UPDATES

സിനിമാ വാര്‍ത്തകള്‍

നായകനായും നിര്‍മ്മാതാവായും പൃഥ്വിരാജ്; ജീന്‍ പോള്‍ ലാൽ ഒരുക്കുന്ന ‘ഡ്രൈവിങ് ലൈസന്‍സ്’

കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിര്‍മ്മിക്കും. ഡ്രൈവിങ് ലൈസന്‍സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. ‘9’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്.

ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വി തന്നെയാണ്. കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ‘9’, പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ് സംരംഭം ആയിരുന്നു. സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ‘9’ നിര്‍മ്മിച്ചത്.

ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ചിത്രം മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്രോയ് തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ബ്ലെസ്സിയുടെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ജോര്‍ദ്ദാനിലായിരുന്നു ചിത്രീകരണം. ബെന്യാബിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഐമ, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഐമയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍