UPDATES

സിനിമ

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കുള്ളതാണ് പാര്‍വതിയുടെ നേട്ടം. പക്ഷേ അതെത്രത്തോളം ആഘോഷിക്കപ്പെടുമെന്നത് സംശയമാണ്

നന്ദി പാര്‍വതി, നടിമാരെന്നാല്‍ വാഴച്ചോട്ടില്‍ നില്‍ക്കുന്ന ചീര മാത്രമാണെന്ന് കരുതുന്ന ഒരു സിനിമാലോകത്ത് നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയിലെ മികച നടിയായി മാറിയതിന്. പുരസ്‌കാരങ്ങളും ബഹുമതികളും പേരും പ്രശസ്തിയും ആണ്‍ നായകന്മാര്‍ക്ക് മാത്രമെന്ന് പറഞ്ഞും വിശ്വസിച്ചും പോന്നിരുന്നവര്‍ക്ക് മുന്നില്‍ കണ്ണീരും സന്തോഷവും കലര്‍ന്ന മുഖവുമായി പനാജിയിലെ ആ അലങ്കരിച്ച വേദിയില്‍ വച്ച് 2017 ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ടേക് ഓഫിലെ സമീറയെ അവിസ്മരണീയമാക്കിയതിന് ഏറ്റു വാങ്ങിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ക്കും നന്ദി. രാജേഷ് പിള്ളയ്ക്കും മലയാളി നേഴ്‌സുമാര്‍ക്കും ആ പുരസ്‌കാരം സമര്‍പ്പിച്ച പക്വതയ്ക്കും നന്ദി.

കുറച്ചു ദിവസങ്ങള്‍ക്കു മുന്നേയാണ് ചരിത്രമേറെ അവകാശപ്പെടാനുള്ള ഒരു സിനിമാ മാസിക സദാചാര പ്രാസംഗികയെന്ന ലേബലൊട്ടിച്ച് പാര്‍വതിയെ വിമര്‍ശിച്ചതും അതേറ്റു പിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പരിഹാസം നടത്തിയതും. ആ പരിഹസിച്ചവര്‍ പോലും ഇപ്പോള്‍ പാര്‍വതി, നിങ്ങളെ അഭിനന്ദിച്ച് എഴുതാന്‍ തിരക്കു കൂട്ടുന്നുണ്ട്. പെണ്‍ഭാവത്തെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും നിങ്ങളുടെ നേട്ടത്തിനു നേരേ ‘അഹങ്കാരി’ സംബോധനയോടെ മുഖം തിരിക്കുന്നവരുമുണ്ട്. പക്ഷേ, ഒരു വലിയ വിഭാഗം; സിനിമയെ സ്‌നേഹിക്കുന്നവരും സ്ത്രീയെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം; പാര്‍വതി, ഈ നേട്ടത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുകയാണ്, അഭിമാനിക്കുകയാണ്.

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനിക്കുള്ളതാണ് പാര്‍വതിയുടെ നേട്ടം. പക്ഷേ അതെത്രത്തോളം ആഘോഷിക്കപ്പെടുമെന്നത് സംശയമാണ്. മലയാള സിനിമയിലെ ചെറുപ്പക്കാരില്‍ ചിലരൊക്കെ അവരെ അഭിനന്ദിച്ച് മുന്നോട്ടു വരുന്നത് കാണുന്നുണ്ട്. അതു തന്നെ വലിയ കാര്യമാണ്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ഉണ്ടായ പ്രതികരണം ഓര്‍മയിലുണ്ടാകുമല്ലോ. സ്ത്രീയുടെ നേട്ടങ്ങളെ അംഗീകരിക്കാനൊക്കെ ഇപ്പോഴും വല്ലാത്ത താമസമാണ് നമ്മുടെ സിനിമയ്ക്ക്. സ്ത്രീയുടെ നേട്ടം മാത്രമല്ല, അവള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ പോലും!

"</p

പക്ഷേ പാര്‍വതിയെ പോലെ വ്യക്തിത്വമുള്ള അഭിനേത്രികള്‍ക്ക് മറ്റുള്ളവര്‍ ചൊരിയുന്ന പ്രശംസാവാക്കുകളെക്കാള്‍ തന്റെ കഴിവിലും പ്രവര്‍ത്തിയിലുള്ള വിശ്വാസം തന്നെയാകണം കരുത്തും പ്രചോദനവും. ഭാഗ്യം കൊണ്ട് നായികയാവുകയും പ്രശസ്തി കിട്ടുകയും ചെയ്ത നടിയല്ല പാര്‍വതിയെന്നത് അവരുടെ കരിയര്‍ഗ്രാഫ് പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തില്‍ സഹനടിയായാണ് ഈ കോഴിക്കോട്ടുകാരി സിനിമയില്‍ വന്നതെങ്കിലും കിരണ്‍ ടിവിയിലെ അവതാരികയെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയായിരിക്കണം. നെഗറ്റീവ് ഷെയ്ഡുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായി പാര്‍വതി മികച്ച അഭിനയം നടത്തിയെങ്കിലും പിന്നീട് റോമയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ ഒരു നായികയ്ക്കു വേണ്ട ലുക്ക് പാര്‍വതിക്ക് ഇല്ലെന്ന നിഗമനമായിരുന്നു പ്രേക്ഷകര്‍ക്ക്, സിനിമാക്കാര്‍ക്കും അങ്ങനെയായിരിക്കണം. നോട്ട്ബുക്ക് സാമ്പത്തിക വിജയമായില്ലെങ്കിലും ആ സിനിമയുടെ ഭാഗമായവരൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പാര്‍വതിയുടെ കാര്യം അങ്ങനെയായിരുന്നോ? പിന്നീടവരെ ഫ്ലാഷ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി കണ്ടു. സിനിമ ഏറ്റു വാങ്ങിയ ദുരന്തമായിരിക്കാം പാര്‍വതിയെ കുറിച്ച് സംസാരിക്കാനേ ആര്‍ക്കും തോന്നാതിരുന്നത്. ഫ്ലാഷിനു മുമ്പ് സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയില്‍ ഒരു ചെറിയ വേഷത്തില്‍  കണ്ടപ്പോള്‍ ഈ കുട്ടി ഇങ്ങനെയായോ എന്നു അത്ഭുതം കൂറിയവരുണ്ട്. പക്ഷേ അപ്പോഴും മലയാള സിനിമ പാര്‍വതിയെ ഒരു നായികയായി പരിഗണിച്ചിരുന്നോയെന്ന് തോന്നുന്നില്ല. ഫ്ലാഷ് പാര്‍വതിയെ രാശിയില്ലാത്ത നടി എന്ന പാപഭാരത്തിനു കൂടി അര്‍ഹയാക്കിയിരുന്നതായി കേട്ടു. എന്നാല്‍ പൂ എന്ന തമിഴ് ചിത്രത്തില്‍ പിന്നീടവരെ കണ്ടപ്പോള്‍ മലയാളി പ്രേക്ഷകരില്‍ കുറച്ചു പേരെങ്കിലും അത്ഭുതപ്പെട്ടു. ഇനി തമിഴില്‍ ഗ്രാമീണകഥാപാത്രങ്ങളായി ഒതുങ്ങിപ്പോകുമെന്നായിരുന്നു അപ്പോഴും പ്രവചനം. ഇതിനിടയയ്ക്ക് കന്നഡയില്‍ അവര്‍ പൂനിത് രാജ്കുമാര്‍, ശിവരാജ്കുമാര്‍ എന്നീ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ബ്ലോക്‌ബെസ്റ്റര്‍ സിനിമകള്‍ ചെയ്‌തെങ്കിലും മലയാളം പാര്‍വതിയെ വിളിക്കാന്‍ മടിച്ചു. ഇനി മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാം എന്ന തീരുമാനം എടുത്തതിന്റെ പേരില്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും പറയാം.

"</p

മലയാളത്തിലക്ക് അവരൊരു റി എന്‍ട്രി നടത്തുന്നത് ഭരത്ബാല-ധനുഷ് ടീമിന്റെ മരിയാനു ശേഷമാണ്. മരിയാന്‍ പാര്‍വതിയുടെ കരിയര്‍ ബെസ്റ്റ് മൂവി എന്ന് ഇന്നും പറയാം. കാമ്പും കരുത്തുമുള്ള കഥാപാത്രം. മരിയാനിലെ പനിമലരാകാന്‍ ഭരത്ബാല പാര്‍വതിയെ ക്ഷണിക്കുകയായിരുന്നു. പനിമലര്‍ പഴയ പാര്‍വതിയാണെന്ന് മനസിലാക്കാന്‍ തന്നെ മലയാളിക്ക് ആദ്യം കഴിഞ്ഞില്ല. മരിയാന്‍ വന്നതോടെയാകണം മലയാള സിനിമ പാര്‍വതിയെ ആഗ്രഹിക്കാന്‍ തുടങ്ങിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിലൂടെ പാര്‍വതിയും മലയാള സിനിമയും ആഗ്രഹിച്ചതുപോലൊരു തിരിച്ചുവരവ് നടന്നു. സേറ ഏറെ ഇഷ്ടം നേടി. പാര്‍വതി എന്ന പേര് മലയാള സിനിമയില്‍ അടയാളപ്പെടുന്നു. പിന്നെ എന്നു നിന്റെ മൊയ്ദീന്‍. ഒരു പരാജയ കാലത്തിനുശേഷം ഒരു നടിക്ക് ഇങ്ങനെയൊരു തിരിച്ചു വരവ് ഉണ്ടാവുന്നത് മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും. പക്വത വന്ന അഭിനയം എന്നൊക്കെ ഒരു നായിക നടിയുടെ കാര്യത്തില്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ വര്‍ഷങ്ങള്‍ക്കുശേഷമാണ്. തൊണ്ണൂറുകള്‍ക്കിപ്പുറം മലയാള സിനിമയില്‍ നായികമാര്‍ എത്രപേര്‍ വന്നു പോയി. സിനിമകളെക്കാള്‍ സിനിമ മാസികകളിലെ കവര്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച നായികമാര്‍. അതവരുടെ കുറ്റമല്ല, എങ്കില്‍ പോലും. പിന്നീട് പാര്‍വതി ചാര്‍ളിയില്‍ എത്തുമ്പോഴേക്കും മലയാള സിനിമയില്‍ അവര്‍ക്ക് വലിയൊരു ആരാധക കൂട്ടം ഉണ്ടായി കഴിഞ്ഞിരുന്നു. നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത് അതു ചെയ്തു ഫലിപ്പിക്കാനുള്ള അഭിനേത്രികള്‍ ഇവിടെയില്ലാത്തതുകൊണ്ടാണെന്നു ന്യായം പറഞ്ഞവര്‍ക്കൊക്കെയുള്ള മറുപടിയായി പാര്‍വതി മാറി കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഐഎഫ്എഫ്‌ഐയിലെ പുരസ്‌കാര നേട്ടത്തിന് അര്‍ഹയാക്കിയ ടേക്ക് ഓഫിലെ സമീറയാകുമ്പോള്‍ ആരും അവരുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടില്ല.

"</p

അഭിനയം കൊണ്ട് മാത്രമാണോ പാര്‍വതിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. അല്ല, അവരുടെ വ്യക്തിത്വം. സിനിമയ്ക്ക് പുറത്ത് പുലര്‍ത്തുന്ന നിലപാട്. പേരിലെ മോനോന്‍ വേണ്ട, പാര്‍വതി തിരുവോത്ത് എന്നറിയപ്പെട്ടോളം എന്നു പറയാന്‍ കാണിച്ച ആര്‍ജ്ജവം. തന്റെ സഹപ്രവര്‍ത്തക ആക്രമിപ്പെട്ടപ്പോള്‍, അതിനു പിന്നില്‍ സിനിമയ്ക്കുള്ളില്‍ തന്നെയുള്ള ഒരു ശക്തന്‍ ഉണ്ടെന്നു തെളിഞ്ഞപ്പോള്‍ സധൈര്യം ഒരു പെണ്ണിന്റെ കൂടെ നില്‍ക്കാന്‍ തയ്യാറായപ്പോള്‍, സിനിമയിലെ ആണ്‍കോയ്മകളെയും പെണ്ണുടലിന് മോഹിച്ച അവസരങ്ങള്‍ ലേലത്തിനു വയ്ക്കുന്ന പ്രവണതയ്‌ക്കെതിരേ തുറന്നു പറയാന്‍ തയ്യാറയപ്പോള്‍ പാര്‍വതിയെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു. പക്ഷേ തുറന്നു പറയുന്ന പെണ്ണിനെ അഹങ്കാരിയും തന്‍പോരിമക്കാരിയുമാക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാന്‍ ഇപ്പോഴും മടിയാണ്. അതിന്റെ ഇരയായി പാര്‍വതിയും മാറുന്നുണ്ട്. അങ്ങനെയും നടക്കട്ടെ. പക്ഷേ, പാര്‍വതി നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയാനാണ് ബാക്കിയുള്ളവര്‍ ഈയവസരം മുതലാക്കുന്നത്… ഒരു നടിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നിത്യത്തിന്…നന്ദി

സഹപ്രവര്‍ത്തകരാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്‌; പാര്‍വതി

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍