UPDATES

സിനിമാ വാര്‍ത്തകള്‍

ലൂസിഫര്‍ ബുദ്ധിപരമായ നീക്കം ആയിരിക്കില്ലെന്ന് അവരെന്നോടു പറഞ്ഞിരുന്നു; പൃഥ്വിരാജ്

നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ ചിത്രീകരണം അവസാനിച്ചു. റഷ്യയില്‍ ആയിരുന്നു ലൂസിഫറിന്റെ പായ്ക് അപ്പ്. പതിനാറ് വര്‍ഷമായി ഒരു നടന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പൃഥ്വിരാജ് ഒരു സംവിധായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോള്‍ അവരും പ്രതീക്ഷയിലാണ്. അതും ഒരു മോഹന്‍ലാല്‍ ചിത്രം. ഇതേ പ്രതീക്ഷയും ആശങ്കയും സന്തോഷവുമെല്ലാം പൃഥ്വിക്കുമുണ്ട്. ലൂസിഫര്‍ ഷൂട്ടിംഗ് അവസാനിച്ചതിനു പിന്നാലെ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പൃഥ്വി അതെല്ലാം പങ്കുവയ്ക്കുന്നുമുണ്ട്.

സൂപ്പര്‍ നായകനായി തിളങ്ങി നില്‍ക്കുമ്പോള്‍ സംവിധാനം ചെയ്യാന്‍ പോയാല്‍ കരിയറിന് തിരിച്ചടിയാകുമെന്ന ഉപദേശം തനിക്ക് കിട്ടിയിരുന്നുവെന്നും അതിനെ മറികടന്നാണ് ലൂസിഫര്‍ എന്ന സിനിമ ചെയ്തതെന്നും പൃഥ്വി പറയുന്നു. ഈ തീരുമാനം തനിക്ക് ഗുണമാകുമോ ദോഷം ചെയ്യുമോ എന്നറിയില്ലെങ്കിലും ഇതുവരെയുള്ള സിനിമ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ലൂസിഫര്‍ സഹായിച്ചു എന്നാണ് പൃഥ്വി പറയുന്നത്. മോഹന്‍ലാലിനോട് ഇക്കാര്യത്തില്‍ തനിക്കുള്ള നന്ദിയും പൃഥ്വിരാജ് പറയുന്നുണ്ട്. ‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ല എന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇങ്ങനെയായിരുന്നു പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ദ്രജിത് ,മഞ്ജു വാര്യര്‍ ,ടോവിനോ തോമസ് എന്നിവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍