UPDATES

സിനിമാ വാര്‍ത്തകള്‍

നവംബര്‍ ഒന്ന്: ഇതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം; റിമ കല്ലിങ്കല്‍

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിമ ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്

നവംബര്‍ ഒന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു ദിവസമായി മാറിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. റിമയുടെ ജീവിതത്തിലെ സന്തോഷകരമായ ദിനമാക്കി നവംബര്‍ ഒന്നിനെ മാറ്റുന്നത് വിമന്‍ കളക്ടീവുമായി ബന്ധപ്പെട്ട വിഷയമാണ്. സിനിമയിലെ സ്ത്രീകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘം രജിസ്റ്റര്‍ ആക്കല്‍ നിയമം പ്രകാരം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് റിമ അഹ്ലാദം പങ്കുവയ്ക്കുന്നത്. നവംബര്‍ ഒന്ന്, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായി മാറിയിരിക്കുന്നു. ഞാന്‍ ജീവിക്കുന്ന എന്റെ ചുറ്റുപാടില്‍ ഞാന്‍ ദൃഢമായി വിശ്വസിക്കുന്ന എല്ലാത്തിന്റെയും ആഘോഷത്തെയും ഇത് അടയാളപ്പെടുത്തുന്നു. സമത്വത്തിന്റെ, നീതിയുടെ, സൗഹാര്‍ദത്തിന്റെ; എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കരാര്‍. റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകളില്‍ ഒരു വിഭാഗം ചേര്‍ന്ന് ഡബ്ല്യുസിസി രൂപീകരിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി അവര്‍ക്ക് നീതി കിട്ടാനായി ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുന്നുണ്ട് ഡബ്ല്യുസിസി. ഡബ്ല്യുസിസിക്കായി ശക്തമായ അഭിപ്രായങ്ങള്‍ പറയുന്ന പ്രതിനിധി കൂടിയാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വേദിയില്‍ താന്‍ അവതരിപ്പിച്ച നൃത്തത്തിനുശേഷം അവള്‍ക്കൊപ്പം എന്ന ബാനറുമായി പ്രത്യക്ഷപ്പെട്ട റിമ തങ്ങളുടെ നിലപാടുകളും നടിക്കുള്ള പിന്തുണയും എത്രത്തോളം തീവ്രമാണെന്ന് തെളിയിച്ചിരുന്നു.

1955 ലെ 12 ആമത് തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്ര, ധര്‍മസംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് പ്രകാരമാണ് ഡബ്യുസിസി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡബ്ല്യുസിസി നിര്‍ജീവാവസ്ഥയില്‍ ആയെന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണം കൂടിയാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്തുകൊണ്ട് റിമ നടത്തിയിരിക്കുന്നത്. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും അവകാശവും സംരക്ഷണവും ഉറപ്പു വരുത്തുകയാണ് ഡബ്ല്യുസിസിയുടെ രൂപീകരണ ലക്ഷ്യമെന്ന നിലപാടുമായി സിനിമയില്‍ ഒരു തിരുത്തല്‍ ശക്തിയായി തങ്ങള്‍ ഉണ്ടാകുമെന്നു കൂടി വിമര്‍ശകരോട് ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മറുപടി പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍