UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങൾ സുരക്ഷിതരാണ്, കരുതലിനും സ്നേഹത്തിനു നന്ദി; സാഹസിക യാത്രായുടെ വീഡോയോ പങ്കുവെച്ച് മഞ്ജു വാര്യർ

‘കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’

അപകടസമയത്ത് പ്രാർത്ഥനകളും സ്നേഹവുമായി കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യർ. താനും സംഘവും പൂർണ്ണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു. നടി മഞ്ജു വാര്യരും സംഘവും ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങിയ വിവരം കഴിഞ്ഞ ദിവസമാണ് ആണ് പുറത്ത് വന്നത്. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയായിരുന്നു.

കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഇടപെട്ട് ഹിമാചൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയിൽ എത്തിക്കുകയായിരുന്നു.

‘ഹിമാലയത്തിലെ ഷിയാഗോരു, ഛത്രു പ്രദേശങ്ങളിൽ കഴിഞ്ഞ ആറുദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും മഞ്ഞുവീഴ്ചയിലും പെട്ടിരിക്കുകയായിരുന്ന ഞാനും സനൽ കുമാർ ശശിശധരനും ‘കയറ്റം’ സിനിമയുടെ അണിയറക്കാരും സുരക്ഷിതമായി അർദ്ധരാത്രിയോടെ മണാലിയിൽ തിരിച്ചെത്തിയ സന്തോഷവും പൂർണ്ണമായും സുരക്ഷിതരാണെന്നും സന്തോഷത്തോടെ അറിയിക്കുന്നു. രക്ഷാപ്രവർത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരുടെയും കരുതലിനും സ്നേഹത്തിനു പ്രാർത്ഥനയ്ക്കും നന്ദി. കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ ഞെട്ടിപ്പോയി. കഴിഞ്ഞ വർഷത്തെ പോലെ തന്നെ നാമെല്ലാവരും ഇത്തവണയും ഒരുമിച്ച് നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു’- മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി കനത്ത മഴയിൽ ആയിരുന്നു ഛത്രു. കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

മഞ്ജു വാര്യരുംസംഘവും ഹിമാചൽ പ്രദേശിൽ കുടിങ്ങിയ വിവരം മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ് മാധ്യമങ്ങളെ അറിയിച്ചത്. മഞ്ജു വാര്യർക്കൊപ്പം 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സാറ്റ്‌ലൈറ്റ് ഫോണിലൂടെ സഹോദരൻ മധുവാര്യരെ മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങൾ ഛത്രുവിൽ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരൻ മധു വാര്യർ  പറഞ്ഞു.

സേഫ് ആയിട്ടുള്ള സ്ഥലത്താണ് തങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഭക്ഷണം തീർന്നു കൊണ്ടിരിക്കുകയാണെന്നും,രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ തങ്ങളുടെ കൈവശം ഉള്ളൂ എന്നും മഞ്ജു പറഞ്ഞിരുന്നു.സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍