശിവ മണിയുടെ ഡ്രംസും മാത്രം.

1990ല്‍ വന്ന ഇന്‍ ഹരിഹര്‍ നഗര്‍ സിദ്ദിഖ് ലാലിന്റെ രണ്ടാമത്തെ ചിത്രത്തിവും ബാലകൃഷ്ണന്റെ സംഗീതത്തിലൂടെ വന്‍ വിജയത്തിലെത്തി. പിന്നീട് സിദ്ദിഖ് ലാല്‍ കൂട്ട് കെട്ടില്‍ മറ്റു ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതമൊരുക്കി. ഒരു കാലത്ത് എം ബി ശ്രീനിവാസന്‍, ഗുണ സിംഗ്, രാജന്‍-നാഗേന്ദ്ര തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ ടീമിലെ സ്ഥിരം അംഗമായിരുന്നു ബാലകൃഷ്ണന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പശ്ചാത്തല സംഗീതത്തിന് ഗുണ സിംഗിന് സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം ബാലകൃഷ്ണനും ആ ടീമിലുണ്ടായിരുന്നു.

ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായ എംജി ആര്‍ നഗറിലും തെലുങ്ക് റീമേക്കിലും ബാലകൃഷണന്‍ തന്നെയാണ് ഗാനങ്ങളൊരുക്കിയത്. ‘അഭിരാമി’ എന്ന ഒരു തമിഴ് ചിത്രത്തിനു വേണ്ടി പേരുമാറ്റി മനോരഞ്ജന്‍ എന്ന പേരില്‍ അദ്ദേഹം സംഗീതം നല്‍കി. തരംഗിണിയുടെ ഒരു ആല്‍ബത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2011ല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രം മൊഹബത്തും 2012ല്‍ പുറത്തിറങ്ങിയ മാന്ത്രികവും അടക്കം 16 മലയാളം ചിത്രങ്ങളില്‍ ഈണമിട്ടിട്ടുണ്ട് ഈ സംഗീതപ്രതിഭ. അത്രയും ചിത്രങ്ങളിലായി എഴുപത്തിയൊന്നോളം ഗാനങ്ങളും.

കഴിഞ്ഞ കുറേ കാലമായി എ ആര്‍ റഹ്മാന്റെ കെ എം. മ്യൂസിക് കസര്‍വേറ്ററിയില്‍ റെക്കോര്‍ഡറും വെസ്റ്റേണ്‍ ഫ്‌ലൂട്ടും പഠിപ്പിക്കുന്ന അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ജാപ്പനീസ് സംരംഭമായ യമഹ മ്യൂസിക് ഫൗണ്ടേഷന്‍ ഇന്ത്യയിലും അദ്ദേഹം അംഗമായിരുന്നു. ഇളയരാജയുടെ പേരില്‍ നല്‍കി വരുന്ന വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിഷനുള്ള പുരസ്‌കാരം 2015ല്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

രാജലക്ഷ്മിയാണ് ഭാര്യ. ശ്രീവത്സന്‍ ബാലകൃഷ്ണന്‍, വിമല്‍ ശങ്കര്‍ എന്ന രണ്ട് മക്കളുണ്ട്. 2019 ജനുവരി 17-ന് ചെന്നൈയിലെ നീലാങ്കരയില്‍വച്ചായിരുന്നു അന്ത്യം. അര്‍ബുദമായിരുന്നു മരണകാരണം.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍