UPDATES

സിനിമ

റോട്ടര്‍ഡാം കടുവയ്ക്ക് അക്കാദമിയോട് മാത്രമേ പ്രശ്നമുള്ളോ? സെന്‍സര്‍ ബോര്‍ഡിനോട്‌ എന്തേ ഗര്‍ജിച്ചില്ല?

ഒരു പക്ഷെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതാണ് ഉട്ത പഞ്ചാബ് എന്ന സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

നിസാം അസഫ്

നിസാം അസഫ്

[ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: ‘ഓട് മലരേ കണ്ടം വഴി’ എന്ന് സനലിനോട്‌ അക്കാദമി ഇതുവരെ പറയാത്തത് എന്തുകൊണ്ട്?]

ഭാഗം – 2

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സനല്‍ കുമാര്‍ ശശിധരന് ഡിസംബര്‍ ഒന്നിനയച്ച കത്തില്‍ എസ് ദുര്‍ഗ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കില്ല, മറിച്ച് നിയമപ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസറ്റിങ് മന്ത്രാലയത്തെ (I&B) സമീപിക്കാം എന്നും അവരത് തള്ളുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോയി അനുമതി നേടാം എന്നും ടീം എസ് ദുര്‍ഗ പ്രതികരിക്കുന്നു. Exemption നു വേണ്ടി കേന്ദ്ര മന്ത്രാലയത്തെ സമീപിക്കുന്നതിനെ സംബന്ധിച്ച് ഇതിനു മുന്‍പെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചതാണ്. അത്, ഛര്‍ദ്ദിക്കും എന്നറിഞ്ഞിട്ടും ഒരാളുടെ വായിലേക്ക് ഭക്ഷണം കുത്തിക്കയറ്റുന്നതു പോലെയാണ്.

എന്തായാലും കാര്യങ്ങള്‍ ഇവിടെ എത്തി നില്‍ക്കുന്നു. എങ്കിലും, ആ വാദത്തെ സംബന്ധിച്ച മറ്റു ചില വസ്തുതകള്‍ കൂടെ പരിശോധിക്കേണ്ടതുണ്ട്. അതെല്ലാം ചേര്‍ത്ത് വായിക്കുമ്പോഴേ കാര്യങ്ങളുടെ പൂര്‍ണ്ണചിത്രം തെളിയൂ. അക്കാദമി, സിനിമയുടെ സ്‌ക്രീനിംഗ് അനുമതിക്കായി കേന്ദ്ര മന്ത്രാലയത്തെ സമീപിച്ച് അവരത് തള്ളുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ IFFK യില്‍ ജയന്‍ ചെറിയാന്റെ ‘കബോഡിസ്‌കേപ്’ നേടിയത് പോലൊരു അനുമതി കോടതിയില്‍ പോയി നേടും എന്നാണല്ലോ വാദം. അത് ബാക്കി വെക്കുന്ന ചില ചോദ്യങ്ങളുണ്ട്.

ഈ റിപ്പബ്ലിക്കിന്റെ ജനാധിപത്യ ഭാവനയുടെ അതിര്‍ത്തി നിങ്ങള്‍ എവിടെ വരയ്ക്കും?

ഒന്ന്: സ്‌ക്രീനിങ് അനുമതിക്കായി മന്ത്രാലയത്തെ സമീപിച്ചാല്‍ അവരത് നിര്‍ദ്ദാക്ഷണ്യം തള്ളും എന്ന് ആരെങ്കിലും ഊഹിച്ചെടുത്തു പറയുന്നതാണോ?

പടയൊരുക്കം തിരോന്തോരത്ത് എത്തുമ്പം കൊടുങ്കാറ്റാകുമെന്ന് ചെന്നിത്തലപ്പണിക്കര്‍ പറഞ്ഞ പോലെ അതാരും ഗണിച്ചു പറഞ്ഞതല്ല. അതാണ് മുന്‍ അനുഭവം. ഒന്നല്ല, രണ്ടു പ്രാവശ്യം. ഏറ്റവും ഒടുവിലായി IFFI-ലാണ് നമ്മളത് കണ്ടത്. എസ് ദുര്‍ഗ കളിക്കാതിരിക്കാന്‍ അവര്‍ സര്‍വ്വതന്ത്രങ്ങളും പുറത്തെടുത്തു. എന്നാല്‍ ആദ്യ അനുഭവം മുംബൈയില്‍ നടന്ന ജിയോ മാമി ഫെസ്റ്റിവലിലാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാകും മാമിയിലെ സംഭവങ്ങള്‍ എന്നത് കൊണ്ട് അത് പ്രധാനപ്പെട്ടതാണ്.

റിലയന്‍സിന്റെ ജിയോ പ്രധാന സ്‌പോണ്‍സര്‍ ആയിട്ടുള്ള മാമി ഫെസ്റ്റിവലില്‍ എന്താണ് സംഭവിച്ചത്? മാമിയിലെ ‘ഇന്‍ഡ്യ ഗോള്‍ഡ്’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ സെക്‌സി ദുര്‍ഗ്ഗയുടെ, ഫെസ്റ്റിവെല്‍ പ്രദര്‍ശനത്തിനായുള്ള അനുമതിക്കായി കേന്ദ്ര മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ അവരത് തള്ളുകയാണ് ചെയ്തത്. അതായത് ഫെസ്റ്റിവല്‍ exemption നായി സിനിമ മുന്‍പും I&B മന്ത്രാലയത്തിന്റെ മുന്നില്‍ എത്തിയതാണെന്ന് ചുരുക്കം. അവരത് അതുപോലെ മടക്കി.

രണ്ട്: അങ്ങനെ അവരത് തള്ളിയപ്പോള്‍ സനലും കൂട്ടരും പോയത് കോടതിയിലേക്കാണോ?

അല്ല. റിലയന്‍സ് മുഖ്യ സ്‌പോണ്‍സര്‍ ആയ ഫെസ്റ്റില്‍ ‘ഇന്‍ഡി’ സിനിമകളെ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ പ്രദര്‍ശിപ്പിക്കും എന്നതു കൊണ്ടൊന്നുമല്ലത്. അത് വഴിയേ മനസിലാകും.

മൂന്ന്: അക്കാദമി അപേക്ഷിക്കുന്നത്, അവരത് തള്ളുമ്പോള്‍ കോടതിയില്‍ ഞങ്ങള്‍ പോകാം എന്ന് പറയുന്ന ഗെഡികള്‍ എന്തേ അന്ന് മാമിയുടെ അപേക്ഷയില്‍ നേരത്തെ തള്ളിക്കളഞ്ഞപ്പോള്‍ കോടതിയില്‍ പോയില്ല? അതല്ല, റോട്ടര്‍ഡാം കടുവ കേരളത്തില്‍, അതും അക്കാദമിയോട് മാത്രമേ പോരെടുക്കൂ എന്നാണോ?

പടച്ചോനറിയാം!

നാല്: അന്ന് I&B മന്ത്രാലയം തള്ളിയപ്പോള്‍ അവരെന്താണ് ചെയ്തത്?

‘ഓട് മലരേ കണ്ടം വഴി’ എന്ന് സനലിനോട്‌ അക്കാദമി ഇതുവരെ പറയാത്തത് എന്തുകൊണ്ട്?

നേരെ ഓടി. എവിടേക്ക്? കോടതിയിലേക്കല്ല, സെന്‍സര്‍ ബോര്‍ഡിനടുത്തേക്ക്. ഏത്, ഇന്നവര്‍ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കണം എന്ന് പറയുന്ന അതേ സെന്‍സര്‍ ബോര്‍ഡിനടുത്തേക്ക്. എന്നിട്ടെന്തു സംഭവിച്ചു? കടുവ ഗര്‍ജ്ജിച്ചില്ലെന്ന് മാത്രമല്ല ഒന്ന് മുരളുകപോലും ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ പ്രകാരം സെക്‌സി ദുര്‍ഗയിലെ ‘ക്‌സി’ വെട്ടി എസ് ദുര്‍ഗയാക്കി. അതായത്, മറ്റൊരു സിനിമയില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് കിട്ടിയ ‘അയ്യപ്പന്‍ എലിഫെന്റ് ബി.എ’ എന്ന പോലെ സനലിന്റെ സിനിമക്ക് ‘S Durga, റോട്ടര്‍ഡാം ബി.എ’ എന്നൊരു സര്‍ട്ടീഫിക്കറ്റും CBFC അപ്പൊ തന്നെ അടിച്ച് കൊടുത്തു. പ്രസൂന്‍ ജോഷി തോളില്‍ തട്ടി ഇജ്ജോരു ഹനുമാനാണെന്നും പറഞ്ഞിരിക്കണം.

ഇനി നമുക്ക് എസ് ദുര്‍ഗയെ ‘സനാതന ദുര്‍ഗ’ യെന്നോ ‘ശീലാവതി ദുര്‍ഗ’യെന്നോ ‘ശാന്തമ്മ ദുര്‍ഗ’യെന്നോ നമ്മുടെ മനോധര്‍മ്മം അനുസരിച്ച് വായിച്ചെടുക്കാവുന്നതാണ്. കൂട്ടത്തില്‍ CBFC 21 ഓഡിയോ മ്യൂട്ടും അടിച്ചു കൊടുത്തു സിനിമയ്ക്ക്. അങ്ങനെ കോടതിയില്‍പ്പോയി ഗര്‍ജ്ജിക്കാതെ, CBFC യില്‍ പോയി വെട്ടും കുത്തും കൊണ്ട് ഈ അവസ്ഥയിലായി ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ തിരിച്ചുവന്നു നമ്മുടെ നായകന്‍. പണ്ടൊരു Exemption നു പോയ അവസ്ഥ ഇതാണെന്നിരിക്കെ വീണ്ടും അപേക്ഷിക്കുന്നത് പണ്ട് ‘വീര’ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത പോലെയാകും.

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

ഇനി കോടതിയില്‍ പോകാനായി കാത്തിരിക്കുന്നവരോട്. നിങ്ങള്‍ കോടതിയില്‍ പോകുകതന്നെ വേണം. അതിനായി അക്കാദമി അപേക്ഷിക്കാനോ മന്ത്രാലയമതു തള്ളാനോ കാത്തിരിക്കേണ്ട. അല്ലാതെതന്നെ അത് ചെയ്യാവുന്നതാണ്. അത് എസ് ദുര്‍ഗയെ IFFK യില്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല. സെക്‌സി ദുര്‍ഗയെ ഒരു വെട്ടും കുത്തും ഇല്ലാതെ രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിക്കാന്‍. നിലവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യപ്പെട്ട സിനിമയെന്ന നിലയില്‍ സനലിനും കൂട്ടര്‍ക്കും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കോടതിയെ സമീപിക്കാവുന്നതാണ്. അതിനുള്ള മുന്നുദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. 2016-ല്‍ റിലീസ് ചെയ്ത ‘ഉട്താ പഞ്ചാബ്’ എന്ന അഭിഷേക് ചുബെ ചിത്രം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയതാണ്.

ഒരു പക്ഷെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതാണ് ആ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. ‘Passed by Hon’ble High Court’ എന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രിന്റ് ചെയ്തിട്ടുള്ള ആദ്യത്തെ സിനിമയാകും ഉട്താ പഞ്ചാബ്. സിനിമയുടെ കണ്ടന്റ് മോശമാണെന്നും ടൈറ്റില്‍ പഞ്ചാബിനെ അപമാനിക്കുന്നതും ആണെന്ന് കാട്ടിയാണ് CBFC വെട്ടും കുത്തും നടത്തിയത്. 89 കട്ടുകളാണ് സിനിമയ്ക്ക് വിധിച്ചത്. അതോടൊപ്പം ടൈറ്റിലില്‍ നിന്ന് ‘പഞ്ചാബ്’ നീക്കം ചെയ്യണമെന്നും വിധിച്ചു. മാത്രമല്ല സിനിമയില്‍ പഞ്ചാബെന്ന് പരാമര്‍ശിക്കുന്ന ഇടങ്ങളെല്ലാം നീക്കം ചെയ്യണമെന്നും CBFC തീര്‍പ്പാക്കി. എന്നാല്‍ സംവിധായകനും അനുരാഗ് കശ്യപ് അടക്കമുള്ള സിനിമയുടെ നിര്‍മ്മാതാക്കളും ഇതിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. അന്നത്തെ വാദങ്ങളെത്തുടര്‍ന്ന് സുപ്രധാനമായ ഉത്തരവുകളാണ് മുംബൈ ഹൈക്കോടതിയില്‍നിന്നും ഉണ്ടായത്. ആ ഉത്തരവിലാണ് കോടതി ‘CBFC should only certify, not censor. The public is the biggest censor. CBFC doesn’t need to censor’ എന്ന മര്‍മ്മപ്രധാനമായ നിരീക്ഷണം നടത്തുന്നത്. അതായത് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി, സെന്‍സര്‍ ചെയ്യേണ്ടതില്ല എന്ന്. ‘സെന്‍സര്‍’ ബോര്‍ഡില്‍ നിന്നും സെന്‍സര്‍ തന്നെ എടുത്തുകളയണം എന്ന പ്രതീക്ഷാനിര്‍ഭരമായ ഒന്ന്.

ഹൈക്കോടതി വിധി: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കിയ എസ് ദുര്‍ഗയ്ക്ക് ഐഎഫ്എഫ്‌ഐയുടെ ക്ഷണം

മാത്രവുമല്ല, ടൈറ്റിലില്‍ നിന്ന് പഞ്ചാബ് നീക്കം ചെയ്യണമെന്നും 89 കട്ടുകളും കല്‍പിച്ച CBFC-യോട് പോയി പണി നോക്കാന്‍ പറഞ്ഞ് ഒരേയൊരു കട്ട് മാത്രമായി ഉട്താ പഞ്ചാബ് റിലീസ് ചെയ്യാന്‍ കോടതി ഉത്തരവാക്കി. അതേത്തുടര്‍ന്നാണ് ‘ബഹു. കോടതിയിന്‍ ഉത്തരവിന്‍ പ്രകാരം’ എന്ന് അടിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ആ സിനിമ 2016 ജൂണ്‍ 17-നു റിലീസ് ആയത്. അപ്പൊ പിന്നെ ടൈറ്റിലില്‍ നിന്ന് ‘ക്‌സി’ വെട്ടിമാറ്റപ്പെടുകയും 21 മ്യൂട്ട് കിട്ടുകയും ചെയ്ത എസ് ദുര്‍ഗക്ക് ഇപ്പോള്‍ തന്നെ കോടതിയെ സമീപിക്കാവുന്നതല്ലേ ഉള്ളു?

ഇന്ത്യയിലെ ഒരു ഹൈക്കോടതിയുത്തരവ് രാജ്യമെമ്പാടും ബാധകമെന്നിരിക്കെയും, ഒരു കോടതി വിധി സമാനസ്വഭാവമുള്ള മറ്റു കേസുകള്‍ക്കും ആധാരമാകും എന്നിരിക്കെയും ഇതെല്ലാം അറിയാവുന്ന, സിനിമയെടുക്കാനായി കറുത്ത കുപ്പായമുപേക്ഷിച്ച നമ്മുടെ ബാറ്റ്മാന്‍ അഡ്വ. സനല്‍ കുമാര്‍ ശശിധരനും കോടതിയെ സമീപിക്കാം. വേണമെങ്കില്‍ കറുത്ത കുപ്പായം അതിനായി വീണ്ടുമണിയാം. അത് ചെയ്യാന്‍ പ്രസൂന്‍ ജോഷിയുടെയോ സ്മൃതി ഇറാനിയുടെയോ അടി വീണ്ടും വാങ്ങാന്‍ കാത്തുനില്‍ക്കണോ? അടി വീണ്ടും വേണേല്‍ അത് വാങ്ങിക്കോ, പക്ഷേ അത് അക്കാദമിയുടെ അക്കൗണ്ടില്‍ വേണ്ട.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിസാം അസഫ്

നിസാം അസഫ്

ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ സിനിമ സ്റ്റഡീസ് ഗവേഷക വിദ്യാർത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍