UPDATES

സിനിമ

മുഷിയില്ല; സിനിമാക്കാര്‍ക്ക് കഥയും ജീവിതവുമുള്ളിടത്തോളം

തേപ്പു കഥാപാത്രങ്ങളുടെ ഭാരം അനുശ്രീ എന്ന കഴിവുള്ള നടിയിൽ നിന്ന് ഒഴിഞ്ഞുപോകുന്നില്ല.

അപര്‍ണ്ണ

അപര്‍ണ്ണ

പയ്യൻസിനും പച്ചമരത്തണലിനും ശേഷം ലിജോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു സിനിമാക്കാരൻ. നോമ്പു കാരണം സജീവമല്ലാതിരുന്ന തീയേറ്ററുകളെ ചലിപ്പിക്കാനെത്തുന്ന ഒരു പറ്റം മലയാള സിനിമകൾക്കൊപ്പമാണ് സിനിമാക്കാരനുമെത്തുന്നത്. മലയാള സിനിമയിൽ കൃത്യമായ ഇടവേളകളിൽ വരുന്ന സിനിമാ മോഹികളുടെ കഥാസീരിസല്ലെന്നു തോന്നുംപോലെയാണ് ട്രെയിലറും പാട്ടുകളുമെത്തിയത്. കുറച്ചു കാലങ്ങൾക്കിപ്പുറം  വിനീത് ശ്രീനിവാസൻ മുഖ്യ കഥാപാത്രമാകുന്നു. രജിഷയും അനുശ്രീയുമടക്കം താരനിര അടങ്ങിയ പരസ്യങ്ങളെ പ്രേക്ഷകർ നല്ല നിലയിലാണ് സ്വീകരിച്ചത്.

വർഷങ്ങളായി അസിസ്റ്റന്റ്  ഡയറക്ടറായി സിനിമയിൽ നിൽക്കുന്ന  ആളാണ് അബി മാത്യു (വിനീത്). പല നിർമാതാക്കളോടും കഥ പറഞ്ഞും പറഞ്ഞ കഥകൾ മോഷ്ടിക്കപ്പെട്ടുമാണ് അബി ജീവിക്കുന്നത്. കുടുംബത്തിലാർക്കും അബിയുടെ ഈ തൊഴിൽ ഇഷ്ടമല്ല . പ്രണയിനിയായ സൈറ (രജിഷ) യുമായുള്ള വിവാഹത്തിന് രണ്ടു വീട്ടുകാരും എതിർത്തതോടെ നഗരത്തിലെ മറ്റൊരു  ഫ്ലാറ്റിൽ ഇവർ ജീവിതം തുടരുന്നു. പ്രാരാബ്ധങ്ങൾക്കിടയിലും സന്തോഷമായി തുടർന്നിരുന്ന ഇവരുടെ  ബന്ധത്തിലും അബിയുടെ  സിനിമാ യാത്രകളിലുമാണ് സിനിമയുടെ ആദ്യ പകുതി മുന്നോട്ടു  പോകുന്നത്. അബി പെട്ടന്നൊരു കുരുക്കിൽ പെടുന്നു. അബിയുടെ സിനിമാ, വ്യക്തി ജീവിതങ്ങളില്‍ ഉണ്ടാകുന്ന പലതരം സംഘർഷങ്ങളുമാണ് പിന്നീട് സിനിമ.

സിനിമക്കു പിന്നാലെയുള്ള അബിയുടെ യാത്രയും സിനിമാ ഇൻഡസ്ട്രിയിൽ തുടക്കക്കാരൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുമെല്ലാം മടുപ്പിക്കാതെ പറഞ്ഞ ആദ്യ പകുതി പലർക്കും റിലേറ്റ് ചെയ്യാൻ പറ്റും. സിനിമാ നടനാവുക എന്ന ആദ്യ മോഹത്തിൽ നിന്ന് സംവിധായകനാകുക എന്ന കൂടുതൽ വിശാലമായ സ്വപ്നത്തിലേക്ക് ഒരു തലമുറ കൂടുമാറിയിട്ടുണ്ട് ഇവിടെ. ടെലിഫിലിം ഇൻഡസ്ട്രിയുടെ റീച്ചും സിനിമാസ്വാദനത്തിന്റെ രീതികൾ മാറിയതുമൊക്കെയാവാം കാരണം. ഉദയനാണ് താരത്തിലടക്കം ഒരുപാടു  തവണ കണ്ടു പരിചയമുണ്ടെങ്കിലും വിനീത് ശ്രീനിവാസൻ നിസഹായത കൊണ്ടും ശരീരഭാഷ കൊണ്ടും കഥാപാത്രത്തെ വിശ്വസനീയമാക്കിയിട്ടുണ്ട്. ഭർത്താവിനു ദാരിദ്ര്യകാലത്ത് സ്വർണ്ണമൂരി കൊടുക്കുന്ന അയാളുടെ ദുഃഖങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന രജിഷയുടെ സൈറയും നമ്മളൊരുപാടു തവണ കണ്ട കഥാപാത്രമാണ്. സ്ക്രീൻ പ്രസൻസ് കൊണ്ട് അവർ ആ കഥാപാത്രത്തെ നന്നായി പ്രേക്ഷകരിലേക്കെത്തിക്കുന്നു.

ഒരു ഫ്ലാറ്റ് കാലങ്ങളായി നമ്മുടെ സിനിമകളിൽ ദൃശ്യവത്കരിക്കുന്നത് വളരെ ഏകതാനമായാണ്. വിഡ്ഢിയായ സെക്യൂരിറ്റി, കേടായ ലിഫ്റ്റ്, അസോസിയേഷൻ സെക്രട്ടറിയായ പൊങ്ങച്ചക്കാരൻ, അവിടുത്തെ അസോസിയേഷന്റെ ആഘോഷം, കഷ്ടകാലത്തു സഹായിക്കുന്ന അപൂർവം ചിലർ, പണമടവുകൾ, കാർ പാർക്കിങ്ങ് ഏരിയയിലെ തർക്കങ്ങൾ… ഈ ദൃശ്യങ്ങൾക്കൊന്നും യാതൊരു മാറ്റവും സിനിമാക്കാരനിലും വന്നിട്ടില്ല. ഏതു ദാരിദ്ര്യത്തിലും നഗരപ്രാന്തത്തിലെ വലിയ ഫ്ലാറ്റിൽ തന്നെ ജീവിക്കുന്ന, അതിന്റെ ലക്ഷ്വറിയിൽ ജീവിക്കുന്നവരാണ് ഇപ്പോൾ സിനിമയിലുള്ളവരെല്ലാം എന്നാണ് ഈ സിനിമകളൊക്കെ പറഞ്ഞുവയ്ക്കുന്നത്. സിനിമ എന്നല്ല, വരകൾക്കു പുറത്തുള്ള ഏതൊരു തൊഴിലിടവും തേടിപ്പോകുന്നവരോടുള്ള മലയാളി പൊതുബോധ കലഹത്തെപ്പറ്റി പറയുമ്പോഴും  ഈ ശീലത്തിനു മാറ്റമൊന്നുമില്ല. ആ വൈചിത്ര്യത്തിന് നമ്മൾ ശീലപ്പെട്ടിരിക്കുന്നു.

ഒരു മർഡർ മിസ്റ്ററിയിലേക്ക് പെട്ടന്നാണു കഥ മാറുന്നത്. യുക്തിപൂർവം ആ മാറ്റത്തിലേക്ക് ക്യാമറ എത്തിക്കുന്നുണ്ട്. കൊലയാളി, കൊല, നീതി, നിയമം, സാഹചര്യം ഇവയെ സംബന്ധിച്ച് മലയാള സിനിമയിലുള്ള ചർച്ച സിനിമാക്കാരനിലും തുടരുന്നുണ്ട്. എല്ലാം തേപ്പിൽ തുടങ്ങി അവിടെ അവസാനിക്കുന്നു എന്ന മലയാളി യുടെ പൊതുവിശ്വാസസംഹിത ഇവിടെയും തുടരുന്നു. വളരെ ലളിതമായ, ആസ്വാദ്യമായ ഒരൊഴുക്കിൽ നിന്ന് പെട്ടന്ന് കഥ മാറുന്നതും അതിശാസ്ത്രീയ  അന്വേഷണത്തിലെത്തുന്നതും ചിലർക്കെങ്കിലും അത്ര ആസ്വാദ്യകരമാവില്ല, പ്രതീക്ഷിച്ചു പോയ ലാഘവത്വത്തെ സിനിമ തകർക്കുന്നുണ്ട്. തേപ്പു കഥാപാത്രങ്ങളുടെ ഭാരം അനുശ്രീ എന്ന കഴിവുള്ള നടിയിൽ നിന്ന് ഒഴിഞ്ഞുപോകുന്നില്ല.

സിനിമാക്കാരുടെ പലതരം സഹനങ്ങളുടെ കഥകൾ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ വരെ പലകുറി മലയാള സിനിമ പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും സിനിമാക്കാരൻ പറയുന്നില്ല. സിനിമയും സിനിമ ഭ്രമിപ്പിക്കുന്നവരും നിലനിൽക്കുന്നിടത്തോളം അവരുടെ കഥ പറഞ്ഞു തീരില്ല എന്നു മാത്രം. വളരെ സാധാരണമായ ഗതികളോടെ എത്തുന്ന ട്വിസ്റ്റുകളും പുതിയതല്ല. കണ്ടിരുന്നാൽ മുഷിയാത്ത, എന്നാല്‍ പുതിയ കാഴ്ചാനുഭവങ്ങളൊന്നും തരാത്ത കുറെ സിനിമകളിലൊന്ന് എന്ന് സിനിമാക്കാരനെ ചുരുക്കാം.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍