UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു അഡാറ് ലൗവിലെ നായിക പ്രിയ വാര്യര്‍ സുപ്രിംകോടതിയെ സമീപിച്ചു

തനിക്കെതിരായ പോലീസ് കേസ് റദ്ദാക്കണമെന്നാണ് പ്രിയയുടെ ആവശ്യം

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഡാറ് ലൗ എന്ന സിനിമയിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ സുപ്രിംകോടതിയെ സമീപിച്ചു. തനിക്കെതിരായ പോലീസ് കേസ് റദ്ദാക്കണമെന്നാണ് പ്രിയയുടെ ആവശ്യം. ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനത്തിനെതിരെയാണ് ഹൈദ്രാബാദ് പോലീസ് കേസെടുത്തത്.

ഈ ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് ഹൈദ്രാബാദ് ഫലാക്ക്‌നുമാ പോലീസ് കേസെടുത്തത്. തെലങ്കാന പോലീസിന്റെ കേസ് റദ്ദാക്കണമെന്നാണ് പ്രിയയുടെ ആവശ്യം. പ്രയയെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചു. ഒമറിന് തെലങ്കാന പോലീസ് നോട്ടീസ് അയച്ചിരുന്നു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നാണ് പ്രിയയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഈ പാട്ട് മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് കേസ് നല്‍കിയ ചെറുപ്പക്കാര്‍ ആരോപിക്കുന്നത്. ഇവരെ കൂടാതെ ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയും പരാതി നല്‍കിയിരുന്നു. പാട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോള്‍ അര്‍ത്ഥം നഷ്ടപ്പെടുന്നുവെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഈ ഗാനം വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ പാടുന്നതാണെന്നും ഇവര്‍ വാദിക്കുന്നു.

പ്രിയ, ഒമര്‍ എന്നിവരെ കൂടാതെ നിര്‍മ്മാതാവിനെതിരെയും കേസെടുക്കണമെന്ന് മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാദങ്ങളും കേസും വന്നതോടെ യൂടൂബില്‍ നിന്നും സിനിമയില്‍ നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിച്ചെങ്കിലും വ്യാപകമായ പിന്തുണ ലഭിച്ചതോടെ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഇതിനിടെ യൂടൂബില്‍ ഈ ഗാനത്തിന് ലഭിച്ച കാഴ്ച 3.5 കോടിയോട് അടുക്കുകയാണ്. ഈ ഒറ്റഗാനത്തിലൂടെ തന്നെ പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തു. പിഎംഎ ജബ്ബാറിന്റെ വരികള്‍ക്ക് തലശ്ശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസയാണ് ആലപിച്ചത്. ചിത്രത്തില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍