UPDATES

സിനിമാ വാര്‍ത്തകള്‍

IFFK 2018: മത്സരവിഭാഗത്തില്‍ സ്ത്രീ സംവിധായകരുടെ നാല് ചിത്രങ്ങള്‍; ജൂറിവിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവുമായി ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’

 ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’, ‘ഹൈവേ’, ‘വട ചെന്നൈ’ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്നാല് സ്ത്രീ സംവിധായകരുടെ സാന്നിധ്യം. പലായനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് നാല് ചിത്രങ്ങളെന്നതും പ്രത്യേകതയാണ്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റ്, എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ ദി സൈലന്‍സ്, അര്‍ജന്റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ദി ബെഡ്, ഇന്ത്യന്‍ നാടകപ്രവര്‍ത്തകയായ അനാമിക ഹക്സറിന്റെ ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ് എന്നിവയാണ് മത്സര വിഭാഗത്തിലെ പെണ്‍ ചിത്രങ്ങള്‍.

ഇസ്താംബൂള്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ടര്‍ക്കിഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് അസുഖബാധിതയായ അയല്‍ക്കാരിയെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ഡെബ്റ്റ് ട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട് നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദി സൈലന്‍സ് കൊളംബിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഒരമ്മയുടേയും രണ്ട് കുട്ടികളുടേയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളെ ചിത്രീകരിക്കുന്നു.

ഏഷ്യയിലെ ആദ്യപ്രദര്‍ശനത്തിനൊരുങ്ങുന്ന അര്‍ജന്റീനിയന്‍ ചിത്രമായ ദി ബെഡ് വീട് വിട്ട് പുറപ്പെടാനൊരുങ്ങുന്ന മധ്യവയസ്‌കരായ ദമ്പതിമാരുടെ അവസാന നിമിഷങ്ങള്‍ ഇതിവൃത്തമാക്കുന്നു. പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍’ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’ ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക.  12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് ‘ഡാര്‍ക്ക് ഈസ് ദ നൈറ്റ്’. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’, ‘ഹൈവേ’, ‘വട ചെന്നൈ’ എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍.

ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ഡോണ്‍സോള്‍’ ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടുകയും ‘ഡെത്ത് മാര്‍ച്ച്’, ‘മനില’ എന്നീ ചിത്രങ്ങള്‍ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യാന്തര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’, ‘ദ കളര്‍ ഓഫ് പാരഡൈസ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ മജീദ് മജീദിയാണ് ജൂറി ചെയര്‍മാന്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്ന മജീദി ചിത്രം ‘മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്’ ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രമാണ്.

റിമ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിംഗു’മായിപോട്ട്പുരി ഇന്ത്യ വിഭാഗം

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ വില്ലേജ് റോക്ക്സ്റ്റാര്‍സിന്റെ സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രമായ ബുള്‍ബുള്‍ കാന്‍ സിംഗ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലിംഗബോധവുമായി സമരസപ്പെടുന്ന മൂന്ന് കൗമാരക്കാരുടെ ജീവിതം പ്രമേയമാക്കിയ ബുള്‍ബുള്‍ കാന്‍ സിംഗ് ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിവിധ ഭാഷാ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ പാക്കേജ്.
മികച്ച നവാഗത സംവിധായകന്‍, മികച്ച ജസരി ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളില്‍ ദേശീയ പുരസ്‌കാരം നേടിയ പാമ്പള്ളിയുടെ സിന്‍ജാര്‍, പ്രിയ രമാസുബ്ബന്റെ ലഡാക്കി ചിത്രമായ ചുസ്‌കിറ്റ്, ബോബി ശര്‍മ്മ ബറുവയുടെ ദി അപ്പാരിഷന്‍, അരൂപ് മന്നയുടെ അസമീസ് ചിത്രമായ ദി ക്വസ്റ്റ്, റിതുസരിന്‍, ടെന്‍സിംഗ് സോനം എന്നിവരുടെ ടിബറ്റന്‍ ചിത്രമായ ദി സ്വീറ്റ് റെക്വിം തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ മേളയുടെ ഭാഗമാകും.

മധ്യവര്‍ത്തി സിനിമയുടെ കരുത്തുമായിലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങള്‍

മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായ ലെനിന്‍ രാജേന്ദ്രനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ 6 ചിത്രങ്ങള്‍ 23 മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും . ‘ലെനിന്‍ രാജേന്ദ്രന്‍ : ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് ‘ വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവിതവും വ്യക്തി സംഘര്‍ഷങ്ങളും പ്രമേയമാക്കിയ ‘സ്വാതിതിരുനാള്‍’, ‘ചില്ല്’ , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ വ്യാഖ്യാനിച്ച ചിത്രം ‘മീനമാസത്തിലെ സൂര്യന്‍’, കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അടിസ്ഥാനമാക്കി 2001 ല്‍ പുറത്തിറങ്ങിയ ‘മഴ’ , എം മുകുന്ദന്റെ രചനയെ ആസ്പദമാക്കി നിര്‍മിച്ച ‘ദൈവത്തിന്റെ വികൃതികള്‍’ , ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന ‘വചനം’ എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ സിവരഞ്ജനിയും

പ്രമുഖ തമിഴ് സംവിധായകന്‍ വസന്ത് എസ്. സായിയുടെ ‘സിവരഞ്ജനിയും ഇന്നും സിലപെണ്‍ഗളും’ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. കാളീശ്വരി ശ്രീനിവാസന്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവര്‍ക്കൊപ്പം പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രമുഖ തമിഴ് സാഹിത്യകാരന്മാരായ അശോകമിത്രന്‍, ജയമോഹന്‍, ആദവന്‍ എന്നിവരുടെ സ്ത്രീ കേന്ദ്രീകൃത ചെറുകഥകളെ അവലംബിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മൂന്ന് കാലയളവുകളില്‍ ജീവിക്കുന്ന വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. നിശബ്ദത ക്രിയാത്മകമായ ഒരു സങ്കേതമായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് സ്ത്രീ കഥാപാത്രങ്ങളുടെ ഒറ്റപ്പെടല്‍ പ്രതീകത്മകമായി ആവിഷ്‌കരിക്കാന്‍ സഹായിച്ചിട്ടുണ്ട്. മേളയില്‍ ‘ഇന്ത്യന്‍ സിനിമ ഇന്ന്”വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

മേളയിലെ മലയാള സിനിമകള്‍ പുതുകാഴ്ചപ്പാടുകള്‍സമ്മാനിക്കുന്നവ – സിബി മലയില്‍

മലയാള സിനിമയിലെ പുതുപ്രവണതകളും പരീക്ഷണങ്ങളും സിനിമാ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് മേളയിലേക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് അവലംബമാക്കിയതെന്ന് സിബി മലയില്‍. ജൂറിയുടെ മുന്‍പിലെത്തിയ 93 ചിത്രങ്ങളില്‍ 12 ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നിവ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തിലെ പത്ത് ചിത്രങ്ങളും നവാഗത സംവിധായകരുടേതാണ് എന്നതാണ് ഈ പാക്കേജിലെ സവിശേഷത. നല്ല സിനിമയെ സ്നേഹിക്കുന്നവരും പുതുകാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നവരുമായ യുവതലമുറയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സംവിധായകനും മലയാള സിനിമ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സിബി മലയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍