UPDATES

സിനിമാ വാര്‍ത്തകള്‍

രാമലീലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് നിര്‍മ്മാതാവ്; പറ്റില്ലെന്ന് ഹൈക്കോടതി

രണ്ടുമാസമായിട്ടും കേസിന്റെ സ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ പോലീസ് സംരക്ഷണത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നാണ് ടോമിച്ചന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌

ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ റിലീസിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമ റിലീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്.

നേരത്തെ ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പൊതുജനങ്ങളുടെ അക്രമത്തെ ഭയന്ന് തിയറ്റര്‍ ഉടമകള്‍ റിലീസിന് വിസമ്മതിക്കുന്നുവെന്നും കേസുമായി സിനിമയ്ക്ക് ബന്ധമില്ലെന്നും ടോമിച്ചന്റെ ഹര്‍ജിയില്‍ പറയുന്നു. 15 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. രണ്ടുമാസമായിട്ടും കേസിന്റെ സ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ പോലീസ് സംരക്ഷണത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നാണ് ടോമിച്ചന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ചിത്രം പുറത്തിറങ്ങില്ലെന്ന് ഉറപ്പായി.

ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരാണ്. നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചലച്ചിത്രമായ രാമലീലയ്ക്ക് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവിനെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ അമ്മയായി രാധിക ശരത്കുമാര്‍ എത്തുന്നു. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. സിദ്ദിഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍