UPDATES

സിനിമ

പോക്കിരി സൈമണ്‍: എന്നാല്‍ പിന്നെ വിജയ്‌ സിനിമ കേറിക്കണ്ടാല്‍ പോരേ?

സിനിമയെ ചലനാത്മകമാക്കുന്നത് സണ്ണി വെയ്‌നും ഷമ്മി തിലകനും ദിലീഷ് പോത്തനും മാത്രമാണ്.

അപര്‍ണ്ണ

അപര്‍ണ്ണ

ഒരിടവേളയ്ക്കു ശേഷം സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളില്‍ വരുന്ന സിനിമയാണ് പോക്കിരി സൈമണ്‍. ജിജോ ആന്റണിയുടെ ഈ സിനിമയുടെ ട്രെയിലര്‍ മൊത്തം തമിഴ് നടന്‍ വിജയ് ആയിരുന്നു. ഒരു പറ്റം വിജയ് ആരാധകരുടെ കഥയാണ് ട്രെയിലറില്‍ പറഞ്ഞത്.

തിരുവനന്തപുരം ബീമാപള്ളിക്കു ചുറ്റുമുള്ള ഒരു പറ്റം വിജയ് ആരാധകരാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. സണ്ണി വെയ്‌നിന്റെ പോക്കിരി സൈമണിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ സൈജു കുറുപ്പും ശരത് കുമാറും ഗ്രിഗറിയും നെടുമുടി വേണുവുമുണ്ട്. സ്ഥിരം താര ആരാധക സംഘങ്ങളുടെ രീതികളില്‍ വലിയ മുഷിപ്പില്ലാതെ സിനിമ കുറച്ചു നേരം മുന്നോട്ടു പോകുന്നുണ്ട്. പിന്നീട് പ്രണയവും ഓര്‍ഗന്‍ ട്രാഫിക്കിങ്ങും അടക്കം അതിഭീകര സബ് പ്ലോട്ടുകളും ട്വിസ്റ്റുകളുമായി സിനിമ എങ്ങോട്ടൊക്കെയോ പോകുന്നു. ഇതൊക്കെ പല കാലങ്ങളിലായി പലതരത്തില്‍ മലയാള സിനിമ പറഞ്ഞ കഥകളാണ്.

താര ആരാധക സംഘടനകള്‍ വളരെ ലളിതമായ ഒരു നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രതിഫലനമൊന്നുമല്ല. ഈയടുത്ത് സിനിമ മോശമെന്നു പറഞ്ഞ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ വിജയ് ആരാധക സംഘടന വധ, ബലാത്‌ഭോഗ ഭീഷണി മുഴക്കി താരത്തിനു നേരിട്ട് ഇടപെടേണ്ട അവസ്ഥ വരെ ഉണ്ടായി. കേരളത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. താരത്തോടുള്ള സ്‌നേഹം ഓര്‍ഗനൈസ്ഡ് ആഘോഷങ്ങളാക്കുന്ന അവസ്ഥയാണ് പലപ്പോഴും അത്. വാഹനങ്ങളെ തടഞ്ഞും പാലഭിഷേകം നടത്തിയും ആഘോഷിക്കുന്ന നിഷ്‌കളങ്കതയാണ് സിനിമയില്‍ അത്. ഒരു ആഘോഷമാര്‍ഗമായി അതിനെ നിര്‍വചിക്കുന്നു.

ഇതൊക്കെ സാധാരണ മനുഷ്യരുടെ മനോനിലകളുടെ ചിത്രീകരണം എന്ന ന്യായത്തിന്റെ സഹായത്തോടെയാണ് ഈ സിനിമയുടെയും യുക്തി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിസാധാരണക്കാരനായ വിജയ് ആരാധകന്‍, വിജയ് സിനിമകളെ വെല്ലുന്ന സംഘട്ടനമാണ് സിനിമയില്‍ ഉടനീളം നടത്തിയിട്ടുള്ളത്. പ്രൊഫഷണല്‍ ഗുണ്ട സംഘങ്ങളെ ഒറ്റയ്ക്ക് തല്ലി താഴെയിടുന്നു, ഓര്‍ഗന്‍ ട്രാഫിക്കിങ്ങ് നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനോട് സ്ഥലത്തെ പ്രധാന പയ്യന്‍സ് കയറിച്ചെന്ന് യുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങി പ്രേക്ഷകരുടെ സകല യുക്തികളെയും കാട്ടില്‍ കളയാനുള്ള പ്രഖ്യാപനമാണ് സിനിമയിലെ ഓരോ രംഗവും. സാധാരണക്കാരന്‍ എന്ന നായകന്റെ ഐഡന്റിറ്റിയോട് പോക്കിരി സൈമണ്‍ എവിടേയും നീതി പുലര്‍ത്തിയില്ല.

"</p

ഭൈരവ, തുപ്പാക്കി തുടങ്ങി നിരവധി വിജയ് സിനിമകളുടെ കഥകളില്‍ നിന്ന് എടുത്ത സന്ദര്‍ഭങ്ങളും ഇടയ്ക്ക് തിരുകി കയറ്റുന്ന യുക്തിരഹിത ഹീറോയിസവും ഒരു തുടര്‍ച്ചയും അവകാശപ്പെടാനില്ലാത്ത തിരക്കഥയില്‍ മുങ്ങിപ്പോയി. പലതരം ഉപകഥകള്‍ സ്ഥാനത്തും അസ്ഥാനത്തും കുത്തി നിറച്ച് ക്ഷമയെ പരീക്ഷിക്കുന്നുമുണ്ട്. പലകുറി ആവര്‍ത്തിക്കപ്പെട്ട ഹാസ്യ സന്ദര്‍ഭങ്ങള്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. ഇടക്ക് സന്ദേശങ്ങള്‍ കുത്തിനിറക്കാനുള്ള കഠിനശ്രമവും പാട്ടുകളും മുഷിപ്പിച്ചു. സിനിമയെ ചലനാത്മകമാക്കുന്നത് സണ്ണി വെയ്‌നും ഷമ്മി തിലകനും ദിലീഷ് പോത്തനും മാത്രമാണ്. പക്ഷെ ആ ചലനാത്മകതയെ മറികടന്ന് തിരക്കഥ സിനിമയെ ദുര്‍ബലമാക്കുന്നു.

മുന്‍പ് രസികനിലും മറ്റുമാണ് താരാരാധന മലയാള സിനിമയില്‍ കടന്നു വന്നത്. പിന്നീട് കയ്യടി നേടാന്‍ ഉപയോഗിക്കാന്‍ സ്വന്തമായി ഒന്നുമില്ലാത്തപ്പോള്‍ പോ മോനേ ദിനേശാ എന്നൊക്കെ സ്ഥാനത്തും അസ്ഥാനത്തും പല സിനിമകളും പറഞ്ഞു. വിജയ് അണ്ണന്റെ കടുത്ത ഫാനായി, അണ്ണന്‍ ചെയ്യുന്നതു തന്നെ മറ്റൊരാള്‍ രണ്ടര മണിക്കൂര്‍ ചെയ്യുന്നതു കാണാമെങ്കില്‍, യുക്തിയെ നാലായി മടക്കി ദൂരെ കളഞ്ഞ് പോക്കിരി സൈമണ്‍ കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍