UPDATES

സിനിമാ വാര്‍ത്തകള്‍

ജോണിനെ കുറിച്ച് പ്രേംചന്ദിന്റെ സിനിമ വരുന്നു; ജോയ് മാത്യുവിനെ ഒഴിവാക്കി?

ജോണ്‍ സിനിമയുടെ ടീസർ ഓസ്കാര്‍ ജേതാവ് റസൂൽ പൂക്കുട്ടി ഇന്ന് ഓണ്‍ലൈനിൽ ലോഞ്ച് ചെയ്യാനിരിക്കേയാണ് ഇക്കാര്യങ്ങള്‍ പുറത്തു വരുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

ജനകീയ സിനിമയുടെ പ്രവാചകനായി അറിയപ്പെടുന്ന ജോൺ എബ്രഹാമിന്റെ മുപ്പത്തിയൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതവും കലയും ദൃശ്യഭാഷയാക്കുന്ന പ്രേംചന്ദ് സംവിധാനംചെയ്യുന്ന ‘ജോൺ’ എന്ന സിനിമയില്‍ നിന്ന് ആ ചലച്ചിതരത്തില്‍ മുഖ്യവേഷം ചെയ്ത നടന്‍ ജോയ് മാത്യുവിനെ ഒഴിവാക്കിയോ?

ജോണ്‍ സിനിമയുടെ ടീസർ ഓസ്കാര്‍ ജേതാവ് റസൂൽ പൂക്കുട്ടി ഇന്ന് ഓണ്‍ലൈനിൽ ലോഞ്ച് ചെയ്യുകയാണ് ഇക്കാര്യങ്ങള്‍ പുറത്തു വരുന്നത്.

ദീദി ദാമോദന്‍ തിരക്കഥ എഴുതിയ ചിത്രം നിർമ്മിക്കുന്നത് ദീദിയുടെയും പ്രേംചന്ദിന്റെയും മകളായ മുക്തയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ അക്കോട്ട്, സൂരജ് (ഹെലികാം) എന്നിവരാണ്.

ദുന്ദു കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിൻ ലൂക്കോസ് ശബ്ദസംവിധാനവും നിർവഹിചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്, കോട്ടയം ലൊക്കേഷനുകളിലായാണ് പൂർത്തീകരിച്ചത്. ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിനും മരണത്തിനുമൊപ്പം സഞ്ചരിച്ച ആളുകളായ അദ്ദേഹത്തിന്റെ സഹോദരി ശാന്ത, ഹരിനാരായണൻ, ഡോ. രാമചന്ദ്രൻ മൊകേരി, പ്രൊഫ. ശോഭീന്ദ്രൻ, മധുമാസ്റ്റർ, അനിത, പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

ഒപ്പം ആർട്ടിസ്റ്റ് മദനൻ, ചെലവൂർ വേണു, സിവിക് ചന്ദ്രൻ, ഷുഹൈബ്, ദീപക് നാരായണൻ, ജീവൻ തോമസ്, ജോൺസ് മാത്യു, നന്ദകുമാർ, കരുണൻ, ഷാനവാസ് കോനാരത്ത്, രാജഗോപാൽ, വിജീഷ്, യതീന്ദ്രൻ കാവിൽ, അരുൺ പുനലൂർ, ഷാജി, വിഷ്ണു, അഭിനവ്, ജീത്തു കേശവ്, വിനയ്, വിവേക്, ഷൗക്കത്തലി, ഒ.പി. സുരേഷ്, ശിവപ്രസാദ്, സലീം, ജിജോ, അർജുൻ ചെങ്ങോട്ട്, ഷിബിൻ സിദ്ധാർത്ഥ്, പ്രദീപ് ചെറിയാൻ, മിയ നിഖിൽ തുടങ്ങിയ ഒരു വലിയ നിര തന്നെ ചിത്രത്തിൽ വരുന്നു.

എന്നാല്‍, ജോൺ എബ്രഹാം സംവിധാനം ചെയ്തതില്‍ ഏറ്റവും പ്രശസ്തവും അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രവുമായ അമ്മ അറിയാൻ എന്ന സിനിമയിലെ നായക കഥാപാത്രവും, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ജോയ് മാത്യു ചിത്രത്തിലില്ല എന്നാണ് വിവരം. പ്രേംചന്ദ് സംവിധാനം ചെയുന്ന ഒരു ചിത്രം എന്നതിനപ്പുറത്ത്, ജോൺ എബ്രഹാമിനെ കുറിച്ച് പുറത്തുവരുന്ന ആത്മാർത്ഥമായ സൃഷ്ടി എന്ന നിലയ്ക്ക് ജോൺ എബ്രഹാമിന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പേരും വ്യക്തിത്വവുമായ ജോയ് മാത്യുവിനെ സംവിധായകൻ മന:പൂർവ്വം ഒഴിവാക്കി എന്ന നിലയിലാണ് സിനിമ മേഖലയില്‍ തന്നെ സംസാരം.

അമ്മ അറിയാൻ എന്ന ചിത്രം 80-കളിൽ കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് ഒരു നക്സലൈറ്റ് യുവാവിന്റെ മരണശേഷം പിന്നീടുണ്ടാവുന്ന സംഭവങ്ങളാണ് പറയുന്നത്. അക്കാലങ്ങളിൽ മാത്രമല്ല ഇന്നും തികച്ചും ഒരു സങ്കീർണ്ണ ചലച്ചിത്രമായാണ് അമ്മ അറിയാൻ പരിഗണിക്കപ്പെടുന്നത് തന്നെ. ചിത്രം പുറത്തിറങ്ങിയ കാലം മുതൽക്ക് തന്നെ സിനിമയിലെ കഥയ്ക്ക് മുകളിൽ പലതരത്തിലുള്ള അർത്ഥതലങ്ങൾ ഉള്ളതായാണ് നിരൂപകർ പോലും ഈ സിനിമയെ വിശകലനം ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉജ്ജ്വലവും അതോടൊപ്പം ചിത്രത്തിലെ കഥപോലെ തന്നെ ലളിതവുമാണ്. ജോൺ എബ്രഹാമിന്റെ ഒരു കൂട്ടം സുഹൃത്തുക്കൾ, പൊതുജനങ്ങളുടെ പങ്കാളിത്തത്തിൽ വിപണന ശക്തികളുടെ ഇടപെടലുകളില്ലാതെ നല്ല ചിത്രങ്ങൾ നിർമ്മിച്ചു പ്രദർശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ‘ജനങ്ങളുടെ ചലച്ചിത്രം’ നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് ‘ഒഡേസ കളക്ടീവ്’ എന്ന ഒരു സംരംഭത്തിന് രൂപം നൽകുകയും ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും ‘ജനങ്ങളുടെ ചലച്ചിത്രത്തിനായി’ സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ് ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നത്.

പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയയ്ക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ് അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ഈ ചിത്രത്തിലെ കഥ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചെന്നിട്ട് ചേരാനാകാതെ വന്നെങ്കിലും അവിടെ തന്നെ നിന്ന ജോയ് മാത്യു ഉൾപ്പെടെയുള്ളവർ പിന്നീടാണ് ജോണിന്റെ അമ്മ അറിയാൻ എന്ന ഈ ചരിത്ര പ്രാധാന്യമുള്ള സിനിമയുടെ ഭാഗമാകുന്നതും, ചരിത്രത്തിൽ തന്നെ ഇടം നേടുന്നതും.

അതുകൊണ്ട് തന്നെ ഒഡേസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ അമ്മ അറിയാൻ എന്ന ഈ ചിത്രത്തിലെ നായകകഥാപാത്രമായ പുരുഷനെ അവതരിപ്പിച്ച ജോയ് മാത്യുവിനെ ഇല്ലാതെ, അദ്ദേഹത്തിൻറെ ജീവിതവും കലയും ദൃശ്യഭാഷ ആക്കുവാനായി ‘ജോൺ’ സിനിമ ആര് എടുത്താലും അത് അപൂർണമാകുമെന്നു തന്നെയാണ് സിനിമ മേഖലയില്‍ ഉള്ളവരുടെ അഭിപ്രായം. ഈ വിഷയവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും പിന്നീട് അത് പിൻവലിക്കുകയും ഉണ്ടായി.

പ്രസ്തുത വിഷയത്തിൽ ജോയ് മാത്യു തന്റെ പ്രതികരണം അഴിമുഖത്തോട് പറയുന്നു: “ആളുകൾ സിനിമയെടുക്കുന്നു. അതിൽ അവർ അവർക്ക് ഇഷ്ടപ്പെടുന്നവരെ ഉൾപ്പെടുത്തുന്നു. അതൊക്കെ അവരുടെ ഇഷ്ടം. കുരിശു കൊണ്ട് കർത്താവും, ജോണിന്റെ ജുബ്ബ കൊണ്ട് മറ്റൊരുപാടു പേരും രക്ഷപെട്ടിട്ടുണ്ട്. അങ്ങനെ ആരെങ്കിലും ഒക്കെ രക്ഷപെടട്ടെ” എന്നായിരുന്നു.

എന്നാൽ സംവിധായകൻ പ്രേംചന്ദ് ഇതിനെക്കുറിച്ച്‌ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ:  “ജോണിന്റെ ജീവിതത്തിൽ ആയിരക്കണക്കിന്, പതിനായിരക്കണക്കിന് ദിവസങ്ങൾ ഉണ്ടായിരിക്കാം. ഞാൻ അദ്ദേഹത്തിന്റെ മൂന്നു ദിവസത്തെ കഥയാണ് എടുക്കുന്നത്. ആ മൂന്നു ദിവസത്തിൽ വരുന്ന ആളുകളെ കുറിച്ചാണ് പറയുന്നത്. അതിൽ ആവശ്യപ്പെടുന്നവരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്” എന്നാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

അമ്മ അറിയാന് 30 വര്‍ഷം; ജോണ്‍ ഓര്‍മ്മകളില്‍ നടന്‍ ഹരിനാരായണന്‍

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍