UPDATES

സിനിമ

അഭിനേത്രി എന്ന നിലയില്‍ എന്നെ കണ്ടിരുന്നോ? ഞാനാ ഓരത്ത് കൂടി നടന്നു പോയ ആളാണ്‌: സുരഭി/അഭിമുഖം

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്

അപര്‍ണ്ണ

അപര്‍ണ്ണ

മലയാളത്തിൽ നിന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്ന അഞ്ചാമത്തെയാളാണ് സുരഭി. പത്തു വർഷത്തിലേറെയായി സിനിമയുടെ ഏതോ അറ്റത്ത് നിന്ന് വല്ലപ്പോഴും മിണ്ടിയും പറഞ്ഞു പോയിരുന്ന ഒരുവൾ. ഗുല്‍മോഹറിലെ നിർമലയെ പോലെ ഇടയ്ക്കു ഞെട്ടിച്ച് വീണ്ടും പഴയ നിശ്ശബ്ദതയിലേക്കു തിരികെ നടന്നവൾ. ഒരു ദേശീയ അവാർഡിന്റെ തിളക്കത്തിനപ്പുറം നമ്മളിൽ എത്ര പേർ ശാരദയെ പോലെ, മോനിഷയെ പോലെ, ശോഭനയെ പോലെ, മീരാ ജാസ്മിനെ പോലെ അവരെ ഗ്ലോറിഫിക്കേഷന്റെ ഉർവശി പദത്തിൽ ഇരുത്തി? ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ടാവില്ല. അഥവാ ഉണ്ടെങ്കിൽ ആ ഒറ്റ വാക്കുത്തരങ്ങൾക്കു കാരണങ്ങളും.

ഇന്ത്യയിലെ ഏറ്റവും മികച്ച നടി എന്ന പ്രഖ്യാപനം വരുമ്പോൾ അവർ വിദേശത്തായിരുന്നു. തന്റെ ജോലിയുടെ ഭാഗമായുള്ള ഷോയിൽ. തിരിച്ചു വന്നതു മുതൽ അവരുമായുള്ള അഭിമുഖത്തിന് ശ്രമിക്കുന്നുണ്ട്. ആദ്യഘട്ടത്തെ തിരക്കുകൾ മറികടന്ന് ഇത്രയും ചോദ്യങ്ങൾക്ക് ഉത്തരം തരാനുള്ള അവസ്ഥയും സമയവും ഇല്ലാതിരിക്കുക എന്ന മനുഷ്യാവസ്ഥയിലൂടെ സ്വാഭാവികമായും അവരും കടന്നു പോയി. പിന്നീട് നാടക വേദികളുടെ ഇടവേളകൾക്കിടയിൽ അവർ അഭിമുഖം തന്നു. ഒച്ചയടഞ്ഞു ക്ഷീണിച്ച പാതിരാത്രികളിൽ ഓരോ ചോദ്യവും വായിച്ചു, ക്ഷമയോടെ ഉത്തരം പറഞ്ഞു. വ്യക്തിപരമായ, തൊഴിൽപരമായ തിരക്കുകളിൽ നിന്ന് അഭിമുഖം തീർക്കുമ്പോൾ സമയം രാത്രി രണ്ടു മണി. ജീവിതം അങ്ങേയറ്റം തിരക്കിൽ ഓടുമ്പോളും വൈകിയതിന് ക്ഷമ ചോദിച്ചു. അവർ പറഞ്ഞ ഓരോ വാക്കിനും സത്യസന്ധത ഉണ്ടായിരുന്നു. കൃത്രിമമായി ഏച്ചുകൂട്ടിയ ‘നിലപാട് ട്രെൻഡു’കളുടെ ഭാരമില്ലാതെ സുരഭി സംസാരിക്കുന്നു.

അപര്‍ണ: ബെഞ്ചിലിരുന്നു സിനിമ കാണുന്നതും സർക്കസ് ഡാൻസും പോലെ ഇപ്പോൾ കേരളത്തിൽ ഗ്രാമങ്ങളിൽപ്പോലും കാണാത്ത ഒരുപാട് അനുഭവങ്ങളെപ്പറ്റി സുരഭി നിരന്തരം സംസാരിക്കാറുണ്ട്. ഒരു നടി എന്ന നിലയിൽ ഇത് എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

സുരഭി: ശരിയാണ്. ഇനിയൊരു തലമുറക്ക് ഇത്തരം അനുഭവങ്ങൾ കിട്ടുമോ എന്നെനിക്കറിയില്ല. ടിവിയും ഫോണും ഗെയിമും എല്ലാമായി നമ്മൾ തന്നെ വേറൊരു തലമുറയായി മാറി കഴിഞ്ഞു എന്ന് തോന്നാറുണ്ട്. ടിവി പോലും ഇല്ലാത്ത കാലം, ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി യുടെ കാലം, കളർ ടിവി വന്നത് ഇങ്ങനെ പല കാലഘട്ടങ്ങളിലൂടെ ജീവിച്ചു വന്നിട്ടുണ്ട്. ആ സമയത്തൊക്കെ കുറെയേറെ അനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നെ ഒരു അഭിമുഖത്തിലോ അരമണിക്കൂർ കൊണ്ടോ ഒരു മണിക്കൂർ കൊണ്ടോ പറഞ്ഞു തീരാത്ത അത്രയുമധികം കഥകളും ഓർമകളും ഉണ്ട്. ഇപ്പോഴുള്ള നമുക്കോ അടുത്ത തലമുറക്കോ അത്തരം കഥകൾ ഇല്ല. ഇതൊക്കെ ഒരു നടി എന്ന നിലയ്ക്ക് നല്ല ആഴത്തിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. തീർച്ചയായും ഇതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എപ്പോഴും പറയാറില്ലേ, അനുഭവങ്ങൾ വേണം ന്നൊക്കെ… അത്തരം ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഓരോ കഥാപാത്രം ചെയ്യുമ്പോഴും അത് എന്നെ പലരീതിയിലും   സഹായിച്ചിട്ടുണ്ട്. ക്യാരക്ടർ സ്റ്റഡിക്ക് ഏറ്റവും ഉപകരിച്ചത് ഈ അനുഭവങ്ങളും ഓർമകളും  തന്നെയാണെന്ന് പറയാം. ആളുകൾ, സ്ഥലങ്ങൾ ഒക്കെ നല്ലവണം ഉപയോഗപ്പെട്ടു. ഇനിയും അത് ഉപയോഗപ്പെടും എന്നുറപ്പാണ്.

അപര്‍ണ: കുതിരവട്ടം പപ്പുവിനും മാമുക്കോയയ്ക്കും ശേഷം കോഴിക്കോടൻ ഭാഷാസ്വത്വത്തെ സ്‌ക്രീനിൽ കൊണ്ട് വരുന്നുണ്ട് സുരഭി. മലയാള സിനിമയിൽ സ്ത്രീകളുടെ സംഭാവന ഇത്തരം ഭാഷാ സ്വത്വ നിർമിതിയിൽ കുറവല്ലേ. ആ നിലക്ക് സുരഭിയുടെ അവരിൽ നിന്നുള്ള തുടർച്ച അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?

സുരഭി: അങ്ങനെ ചോദിച്ചാൽ അത്തരത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാലും കോഴിക്കോടൻ ഭാഷയിൽ തന്നെ സംസാരിക്കുന്ന, ആ രീതിയിൽ മുന്നോട്ട് പോകുന്ന യുവതലമുറയിൽപ്പെട്ട സ്ത്രീ എന്ന രീതിയിൽ എന്നെ കുറെ പേർ ഓർക്കാറുണ്ട്. ആ രീതിയിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തിന്റെ വിജയം. കോഴിക്കോടൻ ഭാഷയുടെ സ്ത്രീ പ്രതീകമായി എന്നെ കാണാറുണ്ട്, അത്തരത്തിൽ പറഞ്ഞു കേൾക്കുന്നത്  വലിയ സന്തോഷമാണ്. ഞാൻ അത്തരത്തിൽ അവരുടെ തുടർച്ചയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ കോയിക്കോട്ടെ പെണ്ണുങ്ങളെ കണ്ടിക്കോ ന്ന് ചോദിക്കുമ്പോ പാത്തുവിനെയും എന്നെയും ആൾക്കാർ ഓർക്കാറുണ്ട് എന്ന് മാത്രം അറിയാം.

അപര്‍ണ: തീയറ്ററിൽ ഗവേഷണം നടത്തുകയാണല്ലോ. ഇതിനു ശേഷം ഇവിടത്തെ നാടക മേഖലയിൽ എന്തൊക്കെ സംഭാവനകൾ നല്‍കാനാണ് ഉദ്ദേശിക്കുന്നത്…

സുരഭി: ഗവേഷണത്തിനപ്പുറം എന്ത് എന്ന് ചോദിച്ചാൽ ഇപ്പോൾ വ്യക്തമായി എനിക്ക് അറിയില്ല. ഒരു സംഭാവനയെ  പറ്റി ആലോചിച്ചല്ല ഞാൻ ആദ്യ കാലത്ത് ഇങ്ങനെ തീരുമാനിച്ചത്. എനിക്കിഷ്ടപ്പെട്ട വിഷയം കൂടുതൽ പഠിക്കുക, അറിയുക ഒക്കെയായിരുന്നു ലക്‌ഷ്യം. ഗവേഷണ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തീയറ്ററുമായി അക്കാദമിക് ആയും അല്ലാതെയും അടുത്തിടപഴകാൻ ഉള്ള അവസരം ഉണ്ടാകും എന്ന സാധ്യതയാണ് അന്ന് ഞാൻ കണ്ടത്. അതിനപ്പുറത്തേക്ക് നാടകത്തിന് ആത്യന്തികമായി ചെയ്യുന്ന ഏറ്റവും വലിയ സംഭാവന നാടകങ്ങൾ ചെയുക എന്നത് തന്നെയാണല്ലോ. അതിനുമപ്പുറം നാടകത്തിനു എന്താ സംഭാവന ചെയ്യുക എന്നറിയില്ല. എന്റെ സംഭാവന തീർച്ചയായും നാടകങ്ങൾ വ്യത്യസ്തമായതും പുതുമയുള്ളതും ചെയ്യുക എന്നത് തന്നെയാവും എപ്പോഴും.

അപര്‍ണ: സുരഭിയെപ്പോലുള്ളവരുടെ സജീവ സാന്നിധ്യം നാടക മേഖലയ്ക്ക് ഗുണം ചെയ്യില്ലേ…

സുരഭി: അങ്ങനെ ചെയ്യും എന്നൊക്കെ ആൾക്കാർ പറഞ്ഞു കേൾക്കുന്നത് സന്തോഷം. എന്റെ അധ്യാപകർ ഒക്കെ ഇപ്പോൾ അങ്ങനെ പറയുന്നുണ്ട്. ഞാൻ ഒരു തീയറ്റർ ആർട്ടിസ്റ്റ് ആണ്. തീയറ്ററിൽ സജീവമായി നിൽക്കുന്ന ആളുമാണ്. ഈ വർഷം തന്നെയാണ് നാടകത്തിലും സിനിമയിലും മികച്ച നടിക്കുള്ള പുരസ്‌ക്കാരങ്ങൾ കിട്ടുന്നത്. എനിക്ക് ഗുണമാണ് എന്നതിൽ കവിഞ്ഞ് അതൊക്കെ ആർക്കെങ്കിലും പ്രചോദനമായാൽ വല്ലാത്ത സന്തോഷമാണ്. തീയറ്റർ പഠിക്കുന്ന കുട്ടികൾക്കും അതുകൊണ്ട് ഗുണമുണ്ടാവും എന്ന് ഞാന്‍ വിചാരിക്കുന്നു.

കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കാൻ ഞാൻ കാലടി യൂണിവേഴ്സിറ്റിയിൽ പോയിരുന്നു. അവിടെ അന്ന് എന്റെ ജൂനിയർ ആയി ഇപ്പൊ പഠിക്കുന്ന ഒരു കുട്ടി പ്രസംഗിച്ചിരുന്നു. എല്ലാരും അവളോടും അവിടെ ഉള്ളവരോടും ഒക്കെ ചോദിക്കുമായിരുന്നുവത്രെ, എന്തിനാണ് നാടകമൊക്കെ പഠിക്കുന്നത്, എന്താണ് അതുകൊണ്ടുള്ള കാര്യം എന്നൊക്കെ. അവൾ പറഞ്ഞത് ദിലീഷേട്ടനിലൂടെയും (ദിലീഷ് പോത്തൻ) സുരഭി ചേച്ചിയിലൂടെയും ഞങ്ങൾക്ക് അതിനൊരു ഉത്തരമുണ്ടായി എന്നാണ്. ദേശിയ അവാർഡ് വാങ്ങിച്ച ആളുകൾ, എം.എ തീയറ്റർ ഞങ്ങൾക്ക് മുന്നേ യൂണിവേഴ്സിറ്റിയിൽ പഠിച്ചതാണെന്നും ഇതൊക്കെ പഠിച്ചാൽ ഇങ്ങനെയും ആവാം എന്നൊക്കെ ഞങ്ങളോട് രണ്ടു പേരോടും പറഞ്ഞു. അങ്ങനെ ചെറിയ തോതിലെങ്കിലും ഉത്തരമാവുന്നു, ഗുണമാവുന്നു എന്നൊക്കെയാണ് ഞാൻ കരുതുന്നത്.

അപര്‍ണ: നൃത്തത്തെ കുറിച്ച് സുരഭി എപ്പോഴും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഒരു നർത്തകി ആയി പൊതുവേദികളിൽ ഇപ്പോൾ അധികം കാണാറില്ല..

സുരഭി: ശരിയാണ്, ഞാൻ നൃത്തത്തെ കുറിച്ചു സംസാരിക്കാറുണ്ട്. പിന്നെ നർത്തകി എന്ന നിലയിൽ അല്ല, അഭിനേത്രി എന്ന നിലയിൽ നിങ്ങൾ ഇത്രയും കാലം  എന്നെ കണ്ടിട്ടുണ്ടോ. ഇല്ല; ഞാൻ ഇതിന്റെ ചെറിയ  ഓരത്ത് കൂടി ഇങ്ങനെ നടന്നു പോയിരുന്ന ആളല്ലേ. പിന്നെ ഇങ്ങനെ ഒരു പുരസ്‌കാര ലബ്ധിക്ക് ശേഷം, ഞാൻ നൃത്തം പഠിച്ചു, നാടകം ചെയ്യുന്നു എന്നൊക്കെ പറയുമ്പോൾ അറിയുന്നുവെന്നു മാത്രം. പക്ഷെ ഇതിനോടൊക്കെ ഉള്ള ഇഷ്ടം കൊണ്ട് ഞാൻ വർഷങ്ങളായി ഇതൊക്കെ ചെയ്തു കൊണ്ടേ ഇരുന്നിരുന്നു. പിന്നെ ഇപ്പോൾ ശരിയാണ്, ചില താത്ക്കാലിക ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ഞാൻ നൃത്തം കൊണ്ടുനടക്കാറില്ല, ഇപ്പോൾ കുറച്ചു കാലമായി ചെയ്യാറുമില്ല. എന്നും നൃത്തം എന്റെ ശരീരത്തിൽ ഉണ്ട്. നൃത്തത്തിന്റെ സാധ്യതകൾ ഞാൻ ഉപയോഗിക്കാറുണ്ട്. നൃത്തം പഠിച്ചതിന്റെ സാധ്യതകൾ പലപ്പോഴും എന്റെ അഭിനയത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കരുതുന്നത്. പ്രത്യേകിച്ചും നാടകാഭിനയത്തിന്റെ കാര്യത്തിൽ നൃത്തം പഠിച്ചത് ശരിക്കും ഉപയോഗിച്ചിട്ടുമുണ്ട്. പിന്നെ, ഇനി എന്നെങ്കിലും  ഒരു നർത്തകിയായി ഞാൻ വേദിയിൽ വന്നേക്കാം. നിങ്ങൾ ആ റോളിലും എന്നെ കണ്ടേക്കാം. അതിന് ഒരു സമയം ഉണ്ടെങ്കിൽ അതാകുമ്പോൾ നടക്കും എന്ന് ഞാൻ കരുതുന്നു, അത്ര മാത്രം…

അപര്‍ണ: പക്ഷെ ഗുൽമോഹർ പോലുള്ള സിനിമകളിൽ അഭിനയ സാധ്യത ഉള്ള കഥാപാത്രമായി കരിയറിന്റെ തുടക്ക കാലത്തേ ചിലർ ശ്രദ്ധിച്ചിരുന്നു. അതിലെ ചില രംഗങ്ങൾ സുരഭിയിലെ നടിയുടെ സാധ്യതകൾ ആയി പറയാറും ഉണ്ട്…

സുരഭി: ഗുൽമോഹർ സിനിമ ബെസ്ററ് ആക്ടർ എന്ന റിയാലിറ്റി ഷോക്ക് ശേഷം ജയരാജ് സര്‍ തന്ന സമ്മാനമായിരുന്നു എന്ന് തന്നെ പറയാം. ആ സിനിമയിൽ ഞാനും രഞ്ജിത്ത് സാറും കൂടി ദോശ തിന്നുന്ന രംഗമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് ജയരാജ് സർ പറഞ്ഞിരുന്നു. സർ ഒരു പ്രശസ്ത മാസികയിൽ അതെപ്പറ്റി എഴുതിയതും വായിച്ചിരുന്നു. സുരഭിയും രഞ്ജിത്തും ചേർന്നഭിനയിച്ച ആ സീൻ എന്നെ കോൾമയിർ കൊള്ളിച്ചു എന്നൊക്കെ അദ്ദേഹം എഴുതിയിരുന്നു. അത് എന്റെ ഭാഗ്യവും എനിക്ക് കിട്ടിയ വലിയ ഒരു അംഗീകാരവുമായി കാണുന്നു ഞാൻ. എല്ലാ രംഗങ്ങളും ഒറ്റ ടേക്കിൽ ഓക്കേ ആയതാണ് ആ കഥാപാത്രത്തെ പറ്റിയുള്ള ഏറ്റവും വലിയ മറ്റൊരു ഓർമ. നല്ലൊരു സിനിമ ആയിരുന്നു അത്. എന്നെ സംബന്ധിച്ചും നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. അന്നൊന്നും അത്രയും ആഴത്തിൽ അതിനെ പറ്റി ഒന്നും എനിക്ക് അറിയില്ല. അത്തരത്തിൽ ഞാൻ ചിന്തിച്ചിട്ടും ഇല്ല. എന്നാലും ആ കഥാപാത്രത്തെ പൂർണമായും വിശ്വസിച്ചു ചെയ്യുക എന്ന് മാത്രമേ ഞാൻ ഓർത്തിരുന്നുള്ളു.

അപര്‍ണ: നാടകം, നൃത്തം, സിനിമ – ഒരു പെർഫോർമർ എന്ന രീതിയിൽ സുരഭിക്ക് ഏറ്റവും കൂടുതൽ തൃപ്തി നൽകുന്നത് എന്താണ്?

സുരഭി: ഇതൊക്കെ തരുന്ന വ്യത്യസ്തങ്ങളായ സംതൃപ്തികളോടാണ് കൂടുതൽ താത്പര്യം. പിന്നെ നാടകം മാത്രം ചെയ്ത് തൃപ്തിപ്പെടാനോ സിനിമ മാത്രം ചെയ്ത് തൃപ്തിപ്പെടാനോ നൃത്തം മാത്രം ചെയ്ത് തൃപ്തിപ്പെടാനോ ഒരിക്കലും എന്നെക്കൊണ്ട് പറ്റില്ല. ഇത് മൂന്നും മാറി മാറി അല്ലെങ്കിൽ ഇതെല്ലാംകൂടി ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി ഉണ്ടല്ലോ, അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സംതൃപ്തി എന്ന് പറയാം. അപ്പോഴാണ് നമുക്ക് ശരിയായ സന്തോഷമുണ്ടാകുന്നത്, ഇഷ്ടമുള്ളതെല്ലാം ചെയ്യുമ്പോൾ. ഒരെണ്ണം മാത്രം ചെയ്‌താൽ അത് കിട്ടില്ല. ശരിക്കും ഓരോന്നിനും ഓരോ രസമാണ്. സിനിമ ചെയ്ത് ബോറടിക്കുമ്പോൾ നാടകം ചെയ്യാം, തിരിച്ചു നാടകം ചെയ്ത് ബോറടിക്കുമ്പോൾ സിനിമ ചെയ്യാം. ഇത് രണ്ടും ചെയ്ത് മടുക്കുമ്പോൾ നൃത്തം ചെയ്യാം. അല്ലാതെ ഒന്നിൽ മാത്രം തൃപ്തിപ്പെടാന്‍ ഒരിക്കലും പറ്റാറില്ല. അങ്ങനെ ഒരിക്കലും, ഞാൻ ഒരു കാര്യത്തിൽ മാത്രം തൃപ്തിപ്പെടാൻ പാടില്ല.

അപര്‍ണ: പുറത്തു നിന്ന് നോക്കുമ്പോൾ സിനിമ ഗ്ലാമർ ഉള്ള ഒരു ലോകമാണ്. അതിനുള്ളിൽ നിൽക്കുമ്പോൾ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഒരു തൊഴിൽ സ്ഥാപനമായി കൂടി സിനിമ അംഗീകരിക്കപ്പെടണമെന്നും വലിപ്പ ചെറുപ്പമില്ലാതെ അതിനുള്ളിൽ നിൽക്കുന്നവർക്ക് തൊഴിലാളികൾ എന്ന തുല്യ പരിഗണന കിട്ടണം എന്ന്…

സുരഭി: അതെനിക്ക് തീർച്ചയായും തോന്നിയിട്ടുണ്ട്. കാരണം പുതുതായി വരുന്ന ആളുകൾക്ക് നല്ലൊരു താമസമോ യാത്രയോ ഒന്നും പലപ്പോഴും കിട്ടാറില്ല. കഷ്ടപ്പാട് അനുഭവിച്ച് കിട്ടുന്നതിന് പലപ്പോഴും തൃപ്തികൾ അധികമുണ്ടാവും. പലപ്പോഴും നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ തന്നെ നമ്മൾ ചോദിച്ചു വാങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. നമ്മുടെ കാര്യങ്ങൾ പറയുക, അത് അംഗീകരിക്കുന്നിടത്ത് പോകുക എന്നതൊക്കെയാണ് അതിന്റെ രീതി. പിന്നെ ആ രീതിയിൽ സിനിമ എപ്പോഴും ഗ്ലാമറസ് ലോകം തന്നെ ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ കലാകാരന്മാർക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളും കിട്ടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. നമുക്ക് കിട്ടുന്ന നല്ല താമസവും ഭക്ഷണവും പെരുമാറ്റവും  യാത്രയുമെല്ലാം പ്രതിഫലത്തേക്കാൾ വലിയ കാര്യങ്ങൾ ആണ്. വലിയൊരു റെമ്യൂണറേഷൻ കിട്ടിയില്ലെങ്കിലും ഇത് മൂന്നും എല്ലാവർക്കും കിട്ടണം എന്നെനിക്ക് തോന്നാറുണ്ട്. പൈസ കുറച്ചു കുറഞ്ഞാലും സംതൃപ്തിയോടെ, സമാധാനത്തോടെ ജോലി ചെയ്യാൻ ഇത് സഹായിക്കും. അങ്ങനെ ഒരു അന്തരീക്ഷം എന്നും സിനിമയിൽ ഉണ്ടാവണം എന്നും ആഗ്രഹിക്കാറുണ്ട്. അതിപ്പോ യൂണിറ്റുകാരൊക്കെ ഒരു സ്ഥലത്ത്… ഓരോ ക്യാറ്റഗറിക്കനുസരിച്ചാണ് താമസവും ഭക്ഷണവും ഒക്കെ. ഇതൊക്കെ നല്ല രീതിയിൽ കൊടുത്താൽ കൂടിയാണ് നമുക്കു തൃപ്തിയും മുതലാളിമാരോട് സ്നേഹവും ഉണ്ടാകുക. നമ്മളൊക്കെ വലിയ ഹോട്ടലുകളിൽ താമസിച്ച് നല്ല ഭക്ഷണം കഴിക്കുമ്പോൾ യൂണിറ്റിലെയും പ്രൊഡക്ഷനിലെയും ഒക്കെ ആളുകൾ വളരെ ചെറിയ സ്ഥലത്താണ് താമസിക്കാറ്. നമ്മളെക്കാൾ നേരത്തെ ജോലി സ്ഥലത്ത് എത്തി ഷൂട്ടിങ്ങിന് മുഴുവൻ സമയവും ഉണ്ടാകുന്നവരാണവർ, ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്.

അപര്‍ണ: എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിവേചനം സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ടോ?

സുരഭി: വിവേചനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ… അത് എല്ലാ മേഖലകളിലും എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ അനുഭവിക്കാത്തവർ കുറവല്ലേ… പ്രത്യേകിച്ചും ഞാൻ ഒരു മുഖ്യധാരാ നടി അല്ല. ചെറിയ വേഷങ്ങൾ വന്നു ചെയ്തു പോയിട്ടുള്ള ആളാണ്. അതുകൊണ്ട് അത്തരം വിവേചനങ്ങൾ തീർച്ചയായും പലപ്പോഴായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത് സ്വാഭാവികമായും ഉണ്ടാവുമല്ലോ. പിന്നെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തി, നാളെ ഇതല്ലാത്ത മറ്റൊരു അവസ്ഥയിൽ ആവാം, അതൊക്കെ അതിന്റെ സമയം പോലെ അങ്ങനെ അങ്ങ് പോട്ടെ എന്ന് കരുതുന്നു ഞാൻ ഇപ്പൊ. ഇതൊക്കെ ജീവിതത്തിൽ കിട്ടുന്ന വലിയ അനുഭവങ്ങൾ അല്ലേ. അത്തരം അനുഭവങ്ങൾ ഇല്ലെങ്കിൽ പിന്നെ നമ്മൾ എന്താണ്… പ്രത്യേകിച്ച് അങ്ങനെ ഒരു അനുഭവം എടുത്തു പറയാൻ ഒന്നും എനിക്ക് തോന്നുന്നില്ല. അങ്ങനെ കുറച്ചൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ അതിന്റെ ഭാഗമാണ്. അങ്ങനെ ഓർക്കാനാണിഷ്ടം.

അപര്‍ണ: ബി.പി.എൽ കഥാപാത്രങ്ങളാണ് തനിക്ക് എപ്പോളും ലഭിക്കാറ്‌ എന്ന് സുരഭി പറഞ്ഞിരുന്നു. അത്തരം ചില ടൈപ്പ്‌ കാസ്റ്റുകൾ സുരഭിക്കു സംഭവിച്ചിട്ടുണ്ട്. അവാർഡിന് ശേഷം സുരഭി ആഗ്രഹിച്ച ഒരു മാറ്റം അതിനു ലഭിച്ചിട്ടുണ്ടോ?

സുരഭി: ഒരുപാട് സിനിമകളൊന്നും അതിനു ശേഷം വന്നിട്ടില്ല. രണ്ടു മൂന്നു സിനിമകൾ ആണുള്ളത്. ഇപ്പോഴും ചിലത് വന്നത് സ്ഥിരം ചെയ്യുന്ന മുസ്ലിം കഥാപാത്രങ്ങൾ ആണ്. സ്‌ക്രീനിൽ പതിവ് പോലെ ഒന്നും ചെയ്യാനില്ലാതെ വന്നു പോകുന്നവർ. അതുവേണ്ട എന്ന് തോന്നി. മറ്റൊന്നുമല്ല, സിനിമയിലും സീരിയലിലും ഒക്കെ അത് മാത്രമാണ് ഞാൻ ചെയ്യുന്നത്‌. അതിൽ നിന്നുള്ള മാറ്റം എന്ന നിലയ്ക്കാണ് മിന്നാമിനുങ്ങ് സിനിമയും ചില നാടകങ്ങളും ഞാൻ ഈ വർഷം ചെയ്യാൻ തീരുമാനിച്ചത്. ഒന്നുരണ്ടു കൊല്ലത്തേക്ക് ഒന്നും ചെയ്യാൻ ഇല്ലാതെ, വ്യത്യസ്തത ഒട്ടുമില്ലാത്ത വേഷങ്ങൾ അവതരിപ്പിക്കില്ല എന്നത് എന്റെ തീരുമാനമാണ്. അവാർഡിന് മുന്നേ ഈ വർഷം എടുത്ത തീരുമാനമാണത്. എല്ലായിടത്തും അത് മാത്രമാണ് ഞാൻ ചെയ്യുന്നത് എന്ന മട്ടിലായിരുന്നു. പിന്നെ അവാർഡിന് ശേഷം ബി.പി.എല്ലും വന്നില്ല എ.പി.എല്ലും വന്നില്ല… വരട്ടെ… അങ്ങനെ ഒരു കഥാപാത്രം വന്നാലേ എനിക്ക് ഇതിനു കൃത്യമായ മറുപടി പറയാനാവൂ.

അപര്‍ണ: സിനിമയിലും നാടകത്തിലും ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ…

സുരഭി: നാടകത്തിൽ  ഒന്നു രണ്ടെണ്ണം ഉണ്ട്. സെറ്റ്‌സ്വാനിലെ നല്ല സ്ത്രീ എന്ന നാടകം (ബ്രെഹ്ത്തിന്റെ ദി ഗുഡ് വുമൺ ഓഫ് സെറ്റ്‌സ്വാൻ)  ചെയ്യാൻ നല്ല ആഗ്രഹമുണ്ട്. സിനിമയിൽ എ കെ വിനോദ്, ഗോപൻ ചിദംബരം, പി ബാലചന്ദ്രൻ എന്നീ എന്റെ അധ്യാപകരുടെ സംവിധാനത്തിലും തിരക്കഥയിലും ഒക്കെ വരുന്ന സിനിമയിലെ കഥാപാത്രങ്ങൾ ചെയ്യാൻ മോഹം തോന്നിയിട്ടുണ്ട്. ഗോപൻ ചിദംബരത്തിന്റേതാണ് ഇയോബിബിന്റെ പുസ്തകം. നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും ആണ് എന്നതിനൊപ്പം എന്നെ തീയറ്റർ പഠിപ്പിച്ച അധ്യാപകർ കൂടിയാണ് ഇവരൊക്കെ, ആ അടുപ്പവും ബഹുമാനവും കൂടിയാവാം ഈ ആഗ്രഹത്തിന് പിന്നിൽ. പിന്നെ എനിക്ക് ചെയ്യാനുള്ള എല്ലാ കഥാപാത്രങ്ങളും എന്റെ സ്വപ്നകഥാപാത്രങ്ങൾ ആണ്. കാരണം ഞാൻ അത്രയധികം കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലല്ലോ. ഞാൻ ഒരുപാട് ചെയ്ത് നായികയായിട്ടും ഇല്ല. അപ്പൊ പുറകിലേക്ക് നടന്ന് ആദ്യം മുതലേ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആണ് ശ്രമിക്കുന്നത്. സീമാ ബിശ്വാസ് ബന്‍ഡിറ്റ് ക്യൂനിൽ ചെയ്ത പോലുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യാൻ ഏതൊരു നടിയെയും പോലെ ഞാനും ആഗ്രഹിക്കുന്നു.

അപര്‍ണ: ഭാവി പ്രൊജക്ടുകൾ, പരിപാടികൾ…

സുരഭി: സിനിമകൾ സംസാരിക്കുന്നുണ്ട്. കൂടുതൽ ഒന്നും തീരുമാനം ആയിട്ടില്ല. വിധു വിൻസന്റിന്റെ ഒരു ചിത്രം ചെയ്യാൻ ആഗ്രമുണ്ട്. ഓഗസ്റ്റിലാണ് ആ സിനിമ നടക്കുക എന്ന് കരുതുന്നു. പിന്നെയും ഒന്നു രണ്ടു കഥകൾ കേട്ടു കൊണ്ടിരിക്കുന്നു. അവസാന തീരുമാനം ആയിട്ടില്ല. എഡിറ്റർ അജിത് കുമാർ സംവിധാനം ചെയുന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്യുന്നുണ്ട്. ഇതൊക്കെ അവാർഡിന് മുന്നേ ഉള്ളതും കമ്മിറ്റ് ചെയ്തതുമായ പ്രൊജക്ടുകള്‍ ആണ്. അതിനു ശേഷം കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. അവാർഡിന് ശേഷം സ്വാഭാവികമായി ഉണ്ടായ തിരക്കുകളിൽ ആയിരുന്നു. ഇപ്പോൾ അതിനു ശേഷം വലിയ തോതിൽ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അവാർഡിന് മുന്നേ ഏറ്റവ ചെയ്തു കൊണ്ടിരിക്കുന്നു.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍