UPDATES

സിനിമ

അഭിമുഖം: ദൈവമേ, ഈ കുട്ടിയാണോ സംവിധാനം ചെയ്യാന്‍ പോകുന്നത്? സൌമ്യ സദാനന്ദനെ കുറിച്ച് നിമിഷ

ശ്രീജയും അമ്മുവുമല്ല മാംഗല്യം തന്തുനാനെയിലെ ക്ലാര; മോഡലായി വന്ന എന്നെ ഇങ്ങനെ നാടനാക്കി മാറ്റിയെടുത്തത് പോത്തേട്ടനാണ്

അനു ചന്ദ്ര

അനു ചന്ദ്ര

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ഷെയ്ന്‍ നിഗം നായകനായ ഈടക്ക് ശേഷം നിമിഷ നായികയായെത്തുന്ന പുതിയ ചിത്രമാണ് നവാഗതയായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേന. ചിത്രത്തിന്റെ വിശേഷങ്ങൾ നിമിഷ അനു ചന്ദ്രയുമായി പങ്കു വെക്കുന്നു.

പുതിയ സിനിമയായ മാംഗല്യം തന്തുനാനേനയെ കുറിച്ച്?

ഇങ്ങനെയൊരു ചോദ്യത്തിന് എല്ലാവരും തരുന്ന മറുപടി പോലെത്തന്നെ നല്ല അനുഭവങ്ങളായിരുന്നു ചിത്രീകരണ സമയത്ത് എന്നൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാൽ ഈ ചിത്രത്തിലെ വേറിട്ട ഒരു എക്സ്പീരിയൻസ് എന്ന് പറയുന്നത് ഒരു സ്ത്രീ സംവിധായകയുടെ കൂടെ വർക്ക് ചെയ്യാനായി എന്നതാണ്. ആദ്യമായാണ് ഞാൻ ഒരു സ്ത്രീ സംവിധായകക്കൊപ്പം വർക്ക് ചെയ്യുന്നത്. പിന്നെ മുൻപ് ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയായാലും, ഈടയായാലും, ഒരു കുപ്രസിദ്ധ പയ്യനായാലും എല്ലാം ഒരുതരം റിയലിസ്റ്റിക് സിനിമകളായി ആണ് ഞാൻ കാണുന്നത്. അതൊക്കെയും വേറെ വിധത്തിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നത് തന്നെ. ആ നിലക്ക് ഈ സിനിമ എനിക്ക് ഒരു പുതിയ എക്സ്‌പീരിയൻസ് ആയിരുന്നു. ഇതൊരു കമേർഷ്യൽ മൂവിയാണ്. ഞാൻ ഇതുവരെയും വർക്ക് ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമയായി തന്നെയാണ് എനിക്ക് ഇതിനെ തോന്നുന്നത്.

ദിലീഷ് പോത്തന്‍റെ സ്കൂളില്‍ നിന്നു പഠിച്ചിറങ്ങി ബി അജിത്ത് കുമാറിന്റെ കൂടെ വര്‍ക്ക് ചെയ്ത് സൗമ്യ സദാനന്ദനിൽ എത്തുമ്പോൾ എന്ത് തോന്നുന്നു?

തീർച്ചയായും നമ്മൾ സ്ത്രീകൾക്ക് ഒരു പേഴ്സ്പെക്റ്റിവ് ഉണ്ട്. അത് താങ്കൾക്കു മനസ്സിലാകും എനിക്കും മനസ്സിലാകും. ഉദാഹരണത്തിന് എന്‍റെ നോട്ടങ്ങൾ സ്ത്രീകൾക്കു മാത്രമേ മനസ്സിലാകൂ. ഒരു സ്ത്രീ എന്തിനാണ് അങ്ങനെ നോക്കിയത് എന്ന് തിരിച്ചറിയാൻ സ്ത്രീകൾക്കെ സാധിക്കൂ. ഒരിക്കലും അതൊരു പുരുഷന് മനസിലാകില്ല. ഞാനും സൗമ്യ ചേച്ചിയും തമ്മിലുള്ള ഇന്ററാക്ഷനും അങ്ങനെയായിരുന്നു. ഒരുപക്ഷേ സിനിമ കാണുമ്പോൾ ഒരു പെണ്ണിന് മനസിലാകും ഞാൻ ചെയ്ത കഥാപാത്രമായ ക്ലാരയുടെ ഓരോ നോട്ടം പോലും എന്തിനാകും അങ്ങനെയെന്ന്. തീർച്ചയായും ഒരു സിനിമയെ ഒരു പെണ്ണിന്റെ പേഴ്സ്പെക്ട്ടീവിൽ നിന്നിട്ട് എങ്ങനെ കാണണം എന്നെനിക്ക് മനസിലായി ഇതിലൂടെ. ഒരു സ്ത്രീസംവിധായികക്കൊപ്പം വർക്ക് ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് വേറെ ആണ്.

സൗമ്യ സദാനന്ദൻ എന്ന സ്ത്രീ സംവിധായക സിനിമയുടെ കഥയുമായി സമീപിക്കുമ്പോൾ ഒരു കൗതുകം ഉണ്ടായിരുന്നോ?

വാസ്തവത്തിൽ ഒരു സ്ത്രീസംവിധായക കഥയുമായി സമീപിച്ചപ്പോള്‍ എനിക്കു സന്തോഷമാണ് തോന്നിയത്. സൗമ്യചേച്ചി കോൾ ചെയ്ത സമയത്ത് എനിക്കവർ ആരാണെന്ന് അറിയില്ലായിരുന്നു. എന്നെ വിളിക്കുമ്പോൾ പറഞ്ഞു ഞാൻ സൗമ്യ ആണ്, ഞാൻ പെണ്ണാണ്, സംവിധായിക ആണ് എന്നൊക്കെ. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. അതിനെ ഭാഗ്യമായിട്ട് തന്നെയാണ് ഞാൻ കാണുന്നത്. പിന്നെ ഞാൻ സൗമ്യ ചേച്ചിയെ നേരിൽ കണ്ടപ്പോൾ ചെറിയൊരു കുട്ടിയായി ആണ് എനിക്കവരെ തോന്നിയത്. ദൈവമേ, ഈ കുട്ടി ആണോ സംവിധാനം ചെയ്യാൻ പോകുന്നതെന്ന് ആശങ്ക തോന്നി ആദ്യം. ആ സമയത്ത് മമ്മി പറഞ്ഞു ഏതായാലും നമുക്ക് കഥ കേൾക്കാം എന്ന്. അങ്ങനെ ഞാൻ സ്റ്റോറി കേട്ടു. എനിക്ക് കഥ വിശദീകരിച്ചു തരുന്നത് എഴുത്തുകാരൻ ടോണി ചേട്ടനാണ്. പക്ഷേ കഥ പറഞ്ഞു ക്ലൈമാക്സിൽ എത്തിയപ്പോൾ സൗമ്യ ചേച്ചി ആവശ്യപ്പെട്ടു അത് ചേച്ചി പറയാം എന്ന്. അങ്ങനെ ചേച്ചി കഥ പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞു. അപ്പൊ എനിക്ക് ഒരു ധാരണയായി അവർക്ക് എന്താണ് കഥയിൽ വേണ്ടതെന്നും, അത് എങ്ങനെ ചെയ്യണമെന്നും വ്യക്തമായ ബോധ്യമുണ്ടെന്നും. പോരാത്തതിന് ഡോകുമെന്ററിയിൽ ദേശീയഅവാർഡ് വാങ്ങിയ ഒരു സംവിധായിക കൂടിയാകുമ്പോ അതിൽ കൂടുതൽ വേറെ എന്ത് വേണം.

Also Read: മലയാളത്തിലേക്ക് ഒരു സംവിധായിക കൂടി; മാംഗല്യം തന്തുനാനേനയുമായി സൗമ്യ സദാനന്ദൻ/അഭിമുഖം

ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണല്ലോ…?

തൊണ്ടിമുതലിൽ ആയാലും ഈടയിൽ ആണെങ്കിലും എല്ലാം എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറയാറുള്ളത്. ആളുകൾ അങ്ങനെ അഭിപ്രായം പറയുമ്പോൾ നമുക്ക് അത് ഒരു പ്രചോദനം കൂടിയാണ്. ഇനിയും ഇതിലും നന്നായി ചെയ്യണമെന്ന തോന്നല്‍ നമുക്കുണ്ടാകും. തീർച്ചയായും എല്ലാ സ്ത്രീകളെയും പ്രതിനിധീകരിച്ചുകൊണ്ട് ഒരു കഥാപാത്രം ചെയ്യണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം.

മുംബൈയില്‍ നിന്നു വന്ന ഒരാളെന്ന നിലയില്‍ കേരളത്തിലെ നാടന്‍ പെണ്‍കുട്ടിയായി സ്‌ക്രീനിൽ എത്തുക എന്നത് എളുപ്പമായിരുന്നോ?

മോഡലായി വന്ന എന്നെ ഇങ്ങനെ നാടനാക്കി മാറ്റിയെടുത്തത് പോത്തേട്ടനാണ്. പിന്നീട് അത് പ്രേക്ഷകർ അങ്ങ് ഏറ്റെടുത്തു. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. മുംബൈയിൽ നിന്ന് തിരിച്ചു നമ്മുടെ മണ്ണിലേക്ക് വന്ന് ഒരു നാടൻ കുട്ടി ആകാൻ പറ്റിയല്ലോ.

നിമിഷ എന്ന പെണ്‍കുട്ടിയുമായി ഏതെങ്കിലും തരത്തിൽ ചേര്‍ന്ന് നിൽക്കുന്നുണ്ടോ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍?

ഞാൻ എന്ന വ്യക്തിയുമായി യാതൊരു വിധത്തിലുള്ള സാമ്യവുമില്ല ഈ കഥാപാത്രങ്ങൾക്കൊന്നും. ഈ കഥാപാത്രങ്ങൾ കാണുമ്പോൾ എല്ലാവരും വിചാരിക്കാറുണ്ട് ഞാൻ ഭയങ്കര മച്ച്വെഡ് ആണെന്ന്. വാസ്തവത്തിൽ എന്നെ അടുത്തറിയുന്നവർ പറയുന്നത് എനിക്ക് കുട്ടിക്കളി വിട്ടു മാറിയിട്ടില്ല എന്നാണ്. പിന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ നേരിട്ട സാഹചര്യങ്ങളിലൂടെ ഒന്നും ഞാൻ പോയിട്ടില്ല. അതുകൊണ്ടൊന്നും തന്നെ ഞാനും അവരുമായി യാതൊരു ബന്ധവും ഇല്ല.

തുടക്കക്കാരി എന്ന നിലയിൽ കുട്ടികളിയിൽ നിന്നും ശ്രീജയിലേക്ക് എത്തിക്കാൻ പോത്തേട്ടനും കുറച്ചു ബുദ്ധിമുട്ടിക്കാണുമല്ലോ?

എനിക്ക് തോന്നുന്നു അക്കാര്യത്തിൽ പോത്തേട്ടന് ഒരു പേടി കാണുമായിരുന്നു എന്ന്. എന്റെ കുട്ടിക്കളി കാണുമ്പോൾ അങ്ങനെ പേടിക്കേണ്ടതുമാണ്. പക്ഷെ എനിക്ക് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞു എന്നുതന്നെ പ്രതീക്ഷിക്കുന്നു. പിന്നെ അവർക്കിടയിൽ നിൽക്കുമ്പോൾ ഞാൻ ഒരു പുതിയ കുട്ടിയാണെന്ന തോന്നൽ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും അത്രമാത്രം സപ്പോർട്ടീവായിരുന്നു. കൂടെ നിന്ന എല്ലാവരും സീനിയർ ആര്‍ട്ടിസ്റ്റുകളും, ദേശീയ അവാർഡ് ജേതാക്കളും ആയിരുന്നു. പക്ഷേ എനിക്ക് അവരുടെ മുമ്പിൽ പേടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ചേട്ടന്മാരുടെയും, ചേച്ചിമാരുടെയും മുൻപിൽ നിൽക്കുന്ന ഒരു ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. അവർ ട്രീറ്റ് ചെയ്ത രീതി നല്ലതായിരുന്നതുകൊണ്ട് കഥാപാത്രത്തിൽ മികവും വന്നു.

മംഗല്യം തന്തുനാനേയിൽ എത്തിയപ്പോൾ തോന്നിയ മാറ്റം?

ഓരോ സിനിമകളിലും ലൊക്കേഷനുകളിലും നമുക്ക് പുതുതായി പഠിക്കാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടാകണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പിന്നെ നമ്മൾ ചെയ്ത കഥാപാത്രം പ്രേക്ഷകർക്കിഷ്ടപ്പെടണം. ശ്രീജയെയും അമ്മുവിനെയും മറക്കാത്ത പ്രേക്ഷകർ നാളെ ഞാൻ ചെയ്യുന്ന ഒരു കഥാപാത്രത്തെയും മറക്കാൻ പാടില്ല. അതാണ് എന്റെ ആഗ്രഹം. അതു നോക്കി തന്നെയാണ് സിനിമ തിരഞ്ഞെടുക്കുന്നതും.

ചാക്കോച്ചന്റെ കൂടെ ഉള്ള അനുഭവം എങ്ങനെയായിരുന്നു?

സീനിയർ ആണെന്ന ഗൗരവം ഒന്നും ചാക്കോച്ചനില്ല. കുഞ്ഞായിരുന്നപ്പോൾ ഞാൻ സ്‌ക്രീനിൽ നോക്കിക്കൊകൊണ്ടിരുന്ന ആളാണ് ചാക്കോച്ചൻ. ഇപ്പോ കൂടെ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായി.

പഠനം?

മുംബൈയിൽ മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇപ്പോൾ അത് കുറച്ചു കാലം ബ്രെയ്ക്ക് ആയി. ഇനി അത് വീണ്ടും തുടങ്ങണം.

മലയാളത്തിലേക്ക് ഒരു സംവിധായിക കൂടി; മാംഗല്യം തന്തുനാനേനയുമായി സൗമ്യ സദാനന്ദൻ/അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍