UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

പ്രണവ്, പാര്‍കൌര്‍, 50 കോടിയുടെ ഭാരം വിടാതെ പിന്തുടരുന്ന ജീത്തു; ഇതൊക്കെയാണ് ആദി

തലമുറകൾ കൈകാര്യം ചെയ്യുന്ന ഒരു ഇൻഡസ്ട്രി അത്ര സുന്ദരമായ കാല്പനിക സ്വപ്നമൊന്നുമല്ല

അപര്‍ണ്ണ

ജീത്തു ജോസഫ് സിനിമകള്‍ക്ക് അതിന്റെതായ കാണികളും പിന്തുടർച്ചക്കാരും ഉണ്ട്. പക്ഷെ ആദി പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് പ്രണവ് മോഹൻലാലിന്റെ നടൻ എന്ന നിലയിലുള്ള എൻട്രി തന്നെയായിരുന്നു. പ്രണവ് കൂടി സിനിമാ നടൻ ആയതോടെ ഒരു കാലത്തെ നയിച്ച നായകനടന്മാരുടെയെല്ലാം ആൺമക്കൾ സിനിമാഭിനയ രംഗത്തെത്തി. പാപനാശത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് പ്രണവ് തന്റെ രണ്ടാം ഘട്ട സിനിമാ ജീവിതം തുടങ്ങുന്നത്. അതിനു മുന്നേ ബാല താരമായി രണ്ടു സിനിമകളിൽ മുഖം കാണിച്ചു. ഇതിൽ പുനർജനി എന്ന മേജർ രവിയുടെ കന്നി സംവിധാന സംരംഭത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രണവ് നേടുകയുണ്ടായി. മോഹൻലാൽ തന്നെ അറിയിച്ച പ്രണവ് മോഹൻലാലിന്റെ ഈ അഭിനയപ്രവേശം അതിന്റെ എല്ലാം ഒരു തുടർച്ചപോലെ തന്നെ പ്രേക്ഷകർ കാത്തിരുന്നു.

ത്രില്ലർ മോഡിൽ ഉള്ള സിനിമ ആയിരിക്കും ഇതെന്ന് റിലീസിന് മുന്‍പേ മോഹൻലാൽ പറഞ്ഞിരുന്നു. ആദി എന്ന ടൈറ്റിൽ കഥാപാത്രമായി പ്രണവ് എത്തുന്നു. സിനിമയിൽ സംഗീത സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന അന്തർമുഖനായ ചെറുപ്പക്കാരനാണ് ആദി. രണ്ടുവർഷത്തിനുള്ളിൽ ആ ലക്ഷ്യത്തിൽ എത്തിയിരിക്കണം എന്ന അച്ഛന്റെ ശാസനയുടെ ഭാരവുമായി ഓടി നടക്കുകയാണ് അയാൾ. ബംഗളൂരു ഉള്ള ഒരു വലിയ ക്ലബ്ബിൽ സംഗീതസംവിധായകർക്ക് മുന്നിൽ പാടാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു ആദി. പക്ഷെ പിന്നീട് അങ്ങോട്ട് ഉണ്ടായ അവിചാരിതമായ സംഭവ വികാസങ്ങൾ ആദിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. സിദ്ദിക്ക്, അനുശ്രീ, മേഘനാഥൻ, ഷറഫുദ്ദിൻ, ജഗപതി ബാബു, ലെന തുടങ്ങിയ വലിയതാര നിര സിനിമയിൽ ഉണ്ട്. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ റോയിയും അതുപോലെ നിരവധി പരസ്യങ്ങളുടെ പ്രചാരണവും ഒക്കെ കൂടിയതാണ് ആദി. അഭിനയത്തിന് പുറമെ പ്രണവ് തന്നെ എഴുതി ട്യൂൺ ചെയ്ത ജിപ്സി വുമൺ എന്ന പാട്ടും കയ്യടികളോടെ കാണികൾ ഏറ്റെടുക്കുന്നു. പാർകൗർ എന്ന അഡ്വെഞ്ചർ കായിക പ്രകടനത്തെ ആദ്യമായി മലയാള സിനിമക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് ആദി.

ജീത്തു ജോസഫിന്റെ തനതു ചേരുവകൾ തന്നെയാണ് ആദിയിൽ ഉള്ളത്. കുടുംബത്തിന്റെ ശക്തമായ ഇഴയടുപ്പം മുതൽ യുക്തിപരമായ പിഴവുകൾ വളരെ കുറഞ്ഞ ത്രില്ലർ വരെയുള്ള അദ്ദേഹത്തിന്റെ സ്ഥിരം ഫോർമുലകൾ തന്നെ ആദിയിലും ആവർത്തിക്കപ്പെടുന്നു. അച്ഛൻ, അമ്മ, മക്കൾ ബന്ധം തീവ്രമായി കടന്നു വരാത്ത ജീത്തു ജോസഫ് സിനിമകൾ കുറവാണ്. വളരെ ലൈറ്റ് മൂഡിൽ ഉള്ള മൈ ബോസ് വരെ ആ തീമിൽ ഊന്നിയുള്ളതാണ്. ആദി അനുഭവിക്കുന്ന രണ്ടു കുടുംബങ്ങളുടെ തണലിലാണ് സിനിമ മുന്നോട്ടു പോകുന്നത്.

പിനാക്കിൾ ഓഫീസിൽ കയറാൻ ഉള്ള ശ്രമങ്ങളിൽ പലതും ഊഴത്തെ പ്രത്യക്ഷമായി ഓർമിപ്പിച്ചു. ആ രംഗങ്ങൾ വരെയുള്ള വേഗത അപ്പോൾ കളഞ്ഞു പോകുകയും ചെയ്യുന്നുണ്ട്. ദൃശ്യത്തിന്റെ 50 കോടിയുടെ ഭാരം തന്നെ വിടാതെ പിന്തുടരുന്നതായി ജീത്തു ജോസഫ് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു സംവിധായകന്റെ സ്റ്റാൻഡേർഡ് സെറ്റ് ചെയ്യാൻ ഉള്ള മാർക്ക് ആയി ഒരു സിനിമ മാറുന്നത് കമേർഷ്യൽ ഇൻഡസ്ട്രിയിൽ എത്രത്തോളം ശരിയാണെന്നറിഞ്ഞു കൂട പക്ഷെ ദൃശ്യത്തോളം കൈയൊതുക്കത്തോടെ പിന്നീട് ഇറങ്ങിയ ആദിയടക്കം ഒരു സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല.

‘ആദി’ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം ഇതായിരുന്നു; ജീത്തു ജോസഫ്/അഭിമുഖം

ചിത്രത്തേക്കാൾ വലിയ ചർച്ച പ്രണവ് മോഹൻലാലിനെ കുറിച്ചായിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരുടെ ആൺമക്കൾ സിനിമാ പ്രവേശം നടത്തിക്കഴിഞ്ഞു. ദുൽഖർ സൽമാൻ സൂപ്പർ താര പദവിയിലേക്കുയർന്ന ഒരാളാണ്. ഇതോടെ സിനിമയിലെ മക്കൾ എൻട്രി ഏതാണ്ട് പൂർത്തിയായി. അപ്പു എന്ന ഓമനപ്പേരിൽ കുറേയധികം പ്രേക്ഷകർക്ക് പ്രിയപ്പെട്ട വളർച്ചയായിരുന്നു പ്രണവിന്റേത്. ‘കൺമുന്നിൽ വളർന്ന കുട്ടി’ ഇമേജിന്റെ വാത്സല്യത്തിലാണ് അയാളുടെ വളരെ സുരക്ഷിതമായ സിനിമാ എൻട്രി. ഒരു സിനിമയുടെ ബാല്യം ഒരാളെ അളക്കാനുള്ള മതിയായ ഒരളവ് കോലല്ല. ആദി പ്രണവിനു വേണ്ടി നിർമിക്കപ്പെട്ട കഥാപാത്രം പോലെയാണ് അനുഭവപ്പെട്ടത്. അന്തർമുഖനായ ഒരു സംഗീത സംവിധായകൻ എന്ന പൊതു ഇമേജിനെ തൃപ്തിപ്പെടുത്തുന്ന ബാഹ്യരൂപം അയാൾക്കുണ്ട്. പിന്നെ മലയാള സിനിമ ആദ്യമായി മുഴുനീള നായകനു വേണ്ടി ഉപയോഗിച്ച പാർക്കൗറിൽ പ്രണവ് വളരെയധികം കഴിവുള്ള ഒരാളാണ്. ഒരു പക്ഷെ കാസിനോ റോയലിലോ ഡിസ്ട്രിക്റ്റ് B13 സീരീസിലോ ഒക്കെ കണ്ട ഒന്നിനെ ഇന്ത്യൻ പശ്ചാത്തലത്തിൽ വളരെ പൂർണതയോടെ അവതരിപ്പിച്ച ഒരു നടനാണ് പ്രണവ്. മെയ് വഴക്കമൊന്നു കാരണം മാത്രം അതിജീവിച്ചു പോന്ന നടന്മാർ ലോകത്തെ പ്രബലമായ പല ഇൻഡസ്ട്രികളിലും ഉണ്ട്. പക്ഷെ അതിനപ്പുറം അഭിനയത്തിന്റെ മറ്റൊരു സാധ്യതയാണ് മലയാളം പോലൊരു ഇൻഡസ്ട്രി ഇത്രയും കാലം ഉപയോഗിച്ചു വന്നത്. ആ സിനിമ സാധ്യതയുടെ രീതിശാസ്ത്രം വച്ചു നോക്കിയാൽ ആദിയിലെ പ്രണവ് ഒരു ശരാശരി നടൻ മാത്രമാണ്. അതിഭീകരമായ അന്തർമുഖത്വം പല വൈകാരിക രംഗങ്ങളിലും അയാളിൽ പ്രകടമാണ്. കരച്ചിലുകളിൽ മുറിവുകളിൽ സന്തോഷങ്ങളിൽ ഒക്കെ സിനിമയും കഥാപാത്രവും ആവശ്യപ്പെടുന്ന തുറസ് അയാൾക്ക് നൽകാനാവുന്നില്ല.

ആദിക്ക് ശേഷം പ്രണവ് ഇവിടെയുണ്ട്

ഒരു നടന്റെ ഇടം അയാൾ കണ്ടെത്തേണ്ടതാണ്. പ്രണവ് അത്തരമൊരിടം കണ്ടെത്തിയോ എന്നത് ആദി എന്ന സിനിമ കൊണ്ടു മാത്രം പറയാൻ എളുപ്പമല്ല. ഒരു നടന്റെ വിജയം നമ്മൾ കൊണ്ടാണ്ടേണ്ടത് അയാളുടെ ‘ലെഗസി’ അളന്നു കൊണ്ടാവുമ്പോൾ, അയാൾ നടത്തിയെന്ന് പറയുന്ന ഫോട്ടോഗ്രാഫർ കൂടെയുള്ള ‘നൊമാഡിക് യാത്രകൾ’ കൊണ്ടാടുമ്പോൾ ചെയ്യുന്നത് അയാളെ വളരാൻ അനുദവിക്കാതിരിക്കുകയാണ്. തലമുറകൾ കൈകാര്യം ചെയ്യുന്ന ഒരു ഇൻഡസ്ട്രി അത്ര സുന്ദരമായ കാല്പനിക സ്വപ്നമൊന്നുമല്ല.

പാർക്കൗർ പോലെയുള്ള സാഹസിക വിനോദങ്ങൾ സിനിമയിൽ കാണാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ആദി പരീക്ഷിക്കാവുന്നതാണ്. തീയേറ്ററിൽ നിന്നുള്ള കാഴ്ചയും കേള്‍വിയും ആദിയിലെ പല രംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. ജീത്തു ജോസഫ് സ്ക്കൂൾ ഒഫ് ത്രില്ലറുകൾ ഇഷ്ടമുള്ളവരെയും ആദി തൃപ്തിപ്പെടുത്തിയേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആദി; മോഹന്‍ലാല്‍ ഗൃഹാതുരത്വത്തിന്റെ തണലില്‍ ഒരു പ്രണവ് സിനിമ

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍