UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

സിനിമ

കയ്യടി പാ രഞ്ജിത്തിനാണ്; ആ സ്ത്രീകളെ തന്നതിന്, രജനിയെ തുറന്നു കാണിച്ചതിന്

ഇന്ത്യയെ ക്‌ളീൻ രാജ്യമാക്കാൻ ‘പരിശ്രമിക്കുന്ന’ നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് സങ്കല്പങ്ങൾക്കുള്ള തെരുവിന്റെ – പൊതുജനങ്ങളുടെ മറുപടിയാണ് പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല

ഇന്ത്യയെ ക്‌ളീൻ രാജ്യമാക്കാൻ ‘പരിശ്രമിക്കുന്ന’ നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് സങ്കല്പങ്ങൾക്കുള്ള തെരുവിന്റെ – പൊതുജനങ്ങളുടെ മറുപടിയാണ് പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല. സിനിമ സംവിധായകന്റെ കലയാവുന്നത് എങ്ങനെ എന്നും സിനിമയുടെ രാഷ്ട്രീയത്തെ മൈതാനപ്രസംഗം പോലെയല്ലാതെ ദൃശ്യഭാഷയിലൂടെ എങ്ങനെ പ്രതിനിധാനം ചെയ്യണം എന്ന് പറഞ്ഞു തരുന്ന സിനിമ കൂടിയാണ് കാല. അടിമുടി കറുപ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയിൽ എന്നെ ആകർഷിച്ച ചില പ്രധാന കാര്യങ്ങൾ മാത്രം പറയട്ടെ.

നമ്മുടെ സിനിമകളില്‍ അഭിപ്രായമുള്ള, ഊർജ്ജമുള്ള, നേതൃത്വ ഗുണമുള്ള സ്ത്രീ കഥാപാത്രങ്ങൾ എത്രയോ വിരളമാണ്. എന്നാല്‍ ഈ സിനിമയിലെ സ്ത്രീകളെ കുറിച്ച് പ്രത്യേകം എടുത്തുപറയണം. ശെൽവിയായി വന്ന ഈശ്വരി റാവു… പുയൽ ആയ അഞ്ജലി… സെറീനയായ ഹുമ ഖുറേഷി… തമിഴ് സ്ത്രീയുടെ മുഴുവൻ സൗന്ദര്യവും കാർക്കശ്യവും പ്രണയവും കരുതലും ഉള്ള ശെൽവി. മറാത്തായുടെ പോരാട്ടവീര്യമുള്ള പുയൽ. നേതൃത്വവീര്യമുള്ള സെറീന. ചേരിയിൽ നടത്തുന്ന കലാപത്തിനിടെ പൊലീസുകാർ ലെഗ്ഗിൻസ് ഊരിക്കളഞ്ഞ് അർദ്ധനഗ്ന ആക്കുമ്പോഴും കയ്യിൽ നിന്നും തെറിച്ചുപോകുന്ന വടി തപ്പിയെടുത്ത് പുയൽ തിരിച്ചു തല്ലുന്ന ആ സീനിന് പാ രഞ്ജിത്തിന് ഒരു കയ്യടി നൽകണം. സ്ത്രീകളെ നിരായുധരാക്കാൻ അവരുടെ വസ്ത്രാക്ഷേപം ചെയ്യലാണ് എളുപ്പം എന്നതാണ് പൊതു സങ്കല്പം. രണ്ടുവർഷം മുൻപ് ജെഎൻയു സമരകാലത്ത് പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന സഖാവ് അശ്വതിയുടെ മാറിടം ഞെരിച്ചുകൊണ്ട് വഷളൻ ചിരി ചിരിക്കുന്ന ഡൽഹി പോലീസിന്റെ ഫോട്ടോ ഏറെ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സമരത്തിൽ പോലും സ്ത്രീ എന്നാൽ ശരീരമാണ് എന്ന സമവാക്യം മുഖ്യധാരാ സിനിമകളുടെയും ഭാഗമാണ്.

കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രത്തിൽ കോളേജ് പഠന കാലത്ത് ‘ആൺകുട്ടികളെ’ പോലെ വസ്ത്രധാരണം ചെയ്യുന്ന, ശരീരത്തെ കുറിച്ച് വല്യ ബാധ്യതകൾ കൊണ്ടു നടക്കാത്ത ഒരുവൾ ആയിരുന്നു കാജോള്‍. എന്നാൽ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ‘കുലീന’യായി സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന കജോൾ, കാറ്റിലുലയുന്ന വസ്ത്രത്തിൽ, അതിനിടയിലൂടെ കാണുന്ന ശരീരത്തിൽ എത്രമാത്രം അസ്വസ്ഥയാകുന്നു എന്ന് കാണാം. പിന്നെയുമുണ്ട് ഉദാഹരണങ്ങൾ; കുലം എന്ന ചിത്രത്തിൽ ഭാനുപ്രിയയുടെ കഥാപാത്രത്തിനെ മുകൾ വസ്ത്രം തന്റെ വാളുകൊണ്ട് വെട്ടി അപമാനിതയാക്കാൻ ശ്രമിക്കുന്ന പുരുഷകഥാപത്രം അവരോട് ഇങ്ങനെ പറയുന്നു (ഓർമയിൽ നിന്നുള്ള എഴുത്താണ് – കൃത്യം വാചകം ഓർമയില്ല)- നിന്നെ ഇപ്പോൾ വേണമെങ്കിൽ എനിക്ക് നാണം കെടുത്താം, പക്ഷെ ഞാൻ അത് ചെയ്യുന്നില്ല- എന്ന് പറയുന്ന ഒരു ഭാഗം ഉണ്ട്. വസ്ത്രം അഥവാ ശരീരം എന്നത് അഭിമാനത്തിന്റെ അടയാളം ആണെന്ന് പറയുകയും ശരീരം അറിയാതെ പോലും വെളിവാകുന്നത് അപമാനമാണ് എന്ന പൊതുബോധത്തെ ഊട്ടി ഉറപ്പിക്കുകയാണ് മുഖ്യധാരാ സിനിമകൾ. എന്നാൽ വിവസ്ത്രയാക്കപ്പെട്ടിട്ടും ഒരു തരിമ്പു പോലും പകച്ചുപോകാതെ തിരിച്ചടിക്കുന്ന പുയൽ മാറ്റങ്ങളുടെ തുടക്കമാകട്ടെ എന്ന് പ്രതീക്ഷിക്കാം.

ചിത്രത്തിലെ ഓരോ കഥാപാത്രവും സ്വന്തമായ വ്യക്തിത്വം ഉള്ളവരാണ് എന്നതും എടുത്തു പറയണം. നാനാ പടേക്കറുടെ വില്ലൻ വേഷമാണ് അതിൽ ഏറ്റവും പ്രധാനം. രൂപത്തിലെയും ശബ്ദത്തിലെയും ക്രൗര്യം കൊണ്ട് ഭയപ്പെടുത്തുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ശുഭവസ്ത്രങ്ങൾ അണിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ഇടപെടുന്ന വില്ലനെയാണ് നാനാ പടേക്കർ നമുക്ക് വേണ്ടി ചിത്രത്തിൽ ഒരുക്കി വച്ചിരിക്കുന്നത്. രാമരാവണ യുദ്ധകഥ കേട്ട് മൃദുവായി ചിരിച്ചുകൊണ്ട് born to rule എന്ന് പറയുന്ന, സത്യത്തിൽ താങ്കളെ കൊല്ലാൻ ആണ് പദ്ധതിയിട്ടിരുന്നത്, പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്, അതിൽ ക്ഷമ ചോദിക്കുന്നു എന്ന് അതീവ ദുഃഖത്തോടെ സംസാരിക്കുന്ന ഒരു വില്ലൻ. ശുദ്ധമഹാരാഷ്ട്രയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന ഹിന്ദുനേതാവായി നാനാ പടേക്കർ ശരിക്കും തിളങ്ങി.

ക്യാമറയാണ് സിനിമയിലെ മറ്റൊരു നായിക. മുരളി ജിയുടെ ഛായാഗ്രാഹണ വിരുത് കൃത്യമായി കാണിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ ക്ലെമാക്സ്. സിനിമയുടെ ദൃശ്യഭാഷയ്ക്ക് കരുത്തുപകരാൻ ഛായാഗ്രഹകന് തീർച്ചയായും സാധിച്ചിട്ടുമുണ്ട്. അതോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് സന്തോഷ് നാരായണന്റെ സംഗീതം. കഥാഗതിക്കും ചിത്രത്തിന്റെ രാഷ്ട്രീയത്തിനും പിന്തുണയാകുന്ന ഗാനങ്ങൾ എന്നത് പ്രത്യേക പ്രശംസ അർഹിക്കുന്നു.

ക്ലെമാക്സിലെ ഓരോ നിറത്തിന്റെയും രാഷ്ട്രീയവും എടുത്തുപറയണം എന്ന് കരുതുന്നു. കറുപ്പും ചുവപ്പും നീലയും ഇടകലരുന്ന രാഷ്ട്രീയമാണ് ജനങ്ങൾ തിരഞ്ഞെടുക്കുക എന്നാണ് സിനിമ പറയുന്നത്. സിനിമയുടെ പൊതുരാഷ്ട്രീയം എല്ലാവരും പറഞ്ഞത് കൊണ്ട് ആവർത്തിക്കുന്നില്ല.

പാ രഞ്ജിത്തിനാണ് ചിത്രത്തിന്റെ മുഴുവൻ കൈയടിയും. അത് നിലം അഥവാ ഭൂമിയുടെ യഥാർത്ഥ ഉടമകൾ ആര് എന്ന ചോദ്യത്തെ കുറിച്ച് സിനിമ എടുക്കുന്നതിനാണ്. അടിമകൾ ഉണ്ടാക്കപ്പെട്ട രാഷ്ട്രീയത്തെ കുറിച്ച്, കമ്മട്ടിപ്പാടങ്ങളും പുറമ്പോക്കും ചേരിയും ഉണ്ടാകുന്നതിനെ കുറിച്ച് പറയുന്നതിനാണ്. ബിജെപിയുടെ സ്വച്ഛ ഭാരത് മിഷനിൽ വൃത്തിയുള്ള ഇന്ത്യ എന്നാൽ സവർണ ഹിന്ദുവിന്റെ ഇന്ത്യയാണ് എന്നും അവർ തുടച്ചു നീക്കാൻ ആഗ്രഹിക്കുന്ന അഴുക്ക് എന്നാൽ മുസ്‌ലിം, അവർണ മനുഷ്യരെയാണ് എന്നും പറയുന്നതിനു കൂടിയാണ് ആ കയ്യടി.

വീണ്ടും കൈയടിക്കുന്നത് ചിത്രത്തിലെ ഒരു നായികയെ സിംഗിൾ മദർ ആക്കി നിർത്തുന്നതിനാണ്. അവളുടെ ആ നിലപാടിന് രണ്ടാമത് ഒരു ചോദ്യം കൊണ്ട്‌ പോലും ആരും വിശദീകരണം ആവശ്യപ്പെടാത്തത് കൊണ്ടാണ്. എന്റെ നിലം കട്ടെടുക്കുന്നതാണ് നിന്റെ ദൈവത്തിന്റെ ഇഷ്ടമെങ്കിൽ ആ ദൈവത്തെ പോലും ഞങ്ങൾ വെറുതെ വിടില്ല എന്ന നിലപാടിന് കൂടിയാണ്.

അവസാനമായി ആ കയ്യടി തരുന്നത് ഈ സിനിമ ചെയ്യാൻ രജനികാന്തിനെ തിരഞ്ഞെടുത്തതിനാണ്. രണ്ടാഴ്ച മുന്നേ തൂത്തുക്കുടി വെടിവയ്പ്പിനെ അനുകൂലിച്ചു കൊണ്ട് സമരം ചെയ്യുന്നവർ സാമൂഹികദ്രോഹികൾ ആണ് എന്ന് പറഞ്ഞത് സവർണ, അപ്പർ മിഡിൽ ക്ലാസ് – എലീറ്റ് ക്ലാസിന്റെ അഭിപ്രായമായി സിനിമയിൽ കാണിച്ചതിനും ആശുപത്രിയിൽ എത്തിയ രജനിയെ ‘നീ യാർ’ എന്ന് ഒരു യുവാവ് ചോദ്യം ചെയ്തതിൽ വിറളി പൂണ്ടതിനെ, അതേ നടനക്കൊണ്ട് തിരശീലയിൽ കളിയാക്കി കാണിച്ച്, സിനിമയിൽ അവതരിപ്പിക്കുന്ന മഹാനായ നായകൻ അല്ല യഥാർത്ഥ ജീവിതത്തിൽ രജനി എന്ന നടൻ എന്നും, വിറളിപിടിക്കുന്ന വില്ലനായി ചിത്രത്തിൽ അവതരിപ്പിക്കുന്ന വില്ലനാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ എന്നും വ്യക്തമാക്കിയതിനുമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(നേരത്തെ ഈ ലേഖനത്തിനൊപ്പം ചേര്‍ത്തിരുന്ന ചിത്രം സൌമ്യ രാജേന്ദ്രന്‍ തന്റെ ലേഖനത്തിന് വേണ്ടി തയാറാക്കിയതാണ് എന്ന് വൈകിയാണ് അറിഞ്ഞത്. മന:പൂര്‍വമല്ലാതെ സംഭവിച്ച പിഴവിന് ഖേദം പ്രകടിപ്പിക്കുന്നു)

ജീവിതത്തിലെ സ്ത്രീകളാണ് പാ രഞ്ജിത്തിന്റെ ഫ്രെയ്മുകളിലും: അസിസ്റ്റന്റ് ഡയറക്ടര്‍ ജെനി പറയുന്നു

ദളിത് എന്റെ ജാതിയല്ല, ആര്യവംശത്തിനെതിരേ പോരാടാനുള്ള ശക്തിയാണ്; പരിഹസിച്ചവരോട് പാ രഞ്ജിത്

ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

ഫ്യൂഡല്‍-ആര്യ-സവര്‍ണ-കോര്‍പറേറ്റ് വേഷങ്ങളെ പൊളിക്കുന്ന കാല

‘കാല’ അഥവാ എന്റെ അച്ഛന്റെ കഥ

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍