UPDATES

സിനിമ

മുഖം ചുളിക്കാൻ വരട്ടെ, ആ പുരികങ്ങളുടെ ഇന്ദ്രജാലത്തിൽ പണ്ടേ വീണവർ നാം

കാമ്പസ് ചിത്രങ്ങളെ മുൻവിധിയോടെ സമീപിക്കാതിരിക്കുക. വിമർശനങ്ങൾക്കതീതമോ എല്ലാ ഗുണങ്ങളും തികഞ്ഞതോ അല്ല അവയൊന്നും

1979ലാണ് കെ ജി ജോർജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജോർജ് ഓണക്കൂർ അതേ പേരിൽ രചിച്ച നോവൽ ആണ് ചിത്രത്തിനാധാരം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ചിത്രീകരിച്ച ‘ഉൾക്കടൽ’ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ കാമ്പസ് ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. ഒഎൻവി രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം നൽകി പി ജയചന്ദ്രനും സെൽമ ജോർജ്ജും ചേർന്ന് ആലപിച്ച ‘ശരദിന്ദു മലർദീപ നാളം നീട്ടി’ എന്ന ഗാനം ഇന്നും മൂളാത്തവർ ആരുണ്ട്..?

അതിനും മുമ്പ് 1978ൽ പത്മരാജന്‍റെ തിരക്കഥയിൽ മോഹൻ സംവിധാനം നിർവഹിച്ച ‘ശാലിനി എന്‍റെ കൂട്ടുകാരി’ പുറത്തിറങ്ങി. ‘സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയിൽ തുളസിക്കതിർ ചൂടി’ എന്നും പാടി ദാസേട്ടൻ പ്രണയിനികളെ നിത്യാനുരാഗത്തിന്‍റെ ആർദ്ര വിലോലതയിൽ കുരുക്കിയിട്ടത് ഈ ചിത്രത്തിലാണ്. ശങ്കരാഭരണത്തിൽ ജി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തി പി മാധുരിയുടെ ആലാപന മധുരിമയിൽ ‘ഹിമശൈല സൈകത സാനു’വിൽ നിന്നും അലയടിച്ചെത്തിയ ‘പ്രണയ പ്രവാഹം’ അനുരാഗികളെ തരളിതമാക്കിയതും ഇതേ ചിത്രത്തിലൂടെ. വരികൾ എം ഡി രാജേന്ദ്രന്‍റേത്.

1980ലാണ് ഭരതൻ ജോൺപോൾ കൂട്ടുകെട്ടിൽ ചാമരത്തിന്‍റെ പിറവി. നെടുമുടിയും സെറീന വഹാബും പ്രതാപ് പോത്തനും കാമ്പസിന്‍റെ താരങ്ങളായി. കലാലയ ദൃശ്യ ഭാഷയെ അടിമുടി മാറ്റി പണിത ചിത്രങ്ങളിൽ ഇന്നും ചാമരം മുന്നിലുണ്ട്. ഒപ്പം, കാതങ്ങൾക്കകലെ നിന്ന് മായാതെ എസ് ജാനകിയുടെ ആ ശബ്ദവും, ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരിപ്പൂ…’ ഈ മൂന്ന് ചിത്രങ്ങൾക്ക് മുമ്പും ശേഷവും മലയാളത്തിൽ കാമ്പസ് ചിത്രങ്ങൾ അനേകം സംഭവിച്ചിട്ടുണ്ട്. എന്നാൽ, കലാലയത്തിന്‍റെ അകവും ആരവങ്ങളും തിരയിൽ പകർത്തുന്നതിൽ അതുവരേക്കും നിലനിന്നിരുന്ന അഭിരുചികളെ അഴിച്ചുപണിച്ച് നവഭാവുകത്വം സൃഷ്ടിക്കാൻ ഈ ചിത്രങ്ങൾക്കായി എന്നിടത്താണ് ഉൾക്കടൽ ശാലിനി എന്‍റെ കൂട്ടുകാരി, ചാമരം എന്നീ ചിത്രങ്ങൾക്കുള്ള പ്രസക്തി.

ഒന്നു ‘കണ്ണടച്ച്’ തുറന്നപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായികയായി മാറിയ പ്രിയ വാര്യര്‍

1981ൽ പുറത്തിറങ്ങിയ പ്രേമഗീതങ്ങളിൽ ജോൺസൺ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ സംഗീതത്തിന്‍റെ പതിവ് കലാലയ അഭിരുചികളിൽ മാറ്റം വരുത്തുകയും നവീനവും പാശ്ചാത്യവുമായ സംഗീത ധാരയെ മലയാളത്തിൽ പരിചയപ്പെടുത്തുകയും ചെയ്തു. പ്രേമഗീതങ്ങൾ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം നിർവഹിച്ചത് ബാലചന്ദ്രമേനോൻ. 82ൽ പുറത്തിറങ്ങിയ പത്മരാജന്‍റെ നവംബറിന്‍റെ നഷ്ടം മലയാളത്തിലെ എണ്ണപ്പെട്ട കാമ്പസ് ചിത്രങ്ങളിൽ ഒന്നാണ്. ലെനിൻ രാജേന്ദ്രന്‍റെ മികച്ച രണ്ട് കലാലയ ചിത്രങ്ങൾ പുറത്തിറങ്ങിയതും ഇതേ കാലത്ത്. 81ൽ വേനലും 82ൽ ചില്ലും.

1987ൽ വേണു നാഗവള്ളിയുടെ സർവകലാശാല, 87ൽ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത ചെപ്പ് എന്നിവക്ക് ശേഷം തൊണ്ണൂറുകളിൽ കാമ്പസുകളിലെ പുതുമയുടെ തിരയിളക്കം സിനിമയിലും ദൃശ്യമാകാൻ തുടങ്ങി. 97ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവും 99ൽ റിലീസ് ചെയ്ത നിറവും ആണ് ഇക്കൂട്ടത്തിൽ മുന്നിൽ. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച അനിയത്തിപ്രാവ് കൂടുകൂട്ടിയത് കാമ്പസുകളിൽ മാത്രമല്ല, കുടുംബ പ്രേക്ഷകരുടെ മനസ്സുകളിലും കൂടിയാണ്. കുഞ്ചാക്കോ ബോബനേയും ശാലിനിയേയും കാമ്പസുകൾ പൂർണമായും ഏറ്റെടുത്തു. രമേശൻ നായരുടെ വരികൾക്ക് ഔസേപ്പച്ചൻ നൽകിയ സംഗീതം ഏകാന്തതയിൽ അനുരാഗത്തിന്‍റെ ഉത്തമഗീതമാണ് ഇന്നും. സമാനമായ തരംഗം തീർത്തു കമൽ ചിത്രമായ നിറവും. ഇഖ്ബാൽ കുറ്റിപ്പുറത്തിന്‍റെ കഥക്ക് തിരക്കഥ ചമച്ചത് ശത്രുഘ്നൻ. പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിലൂടെ പി ജയചന്ദ്രൻ ശക്തമായ തിരിച്ചുവരവ് നടത്തിയതും ഈ ചിത്രത്തിലൂടെ. ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയത് വിദ്യാസാഗർ. കാമ്പസ് പശ്ചാത്തലമൊരുക്കി ചിത്രീകരിക്കപ്പെട്ട മറ്റൊരു കമൽ ചിത്രം മഴയെത്തും മുമ്പെ ആണ്.

രണ്ടായിരം പിറന്നതിന് ശേഷവും പല ചിത്രങ്ങളും കാമ്പസിൽ ആരവം തീർത്തു. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ ആണ് ഹിറ്റ് ചാർട്ടിൽ ആദ്യത്തേത്. 1980ൽ ഭരതൻ ചാമരം ചിത്രീകരിച്ച കോട്ടയം സിഎംഎസ് കോളേജിലേക്ക് മലയാള സിനിമ വീണ്ടും ക്യാമറ തിരിക്കുന്നത് ലാൽ ജോസിന്‍റെ ക്ളാസ് മേറ്റ്സിന് വേണ്ടി. ഒരിക്കൽ ഒന്നിച്ചായിരുന്നവർ, പിന്നീട് പലയിടത്തേക്ക് പല കാലങ്ങളിൽ പലരായി വിഭജിക്കപ്പെട്ടവർ എല്ലാവരും വീണ്ടുമൊരിടത്ത് അന്നത്തേത് പോൽ ഒന്നിക്കാൻ, ഓർമ്മകൾ പങ്കിടാൻ, ഖൽബിൽ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും വെണ്ണിലാവുകൾ തീർക്കാൻ തിരക്ക് കൂട്ടിയത് ക്ളാസ്മേറ്റ്സിന്‍റെ വരവിന് ശേഷം. 2006ൽ നോട്ട് ബുക്ക്, 2007 ൽ ചോക്ലേറ്റ്, 2008 ൽ പുതിയ മുഖം, 2011ൽ സീനിയേഴ്സ് എന്നിവ കാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന പലതിൽ ചിലത്. പൃഥ്വിരാജിന്‍റെ ആദ്യ മെഗാ ഹിറ്റ് ക്ളാസ്മേറ്റ്സും ആദ്യ സോളോ ഹിറ്റ് ചോക്ളേറ്റും ആണെങ്കിൽ സൂപ്പർതാര വിശേഷണം ലഭിച്ചത് പുതിയ മുഖത്തിലൂടെ. മൂന്നിനും പ്രമേയ പശ്ചാത്തലം ഒരുക്കിയത് കാമ്പസ് തന്നെ.
മുഴുവൻ കാമ്പസുകളും മലർ മിസിന് പിറകെ പോയത് 2015ലാണ്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം അക്ഷരാർത്ഥത്തിൽ പുതിയ കാലത്തിന്‍റെ ലക്ഷണമൊത്ത കാമ്പസ് ചിത്രമായി. ആഖ്യാനത്തിന്‍റെ പുതുരീതികളാൽ ആരെയും അതിശയിപ്പിച്ചു പ്രേമം.

കഴിഞ്ഞ രണ്ട് വർഷത്തിനകം പുറത്തിറങ്ങിയതിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തേത് ആനന്ദം ആണ്. ഒരു ചോക്ളേറ്റ് നുണയും പോൽ ആസ്വാദ്യമായിരുന്നു വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേശ് രാജ് സംവിധാനം ചെയ്ത, ഏറെയും പുതുമുഖങ്ങൾ പ്രത്യക്ഷമാകുന്ന, അടിമുടി പുതുമ നിറഞ്ഞ ആനന്ദം. ഒടുവിലത്തേത് ഈ വർഷത്തെ ആദ്യ സർപ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ക്വീൻ എന്ന ചിത്രവും. ഇനി വരാനുള്ളത് അഡാർ ലവ് അടക്കം അനവധി ചിത്രങ്ങൾ.

ചരിത്രവും വർത്തമാനവും പരിശോധിക്കുമ്പോൾ ഒട്ടും ശുഷ്കമല്ല, ആഴം കുറഞ്ഞതുമല്ല ഇവ കൈകാര്യം ചെയ്ത പ്രമേയ വൈവിദ്ധ്യങ്ങൾ. അതാത് കാലങ്ങളിൽ പാടുകയും ആടുകയും വേണ്ടപ്പോഴെല്ലാം രാഷ്ട്രീയമായി സമകാലിക സംഘർഷങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികൾ എന്തോ കാണിക്കുന്നു എന്ന മട്ടിൽ ഇവയോടൊന്നും മുഖം തിരിച്ചിട്ടില്ല മലയാളി ഒരിക്കലും. ക്യാമറക്ക് മുന്നിലും പിന്നിലും കുട്ടികൾ അല്ലാതിരുന്നിട്ടും കാമ്പസിന്‍റെ കുസൃതിയും പ്രണയവും കവിതയും രാഷ്ട്രീയവും ബലപ്പെടുത്താൻ എന്നും മുന്നിലുണ്ടായിരുന്നു ഇവ. വാണിജ്യ വിജയം അനിവാര്യമായതിനാൽ കാമ്പസുകൾ തിയേറ്ററുകളിലും ആഘോഷമാക്കിയിട്ടുണ്ട് ഈ ചിത്രങ്ങൾ. സമീപകാലത്ത് ആനന്ദം, ക്വീൻ എന്നീ ചിത്രങ്ങളുടെ വൻവിജയം തന്നെ ഉദാഹരണം. ആരവങ്ങളും ആർപ്പുവിളിയും ഇല്ലാതെ സൗമ്യമായി പ്രദർശന ശാലകളിൽ എത്തിയ ഈ രണ്ട് ചിത്രങ്ങളെയും തിയ്യേറ്ററുകളിൽ ഉത്സവം തീർത്ത് വരവേറ്റു കേരളത്തിലെ കാമ്പസുകൾ.

കണ്ണിറുക്കിയ പ്രിയ വാര്യര്‍ക്കെതിരെ മൗലാന അതിഫ് ഖദ്രിയുടെ ഫത്വ

ആയതിനാൽ, കാമ്പസ് ചിത്രങ്ങളെ മുൻവിധിയോടെ സമീപിക്കാതിരിക്കുക. വിമർശനങ്ങൾക്കതീതമോ എല്ലാ ഗുണങ്ങളും തികഞ്ഞതോ അല്ല അവയൊന്നും. ഞാനൊന്നറിഞ്ഞ് പെരുമാറിയാൽ നീ പത്ത് മാസം വീട്ടിലിരുന്നേനെ എന്ന ചോക്ലേറ്റിലെ പൃഥ്വിരാജിന്‍റെ സ്ത്രീവിരുദ്ധ പരാമർശവും, അശ്ളീലം കലർന്ന ചങ്ക്സിലെ സംഭാഷണങ്ങളും ഓർക്കുമല്ലോ. കാലാതീതമായ മാറ്റങ്ങൾ കാമ്പസ് ചിത്രങ്ങളിലും കാണാം. പണ്ടത്തേതു പോലെ പ്രണയത്തിന്‍റെ പരിമളം എന്നോ പനിനീർ മഴ എന്നൊക്കെയോ പറയുന്നതു പോലെ ഒന്നും പുതിയ കാലം പ്രണയത്തെ വിശേഷിപ്പിച്ചെന്ന് വരില്ല. അത് ചിലപ്പോൾ അഡാറ് ലവ് എന്ന് തന്നെയാകാം. നബിയുടെ ജീവചരിത്രം പ്രേമഗാനമാക്കി എന്ന വിമർശനവും വിവരമില്ലായ്മയാണ്. പ്രേമം അത്ര മോശം സംഗതിയല്ല എന്നും പ്രേമിക്കാത്തവർ വളരെ വളരെ കുറവാണ് എന്നും അതിന് അവസരം ലഭിക്കാതിരുന്നെങ്കിൽ അതിന് പുതിയ കാലം കുറ്റക്കാരല്ല എന്നും അതിന്‍റെ ചൊരുക്ക് തീർക്കേണ്ടത് പുതിയ പിള്ളാരുടെ മീതെ കുതിര കയറിയല്ല എന്നും അപ്രകാരമുള്ള അസഹിഷ്ണുതകൾ ആവർത്തിച്ചാൽ പ്രതികരണം മോശമാകുമെന്നും ഓർക്കുക. ഓ ഒരുവൾ പെട്ടെന്ന് വന്ന് പുരികം ചെരിച്ചും ചുളിച്ചും കാണിക്കുന്നു, അത് കണ്ട് കയ്യടിക്കാനും വൈറലാക്കാനും കുറേ പേർ, ഇതിലൊക്കെ എന്തിരിക്കുന്നു എന്നും ചിന്തിച്ച് അന്തം വിട്ട് കുന്തിച്ചിരിക്കുന്നവർ ഒരു കാലത്ത് ഒരുവളുടെ പുരികക്കൊടികൾ തീർത്ത ഇന്ദ്രജാലത്തെ വിസ്മയത്തോടെ കാമിച്ചവരാണെന്നും, അല്ലാത്തവർ അപ്രകാരം കാമിക്കപ്പെടാൻ മോഹിച്ചവരാണെന്നും അവളുടെ കണ്ണുകളിൽ ഉദ്യാനമാകാൻ കൊതിച്ചവരാണെന്നും വിനയത്തോടെ തിരിച്ചറിയുക. ആ തിരിച്ചറിവുകൾ എളുപ്പമാക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾ തന്നെ കണ്ട, നിങ്ങളെ നിങ്ങളാക്കിയ പഴയകാല ചിത്രങ്ങളെ വിരസമെങ്കിലും പുനരവതരിപ്പിച്ചത്. ചരിത്രമില്ലാതെ എന്ത് പ്രണയം, രാഷ്ട്രീയം.

അതിനാൽ, വില കുറഞ്ഞ വിമർശന കുപ്പായങ്ങൾ ഉപേക്ഷിച്ച് നമുക്കിവയെ നഗ്നമായി പുൽകാം. പ്രണയത്തിന്‍റെ സങ്കീർത്തനങ്ങൾ ആലപിക്കാം. ചാരിയ വാതിലിനപ്പുറത്തും തിരശ്ശീലക്ക് മറവിലും മറഞ്ഞു നിൽക്കുന്നവളല്ല പുതിയ പ്രണയിനി. എല്ലാ തിരശ്ശീലകളും വകഞ്ഞുമാറ്റി ഇളകി മാറുന്ന പുരികക്കൊടികൾക്ക് താഴെ കണ്ണുകളിൽ നക്ഷത്ര വിരുന്നൊരുക്കി അവൾ വരുന്നുണ്ട്. അർമാദിപ്പിൻ ആഘോഷിപ്പിൻ, അല്ലാത്തവർ മാറി നിൽക്കിൻ.

ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ ഫാസിസത്തിനുള്ള മറുപടിയാണ് പ്രിയ വാര്യരുടെ ഗാനമെന്ന് ജിഗ്നേഷ് മേവാനി

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍