പത്മരാജൻ സിനിമകൾ ഇന്നത്തെ യുവാക്കളും ഇത്രയേറെ ഇഷ്ട്ടപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിതീഷ് ഭരദ്വാജ്
അനശ്വരനായ ഒരു ചലച്ചിത്രകാരന്റെ പേരില്‍ ഒരു കഫേ ഇതാദ്യമായിട്ടായിരിക്കും. കൊച്ചി പനമ്പള്ളി നഗറിലാണ് പത്മരാജൻ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ പപ്പേട്ടൻസ് കഫേ. ഇന്നലെ പപ്പേട്ടൻസ് കഫേക്ക് സാധാരണ ഒരു ദിനം മാത്രമായിരുന്നില്ല. മലയാളികളുടെ മനസ്സിൽ ഇടം നേടിയ ആ ഗന്ധർവ്വൻ, ഞാൻ ഗന്ധർവ്വനിലെ ആ ചുള്ളൻ നായകൻ. നിതീഷ് ഭരദ്വാജ് ഇന്നലെ പപ്പേട്ടൻ കഫേയിലേക്ക് എത്തി.
‘പത്മരാജൻ സിനിമകളെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാര വിഷയമായില്ല, പത്മരാജൻ ഇന്നും മലയാളി യുവത്വത്തെ സ്വാധീനിക്കുന്നതിൽ അദ്ദേഹത്തിന് അതിയായ സന്തോഷമുണ്ട്’.പ്രതീക്ഷിച്ചിരിക്കാതെ കഫെയിൽ എത്തിയ അതിഥിയെക്കുറിച്ച് പപ്പേട്ടൻസ് കഫേയുടെ പങ്കാളികളിൽ ഒരാളും സിനിമ പ്രവർത്തകനുമായ ആനന്ദ് അഴിമുഖത്തോട് പറഞ്ഞു.
ജീവിതത്തിൽ പത്മരാജൻ സിനിമകളുടെ സ്വാധീനം വളരെ വലുതാണ്,അദ്ദേഹം കഫെയിൽ ഉണ്ടായിരുന്ന ഒരു മണിക്കൂർ ആകെ മൊത്തം ഒരു പത്മരാജൻ ‘ഓറ’യിൽ ആയിരുന്നു താൻ. പപ്പേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചുമാണ് ഏറെ സംസാരിച്ചത്. ആനന്ദ് പറയുന്നു.
ഞാൻ ജനിക്കുന്നത്തിനു മുന്നേ ഇറങ്ങിയ ചിത്രമാണ് ‘ഞാൻ ഗന്ധർവ്വൻ’ എന്നിട്ടും ഇന്നും പുതുമയോടെയാണ് താൻ ഈ ചിത്രത്തെ കാണുന്നത് എന്ന് അദ്ദേഹത്തോട് പറഞ്ഞതായും ആനന്ദ് പറയുന്നു. കഫേയിൽ ഉള്ള പത്മരാജന്റെ പുസ്തകങ്ങൾ എല്ലാം നോക്കിയ നിതീഷ് ഭരദ്വാജ് ഇംഗ്ലീഷ് പരിഭാഷയിൽ ഉള്ള പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും, അദ്ദേഹത്തിന്റെ സിനിമകളുടെ കളക്ഷൻസ് ഇവിടെ സൂക്ഷിച്ചിട്ട് ഉണ്ടോ എന്നും ചോദിച്ചു.
കൂടാതെ പത്മരാജൻ സിനിമകളെ പറ്റി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകളുടെ മികവിനെ പറ്റി നിതീഷ് ഭരദ്വാജ് ഏറെ പ്രശംസിച്ച് സംസാരിച്ചു. പപ്പേട്ടന്റെ സ്ക്രിപ്റ്റുകളുടെ ‘ഡീറ്റൈലിംഗ്’ വളരെ മികച്ചതാണ് , സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ആ കഥ സന്ദർഭം കാണുന്നപോലെ തന്നെയാണ്. പദ്മരാജന്റെ ഒരൊറ്റ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം വളരെ വലുതായിരുന്നു. പിന്നീട് അദ്ദേഹം ചെയ്ത മറാത്തി, ഹിന്ദി സിനിമകൾക്ക് ഈ അനുഭവങ്ങൾ ഒരുപാട് ഗുണം ചെയ്തതായും, സിനിമയുടെ ഡയലോഗുകൾ എഴുതുമ്പോൾ പത്മരാജന്റെ സ്വാധീനം വളരെ വലതുതായിരുന്നതായും നിതീഷ് ഭരദ്വാജ് പറയുന്നു.
പത്മരാജൻ സിനിമകൾ ഇന്നത്തെ യുവാക്കളും ഇത്രയേറെ ഇഷ്ട്ടപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്ത് ഇത്തരമൊരു സിനിമ ചെയ്തത് വളരെ വലിയൊരു കാര്യമാണെന്നും, തന്നെ ആദ്യമായി ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ പത്മരാജൻ എന്ന പ്രതിഭയെകുറിച്ച് അറിയില്ലായിരുന്നു, പിന്നീട് സുഹൃത്തും സിനിമാക്കാരനായുമായ മോഹൻ എന്ന വ്യക്തിയാണ് പത്മരാജനെ കുറിച്ച് തനിക്ക് പറഞ്ഞു തന്നത്. അദ്ദേഹം ഒരുപാട് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പോയിട്ടുള്ള സംവിധായകനാണെന്നും, മോഹൻലാലിനെ വെച്ച് ഒരുപാട് സിനിമകൾ ചെയ്ത ആളാണെന്നും അങ്ങനെ അറിയാൻ സാധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിൽ ജോയിൻ ചെയ്തപ്പോൾ അത് തനിക്ക് മറക്കാനാവാത്ത അനുഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിതീഷ് ഭരദ്വാജിനെയും മോഹൻലാലിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ഒരു സിനിമ ഒരുക്കാൻ പത്മരാജൻ ആലോചിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ശബരി, അനന്ദു എന്നീ രണ്ടു യുവ സിനിമ പ്രവർത്തകരും പപ്പേട്ടൻസ് കഫേയുടെ പങ്കാളികൾ ആണ്. ഇരുവരും സിനിമ സ്വപനങ്ങളുമായിയാണ് ഈ കഫേ തുടങ്ങിയത് പോലും. ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയിരുന്നു അനന്ദു, കൂടാതെ ഈ ചിത്രത്തിന്റെ തന്നെ സംവിധാന സഹായിയുമായിരുന്നു ശബരി.
ഇരുവരും സ്വതന്ത്രമായൊരു ചിത്രമൊരുക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. യാത്രയുടെ പശ്ചാത്തലത്തിൽ ഒരു ചിത്രവുമായി ശബരി സംവിധായകനാകാൻ ഒരുങ്ങുമ്പോൾ. ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് അനന്ദു. രണ്ടു ചിത്രങ്ങളുടെയും സ്ക്രിപ്റ്റ് വർക്കുകൾ നടക്കുകയാണ്.
യാത്രയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ശബരിയുടെ ട്രാവൽ മൂവിക്ക് വേണ്ട പണം കണ്ടെത്താൻ കൂടി വേണ്ടിയാണ് ഈ കഫേ പ്രവർത്തിക്കുന്നത്. 20വയസ്സു മുതൽ 30വയസ്സ് വരെയുള്ള സ്ത്രീത്വത്തെ കുറിച്ചാണ് അനന്ദുവിന്റെ സിനിമ പറയുന്നത്. കെ.ജി ജോർജിന്റെ ‘ആദാമിന്റെ വാരിയെല്ല്’ എന്ന ചിത്രം ഈ സിനമയൊരുക്കാൻ തനിക്ക് പ്രചോദനം നൽകിയതായും അനന്ദു കൂട്ടിച്ചേർത്തു