UPDATES

സിനിമ

‘ടിയാന്‍’എന്ന സിനിമാറ്റിക് ഘര്‍ വാപ്പസി

‘ടിയാന്‍’ ബ്രാഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വാര്‍ത്തെടുക്കേണ്ട പുതിയ ഇന്ത്യയുടെ വാഴ്ത്തു പാട്ടാണ്

സംഘപരിവാര്‍ അനുകൂലികള്‍ പലതരമുണ്ട്. മോദി പാകിസ്ഥാനെ ആക്രമിച്ച് കീഴടക്കി അഖണ്ഡ ഭാരതം സൃഷ്ടിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ‘ചാണക’ വെറൈറ്റി മുതല്‍, കോര്‍പറേറ്റ് ഹിന്ദുത്വ എന്ന പുതിയ കാലത്തെ നശീകരണ സൂത്രവാക്യം ഉപയോഗിച്ച് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്ന ‘ചാണക്യ’ന്മാര്‍ വരെ ഇതില്‍ പെടും. ഏറ്റവും സാധാരണക്കാരായ സംഘികളിലെ മുസ്ലിം വിദ്വേഷവും അതി ദേശീയവാദവും മുകള്‍ത്തട്ടിലേക്ക് വരുമ്പോള്‍ പതിയെ വേഷം മാറുകയും, അല്‍പം കൂടി sophisticated ആയ വാദഗതികളാല്‍ പൊതിഞ്ഞ്, ഇതേ വെറുപ്പിന്റെ രാഷ്ട്രീയം പുനരാനയിക്കപ്പെടുകയുമാണ്. പുതിയ കാലത്തെ സംഘപരിവാര്‍ ബുദ്ധിജീവികള്‍ (!!) പിന്തുടരുന്ന ഒരു ലൈന്‍, ബ്രാഹ്മണ്യത്തെ ഇന്ത്യയുടെ ഒരേയൊരു പാരമ്പര്യമായി അവതരിപ്പിക്കുകയും, മുസ്ലിം, ദളിത് തുടങ്ങിയ വിഭാഗങ്ങള്‍ ബ്രാഹ്മണരാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. പുറമേക്ക് ഇന്‍ക്ലൂസീവ് എന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന ഈയൊരു രീതിശാസ്ത്രത്തെ, ബ്രാഹ്മണ്യത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍, ഭാവിയില്‍ രൂപപ്പേടെണ്ടുന്നതായ നവ ഭാരത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായി പറഞ്ഞുറപ്പിക്കുന്നു. ഹിന്ദു= ബ്രാഹ്മണന്‍ എന്ന സിമ്പിള്‍ മാത്തമാറ്റിക്സ്. (ഗാന്ധിജി പണ്ട് ‘ഹരിജനങ്ങള്‍’ എന്നു വിളിച്ച് പാട്രണൈസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, ‘വേണ്ട, വേണ്ടത്തോണ്ടാ’ എന്ന് അംബേദ്കര്‍ നിരസിച്ചത് ഓര്‍ക്കവുന്നതാണ്). ഈ ലൈന്‍ പിന്തുടരുന്നവര്‍ സാധാരണ സംഘികളെക്കാള്‍ വ്യത്യസ്തരാവുന്നത് രണ്ട് കാരണങ്ങളാലാണ്.

1) പ്യൂരിഫൈഡ് ആയ ഹിന്ദുത്വമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. പശു വിഷയം മുതലായവയില്‍ പുറമേക്ക് പുരോഗമനം പറയും. ആള്‍ ദൈവങ്ങളെ വിമര്‍ശിക്കും. പക്ഷെ ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ ഏറ്റവും അഗ്രസീവ് പ്രായോജകരായ സംഘപരിവാറിനെ പിന്തുണയ്ക്കുകയും ചെയ്യും. ‘പുരോഗമന’പരമായ ഹിന്ദു രാഷ്ട്രീയം എന്ന് ചുരുക്കി പറയാം.

2) ഇവരുടെ കാഴ്ചപ്പാടില്‍ മുസ്ലിങ്ങള്‍ നിരന്തരം ദേശഭക്തി തെളിയിക്കേണ്ടതുണ്ട്. അങ്ങനെ തെളിയിച്ച ദേശീയ മുസ്ലിങ്ങളെ (ഗുജറാത്ത് കലാപ സമയത്ത് മൗനം ഭജിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ പോലെ) ഇവര്‍ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. ബ്രാഹ്മണ്യത്തെ തുറന്നെതിര്‍ക്കാത്ത ദളിതനെ ദേശീയ ദളിതനായി ഉയര്‍ത്തി കാട്ടും.

ഈയര്‍ത്ഥത്തിലാണ് മുരളി ഗോപിയുടെ തിരക്കഥയില്‍, ജിയേന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ‘ടിയാന്‍’ ബ്രാഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വാര്‍ത്തെടുക്കേണ്ട പുതിയ ഇന്ത്യയുടെ വാഴ്ത്തുപാട്ടാവുന്നത്. ഒറ്റ നോട്ടത്തില്‍ കബളിപ്പിക്കപ്പെട്ടേക്കാവുന്ന മതേതര കുപ്പായത്തില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന ചിത്രം, ആത്യന്തികമായി ഒളിച്ചു കടത്തുന്നത് ബ്രാഹ്മണിക നൈതികതയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള സവര്‍ണ്ണ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ ആശയപ്രപഞ്ചത്തെയാണ്.

"</p

‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകളുടെ തിരക്കഥകളിയിലൂടെ തന്റെപക്ഷം ഏതാണെന്ന് സംശയലേശമെന്യേ വ്യക്തമാക്കിയ ആളാണ് മുരളി ഗോപി. ‘ഈ അടുത്ത കാലത്തി’ലെ ശത്രുക്കളില്‍ നിന്ന് നായകനെ രക്ഷിക്കുന്ന ശാഖ നടത്തിക്കൊണ്ടിരിക്കുന്ന സ്വയം സേവകരും ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന സ്വസ്തിക, ഓം തുടങ്ങിയ ചിഹ്നങ്ങളും, മുസ്ലിം നാമധാരിയായ വുമണൈസര്‍ കഥാപാത്രവും ചിത്രത്തിന്റെ ‘സംഘസ്‌നേഹം’ വെളിപ്പെടുത്തിയിരുന്നു. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ അല്‍പം കൂടി പ്രകടമായി തന്നെ കാവി രാഷ്ട്രീയത്തെ ന്യായീകരിക്കുകയും, മുഖ്യധാരാ ഇടതുപക്ഷത്തെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യത്തിനുള്ള മുസ്ലിം വിരുദ്ധതയും മറക്കാതെ ചേര്‍ത്തിട്ടുണ്ട്.

മുരളി ഗോപിയുടെ അല്പം കൂടി റിഫൈന്‍ഡ് ആയ, പുതിയകാലത്തെ സംഘിചിന്തകളെയാണ് ‘ടിയാനി’ലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രജിത്ത് കഥാപാത്രം പട്ടാഭിരാമ ഗിരി ഒരു ‘ശുദ്ധ’ ബ്രാഹ്മണനാണ്. സിനിമയില്‍ അഭിമാനത്തോടു കൂടിത്തന്നെ ഗിരി ഇത് പല തവണയായി ആവര്‍ത്തിക്കുന്നുണ്ട്. വേദാചാര്യനായ ഇദ്ദേഹം ഒരു അമേരിക്കക്കാരിക്ക് ഭഗവത്ഗീത പഠിപ്പിക്കുകയും, സംസ്‌കൃത ഭാഷയുടെ മഹത്വത്തെക്കുറിച്ച് വാചാലനാവുകയും ചെയ്യുന്നത് കാണാം. ഒരിക്കലും പൊളിക്കാന്‍ സാധിക്കാത്ത പട്ടാഭിരാമ ഗിരിയുടെ വീട് ഹിന്ദൂയിസത്തെ സൂചിപ്പിക്കുമ്പോള്‍, അത് തകരാതെ സൂക്ഷിക്കാന്‍ ജീവന്‍ പോലും നല്‍കാന്‍ മടിയില്ലാത്ത ഗിരി നൂറ്റാണ്ടുകളായി ഹിന്ദു സംജ്ഞകളെ അതെ പടി കാത്തുസൂക്ഷിക്കുന്ന ബ്രാഹ്മണ സമൂഹത്തിന്റെ പ്രതിനിധിയായി മാറുന്നു. ബ്രാഹ്മണര്‍ ബഹുമാനിക്കപ്പെടെണ്ടവരാണെന്ന് ശത്രുക്കളെക്കൊണ്ട് വരെ ചിത്രം പറയിപ്പിക്കുന്നുമുണ്ട്. ഒരു രംഗത്തില്‍ ദളിതനായ കുട്ടിയെ ഗിരി കൈകൂപ്പി തൊഴാന്‍ പഠിപ്പിക്കുന്നുണ്ട്. (അതായത് വേദപഠനം ശ്രവിച്ചാല്‍ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണം എന്ന അവസ്ഥയില്‍ നിന്ന് ബ്രാഹ്മണരാല്‍ ഹിന്ദു വന്ദന രീതികള്‍ പഠിക്കാനുള്ള അവകാശത്തിലേക്കുള്ള പ്രൊമോഷന്‍ ദളിതര്‍ക്ക് ഇവിടെ കനിഞ്ഞു നല്‍കിയിരിക്കുന്നു). ഇതേ കുട്ടി മറ്റൊരാവസരത്തില്‍ ഗിരിയെ കൈകൂപ്പി വന്ദിക്കുന്നത് കൂടി കാണുമ്പോള്‍ മാത്രമേ തിരക്കഥയുടെ സൂക്ഷ്മരാഷ്ട്രീയം ദൃശ്യപ്പെടുകയുള്ളൂ.

ഇറ്റാലിയന്‍ ചിന്തകനായ ഗ്രാംഷിയുടെ അഭിപ്രായത്തില്‍, ‘ജൈവ ബുദ്ധിജീവികള്‍ അധികാര ഘടനയോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയരൂപീകരണത്തില്‍ ശ്രദ്ധിക്കുന്നു. പൗരസമൂഹത്തിന്റെ ബോധത്തെ മൊത്തത്തില്‍ നയിക്കുന്ന ആശയങ്ങളുടെയും, ചിന്തകളുടെയും ബീജ പരാഗണം നടക്കുന്നത് ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്’. മുരളി ഗോപി ഗ്രാംഷിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നാന്തരമൊരു ജൈവ ബുദ്ധിജീവിയാണ്. സംഘപരിവാര്‍ പാന്‍-ഇന്ത്യ തലത്തില്‍ മുന്നോട്ട് വയ്ക്കുന്ന ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ ശരിയായ മലയാളി പ്രചാരകന്‍. ദളിതരെ ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്ര നിര്‍മ്മാണം ഏറെക്കുറെ അസാധ്യമാണെന്ന തിരിച്ചറിവിലാണ്, സംഘത്തിന്റെ പുതിയ പ്രോജക്റ്റുകളില്‍ അംബേദ്കര്‍ കൂടി സ്ഥാനം പിടിക്കുന്നത്. സ്വാഭിമാനമുള്ള ദളിതരേക്കാള്‍ അവര്‍ക്ക് വേണ്ടത് ബ്രാഹ്മണരെ ‘കൈകൂപ്പി വന്ദിക്കുന്ന’ ദേശീയ ദളിതരെയാണ്. എന്‍.ഡി.എയുടെ രാഷ്ട്രപതി നോമിനിയായ രാംനാഥ് കൊവിന്ദിനെപ്പോലെ തങ്ങള്‍ക്ക് പോളിറ്റിക്കല്‍ ടൂള്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ദളിതുകളെ ഉത്തമ ദേശീയ ദളിതുകളാക്കി അവര്‍ പുനര്‍നിര്‍വചിക്കുന്നു. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ’ എന്ന് കേട്ടു വളര്‍ന്ന തലമുറയോടാണ് വേദാന്തത്തില്‍ അഗ്രഗണ്യനായ ബ്രാഹ്മണന്‍, ദളിതന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നതൊക്കെ വച്ചലക്കുന്നത്. അംബേദ്കര്‍ പരസ്യമായി കത്തിച്ച മനുസ്മൃതി പോലും, ‘ദൈവത്താല്‍ രചിക്കപ്പെട്ടപ്പോള്‍ നല്ലതായിരുന്നുവെന്നും, മനുഷ്യര്‍ അതില്‍ പലതും കൂട്ടിച്ചേര്‍ത്ത് പ്രശ്‌നമുണ്ടാക്കിയെന്നു’മൊക്കെയുള്ള ഗിരിവചനങ്ങള്‍ കൂടിയാവുമ്പോള്‍ മുരളി ഗോപിയുടെ ‘ജൈവ ബുദ്ധിജീവി ദൗത്യം’ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കലങ്ങും.

 

ചിത്രത്തിലെ കണ്ണില്‍ മണ്ണിടുന്ന ചില ഡയലോഗുകള്‍ ആദ്യമേ ഒരു സാധാരണ കാണിയെ തെറ്റിദ്ധരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഡിവൈഎഫ്ഐ, ഗോമാംസം തുടങ്ങിയവ ഉദാഹരണം. പക്ഷെ ചിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം ബ്രാഹ്മണ്യത്തെ രക്ഷാധികാര സ്ഥാനത്ത് നിര്‍ത്തുകയെന്നത് മാത്രമാണ്. സംഘപരിവാര്‍ ബുദ്ധിജീവികള്‍ ഉയര്‍ത്തിക്കാട്ടുന്ന ദേശീയ മുസ്ലിമിന്റെ ഏറ്റവും മികച്ച സമകാലീന ഉദാഹരണമാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ മുഹമ്മദ് അസ്ലന്‍. ആര്‍എസ്എസ് തലവനായ മോഹന്‍ ഭഗവത്, എല്ലാ മുസ്ലിങ്ങളുടെയും പാരമ്പര്യം ഹിന്ദുത്വമാണെന്നും, ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരെല്ലാം ആത്യന്തികമായി ഹിന്ദുക്കളാണെന്നുമൊക്കെയുള്ള തിട്ടൂരങ്ങളിറക്കുന്നതിനെ വെള്ളിത്തിരയില്‍ ‘ടിയാന്‍’ ന്യായീകരിക്കുന്നത് അതിവിദഗ്ധമായാണ്.

തികച്ചും വയലന്‍സ് നിറഞ്ഞ ഭൂതകാലത്ത് നിന്നും പുതിയ ജന്മത്തിലേക്കാണ് അസ്ലന്‍ പ്രവേശിക്കുന്നത്. ആ ജന്മത്തിലേക്ക് അയാളെ ആനയിക്കുന്നത് ചില അഘോരികളും, പശ്ചാത്തലം കുംഭമേളയുമാണ്! (note the point). അങ്ങനെ ‘ഹിന്ദുവത്ക്കരിക്കപ്പെട്ട’ അസ്ലാനെന്ന ദേശീയ മുസ്ലിമാണ് മുരളി ഗോപി എഴുതിയുണ്ടാക്കുന്ന ഐഡിയല്‍ മുസ്ലിം സ്വത്വം. ഒരു രംഗത്തില്‍ അസ്ലമിന്റെ തലക്ക് തൊട്ടു മുകളിലായി ഉദിച്ചു നില്‍ക്കുന്ന ചന്ദ്രക്കല (പരമശിവന്‍ ജെപെഗ്) ശ്രദ്ധിക്കുക. താജ് മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്ന് പറയുന്ന നേതാക്കന്മാരുടെ കാലത്ത്, ശൈവിക പ്രകാശം പരത്തുന്ന മുസ്ലിം കഥാപാത്രമെന്നത് വടക്കേ ഇന്ത്യന്‍ ഹാര്‍ഡ് കോര്‍ സംഘികളെ പോലും ഞെട്ടിച്ചേക്കാം. മുരളി ഗോപിയെ നാളെ ബോളിവുഡില്‍ കണ്ടാലും അത്ഭുതപ്പെടെണ്ട.

ഭൂതകാലത്ത് അസ്ലാന്‍ തല്ലിത്തോല്‍പ്പിക്കുന്ന ‘മിയാന്‍ദാദ്’ എന്നെഴുതിയ പാകിസ്താന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ച ചീത്ത മുസ്ലിം കൂടിയാവുമ്പോള്‍ ടിയാനില്‍ തുടക്കം മുതല്‍ പിന്തുടരുന്ന ‘ബാലന്‍സിംഗ്’ അതിന്റെ പൂര്‍ണതയിലെത്തുന്നു. ചീത്ത മുസ്ലിമിനെ പാഠം പഠിപ്പിച്ച്, കുംഭമേളയൊക്കെ കണ്ട്, ഹിന്ദുവത്ക്കരിക്കപ്പെട്ട് വന്നാല്‍, നിനക്കൊക്കെ വേണമെങ്കില്‍ ബ്രാഹ്മണര്‍ നയിക്കുന്ന ‘സ്വച്ഛ ഭാരത’ത്തില്‍ അംഗത്വം തരാമെന്ന് വിവക്ഷ. അസ്ലന്‍ കഴിഞ്ഞ ജന്മത്തില്‍ ഹിന്ദുവായിരുന്നെന്ന ‘ട്വിസ്റ്റ്’ കൂടിയാവുമ്പോള്‍, മുരളി ഗോപിയുടെ സിനിമാറ്റിക് ഘര്‍ വാപ്പസിയില്‍ ഒളിപ്പിച്ചു വച്ച കാവിക്കൊടി പതിയെ തെളിഞ്ഞു വരുന്നത് കാണാം.

ടിയാനില്‍ പരാമര്‍ശിക്കുന്ന റായ്ച്ചുര്‍ യുദ്ധം, വിജയനഗരവും ബേജപ്പൂര്‍ സുല്‍ത്താനും തമ്മില്‍ നടന്ന, ചരിത്രത്തില്‍ ഹിന്ദു-മുസ്ലിം യുദ്ധമായി രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. അതില്‍ ഹിന്ദുക്കളുടെ വിജയനഗരം വിജയിക്കുന്നു. ചിത്രത്തില്‍ ഈ യുദ്ധത്തിന്റെ റെഫറന്‍സ് വരുന്നത് അത്ര നിഷ്‌കളങ്കമായാണെന്നു കരുതാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ആര്യന്‍ അധിനിവേശം ഇന്ത്യയില്‍ നടന്നിട്ടില്ലെന്നുള്ള സംഘപരിവാര്‍ വാദവും, അതിനെ പൊളിച്ചടുക്കിക്കൊണ്ട് ഈയടുത്ത് ഹിന്ദു പത്രത്തില്‍ ടോണി ജോസഫിന്റെ ലേഖനവും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. (ലേഖനത്തിന്റെ ലിങ്ക്: www.thehindu.com/sci-tech/science/how-genetics-is-settling-the-aryan-migration-debate/article19090301.ece ). ചരിത്രത്തെ വളച്ചൊടിച്ചും, തങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ആഖ്യാനങ്ങള്‍ ചമച്ചും മുന്നേറുന്ന ഹിന്ദുത്വ ബ്രിഗേഡിന്, ജനകീയ മാധ്യമമായ സിനിമയില്‍ നിന്നും ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങള്‍ നിസ്സാരമായി കണ്ട് അവഗണിക്കാനാവുന്നതല്ല. ഇന്ത്യയിലെ മുസ്ലിം ജീവിതം സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടുന്ന കാലത്ത്, ബ്രാഹ്മണിസത്തെ ഗ്ലോറിഫൈ ചെയ്യുന്ന, മുസ്ലിം സ്വത്വത്തോട് ഗംഗയില്‍ മുങ്ങി ശുദ്ധമായി വരാന്‍ ആജ്ഞാപിക്കുന്ന ഇത്തരം ആഖ്യാനങ്ങള്‍ പടച്ചുണ്ടാക്കിയ തലച്ചോറിലെ സാംസ്‌കാരിക മാലിന്യം എത്രയെന്ന് അത്ഭുതം കൂറി നില്‍ക്കാന്‍ മാത്രമേ സാധിക്കൂ.

പര്‍ദ്ദയണിഞ്ഞ സ്ത്രീയും, കാവി മുണ്ടുടുത്ത് കുറി തൊട്ട ചെറുപ്പക്കാരനും ചിരിച്ചു സംസാരിക്കുന്ന ഫോട്ടോ കാണിച്ച്, ഇതാണ് ഞങ്ങ പറഞ്ഞ മതേതരത്വമെന്നു ആര്‍ത്തലയ്ക്കുന്നവരുടെ കാലമാണിത്. ഇത്തരം കെട്ടുകാഴ്ചകള്‍ക്കപ്പുറത്ത്, ഹിന്ദു ഫാസിസത്തിന് ബദലായി മുന്നോട്ട് വയ്ക്കാനുള്ള മതേതര ബദല്‍ നമുക്കില്ലെന്നതാണ് യാഥാര്‍ഥ്യം. മതേതരത്വത്തെ Sickular എന്ന് വിളിച്ചു പരിഹസിക്കുന്ന കാവി രാഷ്ട്രീയത്തോട് നേരെ നിന്ന് രാഷ്ട്രീയം പറയണമെങ്കില്‍ ആദ്യം വികസിപ്പിച്ചെടുക്കേണ്ടതും എല്ലാ ജന വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണമായൊരു മതേതര കാഴ്ചപ്പാടാണ്. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ വൈകുന്ന പക്ഷം, ആ ഇടത്തെ പിടിച്ചെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത്, ‘ടിയാന്‍’ അവതരിപ്പിക്കുന്ന തരത്തിലുള്ള, ബ്രാഹ്മണ്യം, ബ്രാഹ്മണ്യത്തിനായി സൃഷ്ടിച്ച, ഹിന്ദു രാഷ്ട്രീയത്തിന്റെ ആശിര്‍വാദത്തോടു കൂടിയുള്ള സവര്‍ണ്ണ ലേബലൊട്ടിച്ച പാതിവെന്ത മതേതരത്വമാണ്. കൊളോണിയല്‍ കാലത്തെ White man’s burden ഫിലോസഫി പറഞ്ഞ് ഏവരെയും പാട്രണൈസ് ചെയ്ത വെള്ളക്കാരെപ്പോലെ, രാജ്യത്തിന്റെയൊന്നാകെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ വെമ്പുന്ന നവ ബ്രാഹ്മണ്യത്തിന്റെ കുഴലൂത്ത് മാത്രമാണ് ടിയാന്‍.

‘ടിയാന്‍’ എന്ന ചിത്രത്തിന്റെ സാങ്കേതിക വശം മികച്ചതാണ്. ക്യാമറ കൈകാര്യം ചെയ്ത സതീഷ് കുറുപ്പ് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ കഥാപാത്രങ്ങളുടെ സൃഷ്ടിയിലും സ്‌ക്രീനിലെ ഇടപെടലുകളിലും പാടെ നിരാശയാണ്. ഉദാഹരണത്തിന്, പ്രിഥ്വിരാജ് ഒരിക്കല്‍ പോലും സാധാരണ മനുഷ്യരെ പോലെ സംസാരിക്കുന്നത് ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. അതീവ ഗൗരവത്തില്‍ ആപ്തവാക്യങ്ങള്‍ മാത്രമാണ് അസ്ലന്റെ ഡയലോഗുകള്‍. ഇന്ദ്രജിത്തും ഇതേ രീതിയില്‍ മസില്‍ പിടിച്ച് മാത്രം സംസാരിക്കേണ്ട രംഗങ്ങളാണധികവും. ഗോപി സുന്ദറിന്റെ സംഗീതവും നിരാശാജനകമാണ്. ‘ടിയാന്‍’ ആട്ടിന്‍ തോലാണ് അണിഞ്ഞിരിക്കുന്നത്. എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പക്ഷെ ഉള്ളില്‍, സനാതനധര്‍മ്മ പുന:സ്ഥാപനം ലക്ഷ്യം വയ്ക്കുന്ന ചെന്നായയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരിനാരായണന്‍ എസ്.

ഹരിനാരായണന്‍ എസ്.

അസി. പ്രൊഫസര്‍, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍