UPDATES

സിനിമ

മൈ സ്റ്റോറി; പാര്‍വതി, യു ആര്‍ സിംപ്ലി ബ്രില്ല്യന്റ്, റോഷ്നിയും

അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്‍റ് എന്നിവര്‍ക്ക് ശേഷം പ്രതിഭയുടെ തിളക്കമുള്ള ഒരു സംവിധായികയുടെ ഉദയമാണ് മൈ സ്റ്റോറി

“പുതിയൊരു ഞാന്‍ ആകാന്‍ എന്നെ പഠിപ്പിക്കുകയാണ് ഓരോ സിനിമയും. ഓരോ ചെറു വേഷങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാന്‍ സ്വീകരിക്കുന്ന ഓരോ വ്യക്തികളാണ്. മൈ സ്റ്റോറിയും മറ്റൊന്നല്ല.” പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാണ് ഇന്നലെ മൈ സ്റ്റോറിയ്ക്ക് കയറിയത്. കണ്ടിറങ്ങിയപ്പോള്‍ മറ്റൊന്നും മനസില്‍ വന്നില്ല, ഇത്രമാത്രം. പാര്‍വതി, യു ആര്‍ സിംപ്ലി ബ്രില്ല്യന്റ്!

ടെയ്ക്ക് ഓഫിലെ സമീറയിലൂടെ പുരസ്കാര വേദിയില്‍ തിളങ്ങിയ പാര്‍വ്വതി ഇര്‍ഫാന്‍ ഖാന്റെ കൂടെ കരീബ് കരീബ് സിംഗിളിലൂടെ ബോളിവുഡ് അരങ്ങേറ്റവും പൂര്‍ത്തിയാക്കിയാണ് വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. ആ വരവില്‍ അഭിനയത്തിന്റെ പുത്തനനുഭവമാകാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് റോഷ്നി ദിനകര്‍ എന്ന നവാഗത സംവിധായികയുടെ മൈ സ്റ്റോറിയെ ശ്രദ്ധേയമാക്കുന്നത്.

മൈ സ്റ്റോറി യഥാര്‍ത്ഥത്തില്‍ നായകന്റെ കഥയാണ്. അവനാണ് കഥ പറച്ചിലുകാരന്‍. എന്നാല്‍ ആ കഥയിലെ താരയും ഹിമയും നായകനെ വെല്ലുന്ന വ്യക്തിത്വമുള്ള കഥാപാത്രങ്ങളായി സിനിമ കഴിഞ്ഞും നമ്മുടെ കൂടെ ഇറങ്ങി വരുന്നു എന്നതിലാണ് പാര്‍വ്വതിയുടെയും റോഷ്നി ദിനകറിന്റെയും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റേയും പ്രതിഭ പതിഞ്ഞിരിക്കുന്നത്.

മൈ സ്റ്റോറിയെ ഒരു റൊമാന്‍റിക് മ്യൂസിക്കല്‍ എന്നു വേണമെങ്കില്‍ പറയാം. മോളിവുഡും ബോളിവുഡും ഹോളിവുഡും ഇതുവരെ പറഞ്ഞതില്‍ കൂടുതലെന്തെങ്കിലും കഥയില്‍ പുതുമയുള്ളതുകൊണ്ടല്ല ഈ സിനിമ വേറിട്ട അനുഭവമാകുന്നത്. പുതുമുഖ നായകനായ ജെയും സൌത്തിന്ത്യയിലെ മിന്നും താരമായ താരയും തമ്മിലുള്ള വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ രൂപപ്പെടുന്ന പ്രണയത്തെ, 20 വര്‍ഷക്കാലത്തെ പ്രണയ നഷ്ടത്തെ, ചതിയെ, കുറ്റബോധത്തെ, മധുര പ്രതികാരത്തെ പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് റോഷ്നി ദിനകര്‍ എന്ന പുതുമുഖ സംവിധായിക വിജയിച്ചിരിക്കുന്നത്. തീര്‍ച്ചയായും അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സെന്‍റ് എന്നിവര്‍ക്ക് ശേഷം പ്രതിഭയുടെ തിളക്കമുള്ള ഒരു സംവിധായികയുടെ ഉദയമാണ് മൈ സ്റ്റോറി എന്ന ചിത്രം.

സിനിമയില്‍ പുതുമുഖമാണ് ജെയ്. വലിയ അഭിനയ മോഹവുമായാണ് അവന്‍ മദ്രാസില്‍ എത്തിയിരിക്കുന്നത്. അവിടെ വെച്ചു സംവിധായകന്‍ വില്ല്യംസിന്റെ സിനിമയില്‍ നായകനാകാന്‍ അവന് അവസരം കിട്ടുന്നു. നായിക താരയാണ്. സിനിമയ്ക്കുള്ളിലെ സിനിമയിലെ ആദ്യ ഷോട്ടിലെ നോട്ടത്തില്‍, കരസ്പര്‍ശത്തില്‍, നെഞ്ചോട് ചേര്‍ക്കലില്‍ സിനിമയ്ക്കപ്പുറം പ്രണയം തിരിച്ചറിയുന്നുണ്ട് രണ്ടു പേരും. അത് പ്രേക്ഷകന് പകരാന്‍ സാധിച്ചു എന്നിടത്താണ് തിരക്കഥാകൃത്തിന്റെയും സംവിധായികയുടെയും വിജയം.

മൈ സ്റ്റോറിയുടെ ഹൈലൈറ്റ് അതിന്റെ കഥാഖ്യാന രീതി തന്നെയാണ്. വര്‍ത്തമാന കാലത്തില്‍ നിന്നും ഫ്ലാഷ് ബാക്കിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള കഥന സഞ്ചാരങ്ങള്‍ ഒട്ടും കൃത്രിമത്വം തോന്നാതെ കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പുരസ്കാരം വാങ്ങാന്നെത്തുന്ന ജെയില്‍ നിന്നും അവന്റെ ഭൂതകാലത്തെയും പ്രണയതെയും ഉള്ളിലെരിയുന്ന കനലിനെയും കുറഞ്ഞ സമയത്തിനുള്ളില്‍ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പുരസ്കാരം സ്വീകരിച്ചതിന് ശേഷം പറയുന്ന ഡയലോഗും അതേ സംഭാഷണത്തിന്റെ ഭൂതകാലത്തിലെ സന്ദര്‍ഭവും ആ കഥാ സന്ദര്‍ഭം എന്താണെന്ന് പിന്നിന്നീട് വ്യക്തമാവുകയും ചെയ്യുമ്പോഴാണ് ആഖ്യാനകൌശലത്തിന്റെ സ്പാര്‍ക്ക് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. ആരെങ്കിലും ആരുടെയെങ്കിലും കഥ ഓര്‍മ്മിച്ചെടുക്കുന്ന മട്ടിലുള്ള ഫ്ലാഷ് ബാക്ക് ക്ലീഷേ എവിടേയും മുഴച്ചു നില്‍ക്കുന്നില്ല എന്നത് സംവിധായികയുടെ മിടുക്ക് തന്നെയാണ്. പതിഞ്ഞ താളത്തിലുള്ള കഥ പറച്ചില്‍ ഒരു ഘട്ടത്തിലും പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടുന്ന കാര്യമാണ്.

അടുത്ത ഹൈലൈറ്റ് പാര്‍വതിയുടെ പെര്‍ഫോമന്‍സ് തന്നെ. താരയെയും മകള്‍ ഹിമയെയും തന്റെ സ്വാഭാവിക അഭിനയത്തികവോടെ പാര്‍വ്വതി സ്ക്രീനില്‍ എത്തിച്ചിരിക്കുന്നു. സിനിമയുടെ വെള്ളി വെളിച്ചത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും വിരാജിക്കുന്ന താരത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളും പീഡകളും താരയിലൂടെ നമ്മള്‍ അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് ജെയോട് തോന്നുന്ന ഇഷ്ടത്തെ പ്രണയത്തെ കൃത്രിമമായ ഒന്നായി അനുഭവപ്പെടുന്നില്ല. മറ്റൊന്നു ടോം ബോയിഷ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഹിമയാണ്. അത് പാര്‍വ്വതിയുടെ പൊതുസമൂഹത്തിലെ വേറിട്ട പെണ്‍കുട്ടി പ്രതിച്ഛായയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായതുകൊണ്ടു തന്നെ ഭദ്രവുമാണ്. താന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു രഹസ്യത്തെ/സര്‍പ്രൈസിനെ ഒരു ഘട്ടത്തില്‍ പോലും ഹിമയുടെ നോക്കിലോ ചലനങ്ങളിലോ പ്രേക്ഷകരില്‍ എത്തുന്നില്ല എന്നത് പാര്‍വ്വതി എന്ന നടി സംവിധായികയ്ക്ക് കൊടുത്ത ഉറപ്പായിരിക്കാം. അതുകൊണ്ട് തന്നെ സിനിമയുടെ ക്ലൈമാക്സ് വലിയൊരു സസ്പെന്‍സ് അല്ലെങ്കിലും പ്രേക്ഷകരെ ചെടിപ്പിക്കുന്നില്ല എന്നു ഉറപ്പിച്ച് പറയാം.

ഏറെ എടുത്തുപറയേണ്ടുന്ന മറ്റൊന്നു പോര്‍ച്ചുഗലിന്റെ സൌന്ദര്യം തന്നെ. താരയുടെയും ജെയുടെയും പ്രണയത്തോളം തന്നെ മനം കവരുന്നുണ്ട് പോര്‍ച്ചുഗലിന്റെ വശ്യമനോഹാരിത. ഒരു ടൂറിസ്റ്റ് കാഴ്ചയുടെ ഏരിയല്‍ ദൃശ്യങ്ങള്‍ എന്തിനാണ് ഇത്രയേറെ എന്നു തോന്നിപ്പിക്കുമെങ്കിലും കഥയുടെ ഒഴുക്കിനെ ഒരു തരത്തിലും ഈ പശ്ചാത്തല കാഴ്ചകള്‍ തടയുന്നില്ല എന്നത് ആശ്വാസകരമാണ്. മാത്രമല്ല സിനിമയ്ക്കുള്ളിലെ സിനിമയുടെ ചിത്രീകരണമാണ് ഏറെയും എന്ന ന്യായീകരണവും ഉണ്ട്.

മൈ സ്റ്റോറിയിലെ കഥപറച്ചിലുകാരനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. പൃഥ്വിരാജ്. ആ നടന്റെ കയ്യില്‍ ഇതുപോലുള്ള കഥാപാത്രങ്ങള്‍ സുരക്ഷിതമാണ് എന്നു പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പൃഥ്വിയുടെ സാള്‍ട്ട് &പെപ്പര്‍ ലുക്കുള്ള മധ്യവയസ്കനും ഫ്ലെക്സിബിളായ യുവാവും സമീപകാലത്തെ മികച്ച പൃഥ്വിരാജ് കഥാപാത്രങ്ങളില്‍ പെടുത്താമെന്നതില്‍ സംശയിക്കേണ്ടതില്ല.

കന്നഡ, തമിള്‍, തെലുഗു സിനിമകളില്‍ 14 വര്‍ഷം കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ച അനുഭവ പരിചയത്തില്‍ നിന്നാണ് റോഷ്നി ദിനകര്‍ മൈ സ്റ്റോറിയുമായി എത്തുന്നത്. സംവിധാന രംഗത്ത് നവാഗതയാണെങ്കിലും സിനിമ അറിയാവുന്ന ഒരാളുടെ മികവ് ചിത്രത്തില്‍ ഉടനീളം ദര്‍ശിക്കാം. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി എടുക്കുന്ന മെറ്റമര്‍ഫോസിസ് എന്ന സിനിമയുടെ തിരക്കിലാണ് ഈ സംവിധായിക ഇപ്പോള്‍ എന്നതും ഒരു സ്ത്രീ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍