UPDATES

സിനിമ

ഓള്: പ്രണയത്തിന്റെ ആത്മീയ, ഭൗതിക സംഘർഷങ്ങൾ

ഓള് ചരിത്ര വീണ്ടെടുപ്പിന്റെ സിനിമയാണ്. ബ്രാഹ്മണിസം നിയന്ത്രിക്കുന്ന പാരമ്പര്യ വാദത്തെ കുറിച്ചും അതിന്റെ അതിക്രമങ്ങളെ കുറിച്ചും സംസാരിക്കുന്ന രാഷ്ട്രീയ സിനിമ

തുരുത്തിനോളം പോന്ന ചെറിയൊരു ക്യാൻവാസിൽ വലിയൊരു ചരിത്ര പാരമ്പര്യത്തെയും സംഘർഷത്തെയും വേദനയെയും പ്രണയത്തെയും വരച്ചിടുകയാണ് ‘ഓളി’ലൂടെ ഷാജി എൻ കരുൺ. പ്രണയത്തിന്റെ ആത്മീയ, ഭൗതിക അനുഭൂതികളെ അന്വേഷിക്കുന്ന ചലച്ചിത്രം കേരളത്തിൽ നിലനിന്നിരുന്ന ബുദ്ധിസത്തെയും ബ്രാഹ്മണിക്കൽ ശക്തിയുടെ കടന്നുകയറ്റത്തെയും ചരിത്രത്തിന്റെ ഉള്‍ക്കാഴ്ചയോടെ കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം വൈയക്തിക തലത്തില്‍ ഒരു ചിത്രകാരന്‍ അനുഭവിക്കുന്ന ആത്മവേദനകളും ഉൾച്ചേരുന്നതാണ് ‘ഓള്’.

‘ഫ്രാൻസിസ് ഇട്ടിക്കോര’,’സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ‘ആൽഫ’ തുടങ്ങിയ നോവലുകളിലുടെ വേദനയെയും സംഘർഷത്തെയും മലയാളികൾക്ക് അനുഭവവേദ്യമാക്കിയ ടി.ഡി രാമകൃഷ്ണനാണ് ഓളിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ഈ അടുത്ത് അന്തരിച്ച എം ജെ രാധാകൃഷ്ണന്റെതാണ് ഛായാഗ്രഹണം.

കായലും പൂർണചന്ദ്രനും തുരുത്തും പിന്നെ ഓളും

ചരിത്രത്തിൽ പലയിടങ്ങളിലും ബ്രാഹ്മണിസവും ബുദ്ധിസവും തമ്മിലുള്ള സംഘർഷം നമുക്ക് കാണാനാകും. രണ്ടും മോക്ഷത്തിലേക്കും നിർവാണത്തിലേക്കുമുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. ആരാണ് ഞാൻ (മനുഷ്യൻ) എന്ന ചിന്തയെ ഒരുപോലെ അന്വേഷിക്കുമ്പോൾ തന്നെ അതിന്റെ ഉൾഘടനയിൽ സംസ്കൃതഭാഷ പഠിച്ച ഒരു ബ്രാഹ്മണിക്കൽ പാരമ്പര്യവും, പാലിയിലൂടെ സാധാരണക്കാരോട് സംവദിച്ച ഒരു ബുദ്ധിസ്റ്റു ചിന്തയും നമുക്ക് കാണാം.

കേരളത്തിൽ ബുദ്ധവിഹാരങ്ങൾ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. കരുനാഗപ്പള്ളിയും കാർത്തികപള്ളിയും കരുമാടികുട്ടനും എല്ലാം അതിന്റെ ചരിത്ര തെളിവുകൾ ആണ്. ഓള് ആരംഭിക്കുന്നത് ഒരു ബുദ്ധിസ്റ്റ് ഭിക്ഷു നിർവാണത്തെക്കുറിച്ച് നമ്മോട് സംവദിച്ചു കൊണ്ടാണ്.

ഒരു ആൺകൂട്ടത്താൽ ശാരീരികമായി പീഡിപ്പിക്കപ്പെട്ട ഒരു നാടോടി പെൺകുട്ടിയെ കല്ലിൽ കെട്ടി കായലിൽ എറിയുന്നു. ഓള് കായലിന്റെ ആഴത്തിലേക്ക് താണുപോകുന്നു. കായലിനകത്ത് ബുദ്ധ ഭിക്ഷു ആ പെൺകുട്ടിയുമായി (മായ) സംസാരിക്കുന്നു.

10 പൂർണ്ണചന്ദ്രന്റെ കാലമാണ് ഒരു സ്ത്രീയുടെ ഗർഭകാലം. കായലിന്റെ അടിയിലെ ബുദ്ധ ഭിക്ഷുവിന്റെ നിർവാണവുമായി ഒരു പൂർണ ചന്ദ്രന്റെ കാഴ്ചയും മായയെന്ന എന്ന പെൺകുട്ടിയുടെ മരിക്കാത്ത ജീവനും തമ്മില്‍ ബന്ധമുണ്ട്. കല്ലിനാൽ കായലിനടിയിലേക് വലിച്ചെറിയപ്പെട്ട നാടോടി പെൺകുട്ടി മായയായി ആമ്പൽ വള്ളികളാൽ വസ്ത്രം ധരിച്ചു ബുദ്ധഭിക്ഷുവിന്റെ ഗർഭപാത്രത്തിൽ എന്ന പോലെ ജീവിക്കുന്നു. പൂർണ്ണചന്ദ്ര ദിനങ്ങളിൽ മാത്രമേ മായയ്ക്ക് കായലിന് മുകളിലേക്ക് കാഴ്ച സാധ്യമാകുകയുള്ളൂ.

തുരുത്തിൽ നിലനിൽക്കുന്നത് ഒരു ബ്രാഹ്മണ ക്ഷേത്രം എന്ന നിലക്കാണ് ചെറുപ്പക്കാരനായ ചിത്രകാരൻ വാസുദേവ പണിക്കർ (ഷെയ്ന്‍ നിഗo) സന്ദര്‍ശകര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. അതൊരു ബുദ്ധവിഹാരമായിരുന്നു എന്ന് പിന്നീടുള്ള ഭാഗങ്ങളിലൂടെ സിനിമ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇത്തരത്തിൽ തുരുത്തിലെ കായലും, പൂർണചന്ദ്രനും, അമ്പലവുമെല്ലാം ബുദ്ധിസത്തിന്റെ അന്തരീക്ഷത്തെ, ചിന്തയെ പശ്ചാത്തലമാക്കി വെക്കുന്നു.

ബുദ്ധവിഹാരങ്ങള്‍ ഹിന്ദു അമ്പലങ്ങളായി എങ്ങനെ മാറി?

ബ്രാഹ്മണിക്കൽ ആശയങ്ങൾ എത്തരത്തിലാണ് നമ്മുടെ ജീവിതഘടനയെ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് നിലനിർത്തുന്നത്?
യക്ഷി, ഭൂത സങ്കൽപ്പത്തിന് അടിസ്ഥാനമെന്താണ് എന്നെല്ലാം സിനിമ ചോദിക്കുന്ന ചോദ്യങ്ങളും നാം കണ്ടെത്തേണ്ട ഉത്തരങ്ങളും ആണ്.

ബ്രാഹ്മണ്‍ സെറ്റിൽമെന്റുകള്‍ ഇല്ലാതാക്കിയ സാധാരണക്കാരന്റെ ഭാഷയുടെ/ ജീവിതത്തിന്റെ പേര് കൂടിയാണ് കേരളത്തിൽ ബുദ്ധിസം. പകരം ബ്രാഹ്മണിസം പ്രതിഷ്ഠിച്ചത് സംസ്കൃതഭാഷയെയും പാരമ്പര്യവാദത്തെയുമാണ്.

തുരുത്തിൽ എത്തുന്ന ഒരു ബുദ്ധസന്യാസി ക്ഷേത്രത്തിനകത്തെ ബുദ്ധമതവുമായി ബന്ധപ്പെട്ട എഴുത്തുകളും മറ്റും മനസ്സിലാക്കുകയും അതിനെ കുറിച്ച് തുരുത്തിലെ ചിത്രകാരനായ വാസുദേവ പണിക്കരോട് സംവദിക്കുകയും ചെയ്യുന്നുണ്ട്. അമ്പലവുമായി ബന്ധപ്പെട്ട ബ്രാഹ്മണ പുരോഹിതൻ പറയുന്ന ഒരു കാര്യമാണ് ഇന്ന് കേരളത്തിലെ പല തുരുത്തുകളിലെയും കരകളിലെയും ബ്രാഹ്മണ പാരമ്പര്യത്തിന്റെ വഴികളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.

“അവരെ ചൈനയിൽ നിന്നും കമ്മ്യൂണിസ്റ്റ്‌കൾ പുറത്താക്കിയതാണ്, അവരെ വിശ്വസിക്കരുത്, അവർ ഓരോന്ന് പറഞ്ഞ് അവരുടെ അധികാരം ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കും, വിശ്വസിക്കരുത്.” ഇത് ഒരു ബ്രാഹ്മണൻ പുരോഹിതൻ വാസുദേവ പണിക്കരോട് പറയുന്നതാണ്.

ആത്മീയവും ഭൗതികവുമായ പ്രണയബോധങ്ങൾ

ഓളിലെ വാസുദേവ പണിക്കർ എന്ന ചിത്രകാരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് അവന്റെ ആത്മസംഘർഷത്തിനകത്തു നിന്നുകൊണ്ടാണ്. “വല്ല രവിവർമ്മയും ആയി ജനിച്ചാൽ മതിയായിരുന്നു”എന്ന ഒറ്റപ്പെടലിനു ശേഷം “നല്ല പടം ആവണമെങ്കിൽ മോഡൽ വേണം, എനിക്ക് മോഡൽ ഇല്ല. ചേച്ചിക്ക് എന്റെ മോഡൽ ആവാമോ?” എന്ന ചോദ്യം ചിത്രകാരന്റെ ആന്തരിക സംഘർഷമാണ് ആണ് കാണിക്കുന്നത്.

തുരുത്തിലെ ഏറ്റവും സാധാരണ കുടുംബത്തിലെ അംഗമാണ് വാസുദേവ പണിക്കർ. കന്യകയായ (മാനസികവിഭ്രാന്തി ഉണ്ട് എന്ന് പറയപ്പെടുന്ന) ചേച്ചിയെ മുൻനിർത്തി മുത്തശ്ശി നാട്ടുകാരുടെ ബാധ ഒഴിപ്പിച്ചു കൊടുക്കലാണ്
കുടുംബത്തിന്റെ പാരമ്പര്യ വഴി. അതിൽ നിന്നും ഭിന്നമായി വാസുദേവ പണിക്കർ ഒരു ചിത്രകാരനായി ജീവിക്കുന്നു.

“അതെങ്ങനെ കുലത്തൊഴിൽ പഠിച്ചിട്ടില്ലലോ അവൻ” എന്ന് അച്ഛൻ ഒരിക്കല്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ജീവിത സംഘർഷങ്ങളിൽ പെട്ടാണ് അവൻ ഒരിക്കൽ പൗർണമി രാത്രിയിൽ തോണി കായലിൽ ഇറക്കുന്നത്. അതിനെ തുടര്‍ന്ന് കായലിനടിയിൽ നിന്നും മായയുടെ ശബ്ദം കേൾക്കുന്നതും സംസാരിക്കുന്നതും അവന് അവളോട് പ്രേമം തോന്നുന്നതും പൗർണമി ദിവസങ്ങൾക്കു അവൻ കാത്തിരിക്കുന്നതും.

ഇവിടെ പ്രണയം ആത്മീയമാണ്. പ്രണയത്തിന് ശരീരം ഉണ്ടോ? എന്ന് അന്വേഷിക്കേണ്ടി വരും. മായ പറയുന്നത് “പരസ്പരം കാണാതെ നമുക്ക് പ്രേമിച്ചു കൂടെ ” എന്ന പ്രണയത്തിന്റെ വലിയ ദൂരത്തെ കുറിച്ചാണ്. ശരീര കേന്ദ്രീകൃതം അല്ലാത്തൊരു പ്രണയം മായയിലും വാസുദേവ പണിക്കരിലും നാം പിന്നീട് കാണുന്നു.

നാടോടി പെൺകുട്ടിയായിരുന്നു മായയ്ക്ക് തന്റെ ഭൂതകാലത്ത് റൂമി എന്ന ചെറുപ്പക്കാരനുമായുള്ള പ്രണയമാണ് വാസുദേവ പണിക്കരിലൂടെ അവൾ കാണുന്നത്.

ചിത്രം വരയ്ക്കാൻ അവനെ ഉള്ളു കൊണ്ട് സഹായിക്കുന്ന മായ പിന്നീട് “എന്റെ സ്വപ്നം വരച്ചു തരാമോ?”
എന്ന് ചോദിക്കുന്നു. ആ സ്വപ്ന ചിത്രം വാസുദേവ പണിക്കരെ പ്രശസ്തനാക്കുന്നു. അവൻ ബോംബെയിലേക്ക് പെയിന്റിംഗ് വിൽക്കുന്നതിനായി പോകുന്നു. കൃത്യമായി പ്രണയത്തിന്റെ ആത്മീയ അനുഭൂതികളെ അടയാളപ്പെടുത്തുകയാണ് സിനിമയുടെ ഒന്നാം പകുതിയിൽ ചെയ്യുന്നത്.

ബോംബെയിൽ എത്തിയ വാസുദേവ പണിക്കർ ‘വസു’വായി മാറുന്നു. പെയിന്റിംഗ് വിൽപ്പനയാൽ കാശുകാരൻ ആകുന്നു. പല പ്രൊജക്ടുകൾ ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനിടെ വാസു കൂടെയുള്ള മലയാളിയായ പെൺകുട്ടിയുമായി ശാരീരിക പ്രണയം ആസ്വദിക്കുകയും ചെയ്യുന്നു.

“ഒരേ സമയം രണ്ടു പേരെ പ്രണയിക്കാൻ ആവുമോ? എന്ന ചോദ്യം സിനിമയിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ആത്മീയ, ശാരീരിക പ്രണയങ്ങൾ രണ്ടായി വിഭജിക്കാൻ ആണ് വാസു ശ്രമിക്കുന്നത്. ശാരീരിക വേഴ്ചക്കിടെ വാസു ‘മായ, മായ’ എന്ന് വിളിക്കുന്നുണ്ട്. അവിടെ കായലിനടിയിൽ മായ വാസുവിന്റെ ശരീരത്തിന് പകരം റൂമിയുടെ സാന്നിധ്യമാണ് അനുഭവിക്കുന്നത്.

ഓള് ചരിത്ര വീണ്ടെടുപ്പിന്റെ സിനിമയാണ്. ബ്രാഹ്മണിസം നിയന്ത്രിക്കുന്ന പാരമ്പര്യ വാദത്തെ കുറിച്ചും അതിന്റെ അതിക്രമങ്ങളെ കുറിച്ചും സംസാരിക്കുന്ന രാഷ്ട്രീയ സിനിമ. പ്രണയത്തിന്റെ ആത്മീയ ശാരീരിക അവസ്ഥകളെ കൃത്യമായി രേഖപ്പെടുത്തുന്ന പ്രണയചിത്രം.

രതീഷ് രാമചന്ദ്രന്‍

രതീഷ് രാമചന്ദ്രന്‍

ഗവേഷകന്‍, ചരിത്ര വിഭാഗം, കാലിക്കട്ട് സര്‍വകലാശാല

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍