UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

നിവിന്‍ പോളിയുടെ ധൈര്യം കൂടിയാണ് ഹേ ജൂഡ്

നോർമൽ എന്നു സ്വയം വിളിക്കുന്ന നമ്മളെ ജൂഡിന്റെ ലോകം ചിരിപ്പിക്കും

അപര്‍ണ്ണ

ശ്യാമപ്രസാദും നിവിൻ പോളിയുമൊത്തുള്ള മൂന്നാമത്തെ സിനിമയാണ് ഹേ ജൂഡ്. ‘ഇംഗ്ലീഷി’ൽ നിന്നും ‘ഇവിടെ’യിൽ നിന്നും വ്യത്യസ്തമായി ഒരു ശ്യാമപ്രസാദ് ചിത്രത്തിൽ നിവിന്റെ ആദ്യ മുഴുനീള നായക വേഷമുള്ള സിനിമയും ഹേ ജൂഡാണ്. തെന്നിന്ത്യയിലെ വലിയ മാർക്കറ്റുള്ള നടി തൃഷയാണ് ഹേ ജൂഡിൽ നായികയാവുന്നത്. തൃഷയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. പതിവു ശ്യാമപ്രസാദ് സിനിമകളിൽ നിന്നു വ്യത്യസ്തമായി ഹാസ്യത്തിനു പ്രധാന്യം നൽകുന്ന ഒരു സിനിമയാണിതെന്നും കേട്ടുകേള്‍വി ഉണ്ടായിരുന്നു.

ജൂഡിന്റെ കഥാപരിസരം ഏറിയ പങ്കും ഗോവയാണ്. ജൂഡ് (നിവിൻ പോളി) 28 വയസുള്ള ചെറുപ്പക്കാരനാണ്. ഓട്ടിസത്തിന്റെ ഉപ വിഭാഗമായ Asperger syndrome ജന്മനാ ഉണ്ട് ജൂഡിന്. ഇത് ഒരു പെരുമാറ്റ വൈകല്യമാണ്. ആശയ വിനിമയവും വൈകാരികതകളും സാധ്യമല്ലാത്ത അവസ്ഥയാണ്. ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലമുള്ള കുടുംബമാണ് ജൂഡിന്റെ. പുരാവസ്തുക്കൾ കുറെ തട്ടിപ്പുകൾ കാട്ടി വിറ്റ് പണം ജീവിതലക്ഷ്യമായി കരുതുന്നയാളാണ്  ജൂഡിന്റെ അച്ഛൻ ഡൊമിനിക്ക് (സിദ്ദിഖ്). അമ്മയാവട്ടെ മകന്റെ മാനസിക വ്യതിയാനത്തെ തിരിച്ചറിയാൻ കഴിയാത്ത ഒരാളാണ്. ഒരാവശ്യത്തിന് ഗോവയിൽ കുറച്ചു കാലം ജൂഡിനും കുടുംബത്തിനും താമസിക്കേണ്ടി വരുന്നു. അവിടെ വച്ച് സെബാസ്റ്റ്യൻ (വിജയ് മേനോൻ) മകൾ ക്രിസ്റ്റൽ (തൃഷ) എന്നിവരുമായി ആ കുടുംബം കണ്ടുമുട്ടേണ്ടി വരുന്നു. വൈകാരികതകളെ ഭയക്കുന്ന ജൂഡും  അതിവൈകാരികതയുടെ അടിമയായ ക്രിസ്റ്റലും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥയാണ് ഹേ ജൂഡ്.

ഇതാദ്യമായല്ല വൈകാരിക വ്യതിയാനങ്ങളുള്ള കഥാപാത്രങ്ങളെ പിന്തുടർന്ന് സിനിമയെടുക്കുന്നത്. ഇവിടെയിലെ പൃഥ്വിരാജ്, അകലെയിലെ ഗീതു മോഹൻ ദാസ് , ഒരേ കടലിലെ മീരാ ജാസ്മിൻ (ഇവയിൽ പലതും അഡാപ്റ്റേഷനുകളാണ്) ഒക്കെ സ്വന്തം മാനസിക നില കൊണ്ട് ഈ ലോകത്തോട് കലഹിക്കുന്നവരാണ്. ഇവരൊക്കെ കലഹിക്കുന്ന പോലെയല്ല ജൂഡ് കലഹിക്കുന്നത്. സിനിമയിലെ ഹാസ്യാത്മകത തന്നെയാണ് മേൽപ്പറഞ്ഞ  കഥാപാത്രങ്ങളിൽ നിന്ന് ജൂഡിനെ വ്യത്യസ്തനാക്കുന്നത്. നോർമൽ എന്നു സ്വയം വിളിക്കുന്ന നമ്മളെ ജൂഡിന്റെ ലോകം ചിരിപ്പിക്കും. ശ്യാമപ്രസാദിന്റെ മറ്റു കഥാപാത്രങ്ങളെ പോലെ തീവ്രമായ വൈകാരികതയുടെ ഭാരം തരികയല്ല ജൂഡ് ചെയ്യുന്നത്. ലോകത്തോട്, അതിന്റെ പ്രായോഗികതകളോട് നിരന്തരം യുദ്ധം ചെയ്യുക എന്ന പ്രാഥമിക ദൗത്യം എല്ലാ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്. ശ്യാമപ്രസാദ് തീവ്ര വൈകാരികതകളുടെ സംവിധായകനായാണ് തുടക്കകാലം മുതൽ അടയാളപ്പെടുത്തപ്പെടുന്നത്. കേരളാ കഫേയിലെ ഓഫ് സീസൺ പക്ഷെ ഹാസ്യം കൈയൊതുക്കത്തോടെ അവതരിപ്പിച്ച് കയ്യടി നേടിയ സിനിമയാണ്.

ഓട്ടിസവും ബൈപ്പോളാർ ഡിസോർഡറും ഒക്കെ നിരവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഹേ ജൂഡിലെ പോലെയൊരു സ്പെസിഫിക്കേഷൻ ഇതുവരെ മലയാളത്തിൽ ഉണ്ടായതായി തോന്നുന്നില്ല. ഹോളിവുഡിൽ ആദവും മൊസാർട്ട് ആന്റ് വെലും പോലുള്ള സിനിമകൾ ഈ അസുഖത്തെ കുറിച്ചു സംസാരിക്കുന്നുണ്ട്. മൈ നേം ഈസ് ഖാൻ ഇതിന് ഒരു ഇന്ത്യൻ ഉദാഹരണമായി വേണമെങ്കിൽ പറയാം. ജൂഡ് കലഹിക്കുന്നത് വൈകാരികതകളുടെ കാപട്യത്തോടാണ്. വളരെ കപടമായ, തീവ്രമായ, സങ്കീർണതകളുള്ള, കുഴഞ്ഞുമറിഞ്ഞ വൈകാരികതകളെ അയാൾക്ക് കുട്ടിക്കാലം മുതൽ ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. മഴയ്ക്കു മുന്നെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു കുട്ടിക്കാലത്ത് ജൂഡിന്റെ അച്ഛൻ. അതയാൾക്കു മനസിലായി. മഴ പൊടിയുമ്പോൾ, വീട്ടുമുറ്റത്തെത്തിയപ്പോൾ വീട് പൂട്ടി കിടക്കുന്നതു കണ്ടു. അച്ഛൻ പറഞ്ഞതനുസരിക്കാൻ കുഞ്ഞു ജൂഡ് ജനൽ പൊളിച്ച് അകത്തു കയറി. പക്ഷെ അന്ന് അച്ഛൻ തന്നെ തല്ലിയത് എന്തിനാണെന്നു മനസിലായില്ല. സംഖ്യാശാസ്ത്രം പോലെ ലളിതമായ യുക്തിയെ അയാൾക്കു മനസിലാവൂ. തന്നിൽ നിന്നും തീർത്തും വിഭിന്നമായി വൈകാരികതകളെ പേറുന്ന ക്രിസ്റ്റലിനെ ജൂഡ് സ്നേഹിക്കുന്നതും സത്യസന്ധത കൊണ്ടാണ്. ക്രിസ്റ്റൽ ജൂഡിനെ കരയാൻ പഠിപ്പിക്കുന്നു, ജൂഡ് ക്രിസ്റ്റലിനെ ചിന്തിക്കാനും…

ഹേ ജൂഡ് എന്നു കേൾക്കുമ്പോൾ ചിലർക്ക് ബീറ്റിൽസിന്റെ പ്രശസ്തമായ ഗാനം ഓർമ വരും. സിനിമയിൽ പ്രതീകാത്മക സാന്നിധ്യമായി പലയിടത്തും ബീറ്റിൽസ് ഉണ്ട്. എല്ലാവർക്കും കുറച്ച് ‘വട്ടുണ്ട്’ എന്ന് പറയാറുണ്ട്. നമ്മുടെ ‘വട്ടുകളെ’ പൊതുബോധത്തോട് സന്ധി ചെയ്ത് മറച്ചു പിടിക്കുമ്പോഴാണ് സിനിമയിലെ ഡൊമിനിക്കിനെ പോലെ പലർക്കും ഹൃദയസ്തംഭനം വരുന്നത്. ഈ തീമിനെ വൃത്തിയായി ഉൾക്കൊണ്ടു ഹേ ജൂഡ്. ആത്മപ്രകാശനങ്ങൾ സാധ്യമായ ജൂഡിനെപ്പോലുള്ളവരാണ് സത്യത്തിൽ ജീവിതമാസ്വദിക്കുന്നത്. ആൽബർട്ട് കമ്യുവിന്റെ, ‘നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ’ എന്ന വാചകം ഇവിടെ പ്രസിദ്ധമാക്കിയത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ കൂടിയാണ്. മറ്റൊരർത്ഥത്തിൽ ഹേ ജൂഡിനും പറ്റിയ പരസ്യവാചകമാണത്. ജൂഡും ക്രിസ്റ്റലും തമ്മിലുള്ള ബന്ധത്തിന് സിനിമയിൽ അങ്ങനെ നിർവചനമൊന്നുമില്ല. ഭ്രാന്തരെന്ന് വിളിക്കപ്പെടുന്ന രണ്ടു പേർ പരസ്പരം കണ്ടെത്തുന്നുവെന്നു മാത്രം…

പ്രണവ്, പാര്‍കൌര്‍, 50 കോടിയുടെ ഭാരം വിടാതെ പിന്തുടരുന്ന ജീത്തു; ഇതൊക്കെയാണ് ആദി

ജൂഡ് എല്ലാ പ്രേക്ഷകർക്കും വേണ്ടിയുള്ള സിനിമയല്ല എന്നു നിസംശയം പറയാം. പക്ഷെ സേഫ് സോൺ പരീക്ഷണങ്ങളെല്ലാം വിട്ട നിവിൻ പോളി എന്ന നടന്റെ മറ്റൊരു അഭിനയതലം സിനിമയിൽ കാണാം. ഞണ്ടുകൾക്കു ശേഷം മലയാളം സംസാരിക്കുന്ന നിവിൻ ഒരു ഇടവേളയെടുത്തിരുന്നു. റിച്ചി അത്ര ശ്രദ്ധിക്കപ്പെട്ടും ഇല്ല. മൃദു കാമുകന്റെ, ബി.ടെക്കുകാരൻ പയ്യന്റെ ഷുവർ ബെറ്റുകളിൽ നിന്ന് ഒരു പാട് മാറിയ, വളർന്ന കഥാപാത്രമാണ് ജൂഡ്. വസ്ത്രധാരണവും ശരീരഭാഷയിലും രൂപത്തിലും വന്ന മാറ്റങ്ങളും അയാളെ അതിനു നന്നായി സഹായിക്കുന്നുണ്ട്. കടൽ മത്സ്യങ്ങളെ സ്നേഹിക്കുന്ന, വെള്ളത്തിലിറങ്ങാൻ പേടിക്കുന്ന ജൂഡെന്ന കഥാപാത്രം നിവിന്‍ പോളിയുടെ ധൈര്യം കൂടിയാണ്. അഭിനയ സാധ്യത തെളിയിച്ച നടിയായിട്ടും തൃഷയുടെ ക്രിസ്റ്റലിനു കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ഒരുപാടു സാധ്യതകളുണ്ടായിട്ടും ജൂഡിന്റെ കാഴ്ചകൾ മാത്രമായി അവർ ചുരുങ്ങി. സിദ്ദിഖും വിജയ് മേനോനും സിനിമയെ നന്നായി ഉൾക്കൊണ്ടു പെർഫോം ചെയ്തു. ജൂഡിലെ വില്ലൻ സ്ലോ പേസാണ്. നല്ല വേഗത്തിൽ തുടങ്ങി ഇടയ്ക്ക് പേസ് താണുപോകുന്നു. സിനിമ ഹാസ്യത്തിൽ നിന്നും സ്വഭാവികതയിൽ നിന്നും രണ്ടാം പകുതിയിൽ പെട്ടന്ന് അതിഗൗരവ സ്വഭാവം കൈവരിക്കുന്നു. ഈ മാറ്റം കാണികളിൽ ചിലർക്ക് മുഷിപ്പുണ്ടാക്കാം. ഇത്രയും പാട്ടുകൾ അനാവശ്യമായി തോന്നി. ജൂഡിന്റെ പെങ്ങൾ കഥാപാത്രത്തിന്റെ പ്ലേസ്മെന്റിലും അവിശ്വാസ്യത തോന്നി.

ഹേ ജൂഡ് ശ്യാമപ്രസാദിന്റെ വ്യത്യസ്തവും സൂക്ഷ്മവുമായ പരീക്ഷണമാണെന്ന് അറിയുക. നിവിൻ പോളി മാസ് മസാല ഫാൻസ് അയാളുടെ തല വെട്ടം മാത്രം കണ്ട് പടത്തിനു കയറിയാൽ ജൂഡിനടുത്ത് അകപ്പെട്ട ജോർജ് കുര്യന്റെ അവസ്ഥയാവും.

ഫാസിസത്തെ പ്രതിരോധിക്കാനായി ആരും തീയേറ്ററിലേക്ക് ഓടണ്ട; അതാണുറുമീസ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍