ഇങ്ങനെ ഉള്ള ആളുകളൊക്കെ സിനിമ ഇന്‍ഡസ്ട്രയില്‍ പോലും പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. ലിജോ ആയതു കൊണ്ടാണ് ഇദ്ദേഹത്തെ സിനിമയില്‍ എടുത്തത്
‘ചേട്ടന്റെ കാലം വരാനിരിക്കുന്നതേയുള്ളൂ’ അവസാനമായി കണ്ട് പിരിഞ്ഞപ്പോള്‍ തന്റെ ‘ചൗരോയോട് പി എഫ് മാത്യൂസ് പറഞ്ഞു. ചിരിച്ചുകൊണ്ട് ‘ഉവ്വ പ്രതീക്ഷയുണ്ട്’ എന്നായിരുന്നു തിരിച്ചു കിട്ടിയ മറുപടി. പക്ഷേ, പ്രതീക്ഷകളൊക്കെ അവസാനിപ്പിച്ച് ചൗര പോയി…മുഖത്തെ ആ ചിരി മാത്രം നമുക്ക് തന്നിട്ട്.
ഈ.മാ.യൗ എന്ന സിനിമ കണ്ടവര്‍ക്കൊന്നും ചൗരോയെ മറക്കാനാവില്ല. ഒരു ചെറിയ രംഗത്തിലൂടെ പ്രേക്ഷക മനസ്സില്‍ ആ കഥാപാത്രത്തിലൂടെ ഇരിപ്പ് ഉറപ്പിച്ച സി.ജെ കുഞ്ഞൂഞ്ഞിനെയും. എഴുത്തുകാരന്റെ പ്രവചനം സത്യമാക്കാന്‍ അനുവദിക്കാതെ കാന്‍സര്‍ ആണ് കുഞ്ഞൂഞ്ഞിനെ കൊണ്ടുപോയത്.
തോപ്പുംപടി സ്വദേശിയാണ് സി.ജെ കുഞ്ഞൂഞ്ഞ്. ഭാര്യ മേഴ്‌സിയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. വര്‍ഷങ്ങളോളം നാടക രംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്‍. പക്ഷേ, ഒന്നും ആകാതെ പോവുകയും ചെയ്തവന്‍. ഒരുപാട് ചെറുകിട അമേച്ചര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത്ര പ്രധാനപെട്ട വേഷങ്ങളൊന്നും കിട്ടാതെ പോയ നടന്‍. കല പ്രവര്‍ത്തങ്ങള്‍ക്കൊപ്പം, പൊതു പ്രവര്‍ത്തന രംഗത്തും സജീവമായിരുന്ന കുഞ്ഞൂഞ്ഞ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
നടന്‍ യാത്രയാകുമ്പോള്‍ എഴുത്തുകാരന്‍ ഓര്‍മ്മ കടപ്പുറത്തു നില്‍ക്കുകയാണ്.
ഒഡീഷന്‍ നടത്തിയായിരുന്നു കുഞ്ഞൂഞ്ഞ് ഈമയൗവിലേക്ക് വരുന്നത്. സാധാരണ നാടക നടന്മാരെക്കാള്‍ ശക്തമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുപാട് അവസരങ്ങള്‍ ലഭിക്കേണ്ടിയിരുന്ന ഒരു നടനായിരുന്നു. അവസാനമായി കണ്ടു പിരിയുന്നത് കൊച്ചി ബിനാലെയില്‍ ഈമായൗന്റെ പ്രദര്‍ശനത്തിനായിരുന്നു.
ഈ.മാ.യൗ ആണ് അദ്ദേഹത്തിന്റെ ഒരു മാഗ്‌നം ഒപ്പസ് (magnum opsu). ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അടയാളം സ്ഥാപിച്ചത്. ഈ.മാ.യൗവിലെ ചൗരോ എന്ന കഥാപാത്രം അത്രയ്ക്കും മികവുറ്റയായിരുന്നു. ഒരു ട്രെയിന്‍ഡ് ആക്ടര്‍ ആയിട്ടാണ് തനിക്ക് കുഞ്ഞൂഞ്ഞിനെ തോന്നിയത്. അദ്ദേഹത്തിന്റെ ആ ലുക്ക് പോലും വളരെ വ്യത്യസ്തമായിരുന്നു.
ഈ.മാ.യൗവിന് ശേഷം ഈ ചിത്രത്തിന്റെ തന്നെ ഭാഗമായിരുന്നവരുടെ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. അതിനു ശേഷമാണ് തനിക്ക് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധതിനാണെന്ന വിവരം കുഞ്ഞൂഞ്ഞ് മനസിലാക്കുന്നത്. എന്നാല്‍ ആരോടും ഈ വിവരം പങ്കുവെക്കാന്‍ തയ്യാറായിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ഈ വിവരമറിയില്ലായിരുന്നു. മദ്യപാന ശീലം പോലും ഇല്ലാതിരുന്ന കുഞ്ഞുഞ്ഞിന്റെ രോഗവും ഈ അപ്രതീക്ഷിത വേര്‍പാടും ഞെട്ടിക്കുകയാണ്.
ഒരു വലിയ ദുരന്ത സംഭവവും മരണത്തിനു മുന്‍പ് അദ്ദേഹം നേരിടേണ്ടി വന്നിരുന്നു. ക്യാന്‍സര്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അയ്യായിരം രൂപയും രണ്ടു മോതിരവും അടങ്ങിയ ബാഗ് മോഷണം പോയി. വളരെ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഈ സാഹചര്യത്തില്‍ ഇത്തരം ഒരു സംഭവം അതും ക്യാന്‍സര്‍ വാര്‍ഡില്‍ വെച്ച് ഉണ്ടാവുക എന്ന് പറയുമ്പോള്‍ അതിനെ ‘ദുരന്തം’ എന്നല്ലാതെ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ബിനാലെയില്‍ ഈ.മാ.യൗവിന്റെ പ്രദര്‍ശനം കാണാന്‍ മാത്രമാണ് കുഞ്ഞുഞ്ഞ് എത്തിയത്. എന്നാല്‍ തങ്ങളുടെ അവശ്യപ്രകാരം പ്രേക്ഷകരുമായുള്ള സംവാദത്തിനും അദ്ദേഹം തയ്യാറായി.
വളരെ രസകരമായിട്ടാണ് തങ്ങള്‍ പിരിഞ്ഞത്. അപ്പോഴും തന്റെ രോഗവിവരം പറഞ്ഞില്ല.
ഇങ്ങനെ ഉള്ള ആളുകളൊക്കെ സിനിമ ഇന്‍ഡസ്ട്രയില്‍ പോലും പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ്. ലിജോ ആയതു കൊണ്ടാണ് ഇദ്ദേഹത്തെ സിനിമയില്‍ എടുത്തത്. ‘ജീവിതത്തില്‍ ഉള്ള ആളുകള്‍ അല്ലേ ഇവരൊക്കെ’…